ഐഫോണ്‍ 15, സക്കര്‍ബര്‍ഗിന്റെ രാജി അഭ്യൂഹം: പോയവാരത്തെ ടെക് വാർത്തകൾ

iphone-15-concept-2
Photo: youtube/4RMD
SHARE

ഐഫോണ്‍ 15, സക്കര്‍ബര്‍ഗിന്റെ രാജി, എയിംസിനു നേരെ സൈബര്‍ ആക്രമണം ഇങ്ങനെ നിരവധി പ്രധാന സംഭവവികാസങ്ങൾ ചർച്ച ചെയ്യപ്പെട്ട ആഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ ആഴ്ചത്തെ പ്രധാന ടെക് അപ്ഡേറ്റുകളുമായി ടെക് ക്യാപ്സൂൾ.

ഐഫോണ്‍ 15 അള്‍ട്രാ മോഡലിൽ പ്രതീക്ഷിക്കുന്നതെന്ത്?

ഐഫോണ്‍ 10 നു ശേഷം കെട്ടിലും മട്ടിലും ഏറ്റവുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്ന മോഡലായേക്കാം ഐഫോണ്‍ 15 പ്രോ എന്നാണ് സൂചന. ഐഫോണ്‍ 14 മോഡലുകളോട് ഉപയോക്താക്കൾക്കുള്ള താത്പര്യക്കുറവും എന്നാൽ 14 പ്രോ മോഡലുകളോടുള്ള അമിതതാത്പര്യവും കണ്ടതിനാലായിരിക്കാം പ്രോ മോഡലുകളെ തന്നെ വേര്‍തിരിക്കുകയോ ഐഫോണ്‍ 15 അള്‍ട്രാ എന്നൊരു പുതിയ മോഡല്‍ അവതരിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യത ആപ്പിള്‍ ആരായുന്നത്.

സൂപ്പര്‍ ഫീച്ചറുകള്‍ അള്‍ട്രായില്‍ മാത്രമായി ഒതുക്കുമോ?

അടുത്ത വര്‍ഷം, ഐഫോണ്‍ 15 പ്രോ, 15 അള്‍ട്രാ എന്നീ പേരുകളില്‍ ആയിരിക്കാം ഫോണുകള്‍ അവതരിപ്പിക്കുക. അല്ലെങ്കില്‍ ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ്, ഐഫോണ്‍ അള്‍ട്രാ എന്നീ മോഡലുകളും വില കുറഞ്ഞ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളും ഇറക്കിയേക്കാം. അള്‍ട്രാ മോഡലിനു വലിയ ഡിസൈന്‍ മാറ്റവും പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അടുത്ത വര്‍ഷത്തെ അള്‍ട്രാ മോഡലില്‍ ഉണ്ടായേക്കാവുന്ന ചില പുതുമകള്‍ ഇതാണ്:

∙ ഒപ്ടിക്കല്‍ സൂം

iphone-15-body-concept
Photo: Apple

ടെക് റിപ്പോര്‍ട്ടുകൾ പ്രകാരം ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ്/അള്‍ട്രാ മോഡലിന് 10 എക്‌സ് ടെലി സൂം ലഭിച്ചേക്കും. ഇതിനായി ആപ്പിള്‍ ആദ്യമായി ഒരു പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ഇത് 15 പ്രോ മോഡലിനു പോലും നല്‍കാതെ അള്‍ട്രാ മോഡലിൽ മാത്രമായി ഒതുക്കിയാലും അദ്ഭുതപ്പെടേണ്ടതില്ല.

∙ ബട്ടണുകളില്ലാത്ത ഐഫോണ്‍ കാലം

പുറത്തേക്കു തള്ളിനില്‍ക്കുന്ന ഹാര്‍ഡ്‌വെയര്‍ ബട്ടണുകള്‍ ഇല്ലാത്ത ഒരു ഐഫോണ്‍ എങ്കിലും അടുത്ത വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയേക്കും. എല്ലാ പ്രോ/അള്‍ട്രാ മോഡലുകളും ഇത്തരത്തില്‍ ഡിസൈൻ ചെയ്ത് ഇറക്കുന്നവയാകാം.

∙ 8 ജിബി റാം

ഒരു പക്ഷേ, ഐഫോണ്‍ 15 പ്രോ മോഡലിന് ഈ വര്‍ഷത്തെ പ്രോ മോഡലുകളെ പോലെ 6 ജിബി റാം മാത്രമാണ് നല്‍കിയേക്കുക. എന്നാല്‍, അള്‍ട്രാ മോഡലിന് 8 ജിബി വരെ റാം ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന് ദ് ലീക്ക്, ഇല്ലെന്നു മെറ്റാ

mark-zuckerberg-fb
Photo: facebook/zuck

മെറ്റാവേഴ്‌സ് എന്ന സ്വപ്‌നവുമായി ഇറങ്ങിയ ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്ത വര്‍ഷം മേധാവി സ്ഥാനം രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മെറ്റാവേഴ്‌സിനായി മെറ്റാ കമ്പനിയുടെ പണം ഇറക്കിയത് നിക്ഷേപകരുടെ കടുത്ത രോഷത്തിന് ഇടവരുത്തിയിരുന്നു. ഇതുവരെ 3600 കോടി ഡോളറാണ് മെറ്റാവേഴ്‌സിനായി ചെലവിട്ടത്. അടുത്ത ഓരോ വര്‍ഷവും 1000 കോടി ഡോളർ വീതം വേണമെന്നാണ് കണക്കുകൂട്ടല്‍. ഇത് നിക്ഷേപകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നതു വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ സക്കര്‍ബര്‍ഗ് 2023ല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായി കമ്പനിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ് ലീക്ക് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, റിപ്പോര്‍ട്ട് നിഷേധിച്ച് മെറ്റാ കമ്പനി രംഗത്തെത്തി.

എയിംസിനു നേരെ സൈബര്‍ ആക്രമണം, പിന്നില്‍ ചൈന? 

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു നേരെ സൈബര്‍ ആക്രമണം. രോഗികളെക്കുറിച്ചുള്ള ആശുപത്രി രേഖകള്‍ മുഴുവന്‍ ആക്രമണകാരികളുടെ നിയന്ത്രണത്തിലായി. അവ വിട്ടുനല്‍കണമെങ്കില്‍ പണം ചോദിച്ചു റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ചൈനീസ് ഹാക്കര്‍മാരാണെന്നും സൂചനയുണ്ട്. എയിംസില്‍ ഉപയോഗിച്ചിരുന്നത് ശക്തികുറഞ്ഞ ഫയര്‍വോളും കാലഹരണപ്പെട്ട സിസ്റ്റങ്ങളുമായിരുന്നു. ക്ലൗഡ്-കേന്ദ്രീകൃത സെര്‍വറുകള്‍ ഇല്ലായിരുന്നു എന്നതും ആക്രമിക്കാൻ കാരണമായി.

ഹാക്കര്‍മാര്‍ക്ക് പ്രിയപ്പെട്ട രണ്ടാമത്തെ രാജ്യം ഇന്ത്യ

cyber-attack-representational-image
പ്രതീകാത്മക ചിത്രം

ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന രണ്ടാമത്തെ വിഭാഗം ആരോഗ്യപരിപാലന മേഖലയാണ്. ഈ വര്‍ഷം മാത്രം ഏകദേശം 71 ലക്ഷം റെക്കോഡുകളാണ് ഹാക്കര്‍മാര്‍ വരുതിയിലാക്കിയത്. അമേരിക്കയ്ക്കു നേരെയാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. തൊട്ടുപിന്നാലെ ഇന്ത്യയാണ്. രാജ്യത്ത് ഈ വര്‍ഷം റാന്‍സംവെയര്‍ ആക്രമണം 51 ശതമാനം വര്‍ധിച്ചു. 

ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍

A phone screen displays the Twitter account of Elon Musk with a photo of him shown in the background (Photo by Olivier DOULIERY / AFP)
ഇലോൺ മസ്കിന്റെ ട്വിറ്റർ അക്കൗണ്ടുള്ള ഫോണിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ചിത്രം. (Photo by Olivier DOULIERY / AFP)

ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന് അടുത്ത വെള്ളിയാഴ്ച മുതല്‍ തുടക്കമാകും. വെരിഫൈ ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇനി മൂന്നു നിറങ്ങളിലായിരിക്കും നല്‍കുക. കമ്പനികളുടേതാണ് എന്ന് ഉറപ്പുവരുത്തിയ അക്കൗണ്ടകള്‍ക്ക് ഗോൾ‌ഡ് നിറത്തിലുള്ള ടിക്കും സർക്കാരുകളുടേതിന് ചാര നിറത്തിലുള്ള ടിക്കും വ്യക്തികളുടേതിന് നീലനിറത്തിലുള്ള ടിക്കും ആയിരിക്കും നല്‍കുക. പ്രശസ്തര്‍ക്കും സാധാരണക്കാര്‍ക്കും നീല നിറത്തിലുള്ള ടിക്കായിരിക്കും നല്‍കുക.

English Summary: Meta denies reports of Zuckerberg resignation next yr amid massive layoffs

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS