61 ലക്ഷം ഇന്ത്യക്കാരുടെ വാട്‌സാപ് സ്വകാര്യ ഡേറ്റ വില്‍പനയ്ക്ക്; നിങ്ങളുടെ ഡേറ്റ ഉണ്ടോ എന്നു പരിശോധിക്കാം

META PLATFORMS-WHATSAPP/OUTAGES
SHARE

ഏകദേശം 61 ലക്ഷം ഇന്ത്യക്കാരുടേത് അടക്കം 487 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും മറ്റും വാട്‌സാപ്പില്‍നിന്ന് ചോര്‍ന്നെന്ന് സൈബര്‍ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന്റെ ഖ്യാതി അതിന്റെ എന്‍ഡ്-ടു-എന്‍ഡ് സാങ്കേതികവിദ്യയാണ്. ഈ ആപ് താരതമ്യേന സുരക്ഷിതമാണെന്നാണ് കരുതിപ്പോന്നത്. എന്നാല്‍, റിപ്പോര്‍ട്ട് പ്രകാരം, 84 രാജ്യങ്ങളില്‍ നിന്നുള്ള 500 ദശലക്ഷത്തോളം ആളുകളുടെ സ്വകാര്യ ഡേറ്റയാണ് ഇപ്പോള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

whatsapp-

ചോർച്ചയ്ക്കു തെളിവില്ലെന്ന് വാട്‌സാപ്

എന്നാൽ, പരിശോധിക്കാന്‍ സാധിക്കാത്ത ചില സ്‌ക്രീന്‍ഷോട്ടുകളെയും മറ്റും ആസ്പദമാക്കിയാണ് ഈ വാർത്തയെന്നും അത്തരം ഒരു ഡേറ്റാ ചോര്‍ച്ച നടന്നതിനു തെളിവില്ലെന്നും വാട്‌സാപിന്റെ വക്താവ് പ്രതികരിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ചോര്‍ന്ന ഡേറ്റ സത്യമല്ല എന്നല്ല കമ്പനി പറഞ്ഞിരിക്കുന്നത് എന്നാണ്. വാട്‌സാപില്‍ നിന്ന് !ചോര്‍ന്നിട്ടില്ല’ എന്നാണ്.

നടന്നത് സ്‌ക്രാപ്പിങ്?

ഇവിടെ സംഭവിച്ചത് ചോർച്ചയല്ലെന്നും ‘സ്‌ക്രാപ്പിങ്’ ആയിരിക്കാമെന്നുമാണ് റിപ്പോര്‍ട്ട്. നേരിട്ട് വാട്‌സാപില്‍ നിന്നല്ലാതെ പല പൊതു വെബ്‌സൈറ്റുകളില്‍നിന്നും പ്ലാറ്റ്‌ഫോമുകളില്‍നിന്നും വ്യക്തികളുടെ ഡേറ്റ ശേഖരിക്കുന്നതാണ് സ്‌ക്രാപ്പിങ്. ഇതും ഉപയോക്താവിന് ശുഭകരമായ വാര്‍ത്തയല്ലെന്നാണ് ടെക്‌നോളജി വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്‌ക്രാപ്പിങ് വാട്‌സാപില്‍ നിയമവിരുദ്ധമാണ്. പരിചയമില്ലാത്ത നമ്പറുകളുമായി ഇടപെടുന്നത് സ്‌ക്രാപ്പിങ്ങില്‍ കലാശിച്ചേക്കാം എന്നു പറയുന്നു. ഒരു ഓട്ടമേറ്റഡ് ടൂളാണ് ഇതിന് ഉപയോഗിക്കുന്നത്.

തെളിവുണ്ടോ?

ചോർച്ചയ്ക്കു തെളിവു നല്‍കാന്‍ സൈബര്‍ന്യൂസ് ആവശ്യപ്പെട്ടതിന്‍ പ്രകാരം ഹാക്കര്‍മാര്‍ അമേരിക്കയില്‍ നിന്നുള്ള 1097 പേരുടെയും യുകെയില്‍ നിന്നുള്ള 817 പേരുടെയും നമ്പറുകള്‍ കൈമാറി. ഈ നമ്പറുകള്‍ യഥാർഥമാണെന്നു തങ്ങള്‍ പരിശോധിച്ചറിഞ്ഞെന്ന് റിപ്പോര്‍ട്ട് പറയുന്നു. നമ്പറുകള്‍ മാത്രം ഉപയോഗിച്ചു പോലും പല തരത്തിലുള്ള തട്ടിപ്പുകളും നടത്താമെന്നും പറയുന്നു. ഫിഷിങ്, മറ്റു തട്ടിപ്പുകള്‍, ആള്‍മാറാട്ടം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഈ നമ്പറുകള്‍ ഉപയോഗിച്ചേക്കാം.

Data Protection | Representational image (Photo - istockphoto/abluecup)
പ്രതീകാത്മക ചിത്രം (Photo - istockphoto/abluecup)

അമേരിക്കക്കാരുടെ ഡേറ്റയ്ക്ക് 7000 ഡോളര്‍ വില

പുറത്തു വന്ന വിവരം പ്രകാരം 32 ദശലക്ഷം അമേരിക്കക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടുണ്ട്. ഇതിന് 7000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ളവരുടെ ഡേറ്റയ്ക്ക് വില 2500 ഡോളറാണെങ്കില്‍, ജര്‍മന്‍കാരുടെ ഡേറ്റയ്ക്ക് 2000 ഡോളറും വിലയിട്ടിരിക്കുന്നു. ഈജിപ്ത്, ഇറ്റലി, സൗദി അറേബ്യ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഡേറ്റയും പുറത്തായി. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാരുടെ ഡേറ്റ പുറത്തായിട്ടില്ലെന്നായിരുന്നു വിവരം. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 61 ലക്ഷം ഇന്ത്യക്കാരുടെ ഡേറ്റയും ചോര്‍ന്നിട്ടുണ്ട്.

ഡേറ്റ ചോര്‍ന്നോ എന്നു പരിശോധിക്കാം

ഡേറ്റ ചോര്‍ന്നോ എന്നു പരിശോധിക്കാനുള്ള സംവിധാനം സൈബര്‍ന്യൂസ് ഒരുക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ സ്വന്തം റിസ്‌കില്‍ ആയിരിക്കണം ചെയ്യേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കില്‍മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ നല്‍കിയാല്‍ മതിയെന്ന് സൈബര്‍ന്യൂസ് പറയുന്നു. ഇതാണ് ലിങ്ക്: https://cybernews.com/personal-data-leak-check/

twitter-logo
ട്വിറ്റർ

പൊട്ടിച്ചിരിച്ച് ട്വിറ്റര്‍

അടുത്ത കാലത്ത് ട്വിറ്റര്‍ ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ആ ആപ്പിന്റെ പല ഉപയോക്താക്കള്‍ക്കും വിഷമം ഉണ്ടാക്കിയിരുന്നു. എന്നാല്‍, വാട്‌സാപ് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നത് ട്വിറ്ററില്‍ ‘കൂട്ടച്ചിരി ഉയര്‍ത്തി’. ഒരു കൂട്ടം ഇന്ത്യക്കാര്‍ ചിരിച്ചുകൊണ്ടു കയ്യടിക്കുന്ന ഒരു ചിത്രമാണ് ഡാക്ടര്‍ സാഹബ് എന്ന ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത്:

വാട്‌സാപ് തന്റെ ഫോണില്‍ത്തന്നെ ഉണ്ടോ എന്ന് ഓരോ സെക്കന്‍ഡിലും പരിശോധിക്കുന്ന ഒരാളുടെ ചിത്രമാണ് ശാന്ത് എന്ന ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത്.

6 ദശലക്ഷം ഐഫോണ്‍ 14 പ്രോ ഈ വര്‍ഷം വില്‍ക്കാനായേക്കില്ല

മധ്യ ചൈനയില്‍ സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണശാലയിലുണ്ടായ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഈ വര്‍ഷം ആപ്പിളിന് 60 ലക്ഷം ഐഫോണ്‍ പ്രോ മോഡലുകള്‍ ഉണ്ടാക്കാനും വില്‍ക്കാനും സാധിച്ചേക്കില്ലെന്ന് ബ്ലൂംബര്‍ഗ്റിപ്പോര്‍ട്ടു ചെയ്യുന്നു. ഫോക്‌സ്‌കോണിന്റെ നിര്‍മാണശാലയിലാണ് ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്‌സ് മോഡലുകളുടെ നിര്‍മാണം തടസ്സപ്പെട്ടിരിക്കുന്നത്.

പ്രതിമാസം 1,800 ഡോളര്‍ ബോണസ് പ്രഖ്യാപിച്ച് ഫോക്‌സ്‌കോണ്‍

അതേസമയം, ഡിസംബറിലും ജനുവരിയിലും തങ്ങളുടെ ഫാക്ടറിയില്‍ പണിയെടുക്കാന്‍ താത്പര്യമുള്ള ജോലിക്കാര്‍ക്ക് ഫോക്‌സ്‌കോണ്‍ പ്രതിമാസം 13,000 യുവാന്‍ (1,800 ഡോളര്‍) ബോണസ് പ്രഖ്യാപിച്ചു. ഈ നിര്‍മാണശാലയില്‍ 200,000 ലേറെ ജോലിക്കാരാണ് പൊതുവെ പണിയെടുക്കുന്നത്. എന്നാല്‍ തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് പുതിയതായി ജോലിക്കെടുത്തവരില്‍ 20,000 പേരാണ് പെട്ടെന്ന് പണി നിർത്തിപോയത്.

foxconn-

സ്‌കൂബാ ഡൈവിങ് നടത്തുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പുതിയ ആപ്പ് ആപ്പിള്‍ വാച് അള്‍ട്രായില്‍

ആപ്പിള്‍ വാച് അള്‍ട്രായില്‍ ഓഷ്യാനിക്പ്ലസ് (Oceanic+) എന്ന പേരില്‍ പുതിയ ആപ്പ്. വെള്ളത്തിനടിയില്‍ 40 മീറ്റര്‍ വരെ ഇത് പ്രവര്‍ത്തിക്കും. സ്‌കൂബാ ഡൈവര്‍മാര്‍ക്കും മറ്റും ആയിരിക്കും ഇത് പ്രയോജനപ്പെടുക. ആപ്പിന് ഫ്രീ വേര്‍ഷനും പെയ്ഡ് വേര്‍ഷനും ഉണ്ട്.

ഷഓമി 13 സീരിസ് ഡിസംബര്‍ 1ന് പുറത്തിറക്കും

ഷഓമി കമ്പനിയുടെ ഏറ്റവും കരുത്തുറ്റ ഫോണുകള്‍ ഡിസംബര്‍ 1ന് പുറത്തിറക്കും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസർ, ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി നിര്‍മിച്ച മിയുഐ, ലൈക്കയുമായി സഹകരിച്ചു നിര്‍മ്മിച്ച പിന്‍ക്യാമറാ സിസ്റ്റം തുടങ്ങി പല പ്രീമിയം ഫീച്ചറുകളും ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

ക്വാണ്ടം കംപ്യൂട്ടിങില്‍ ടിസിഎസും ആമസോണും സഹകരിക്കും

തങ്ങളുടെ ആദ്യത്തെ ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആമസോണ്‍ വെബ് സര്‍വീസസില്‍ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റാ കണ്‍സൽറ്റന്‍സി സര്‍വീസസ്. ഈ പതിറ്റാണ്ടില്‍ ഏറ്റവുമധികം പ്രാധാന്യം നേടിയേക്കാം എന്നു കരുതുന്ന ഒന്നാണ് ക്വാണ്ടം കംപ്യൂട്ടിങ്.

ഗൂഗിളും മൈക്രോസോഫ്റ്റും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളിലേക്ക്

ലോകത്ത് ഏറ്റവുമധികം ഊർജോപയോഗം വരുന്ന മേഖലകളിലൊന്നാണ് ഡേറ്റ സംഭരണം. പ്രധാനപ്പെട്ട ടെക്‌നോളജി കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ ഡേറ്റ സെന്ററുകള്‍ ഇനി പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറ്റി കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് ദ് റജിസ്റ്റര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എയര്‍ടെല്‍ 5ജി പട്നയിലും

ഇന്ത്യയിലെ ടെലകോം സേവനദാതാക്കള്‍ തങ്ങളുടെ 5ജി സേവനങ്ങള്‍ പുതിയ നഗരങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. എയര്‍ടെല്‍ തങ്ങളുടെ സേവനം ഏറ്റവുമൊടുവില്‍ നല്‍കിയിരിക്കുന്ന നഗരം പട്നയാണ് എന്ന് എഎന്‍ഐ പറയുന്നു.

English Summary: WhatsApp users’ data on sale: Check here to know if your data has been leaked

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS