എന്താണ് ഇവിടെ നടക്കുന്നത്? ആപ്പിളിനോടു ‘യുദ്ധം’ പ്രഖ്യാപിച്ച് മസ്‌ക്; കുക്കും മസ്‌കും നേര്‍ക്കുനേര്‍

elon-musk
Photo: REUTERS/Dado Ruvic/Illustration
SHARE

‘എന്താണ് ഇവിടെ നടക്കുന്നത് ടിം @ കുക്ക്?’ ട്വിറ്റർ മേധാവി ഇലോണ്‍ മസ്‌ക് ആപ്പിൾ മേധാവി ടിം കുക്കിന് തിങ്കളാഴ്ച 15 മിനിറ്റിനിടയില്‍ നടത്തിയ അഞ്ചു ട്വീറ്റുകളിലൊന്നാണിത്. അവയില്‍ ഒരു ട്വീറ്റില്‍ താന്‍ ആപ്പിളുമായി ‘യുദ്ധ’ത്തിനു തയാറാണ് എന്നു പോലും മസ്‌ക് കുറിച്ചുവെന്ന് ദ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

∙ ആപ്പിള്‍ ഭീഷണിപ്പെടുത്തിയെന്ന് മസ്‌ക്

ട്വിറ്റര്‍ കമ്പനിയുടെ പുതിയ ഉടമയും മേധാവിയുമാണ് മസ്‌ക്. പുതിയ ഉപയോക്താക്കള്‍ ആപ്പിളിന്റെ ആപ് സ്റ്റോറില്‍നിന്ന് ട്വിറ്റർ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതു തടയാന്‍ ആപ്പിള്‍ ശ്രമിച്ചുവെന്ന് മസ്‌കിനു തോന്നിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എന്തുകൊണ്ടാണ് ആപ് ഡൗണ്‍ലോഡ് തടയുന്നതെന്ന് ആപ്പിള്‍ വിശദീകരിച്ചുമില്ല. ഇതിനു പുറമെ ആപ്പിള്‍ ട്വിറ്ററിനു നല്‍കിയിരുന്ന പരസ്യങ്ങള്‍ ഏറെക്കുറെ നിർത്തിയതും മസ്‌കിന്റെ രോഷം ആളിക്കത്തിച്ചു. ‘‘ആപ്പിള്‍ ട്വിറ്ററില്‍ പരസ്യംനല്‍കുന്നത് ഏറെക്കുറെ നിർത്തി. അവരെന്താ അമേരിക്കയില്‍ സംഭാഷണ സ്വാതന്ത്ര്യം വരുന്നത് വെറുക്കുന്നോ’’ എന്നും മസ്‌ക് ചോദിക്കുന്നു.

∙ മസ്‌കും കുക്കും നേര്‍ക്കുനേര്‍

ആപ്പിൾ മേധാവി എന്ന നിലയില്‍, മറ്റു കമ്പനികളോടുള്ള ഇടപെടലില്‍ പോലും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തിയാണ് കുക്ക്. ആപ്പിളും കുക്കും മറ്റു കമ്പനികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്, ട്വിറ്റർ ഉടമ എന്ന നിലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നതാണ് മസ്‌കിന്റെ രോഷപ്രകടനത്തിന്റെ കാരണമെന്ന് കരുതുന്നു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ആപ് വേണമെങ്കില്‍ ആപ് സ്റ്റോര്‍ വഴി മാത്രമാണ് അത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഇതിനാലാണ് മസ്‌ക് ‘യുദ്ധ’പ്രഖ്യാപനം പോലും നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് അതിനെ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന വാദമൊക്കെ ഇനി തള്ളിക്കളയാമെന്നു തോന്നുന്നു.

∙‘മണ്ണും ചാരി നില്‍ക്കുന്നവന്‍ പെണ്ണുംകൊണ്ടു പോകുന്നു’

ആപ്പിള്‍ 30 ശതമാനം നികുതി ഇന്റര്‍നെറ്റിനു ചുമത്തുന്നുവെന്നും മസ്‌ക് ആരോപിച്ചു. ട്വിറ്റര്‍ പോലെയുള്ള ആപ്പുകള്‍ക്ക് നിലനില്‍ക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് ഉള്ളത് - ഒന്നുകില്‍ പരസ്യക്കാരെ ആശ്രയിക്കുക, അല്ലെങ്കില്‍ മാസവരി ഈടാക്കുക. പ്രധാനമായും പരസ്യക്കാരെ ആശ്രയിച്ച് ഇതുവരെ പ്രവര്‍ത്തിച്ചുവന്നതിന്റെ പ്രത്യാഘാതമാണ് കമ്പനി ഇപ്പോള്‍ നേരിടുന്നത്. ഇതിനാലാണ് മസ്‌ക് മാസവരി എന്ന ബിസിനസ് മോഡല്‍ മുന്നോട്ടുവയ്ക്കുന്നത്. ട്വിറ്ററിനു പിടിച്ചുനില്‍ക്കാന്‍ ഇപ്പോള്‍ ഈ വരുമാനം കൂടിയേതീരൂ. പക്ഷേ, അവിടെയുമുണ്ട് കുഴപ്പം. ട്വിറ്ററിനു ലഭിക്കുന്ന മാസവരിസംഖ്യയില്‍ 30 ശതമാനം ആപ്പിളിനും ഗൂഗിളിനും നല്‍കണം. അതായത്, ഇങ്ങനെ മണ്ണും ചാരി നില്‍ക്കുന്നവര്‍ പെണ്ണുംകൊണ്ടു പോകുന്നു! ഇതിനെതിരെ എപിക് കമ്പനി കോടതിയെ സമീപിച്ചിരുന്നു. എന്തായാലും ഇപ്പോഴും ആപ്പിളിനും ഗൂഗിളിനും ട്വിറ്ററില്‍ നിന്ന് 30 ശതമാനം പണം വാങ്ങാം.

∙ അമേരിക്കന്‍ കോണ്‍ഗ്രസ് നിയമം കൊണ്ടുവന്നേക്കും

ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ കുറേ ആന്റിട്രസ്റ്റ് ബില്ലുകളാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിലൊന്നാണ് 'ഓപ്പണ്‍ ആപ് മാര്‍ക്കറ്റ്‌സ് ആക്ട്'. ഇത് പാസായാല്‍ ആപ് ഡവലപ്പര്‍മാരെ ആപ്പിളിന്റെയും ഗൂഗിളിന്റെയും പിടിയില്‍ നിന്ന് ഒരു പരിധി വരെ മോചിപ്പിക്കാനായേക്കും. എന്തായാലും, ഈ നീക്കത്തിനു മസ്‌കിന്റെ പിന്തുണ കൂടിയാകുമ്പോള്‍ അതിന് ഒന്നുകൂടി ഊർജമാകും. കഴിഞ്ഞ ആറു മാസമായി പുതിയ ആക്ട് കൊണ്ടുവരാനുള്ള നീക്കം മന്ദഗതിയിലാണ്. ഇതു വന്നാല്‍ ആപ് സ്റ്റോര്‍ ഫീസ് 20 ശതമാനമായി എങ്കിലും കുറച്ചേക്കുമെന്നാണ് ടെക്‌നോളജി ഗവേഷണ കമ്പനിയായ ലൂപ് വെഞ്ച്വേഴ്സിന്റെ ജിനി മണ്‍സ്റ്റര്‍ പ്രവചിക്കുന്നത്.

∙ ഐഫോണ്‍ 14 പ്രോ മാക്‌സ് വാങ്ങണോ? നാലാഴ്ച കാത്തിരിക്കണം

ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 14 പ്രോ മാക്‌സ് മോഡല്‍ വേണ്ടവര്‍ ബുക്ക് ചെയ്ത് നാല് ആഴ്ചയിലേറെ കാത്തിരിക്കണമെന്ന് റിപ്പോര്‍ട്ട്. പല കാരണങ്ങളാലാണിത്. പാശ്ചാത്യ നാടുകളില്‍ ഇത് അവധി സീസണാണ്. ഏറ്റവുമധികം പേര്‍ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഈ സമയത്താണ്. അതിനാല്‍ ഡിമാന്‍ഡ് കൂടുതലാണ്.

∙ തൊഴില്‍ പ്രശ്‌നം

ഇതിനു പുറമെ ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ തൊഴില്‍ പ്രശ്‌നങ്ങളും പ്രതിസന്ധിക്ക് വഴിവച്ചു. കാത്തിരിക്കാന്‍ ഇഷ്ടമില്ല, ഇപ്പോള്‍ തന്നെ ഒരു ഐഫോണ്‍ വേണമെന്നുള്ളവര്‍ക്ക് 14, 14 പ്ലസ് മോഡലുകള്‍ വാങ്ങേണ്ടിവരും. ഐഫോണ്‍ 13 പ്രോ, 13 പ്രോ മാക്‌സ് മോഡലുകളുടെ വില്‍പന ആപ്പിള്‍ ഔദ്യോഗികമായി നിർത്തി. എന്നാല്‍, ഇവ ചില വില്‍പനക്കാരുടെ കയ്യില്‍ സ്റ്റോക്കു കണ്ടേക്കുമെന്നു പറയുന്നു.

apple-boss-tim-cook
Photo: Apple Inc/REX/Shutterstock

∙ ഇന്‍ഫിനിക്‌സ് ഹോട്ട് 20എസ് വില്‍പനയ്ക്ക്, വില 8,499 രൂപ

ഇന്‍ഫിനിക്‌സ് കമ്പനിയുടെ ഹോട്ട് 20എസ് സ്മാര്‍ട് ഫോണ്‍ ഫിലിപ്പീന്‍സില്‍ പുറത്തിറക്കി. ഇന്ത്യയില്‍ ഈ ഫോണ്‍ വില്‍ക്കുക ഷോപ്പീ വെബ്‌സൈറ്റ് വഴിയായിരിക്കും. വില 8,499 രൂപ. ഫോണിന് 6.78-ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. മീഡിയടെക് ഹെലിയോ ജി96 ആണ് പ്രോസസര്‍. 5000 എംഎഎച്ച് ആണ് ബാറ്ററി, 8 ജിബി വരെ റാം, 128 ജിബി വരെ സ്റ്റോറേജ് ശേഷി, ആന്‍ഡ്രോയിഡ് 12 കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒഎസ് തുടങ്ങിയവ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

∙ റെഡ്മി നോട്ട് 11 എസ്ഇക്ക് വില കുറച്ചു

റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ വില കുറച്ചതിനു പിന്നാലെ റെഡ്മി നോട്ട് 11 എസ്ഇക്കും വില കുറച്ചിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇത് അവതരിപ്പിച്ചത്. തുടക്ക വില 13,499 രൂപയായിരുന്നു. ഇപ്പോഴിത് 12,999 രൂപയാണ്. ഇതിനു പുറമെ ബാങ്ക് ഓഫ് ബറോഡ കസ്റ്റമര്‍മാര്‍ക്ക് 10 ശതമാനവും എച്ഡിഎഫ്‌സി, എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 7.5 ശതമാനവും കിഴിവും കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

∙ ലാപ്‌ടോപ്പുകള്‍ക്കും ഫോണുകള്‍ക്കും 65w ചാര്‍ജറുമായി ഇവിഎം കമ്പനി

ലാപ്‌ടോപ്പുകള്‍ക്കും ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ഉപയോഗിക്കാവുന്ന രണ്ടു ചാര്‍ജറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇവിഎം. ഒരെണ്ണം 65w ചാര്‍ജര്‍ (65W EnBuzz GaN) ആണെങ്കില്‍ ഒപ്പമുള്ളത് 45w ചാര്‍ജര്‍ ( 45W EnRush GaN) ആണ്. ഇവയുടെ വില യഥാക്രമം 2,999 രൂപയും 3,999 രൂപയുമാണ്. ഇരു ചാര്‍ജറുകളും ഭിത്തിയിലുള്ള പ്ലഗുകളില്‍ നേരിട്ടു കണക്ടു ചെയ്യാം. ഇവയില്‍ ഗാലിയം നൈട്രൈഡ് (GaN) ഉപയോഗിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പവറില്‍ അതിവേഗ ചാര്‍ജിങ് നടത്താം.

∙ വ്യൂസോണിക്കിന്റെ പ്രീമിയം പ്രൊജക്ടറുകള്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്

എക്‌സ്1, എക്‌സ്2 എന്നീ പേരുകളില്‍ വ്യൂസോണിക് കമ്പനിയുടെ എല്‍ഇഡി പ്രൊജക്ടറുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. പ്രീമിയം റേഞ്ചിലുള്ള ഇവയുടെ വില യഥാക്രമം 1,99,000 രൂപ, 2,25,000 രൂപ എന്നിങ്ങനെ ആയിരിക്കും. മൂന്നാം തലമുറയിലെ‍ എല്‍ഇഡി സാങ്കേതികവിദ്യയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഇതിന് 30,000 മണിക്കൂര്‍ വരെ പ്രവര്‍ത്തന കാലയളവ് ലഭിച്ചേക്കാമെന്ന് കമ്പനി പറയുന്നു.

English Summary: The Real Reason Elon Musk Is Attacking Apple And CEO Tim Cook

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS