ADVERTISEMENT

ട്വിറ്റര്‍ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ആപ്പിള്‍ മേധാവി ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ തങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന എല്ലാ തെറ്റിദ്ധാരണകളും നീങ്ങി എന്നാണ് മസ്‌ക് പ്രതികരിച്ചത്. ഈ തെറ്റിദ്ധാരണകള്‍ മൂലമാണ് ആപ്പിളിനെതിരെ ‘യുദ്ധം’ പ്രഖ്യാപിക്കാന്‍ പോലും മസ്‌ക് തയാറായതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ആപ്പിള്‍ ട്വിറ്റര്‍ ആപ് നീക്കംചെയ്യാന്‍ പോകുന്നുവെന്ന് മസ്‌ക് ഭയന്നു

മറ്റു കാര്യങ്ങള്‍ക്കൊപ്പം, ട്വിറ്റര്‍ ആപ് ആപ്പിൾ ആപ് സ്റ്റോറില്‍നിന്നു നീക്കംചെയ്യുന്ന കാര്യവും ചര്‍ച്ച ചെയ്തു എന്നും മസ്‌ക് പറഞ്ഞു. എന്നാൽ ആപ്പിള്‍ അത് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് കുക്ക് പറഞ്ഞത്. ആപ്പിള്‍ ട്വിറ്റര്‍ ആപ്പിനെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് മസ്‌ക് ആരോപിച്ചതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

∙ സബ്‌സ്‌ക്രിപ്ഷന്‍ പണം പങ്കിടാന്‍ വിമുഖത

ആപ്പിളിനെതിരെ പോരിനിറങ്ങാൻ മസ്‌കിനെ പ്രേരിപ്പിച്ചത് ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ വഴി ലഭിക്കുന്ന പണത്തിന്റെ 30 ശതമാനം ആപ്പിളിനു നല്‍കേണ്ടിവരും എന്നതാണെന്നാണ് സൂചന. ട്വിറ്റര്‍ ഉപയോക്താക്കളില്‍നിന്നു പണം വാങ്ങി വിവിധ തരത്തിലുള്ള ടിക്കുകള്‍ നല്‍കാനായിരുന്നു മസ്‌ക് തീരുമാനിച്ചിരുന്നത്. (ഈ നീക്കം ട്വിറ്ററിനെ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് ട്വിറ്ററിന്റെ മുന്‍ സോഫ്റ്റ്‌വെയര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ യോയെല്‍ റോത് പ്രവചിച്ചത്)

∙ സ്വതന്ത്ര സംഭാഷണ വിപ്ലവമാണ് താന്‍ കൊണ്ടുവരുന്നതെന്ന് മസ്‌ക്

ആപ്പിളിന്റെയും ഗൂഗിളിന്റെയും നയങ്ങള്‍ പ്രകാരം, ട്വിറ്റര്‍ പോലെയുള്ള ആപ്പുകള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്ന കണ്ടെന്റ് മോഡറേറ്റു ചെയ്തിരിക്കണമെന്നാണ്. മസ്‌ക് ആകട്ടെ താന്‍ അമേരിക്കയില്‍ സ്വതന്ത്ര സംഭാഷണ വിപ്ലവം കൊണ്ടുവരുമെന്നാണ് പറഞ്ഞത്. ഇതും ഇരു കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ പെടും. ചര്‍ച്ചയില്‍ എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തതെന്ന് വ്യക്തമല്ല.

∙ ഭൂമിയിലെ ഏറ്റവും ധൈര്യശാലി മസ്‌ക് ആണെന്ന് നെറ്റ്ഫ്ലിക്‌സ് സ്ഥാപകന്‍

അതേസമയം, ട്വിറ്ററിനെ മസ്ക് നയിക്കുന്ന രീതിയെ പുകഴ്ത്തി പല സിലിക്കന്‍ വാലി കമ്പനി മേധാവികളും രംഗത്തെത്തിയെന്ന് റോയിട്ടേഴ്‌സ്. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും ധൈര്യശാലിയും സര്‍ഗശക്തിയുമുള്ള ആൾ എന്നാണ് കണ്ടെന്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന്റെ സഹസ്ഥാപകന്‍ റീഡ് ഹെയ്സ്റ്റിങ്‌സ് മസ്‌കിനെ വിശേഷിപ്പിച്ചത്. അതേസമയം, മെറ്റാ പ്ലാറ്റ്‌ഫോംസ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും കണ്ടെന്റ് മോഡറേഷന്റെ കാര്യത്തില്‍ താന്‍ മസ്‌കിന്റെ നീക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയാണെന്ന് പറഞ്ഞു. വ്യത്യസ്ത ദിശയില്‍ നീങ്ങുന്ന പ്ലാറ്റ്‌ഫോമുകള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. മസ്‌കിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്‌തോളൂ, പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരം എങ്ങനെയായിരിക്കുമെന്നു കാത്തിരുന്നു കാണണമെന്നും അദ്ദേഹം പറഞ്ഞു.

∙ ‘ലോകത്തെ സഹായിക്കുക ലക്ഷ്യം’

‘‘മസ്‌കിന്റെ എല്ലാ ആഗ്രഹങ്ങളും നടന്നേക്കില്ല. എന്നാല്‍ മസ്‌കിന് വേറിട്ടൊരു മാനേജ്‌മെന്റ് ശൈലിയാണ് ഉള്ളത്. ലോകത്തെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് മസ്‌കിന്റെ എല്ലാ സംരംഭങ്ങളും എന്നതിനെക്കുറിച്ച് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്’’ – റീഡ് പറഞ്ഞു. തനിക്ക് മസ്‌കിനോട് അഗാധമായ ബഹുമാനമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

∙ പുട്ടിന്റെ പ്രചാരണം ട്വിറ്ററില്‍നിന്ന് നീക്കണമെന്ന് ഇയു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രചാരണങ്ങള്‍ ട്വിറ്റര്‍ വഴി നടത്താന്‍ അനുവദിക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ മസ്‌കിനോട് ആവശ്യപ്പെട്ടു.

∙ ആപ് സ്റ്റോറിനതിരെ സക്കര്‍ബര്‍ഗും

ട്വിറ്റര്‍, സ്‌പോട്ടിഫൈ, എപ്പിക് ഗെയിംസ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ആപ്പിളിന്റെ ആപ് സ്റ്റോര്‍ നയങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. ഫെയ്‌സ്ബുക്കിന്റെ തകർച്ചയിലേക്ക് നയിച്ച തീരുമാനങ്ങളിലൊന്ന് എടുത്തത് ആപ്പിളാണ്. ആപ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകള്‍ ഉപയോക്താക്കളുടെ അനുമതി വാങ്ങിയ ശേഷം മാത്രമെ അവരുടെ ഇന്റര്‍നെറ്റ് ചെയ്തികള്‍ ട്രാക്ക് ചെയ്യാവൂ എന്നതടക്കമുള്ള നിബന്ധനകളാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്. ആപ്പിള്‍ ഒരു പ്രശ്‌നകാരിയായ കമ്പനിയാണെന്നും ആപ്പുകള്‍ നല്‍കുന്ന അനുഭവം എങ്ങനെയായിരിക്കണം എന്നുപോലും നിശ്ചയിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണ് സക്കര്‍ബര്‍ഗ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മൊബൈല്‍ പരിസ്ഥിതി മൂലം ലോകത്ത് സൃഷ്ടിക്കപ്പെടുന്ന വരുമാനത്തിന്റെ വലിയൊരു ശതമാനവും ആപ്പിളിന്റെ പെട്ടിയിലേക്കു പോകുന്നു എന്നും അദ്ദേഹം ന്യൂ യോര്‍ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

∙ ക്ലൗഡിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ആപ്പിളിനെ ബോധ്യപ്പെടുത്തിയ ജോണ്‍ രാജിവച്ചു

ആപ്പിള്‍ കമ്പനിക്കു പുറത്ത് അധികമാരും അറിയാത്ത, എന്നാല്‍ 1000 പേരെ നയിച്ചിരുന്ന വൈസ് പ്രസിഡന്റ് ജോണ്‍ സ്റ്റൗഫര്‍ രാജിവച്ചു. അദ്ദേഹം റോബ്ലോക്‌സ് കോര്‍പറേഷനില്‍ ചേരും. ഏകദേശം 24 വര്‍ഷത്തോളം അദ്ദേഹം ആപ്പിളില്‍ ജോലിയെടുത്തു. അടുത്തിടെ കമ്പനിയില്‍ നിന്ന് ഒരുപറ്റം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ രാജിയും. എയര്‍പ്ലേ, ഫെയ്‌സ്‌ടൈം, കാര്‍പ്ലേ തുടങ്ങിയവ വികസിപ്പിക്കുന്നതില്‍ സ്റ്റൗഫറിന്റെ സംഭാവന ഉണ്ടായിരുന്നു. എന്നാല്‍ ഇതിലേറെ, ഇനി പരമാവധി സേവനങ്ങള്‍ ക്ലൗഡിലേക്ക് മാറ്റണമെന്ന് കമ്പനിയോട് 2017ല്‍ സമയോചിതമായി ആവശ്യപ്പെട്ട വ്യക്തി എന്നതിന്റെ ഖ്യാതിയോടെയാണ് അദ്ദേഹം ആപ്പിളില്‍ നിന്ന് പടിയിറങ്ങുന്നത്.

∙ എഐ സംവിധാനത്തിന് പരിമിതിയുണ്ടെന്ന് ആമസോണ്‍

ആമസോണിന്റെ ക്ലൗഡ് വിഭാഗം വില്‍ക്കുന്ന സോഫ്റ്റ്‌വെയറിനൊപ്പം മുന്നറിയിപ്പു കാര്‍ഡ് കൂടി നല്‍കാന്‍ തീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ കുഴപ്പമുണ്ടാക്കിയേക്കാമെന്ന ആശങ്ക വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെയാണിത്. ഇങ്ങനെ ചെയ്യുന്ന ആദ്യ കമ്പനിയല്ല ആമസോണ്‍. പല കമ്പനികളും എഐക്ക് പരിമിതിയുണ്ടെന്നുള്ള കാര്യം തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു നല്‍കിവരുന്നുണ്ട്. ഐബിഎം, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ഉദാഹരണം.

∙ ഗൂഗിള്‍ സ്റ്റേഡിയ ഹാര്‍ഡ്‌വെയര്‍ വാങ്ങിയവര്‍ക്ക് പണം തിരിച്ചു നല്‍കി തുടങ്ങി

ഗൂഗിളിന്റെ ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്‌ഫോമായ സ്റ്റേഡിയയുടെ ഹാര്‍ഡ്‌വെയര്‍ വാങ്ങിയവര്‍ക്ക് പണം തിരിച്ചു നല്‍കിത്തുടങ്ങി. അര്‍ഹതപ്പെട്ട ഉപയോക്താക്കള്‍ക്ക് ഇമെയിലില്‍ അറിയിപ്പു ലഭിക്കും. സ്റ്റേഡിയ കൺട്രോളര്‍, ദ് ഫൗണ്ടേഴ്‌സ് എഡിഷന്‍, ദ് പ്രീമിയര്‍ എഡിഷന്‍, പ്ലേ ആന്‍ഡ് വാച്ച് വിത് ഗൂഗിള്‍ ടിവി പാക്കേജ് തുടങ്ങിയവയ്ക്കായിരിക്കും റീഫണ്ട് ലഭിക്കുക. വേണ്ടത്ര ഉപയോക്താക്കളെ ലഭിക്കാത്തതു കൊണ്ടാണ് സ്റ്റേഡിയ പൂട്ടുന്നതെന്ന് ഗൂഗിള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Photo: Google Event
Photo: Google Event

∙ ഷഓമി 13 സീരീസിന്റെ അവതരണം നടന്നില്ല

ഡിസംബര്‍ 1ന് നടത്തുമെന്നു പറഞ്ഞിരുന്ന ഷഓമി 13 സീരീസിന്റെ അവതരണം മുടങ്ങി. കാരണം വ്യക്തമല്ല. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ ഏറ്റവും കരുത്തുറ്റ പ്രോസസര്‍ ആയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ഉൾപ്പെടുത്തിയ ആദ്യ ഫോണുകളിലൊന്ന് എന്നതടക്കമുള്ള കാര്യങ്ങളാണ് ഈ ഫോണിനെ ശ്രദ്ധേയമാക്കുന്നത്.

English Summary: Elon Musk meets Apple CEO Tim Cook, deletes his tweet about war with Apple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com