ADVERTISEMENT

ട്വിറ്ററിലെ നല്ലൊരു ശതമാനം ജോലിക്കാരെ പിരിച്ചുവിട്ടും ഇപ്പോഴും തുടരുന്നവരെ സമ്മര്‍ദത്തിലാക്കിയും വാര്‍ത്തയിലിടം നേടിയ ഇലോണ്‍ മസ്‌കിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയായ ന്യൂറാലിങ്കിലാണ് പ്രശ്‌നങ്ങള്‍. മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടറുമായി ബന്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ 2016ല്‍ മസ്‌ക് ആരംഭിച്ച കമ്പനിയാണ് ന്യൂറാലിങ്ക്.

∙ ആവശ്യത്തിലേറെ മൃഗങ്ങളെ കൊല്ലേണ്ടിവന്നു

മസ്‌കിന്റെ സമ്മര്‍ദം കാരണം പരീക്ഷണങ്ങള്‍ക്കായി ആവശ്യത്തിലധികം മൃഗങ്ങളെ കൊന്നുതള്ളി എന്നാണ് ഒരു വാദം. അതിനെപ്പറ്റി അമേരിക്കയുടെ ഫെഡറല്‍ ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ന്യൂറാലിങ്കിലെ ജീവനക്കാരും നേരത്തേ ജോലി ചെയ്തവരിൽ ചിലരും, ആവശ്യത്തിലേറെ മൃഗങ്ങളെ കൊല്ലേണ്ടി വന്നതില്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

∙ എന്നെ വട്ടുപിടിപ്പിക്കുന്നെന്ന് മസ്‌ക്

മസ്‌കിന്റെ അനാവശ്യ ധൃതി മൂലമാണ് ജോലിക്കാർ സമ്മര്‍ദത്തിലാകുന്നതെന്നും വളരെയേറെ മൃഗങ്ങളെ കൊല്ലേണ്ടിവരുന്നതെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരോട് ‘തലയില്‍ ഒരു സ്‌ഫോടകവസ്തു കെട്ടിവച്ചിട്ടുണ്ടെന്ന’ തോന്നലോടെ ജോലി വേഗത്തിലാക്കണമെന്ന് മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈ വര്‍ഷം ആദ്യം, സ്വിറ്റ്സര്‍ലൻഡിലെ ഒരു കമ്പനിയിലെ ഗവേഷകര്‍ പക്ഷാഘാതം വന്ന ഒരു രോഗിയെ ഇലക്ട്രിക്കല്‍ ഇംപ്ലാന്റ് ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ചു നടത്തി എന്ന വാര്‍ത്ത ന്യൂറാലിങ്ക് ജോലിക്കാര്‍ മസ്‌കിന് അയച്ചുകൊടുത്തു. നമുക്കും അതു ചെയ്യാന്‍ സാധിക്കണമെന്ന് ഫെബ്രുവരി 8ന് വെളുപ്പിന് 6.37ന് മസ്‌ക് അയച്ച മെയിലില്‍ പറഞ്ഞിരിക്കുന്നത് കാണാം. കേവലം 10 മിനിറ്റിനുള്ളില്‍ അടുത്ത മെയിലും എത്തി. ‘പൊതുവേ പറഞ്ഞാല്‍ നമുക്ക് വേണ്ട പുരോഗതി സമയത്ത് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇത് എന്നെ വട്ടുപിടിപ്പിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. കമ്പനി അടച്ചു പൂട്ടിയേക്കാമെന്ന ധ്വനിയോടെയുള്ള മസ്‌കിന്റെ ഭീഷണിയും ഉണ്ടായിട്ടുണ്ടെന്ന് ജോലിക്കാര്‍ പറയുന്നു.

∙ 1,500 മൃഗങ്ങളെ കൊന്നു

ന്യൂറാലിങ്ക് പരീക്ഷണാവശ്യത്തിനായി ആടുകള്‍, പന്നികള്‍, കുരങ്ങുകള്‍ തുടങ്ങിയവയടക്കം 1,500 മൃഗങ്ങളെ വരെ കൊന്നിരിക്കാമെന്നാണ് സൂചന. എലികളിലും ചുണ്ടെലികളിലും പരീക്ഷണം നടത്തിയിട്ടുണ്ട്. എത്ര മൃഗങ്ങളെ ഉപയോഗിച്ചു എന്നതിന്റെ കൃത്യമായ കണക്കുകള്‍ കമ്പനി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്ക് മരണം സംഭവിച്ചു എന്നതുകൊണ്ട് ന്യൂറാലിങ്ക് എന്തെങ്കിലും നിയമം ലംഘിച്ചുവെന്നു പറയാനാവില്ലെന്നും വാദമുണ്ട്. പല കമ്പനികളും ഇങ്ങനെ മൃഗങ്ങളെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും മനുഷ്യരുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി. കൂടുതല്‍ മൃഗങ്ങളെ കൊല്ലേണ്ടി വരുന്നത് കമ്പനികള്‍ സമ്മര്‍ദത്തിലാകുമ്പോഴാണ് എന്നു പറയുന്നു. പരീക്ഷണം നടത്തിയ മൃഗങ്ങളെ തുടര്‍ പഠനത്തിനു വേണ്ടി പോസ്റ്റ്‌മോര്‍ട്ടം നടത്താനായി കൊല്ലുന്ന പതിവും ഉണ്ട്.

∙ മറ്റു കമ്പനികള്‍ വിജയം നേടി

ന്യൂറാലിങ്കിനെ പോലെ 2016ല്‍ തുടങ്ങിയ മറ്റൊരു കമ്പനിയാണ് സിങ്ക്രോണ്‍. മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതിനാല്‍ ഇനി മനുഷ്യരില്‍ പരീക്ഷണം തുടരാന്‍ 2021ല്‍ സിങ്ക്രോണ്‍ എഫ്ഡിഎയുടെ അനുമതി നേടി. പക്ഷാഘാതം വന്നവര്‍ക്ക് ചിന്ത ഉപയോഗിച്ച് ടൈപ്പുചെയ്യാന്‍ സാധിക്കുന്ന നേട്ടം വരെ കൈവരിക്കാന്‍ കമ്പനിക്കായി. താന്‍ നിക്ഷേപം നടത്താമെന്നു പറഞ്ഞ് മസ്‌ക് സിങ്ക്രോണിനെ സമീപിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

∙ ന്യൂറാലിങ്ക് തെറ്റുവരുത്തുന്നു

ന്യൂറാലിങ്ക് ഗവേഷകര്‍ വരുത്തുന്ന തെറ്റുകള്‍ മൂലം അനാവശ്യമായി മൃഗങ്ങളെ കൊല്ലേണ്ടി വരുന്നു. ഉദാഹരണത്തിന് 2021ല്‍ 60 പന്നികളില്‍ നടത്തിയ പരീക്ഷണത്തില്‍ 25 എണ്ണത്തിലും പിടിപ്പിച്ചത് അവയുടെ തലയ്ക്കു യോജിച്ചതിനേക്കാള്‍ വലിയ യന്ത്ര സംവിധാനമായിരുന്നു എന്ന് ആരോപണമുണ്ട്. ഒഴിവാക്കാവുന്ന ഒന്നായിരുന്നു ഇത്. ഇത് എഫ്ഡിഎ കണ്ടെത്തിയാല്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പിന്നെ അതില്‍ തുടരാനായേക്കില്ല. ഈ പഠനത്തില്‍ നിന്നു ലഭിച്ച ഫലവും എഫ്ഡിഎയ്ക്ക് സമര്‍പ്പിക്കാന്‍ ന്യൂറാലിങ്ക് ഉദ്ദേശിച്ചിരുന്നുവെന്നു പറയുന്നു. പക്ഷേ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും തങ്ങളെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണെന്ന് ജോലിക്കാരും പറയുന്നു. പന്നികളില്‍ സങ്കീര്‍ണമായ ഒരു സര്‍ജറി നടത്താന്‍ പ്രോത്സാഹിപ്പിച്ചതിനെതിരെയും ജോലിക്കാര്‍ പ്രതിഷേധിച്ചിട്ടുണ്ട്. അതേസമയം, മൃഗങ്ങളോടു വളരെ ശ്രദ്ധയോടു കൂടി മാത്രമെ ഇടപെടുന്നുള്ളു എന്ന വാദമാണ് മസ്‌ക് ഉയര്‍ത്തുന്നത്.

∙ ട്വിറ്ററില്‍ തന്നെ കിടന്നുറങ്ങാന്‍ സ്ഥലം ഉണ്ടാക്കി

മസ്‌കുമായി ബന്ധപ്പെട്ട മറ്റൊരു പുതിയ സംഭവവികാസത്തെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഹെഡ്ക്വാട്ടേഴ്‌സില്‍ ജോലിക്കാര്‍ക്ക് വീട്ടില്‍ പോകാതെ ജോലിയെടുത്ത ശേഷം കിടന്നുറങ്ങാനുള്ള ചെറിയ ഉറക്കറകളും മസ്‌കിന്റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി നിര്‍മിച്ചു എന്നാണ് പറയുന്നത്. ഇനി അമിതമായി പണിയെടുക്കണം എന്നാണ് മസ്‌ക് ജോലിക്കാരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നത്. മസ്‌ക് ഒരുക്കിയ ചെറിയ ഉറക്കറകളില്‍ തട്ടിക്കൂട്ടു മെത്തകളും വില കുറഞ്ഞ കര്‍ട്ടണുകളും ടെലിപ്രസന്‍സ് മോണിട്ടറുകളുമാണ് ഉള്ളതെന്ന് ഫോര്‍ബ്‌സ് പറയുന്നു. ഇതിന്റെ ഏതാനും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

∙ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ തൊഴിലവസരങ്ങള്‍ കുറയുന്നു

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ഏറ്റവും വലിയ ജോലി സാധ്യതകള്‍ സമ്മാനിച്ചിരുന്ന കംപ്യൂട്ടര്‍ മേഖലയില്‍ പുതിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ മങ്ങുന്നുവെന്ന് ന്യൂയോര്‍ക് ടൈംസ്. അമേരിക്കയില്‍ മാത്രം ഇപ്പോള്‍ ഒരു വര്‍ഷം ഏകദേശം 136,000 വിദ്യാര്‍ഥികളാണ് കംപ്യൂട്ടര്‍ സയന്‍സില്‍ മേജര്‍ എടുക്കുന്നത്. പല ടെക്‌നോളജി ഭീമന്മാരും തങ്ങളുടെ ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതാണ് ഈ വര്‍ഷം കാണാനായത്. പുതിയ തസ്തികകളും സാധ്യതകളും വരും വര്‍ഷങ്ങളിലും ഉണ്ടാകുമെങ്കിലും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ജോലി ലഭിക്കുക.

∙ അടുത്ത നതിങ് ഫോണ്‍ ഉടനെ പ്രതീക്ഷിക്കേണ്ടെന്ന്

ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ സ്മാര്‍ട് ഫോണുകളില്‍ ഒന്നായി പല റിവ്യൂവര്‍മാരും വാഴ്ത്തിയ നതിങ് ഫോണ്‍ (1)ന്റെ അടുത്ത മോഡല്‍ ഉടനെയെങ്ങും പ്രതീക്ഷിക്കേണ്ടന്ന് കമ്പനി മേധാവി കാള്‍ പെയ് പറഞ്ഞു. ഫോണ്‍ (1), നതിങ് ഇയര്‍ (1), നതിങ് സ്റ്റിക് എന്നീ മൂന്നു ഉൽപന്നങ്ങളാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. ഇവ മൂന്നും കൂടി 10,00,000 എണ്ണം വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ആപ്പിള്‍, സാംസങ്, ഷഓമി തുടങ്ങിയ കമ്പനികളോട് താരതമ്യം ചെയ്താല്‍ നിസാരമാണിതെന്നു തോന്നാമെങ്കിലും തുടങ്ങിയിട്ട് അധികം കാലമാകാത്ത കമ്പനിയുടെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ ഇതൊരു വലിയ നേട്ടമാണെന്നും വിലയിരുത്തപ്പെടുന്നു. നതിങ് ഫോണ്‍ (2) ഉടനെ പുറത്തിറക്കില്ലെന്നു തന്നെയല്ല, നതിങ് ഫോണ്‍ (1) ന് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും കാള്‍ അറിയിച്ചു.

nothing-phone-1-4

∙ ഇറാന്‍ സർക്കാരിന്റെ പിന്തുണയുള്ള ഹാക്കര്‍മാര്‍ പ്രശസ്തരെ ലക്ഷ്യമിടുന്നു

ഹിജാബ് വിരുദ്ധ സമരം ഇറാനെ ഞെട്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ മറ്റൊരു ആരോപണത്താലും വെട്ടിലായിരിക്കുകയാണ്. മധ്യേഷ്യ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുന്ന പ്രശസ്ത വ്യക്തികള്‍ക്കെതിരെ ഹാക്കര്‍മാര്‍ ഇറാൻ സർക്കാരിന്റെ പിന്തുണയോടെ ആക്രമണം നടത്തിയെന്നാണ് ആരോപണം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങള്‍ ഇറാനെതിരെ ഉയരുന്നത്.

English Summary: Elon Musk’s Neuralink under scanner over animal deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com