ADVERTISEMENT

എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനമുള്ള സുരക്ഷാ ക്യാമറകളിൽ നിന്ന് പ്രത്യക്ഷത്തിൽ മുഖമോ ശരീരം മുഴുവനായോ മറയ്ക്കാൻ കഴിയുന്ന സാധാരണ രൂപത്തിലുള്ള വസ്ത്രം ചൈനയിലെ ഒരു കൂട്ടം ബിരുദ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. 'ഇൻവിസ്‌ഡിഫൻസ്' എന്ന പേരിലുള്ള വസ്ത്രത്തിന് പകൽ സമയത്ത് വിവിധ പാറ്റേണുകൾ ഉപയോഗിച്ച് ക്യാമറയെ മറയ്ക്കാനും രാത്രിയിൽ അസാധാരണമായ ഹീറ്റ് സിഗ്നലുകൾ ഉപയോഗിച്ച് എഐ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനും കഴിയും. 

 

എഐ സംവിധാനമുള്ള നിരീക്ഷണ ക്യാമറകൾ വ്യാപകമായി ഉപയോഗിക്കുന്ന ചൈന പോലുള്ള രാജ്യങ്ങളിലും ചില തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഈ വസ്ത്രം ഏറെ പ്രചാരം നേടിയേക്കും. അതേസമയം, സർക്കാരുകൾ ഒന്നുകിൽ വിദ്യാർഥികളുടെ പുതിയ സാങ്കേതിക വിദ്യ നിരോധിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള സിസിടിവി സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്യാനും സാധ്യതയുണ്ട്.

 

ചൈനീസ് പ്രസിദ്ധീകരണമായ സൗത്ത് ചൈന മോർണിങ് പോസ്റ്റിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്. നവംബർ 27ന് ബിരുദാനന്തര പരിശീലന മത്സരങ്ങളുടെ ഭാഗമായി വാവെയ് ടെക്നോളജീസ് സ്പോൺസർ ചെയ്ത ക്രിയേറ്റീവ് മത്സരത്തിൽ ഇൻവിസ്ഡിഫൻസ് കോട്ട് ( InvisDefense coat) ഒന്നാം സമ്മാനം നേടിയിരുന്നു. 

 

ഇൻവിസ് ഡിഫൻസ് കോട്ടിന് പകൽ സമയത്ത് ഹൈഡ് പാറ്റേൺ ഉപയോഗിച്ച് മെഷീൻ വിഷൻ തിരിച്ചറിയൽ അൽഗോരിതം തടസപ്പെടുത്താൻ കഴിയുമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. രാത്രിയിൽ ഇൻഫ്രാറെഡ് ക്യാമറയെ ആശയക്കുഴപ്പത്തിലാക്കാൻ താപനിലയിൽ മാറ്റവരുത്തി കബളിപ്പിക്കാനും ഈ കോട്ടിലെ ടെക്നോളജിക്ക് സാധിക്കും.

 

ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് മുൻപ് ടീം നൂറുകണക്കിന് പരീക്ഷണങ്ങൾ നടത്തിയതായി വിദ്യാർഥികൾ പറഞ്ഞു. ഇൻവിസിബിലിറ്റി വസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഇതിന്റെ വിലയാണ്. ക്യാമറയെ കബളിപ്പിക്കാൻ വേണ്ട ഒരു ഹൈഡ് പാറ്റേൺ പ്രിന്റ് ചെയ്യുന്നത് താരതമ്യേന ചെലവ് കുറഞ്ഞതാണെന്നും ഇൻഫ്രാറെഡ് ക്യാമറയെ മറയ്ക്കാൻ നാല് താപനില നിയന്ത്രണ മൊഡ്യൂളുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും സ്രഷ്‌ടാക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാന ചെലവ് 500 യുവാൻ ( ഏകദേശം 6,000 രൂപ) ആണ്.

 

സാങ്കേതികവിദ്യയ്ക്ക് മെച്ചപ്പെടുത്തലുകൾ ആവശ്യമാണെങ്കിലും ഡ്രോൺ ആക്രമണത്തിൽ നിന്നും എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീൻ ഗൺ ഏറ്റുമുട്ടലിൽ നിന്നുമൊക്കെ ഇൻവിസ് ഡിഫൻസ് വസ്ത്രം ഉപയോഗിക്കാമെന്നും സ്രഷ്‌ടാക്കൾ അവകാശപ്പെടുന്നു.

 

English Summary: Want to hide from security cameras? Chinese students have come up with an invisibility cloak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com