ADVERTISEMENT

എല്ലാം സ്വന്തം രീതിയില്‍ ചെയ്ത് പേരെടുത്ത ടെസ്‌ല മേധാവി തന്റെ പുതിയ കമ്പനിയായ ട്വിറ്ററിലും പല മാറ്റങ്ങളും അവതരിപ്പിച്ചിരിക്കുകയാണ്. അധ്വാനിക്കാൻ തയാറുള്ളവര്‍ ട്വിറ്ററില്‍ തുടര്‍ന്നാല്‍ മതിയെന്ന് അദ്ദേഹം ജോലിക്കാരോട് പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ ജോലിയെടുത്തു മടുക്കുന്നവര്‍ക്ക് വീട്ടില്‍ പോലും പോകാതെ കഴിയാനായി ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഹെഡ്ക്വാട്ടേഴ്‌സിലെ കോണ്‍ഫറന്‍സ് ഹോളുകളെല്ലാം ചെറിയ ബെഡ് റൂമുകളാക്കി മാറ്റിയെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അത്തരം റൂമുകളില്‍ തട്ടിക്കൂട്ടു മെത്തകളടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേക്കുറിച്ച് സാന്‍ ഫ്രാന്‍സിസ്‌കോ നഗരാധികൃതര്‍ അന്വേഷണം നടത്താന്‍ പോകുകയാണ് എന്നും വാര്‍ത്തകളുണ്ട്.

 

∙ മസ്‌ക് ഓഫിസില്‍ തന്നെ കിടപ്പും

 

ഇതിനിടയിലാണ് ഒരു മുന്‍ ട്വിറ്റര്‍ ജീവനക്കാരന്‍ പുതിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങി സാന്‍ ഫ്രാന്‍സ്‌കോ ഓഫിസിലേക്ക് കയറി വന്ന മസ്‌ക് പിന്നെ അവിടെ തന്നെയാണ് താമസിക്കുന്നതെന്നാണ് ജീവനക്കാരൻ പറഞ്ഞിരിക്കുന്നത്. അതേസമയം, ട്വിറ്ററിന്റെ ഈ ഓഫിസില്‍ നിന്നുള്ള ചിത്രത്തില്‍ ഹോട്ടല്‍ റൂമിനെ അനുസ്മരിപ്പിക്കുന്ന കിടപ്പു മുറിയും കാണിച്ചിട്ടുണ്ട്. ഇരട്ട ബെഡും മറ്റുമുള്ള ഈ മുറിയിലായിരിക്കും മസ്‌ക് താമസിക്കുന്നത് എന്നാണ് പുതിയ ഊഹാപോഹം. തങ്ങള്‍ക്ക് അത്തരത്തിലൊരു ചിത്രം ലഭിച്ചുവെന്ന് ബിബിസി പറയുന്നു. തനിക്കു നടത്താനുള്ളതെല്ലാം ചെയ്യുന്നതു വരെ ട്വിറ്റര്‍ ഓഫിസില്‍ തന്നെ താമസിക്കുമെന്ന് മസ്‌ക് നേരത്തേ ഒരു ട്വീറ്റും നടത്തിയിട്ടുണ്ട്. ഇത് അദ്ദേഹം പിന്നീട് ഡിലീറ്റു ചെയ്യുകയായിരുന്നു.

 

∙ ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ മസ്‌ക് അല്ലെന്ന് ഫോര്‍ബ്‌സ്

 

ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന വിവരണം ഇപ്പോള്‍ മസ്‌കിനില്ലെന്ന് ഫോര്‍ബ്‌സ്. ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് എല്‍വിഎംഎച് ഉടമ ബേണഡ് ആര്‍ണോ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ മൂല്യം 186.2 ബില്ല്യന്‍ ഡോളറാണിപ്പോള്‍ എന്ന് ഫോര്‍ബ്‌സ് പറയുന്നു. മസ്‌കിന്റെ ഇപ്പോഴത്തെ മൂല്യം 183.6 ബില്ല്യന്‍ ഡോളറാണെന്നും പറയുന്നു. മസ്‌കിന് 2021 ല്‍ 320 ബില്ല്യന്‍ ഡോളര്‍ വരെ മൂല്യമുണ്ടായിരുന്നു. ട്വിറ്റര്‍ വാങ്ങാനായി മസ്‌ക് അടുത്തിടെ ഏകദേശം 4 ബില്ല്യന്‍ ഡോളര്‍ മൂല്യത്തിനുള്ള ടെസ്‌ല കമ്പനിയുടെ ഓഹരി വിറ്റിരുന്നു.

 

∙ മസ്‌ക് തന്നെയാണെന്ന് ബ്ലൂംബര്‍ഗ്

 

അതേസമയം, ബ്ലൂംബര്‍ഗിന്റെ ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ മസ്‌ക് ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. ബ്ലൂംബര്‍ഗിന്റെ വിലയിരുത്തലില്‍ മസ്‌കിന് ഇപ്പോഴും 171 ബില്ല്യന്‍ ഡോളര്‍ മൂല്യമുണ്ട്. അതേസമയം ആര്‍ണോയ്ക്ക് 166 ബില്ല്യന്‍ ഡോളറാണ് മൊത്തം മൂല്യം.

 

∙ എയര്‍പ്ലെയിന്‍ മോഡിലും വൈ-ഫൈ, ഗൂഗിള്‍ പിക്‌സല്‍ ഉടമകള്‍ക്ക് ഐഫോണിനില്ലാത്ത ഫീച്ചര്‍

 

രാത്രിയിലും മറ്റും അടക്കം സ്മാര്‍ട് ഫോണില്‍ ബ്രൗസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ഫോണ്‍ കോള്‍ വരുന്നത് ഒഴിവാക്കി ഡേറ്റ മാത്രം ലഭിക്കാന്‍ സാധിക്കുമോ? അതാണിപ്പോള്‍ പുതിയ സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന പിക്‌സല്‍ ഫോണുകള്‍ക്ക് ഗൂഗിള്‍ നല്‍കാന്‍ ഒരുങ്ങുന്നത്. എയര്‍പ്ലെയിൻ മോഡില്‍ ബ്ലൂടൂത്തിനു പുറമെ വൈ-ഫൈയും പ്രവര്‍ത്തിപ്പിക്കാനാണ് പുതിയ അപ്‌ഡേറ്റിനു ശേഷം പിക്‌സല്‍ ഫോണ്‍ ഉടമകള്‍ക്ക് സാധിക്കുക. ഇത് നടത്തുന്നത് എയര്‍പ്ലെയിന്‍ മോഡിനെ കൂട്ടുപിടിച്ചാണ്. ബ്രോഡ്-ബാന്‍ഡ് ഇന്റര്‍നെറ്റ് വൈ-ഫൈ വഴി ഫോണിലെത്തിക്കാനുള്ള ശ്രമമാണ് ഫലം കാണുന്നത്.

 

∙ എന്താണ് എയര്‍പ്ലെയിന്‍ മോഡ്? 

 

എയര്‍പ്ലെയിന്‍ മോഡ് എല്ലാ സ്മാര്‍ട് ഫോണുകളിലും ഉണ്ട്. ഇത് പ്രധാനമായും പ്രയോജനപ്പെടുക വിമാന യാത്രകളിലാണ്. വര്‍ഷങ്ങള്‍ക്ക് മുൻപ് വരെ എയര്‍പ്ലെയിന്‍ മോഡിലേക്ക് കടക്കുന്ന ഉപയോക്താക്കളുടെ വൈ-ഫൈയും ബ്ലൂടൂത്തും ഓഫാകുമായിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ എയര്‍പ്ലെയിന്‍ മോഡിലും ബ്ലൂടൂത് പ്രവര്‍ത്തിപ്പിക്കാനുള്ള അവസരം കമ്പനി ഒരുക്കിയിരുന്നു. സെല്ലുലാര്‍ ബന്ധവും മറ്റും വിച്ഛേദിച്ച് വയര്‍ലെസ് ഇയര്‍ ഫോണുകളും മറ്റുമായി ബന്ധിപ്പിച്ച് പാട്ടുകേള്‍ക്കാനും മറ്റുമായിരുന്നു ഇത് ഉപകരിച്ചിരുന്നത്. സ്മാര്‍ട് വാച്ചുമായി ബന്ധിപ്പിച്ച് ഹെല്‍ത് ഡേറ്റ ശേഖരിക്കാനും ബ്ലൂടൂത്ത് പ്രവര്‍ത്തിപ്പിച്ചാല്‍ സാധിക്കും. ഇനിയിപ്പോള്‍ എയര്‍പ്ലെയിന്‍ മോഡില്‍ വൈ-ഫൈയും കൂടി പ്രവര്‍ത്തിപ്പിക്കാനാണ് സാധിക്കുക എന്നാണ് 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

∙ വേണ്ടവര്‍ക്ക് ബ്ലൂടൂത്തും വൈ-ഫൈയും ഓഫ് ചെയ്തു വയ്ക്കാം

 

ഇനി നേരത്തേതു പോലെ ബ്ലൂടൂത്തും വൈ-ഫൈയും ഓഫ് ചെയ്തു വയ്ക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയും ചെയ്യാം. 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡ് 13 ക്യൂപിആര്‍1 ന്റെ ബീറ്റാ, സ്റ്റേബിള്‍ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഇതിപ്പോൾ ലഭിക്കുന്നത്. ഇതുവഴി പിക്‌സല്‍ ഫോണുകള്‍ അല്‍പം കൂടി സ്മാര്‍ട്ടായി എന്നും പറയുന്നു. പുതിയ മാറ്റത്തെ ടോംസ് ഗൈഡ് വിശേഷിപ്പിച്ചത് ഐഫോണിനു പോലും ഇപ്പോള്‍ സാധിക്കാത്തത് എന്നാണ്. ഈ അപ്‌ഡേറ്റ് സാംസങ് ഗ്യാലക്‌സി എസ്22 അള്‍ട്രായില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഐഫോണ്‍ 14 സീരീസ് ഉപയോഗിക്കുന്ന ആളാണങ്കില്‍ നിങ്ങള്‍ക്ക് ഇതിപ്പോള്‍ ലഭിക്കില്ലെന്ന് ടോംസ് ഗൈഡ് എഴുതുന്നു.

 

∙ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ഉടനെ എത്തിയേക്കും

 

അതേസമയം, ഈ ഫീച്ചര്‍ ഷഓമിയുടെത് അടക്കമുള്ള ചില ഫോണുകളില്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും താമസിയാതെ ആന്‍ഡ്രോയിഡ് 11 മുതലുള്ള വേര്‍ഷനുകളുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം പുതിയ ഫീച്ചര്‍ ലഭിച്ചേക്കും. പുതിയ അപ്‌ഡേറ്റുമായി വന്നിരിക്കുന്ന ഏതാനും റിപ്പോര്‍ട്ടുകളില്‍ കോളുകള്‍ ലഭിക്കാതെ സെല്ലുലാര്‍ ഡേറ്റാ ലഭിക്കുമെന്നും പറയുന്നുണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തത ഇല്ല. 

 

∙ അടുത്ത വര്‍ഷവും ഐഫോണിന് യുഎസ്ബി-സി ലഭിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന്

 

യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും യുഎസ്ബി-സി നിര്‍ബന്ധമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതോടെ ആപ്പിളും ഗത്യന്തരമില്ലാതെ അവരുടെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനു പകരം അടുത്ത വര്‍ഷം മുതല്‍ യുഎസ്ബി-സി വയ്ക്കുമെന്നായിരുന്നു ഇതുവരെ വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് സംഭവിക്കണമെന്നു നിര്‍ബന്ധമില്ലെന്നാണ് പുതിയ വാദം. കമ്പനികള്‍ യുഎസ്ബി-സി ഉപകരണങ്ങളേ വില്‍ക്കാവൂ എന്ന നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള തിയതി 2024 ഡിസംബര്‍ 28 ആണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. അതായത് ഇനിയും രണ്ടു വര്‍ഷത്തോളം സമയമുണ്ട്. ഇതോടെ ആപ്പിള്‍ അടുത്ത വര്‍ഷം തന്നെ യുഎസ്ബി-സിയിലേക്ക് മാറിയേക്കില്ലെന്ന വാദം ഉയര്‍ന്നിരിക്കുകയാണ്.

 

ആപ്പിള്‍ കമ്പനിയെക്കുറിച്ചുള്ള പല വിവരങ്ങളും നേരത്തേ പറഞ്ഞ് പേരെടുത്ത വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറഞ്ഞത് അടുത്ത വര്‍ഷം രണ്ടു സ്പീഡിലുള്ള യുഎസ്ബി-സി പോര്‍ട്ടുകള്‍ ഐഫോണുകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ആപ്പിള്‍ പരിഗണിക്കുന്നത് എന്നായിരുന്നു. അതിവേഗ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്ന യുഎസ്ബി-സി പോര്‍ട്ട് ഐഫോണ്‍ 15 പ്രോ, അള്‍ട്രാ മോഡലുകള്‍ക്ക് നല്‍കുമെന്നും, വേഗം കുറഞ്ഞ പോര്‍ട്ട് ഐഫോണ്‍ 15 മോഡലുകള്‍ക്ക് നല്‍കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

 

English Summary: Elon Musk turns Twitter office rooms into bedrooms for 'tired' employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com