ADVERTISEMENT

ലോകത്തെ എട്ടാമത്തെ അദ്ഭുതം പണിതുയര്‍ത്തുകയാണ് സൗദി അറേബ്യ. കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദ ലൈന്‍ എന്ന ഈ അത്യാധുനിക നഗരം പണിയുന്നത്. 90 ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കേവലം 20 മിനിറ്റില്‍ എത്താന്‍ സാധിക്കുന്ന അഞ്ചു മിനിറ്റ് നടന്നാല്‍ അയല്‍പക്കത്തേക്ക് പോകാനാവുന്ന പരമാവധി പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന പുതിയ ലോകമാണ് ദ ലൈന്‍. നിർമാണത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

170 കിലോമീറ്റര്‍ നീളമുള്ള ദ ലൈനിന് 72500 കോടി ഡോളറാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 200 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുണ്ടാവും ദ ലൈനിന്. ഇരുവശങ്ങളിലും ചില്ലു മറയും ദ ലൈനിനുണ്ടാവും. സൗദി അറേബ്യയിലെ വടക്കു കിഴക്കന്‍ തബൂക്ക് പ്രവിശ്യയില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ചെങ്കടൽ മുതല്‍ മരുഭൂമിയും മലനിരകളും വരെ നീളുന്നു ദ ലൈന്‍. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിന് സമാനമായ ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന ദ ലൈന്‍ സിയോളിന്റെ ആറ് ശതമാനം സ്ഥലം മാത്രമാണ് ഉപയോഗിക്കുക.

 

Photo: SOAR Earth
Photo: SOAR Earth

സുസ്ഥിരവികസനത്തിന്റെ ഉദാത്ത മാതൃകയായാണ് ഈ നഗര പദ്ധതി വിശേഷിപ്പിക്കപ്പെടുമ്പോള്‍ തന്നെ വളരെ ഗൗരവമുള്ള ചോദ്യങ്ങളും ദ ലൈനിന് നേരെ ഉന്നയിക്കപ്പെടുന്നുണ്ട്. ദ ലൈനിന്റെ ഏതറ്റത്തേക്കും 20 മിനിറ്റില്‍ യാത്ര സാധ്യമാക്കുന്നത് അതിവേഗ വൈദ്യുതി ട്രെയിനാണ്. ഓരോ ഉടമക്കും ഏതാണ്ട് 1,000 ക്യുബിക് മീറ്റര്‍ സ്ഥലം ദ ലൈനില്‍ ലഭിക്കും. വന്‍ നഗരങ്ങളെ സംബന്ധിച്ച് ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. 

 

Photo: SOAR Earth
Photo: SOAR Earth

ഉയരംകൊണ്ട് ഏതാണ്ട് 125 നിലയുള്ള കെട്ടിടത്തോളം വരും ദ ലൈന്‍. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി ലിഫ്റ്റുകളുടെ സഹായം ആവശ്യമാവും. ഏതാണ്ട് 55,000 ഡോളറാണ് ഒരു ഉടമക്ക് ചെലവു വരുക. ഇത്രയും കുറഞ്ഞ നിരക്കില്‍ ലാഭകരമായ രീതിയില്‍ നിര്‍മാണം സാധ്യമാവണമെങ്കില്‍ ചെലവുകൾ കുറയ്ക്കേണ്ടി വരും. 

 

കുത്തനെയുള്ള നഗരനിര്‍മാണം പുതിയ ആശയമല്ല. 1882ല്‍ സ്പാനിഷ് നഗരാസൂത്രണ വിദഗ്ധനായ അര്‍തൂറോ സൊറിയ മാറ്റയാണ് ഇങ്ങനെയൊരു ആശയം ആദ്യം അവതരിപ്പിക്കുന്നത്. ജലം, വൈദ്യുതി എന്നിവയുടെ വിതരണതും ഗതാഗതവും താരതമ്യേന കാര്യക്ഷമമാകുമെന്നതാണ് ഈ രീതിയുടെ പ്രധാന ഗുണമായി വിശേഷിപ്പിച്ചിരുന്നത്. നഗരങ്ങളെ ഗ്രാമവല്‍ക്കരിക്കാനും ഗ്രാമങ്ങളെ നഗരവല്‍ക്കരിക്കാനും ഇത്തരം നിര്‍മാണങ്ങള്‍ സഹായിക്കും. ഈ സ്പാനിഷ് ആശയമാണ് ദ ലൈനിലും കടമെടുത്തിട്ടുള്ളത്. 

 

അര കിലോമീറ്റര്‍ ഉയരത്തിലുള്ള നിര്‍മിതിയാണ് ദ ലൈന്‍. ഇരുവശങ്ങളിലും ഗ്ലാസായതിനാല്‍ അതില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശം വരുത്തുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കിഴക്കു പടിഞ്ഞാറ് ദിശയിലാണ് ദ ലൈനിന്റെ നിര്‍മാണം എന്നതിനാല്‍ സൂര്യ വെളിച്ചം പരമാവധി കുറവ് മാത്രമേ പ്രതിഫലിക്കുകയുള്ളൂ. എങ്കിലും ദലൈന്‍ പ്രതിഫലിപ്പിക്കുന്ന വെളിച്ചവും ചൂടുമെല്ലാം ചുറ്റുമുള്ള ആവാസ വ്യവസ്ഥകളേയും ഗ്രാമങ്ങളേയുമെല്ലാം എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ധാരണയില്ല. 

 

2025 ആകുമ്പോഴേക്കും ദ ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദ ലൈനിലെ സാമൂഹ്യ ഘടനയെക്കുറിച്ചോ ഭരണരീതിയെക്കുറിച്ചോ വ്യക്തിഗത അവകാശങ്ങളെക്കുറിച്ചോ വ്യത്യസ്ത സമുദായ- ദേശ വാസികളെ ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചോ ഒന്നും വിശദമാക്കിയിട്ടില്ല. സൗദി അറേബ്യയുടെ ഇപ്പോഴത്തെ ജനസംഖ്യ മൂന്നര കോടിയാണ്. ഇതിന്റെ നാലിലൊന്ന് വരും ദ ലൈനിലെ 90 ലക്ഷം. അതുകൊണ്ടുതന്നെ ഈ പദ്ധതി സൗദി അറേബ്യയുടെ ഭാവി സംബന്ധിച്ചും നിര്‍ണായകമാണ്. വലിയൊരു സ്വപ്‌നം യാഥാര്‍ഥ്യമാവുമ്പോള്‍ സംഭവിക്കാവുന്ന പല പ്രായോഗിക വെല്ലുവിളികളും ദ ലൈനിനെ കാത്തിരിപ്പുണ്ട്.

 

English Summary: New satellite images show progress on Saudi Arabia's 75-mile long mega city, The Line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com