ADVERTISEMENT

ടെക്‌നോളജിയുടെ ഈറ്റില്ലമായ സിലിക്കന്‍ വാലിയിലെ കോടീശ്വരന്മാരെ വിറപ്പിച്ചു കടന്നുപോകുകയാണ് 2022. ഈ വര്‍ഷം ആരംഭിക്കുമ്പോള്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന് ഉണ്ടായിരുന്ന ആസ്തി ഇടിഞ്ഞിരിക്കുന്നത് 140 ബില്ല്യന്‍ ഡോളറാണ്! ലോകത്തെ ഏറ്റവും കാശുകാരനായ ആള്‍ എന്ന വിവരണം മസ്‌കിന് കിട്ടിയത് 2021ല്‍ ആണ്. ടെസ്‌ല, സ്‌പെയസ്എക്‌സ് തുടങ്ങിയ കമ്പനികളുടെ വിജയത്തേരിലേറി വിലസിയ മസ്‌കിന്റെ പകുതിയോളം ധനമാണ് 2022ല്‍ കുത്തിയൊലിച്ചുപോയത്. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ആയി മാറിയിരിക്കുന്ന ഫ്രഞ്ച് ലക്ഷ്വറിബ്രാന്‍ഡ് ഉടമ ബേണഡ് ആര്‍ണോ, ടെക്‌നോളജി മേഖലയില്‍ നിന്നുള്ള ആളല്ല എന്നതും സിലിക്കന്‍ വാലിക്കൊരു മുന്നറിയിപ്പാണ്.

മസ്‌കിന് വിനയായത് ട്വിറ്റര്‍ ഏറ്റെടുക്കലും, വിവാദവും

അടുത്തിടെ വരെ വോള്‍സ്ട്രീറ്റ്  നിക്ഷേപകരുടെ പ്രിയപ്പെട്ട കമ്പനിയായിരുന്ന ടെസ്‌ല, മസ്‌ക് 44 ബില്ല്യന്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഒരു ചോദ്യചിഹ്നമായി മാറിയെന്ന് എഎഫ്പി പറയുന്നു. മസ്‌കിന്റെ ശ്രദ്ധ പതറിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍ എന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്. ട്വിറ്റര്‍ വാങ്ങാനായി തന്റെ കൈവശമുള്ള ടെസ്‌ലയുടെ ഓഹരി വിറ്റതോടെ, ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞു. ബ്ലൂംബര്‍ഗ് ഇന്‍ഡെക്‌സിന്റെ കണക്കു പ്രകാരം മസ്‌കിനിപ്പോള്‍ 130 ബില്ല്യന്‍ ഡോളറാണ് ആസ്തി.

സക്കര്‍ബര്‍ഗ്

facebook-zuckerberg

മെറ്റാവേഴ്‌സ് സങ്കല്‍പത്തിനു പിന്നാലെ തന്റെ പണവും ഊര്‍ജവും ചിലവിടാന്‍ തീരുമാനിച്ച ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനും 2022 പതനത്തിന്റെ വര്‍ഷമായിരുന്നു. മെറ്റാവേഴ്‌സ് വമ്പന്‍ മാറ്റം കൊണ്ടുവരും എന്ന് സക്കര്‍ബര്‍ഗ് പറയുന്നു. പക്ഷേ, അടുത്തെങ്ങും ഈ സങ്കല്‍പം ലോകം ഗൗരവത്തിലെടുത്തേക്കില്ലെന്ന് കമ്പനിയുടെ നിക്ഷേപകര്‍ കരുതുന്നു. അതോടെ മെറ്റയുടെ ഓഹരിയും ഇടിഞ്ഞു. വോള്‍ സ്ട്രീറ്റിന് സക്കര്‍ബര്‍ഗിലുള്ള വിശ്വാസവും ഇടിഞ്ഞു. ഡിസംബര്‍ 28ലെ കണക്കു പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി 81 ബില്ല്യനില്‍ നിന്ന് 44.4 ബില്ല്യന്‍ ഡോളറായി ഇടിഞ്ഞു. ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക്കും, ബദ്ധവൈരിയായ ഗൂഗിളും കടുത്ത മത്സരം കാഴ്ചവച്ചതും, ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും വിനയായി. ലോക സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ഭീതി പരന്നതോടെ, പരസ്യദാതാക്കള്‍ പണമൊഴുക്കല്‍ കുറച്ചതും മെറ്റയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

facebook

ബേസോസ്

ആമസോണ്‍ മേധാവി സ്ഥാനം ജെഫ് ബേസോസ് രാജിവച്ചത് 2021 ജൂലൈ മാസത്തിലാണ്. തുടര്‍ന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ കണ്ണുംനട്ട് താന്‍ സ്ഥാപിച്ച കമ്പനിയായ ബ്ലൂ ഒറിജിനു വേണ്ടിയായിരുന്നു അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, കാര്യമായ പ്രഭാവമൊന്നും സൃഷ്ടിക്കാത്ത ബ്ലൂ ഒറിജിനയില്ല. മറിച്ച്, ആമസോണ്‍ തന്നെയാണ് ഇപ്പോഴും ബേസോസിന്റെ ഭാവി നിര്‍ണയിക്കുന്നത്. ആമസോണിന്റെ ഓഹരി വില 49 ശതമാനം ഇടിഞ്ഞതോടെ ബേസോസിന്റെ ആസ്തിയും വട്ടം താഴേക്കു പോന്നു. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന് നഷ്ടപ്പെട്ടത് 86 ബില്ല്യന്‍ ഡോളറാണ്. ഇപ്പോള്‍ ബേസോസിന് ഏകദേശം 106 ബില്ല്യന്‍ ഡോളര്‍ ആസ്തിയാണ് ഉള്ളതെന്നാണ് വിലയിരുത്തല്‍. അതേസമയം, തന്റെ സമ്പാദ്യം മുഴുവനും തന്നെ ദാനംചെയ്യാന്‍ ഉദ്ദേശമുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ കൂടെ ഉടമയായ ബേസോസ് സിഎന്‍എന്‍ ടിവിക്കു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

Billionaire American businessman Jeff Bezos looks on during his meeting with British Prime Minister Boris Johnson at the UK diplomatic residence in New York City, New York, US, September 20, 2021. Photo: Michael M Santiago/Pool via REUTERS
Billionaire American businessman Jeff Bezos looks on during his meeting with British Prime Minister Boris Johnson at the UK diplomatic residence in New York City, New York, US, September 20, 2021. Photo: Michael M Santiago/Pool via REUTERS

പേജും ബ്രിന്നും

ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ഗായ് ബ്രിന്നും കുറച്ചുകാലമായി മാധ്യമ തുറിച്ചു നോട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. എന്നാല്‍ അതൊന്നും അവരുടെ ആസ്തി ഇടിയുന്നത് തടയാല്‍ കെല്‍പ്പുള്ള കാര്യമല്ലല്ലോ. ഗൂഗിളിന്റെ ഓഹരി വില ഈ വര്‍ഷം 39 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. പരസ്യ വരുമാനത്തിലുള്ള ഇടിവും ആപ്പിളും ആമസോണും ഗൂഗിളിനെതിരെ കടുത്ത മത്സരം കാഴ്ചവച്ചതും കമ്പനിക്കു ക്ഷീണംചെയ്തു. പേജിന്റെ മൂല്യം 46.1 ബില്ല്യനായി ഇടിഞ്ഞപ്പോള്‍, ബ്രിന്നിന് ഉള്ളത് 44.8 ബില്ല്യന്‍ ഡോളറാണത്രെ. അവരിപ്പോഴും റാങ്കിങ്ങില്‍ ലോകത്തെ 10, 11 ഉം റാങ്കിങ് ഉള്ള ധനികരായി തുടരുന്നു.

പണം വാരിയത് ടിക്‌ടോക് ഉടമ

അമേരിക്കന്‍ കോടീശ്വരന്മാരുടെ ആസ്തിയില്‍ ഇടിവുണ്ടായെങ്കിലും ടിക്‌ടോക് കമ്പനിയുടെ സ്ഥാപകന്‍ സാങ് യിമിങിന് നല്ലകാലവും ആയിരുന്നു 2022. അദ്ദേഹത്തിന്റെ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴിലാണ് ടിക്‌ടോക് പ്രവര്‍ത്തിക്കുന്നത്. സാങിന്റെ ആസ്തി ഈ വര്‍ഷം 10.4 ബില്ല്യന്‍ ഡോളറാണ് വര്‍ധിച്ചത്. അദ്ദേഹത്തിന്റെ ആസ്തി 55 ബില്ല്യന്‍ ഡോളറായി എന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയിലെ രണ്ടാമത്തെ വലിയ ധനികനായും അദ്ദേഹം മാറി. എന്നാല്‍, ടിക്‌ടോക്കിന്റെ പതനം 2023ല്‍ കാണാനായേക്കുമെന്നും പ്രവചനങ്ങളുണ്ട്.

സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് മോതിരവുമായി ഇവി

ഇവി (Evie) കമ്പനി സ്ത്രീകള്‍ക്കായി പുറത്തിറക്കാന്‍ പോകുന്ന സ്മാര്‍ട്ട് മോതിരം സിഇഎസ് 2023ല്‍ പരിചയപ്പെടുത്തും. ഇതിന് ആശ്രയിക്കാവുന്നത്ര കൃത്യതയുള്ള ഡേറ്റ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ആര്‍ത്തവചക്രത്തെക്കുറിച്ചുള്ളകാര്യങ്ങള്‍ തുടങ്ങിയവയായിരിക്കും സ്മാര്‍ട്ട് മോതിരം ട്രാക്കുചെയ്യുക.

ഗ്യാലക്‌സി എസ്23 സീരിസിന് വണ്‍ യൂഐ 5.1?

അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറക്കാന്‍ പോകുന്ന പ്രധാന ഫോണുകളിലൊന്നായ സാംസങ് ഗ്യാലക്‌സി എസ് 23 സീരിസിനെക്കുറിച്ചുള്ള അടക്കംപറച്ചില്‍ ഇന്റര്‍നെറ്റില്‍ തുടങ്ങിക്കഴിഞ്ഞു. ആന്‍ഡ്രോയിഡ് ഒഎസിലുള്ള ഏറ്റവും കരുത്തന്‍ സീരിസുകളിലൊന്നായിരിക്കും ഗ്യാലക്‌സി എസ്23 എന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ല. ആന്‍ഡ്രോയിഡ് 13 കേന്ദ്രമായുള്ള വണ്‍ യുഐ 5 കമ്പനി തയാര്‍ചെയ്തു കഴിഞ്ഞു. എന്നാല്‍, തങ്ങളുടെ ഫ്‌ളാഗ്ഷിപ് ഫോണിനായി വണ്‍ യുഐ 5.1 ഒരുക്കുകയാണ് കമ്പനിയിപ്പോള്‍ എന്നാണ് സാം മൊബൈലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരട്ട ഫിങ്ഗര്‍പ്രിന്റ് സെന്‍സറുമായി വിവോ എക്‌സ് ഫോള്‍ഡ്

വിവോ കമ്പനിയുടെ മടക്കാവുന്ന സ്‌ക്രീനുള്ള ഫോണിന്റെ പുതിയ വേര്‍ഷനു പേരിട്ടിരിക്കുന്നത് എക്‌സ് ഫോള്‍ഡ് 2 എന്നാണ്. ഫോണിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്റര്‍നെറ്റിലെ അടക്കം പറച്ചില്‍ ശരിയാണെങ്കില്‍എക്‌സ്‌ഫോള്‍ഡ് 2ന്, 2കെ സ്‌ക്രീന്‍ ഉണ്ടായിരിക്കും. ഇരട്ട ഫിങ്ഗര്‍പ്രിന്റ് സ്‌കാനറും ഉണ്ടായിരിക്കുമെന്നും, ഇവ ഡിസ്‌പ്ലെയില്‍ തന്നെയായിരിക്കും പിടിപ്പിച്ചിരിക്കുക എന്നും പറയുന്നു.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

ആപ്പിളിന്റെ എം-സീരിസ് പ്രൊസസറുകളെ നേരിടാന്‍ ക്വാല്‍കം

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും മികച്ച പ്രൊസസറുകള്‍ നല്‍കുന്ന കമ്പനിയായ ക്വാല്‍കം, ഇനി പുതിയ ബ്രാന്‍ഡില്‍ കംപ്യൂട്ടര്‍ ചിപ്പുകള്‍ ഇറക്കും. ഒറിയോണ്‍ (Oryon) എന്ന പേരില്‍ ഇറക്കുന്ന പ്രൊസസറുകള്‍ ആപ്പിളിന്റെ എം-സീരിസ്ചിപ്പുകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ക്വാല്‍കം പ്രതീക്ഷിക്കുന്നത്. 

ഒറിയോണിന്റേത് അല്‍പം വിചിത്രമായ കഥ

മുമ്പ് ആപ്പിളിനും ഗൂഗിളിനും വേണ്ടി ജോലിയെടുത്തിട്ടുള്ള ഒരു കൂട്ടം എൻജീനിയര്‍മാര്‍ ചേര്‍ന്ന് നുവിയ ഒരു സ്റ്റാര്‍ട്ട്-അപ് കമ്പനി സ്ഥാപിച്ചിരുന്നു. ചില എൻജീനിയര്‍മാര്‍ ആപ്പിളിന്റെ എം-സീരിസ് ചിപ്പുകളുടെ നിര്‍മാണത്തിലും സഹകരിച്ചിട്ടുണ്ട്. ഇവര്‍ സ്ഥാപിച്ച നുവിയ കമ്പനിയെ ക്വാല്‍കം ഏറ്റെടുക്കുകയായിരുന്നു. ഇവരാണ് ഒറിയോണ്‍ ചിപ്പിനു പിന്നില്‍. കംപ്യൂട്ടറുകള്‍ക്കു വേണ്ടിയുള്ള ഈ ചിപ്പിന് 12 കോറുകളാണ് ഉള്ളത്. കുറഞ്ഞ ശേഷിയുള്ള നാലു കോറുകളും, അതിശക്തമായ എട്ടു കോറുകളും ആയിരിക്കും ഇവയ്ക്കുണ്ടായിരിക്കുക. പുതിയ പ്രൊസസറിന് 5ജി ശേഷിയും ഉണ്ടായിരിക്കും. എല്‍പിഡിഡിആര്‍5 റാമും ഇത് സപ്പോര്‍ട്ടു ചെയ്യുന്നു. 

ഗൂഗിളിനെയും വെട്ടി ക്വാല്‍കം

നുവിയ കമ്പനിയെ ഏറ്റെടുക്കാന്‍ ഗൂഗിളും ശ്രമിച്ചിരുന്നു എന്നാണ് സൂചനകള്‍. എന്നാല്‍, 1.4 ബില്ല്യന്‍ ഡോളര്‍ നല്‍കി ക്വാല്‍കം ഈ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. നുവിയയില്‍ ഉള്ള മിടുക്കന്മാരെ സ്വന്തമാക്കുകയായിരുന്നു ഗൂഗിളിന്റെ ലക്ഷ്യമത്രേ. ജെറാഡ് വില്യംസ്, മനു ഗുലാതി, ജോണ്‍ ബ്രൂണോ എന്നിവരാണ് നുവിയയ്ക്ക് നേതൃത്വം നല്‍കുന്നത്. എന്തായാലും ക്വാല്‍കമിന്റെ പദ്ധതി വിജയിച്ചാല്‍ അവര്‍ ഒരേ സമയം ഇന്റലിനും ആപ്പിളിനും ഭീഷണിയായേക്കും. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ക്വാല്‍കം എന്നീ കമ്പനികളാണ് നുവിയ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നത്.

English Summary: Tech Billionaires see wealth shrink amid 2022 stock crunch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com