പുതിയ തരം സേര്‍ച്ച്, സമൂഹ മാധ്യമങ്ങൾ മുതല്‍ മടക്കാവുന്ന ഫോണ്‍ വരെ - 2023 ൽ പ്രതീക്ഷിക്കുന്നതെന്ത്?
Mail This Article
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കരുത്തുറ്റ ചില മാറ്റങ്ങള്‍ കണ്‍സ്യൂമര്‍ ടെക്‌നോളജിയില്‍ പ്രതീക്ഷിക്കുന്നു. മടക്കാവുന്ന ഫോണ്‍ എന്ന സങ്കല്‍പത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന വര്‍ഷമായേക്കാം എന്നതു കൂടാതെ വികേന്ദ്രീകൃത സമൂഹ മാധ്യമങ്ങള്‍ എന്ന സങ്കല്‍പം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കരുതുന്നു. പരിമിതികളുണ്ടെങ്കിലും ചാറ്റ്ജിപിറ്റിയും യു.കോമും മുൻപോട്ടുവച്ചിരിക്കുന്ന സേര്‍ച്ച് സാധ്യതകള്‍ ഉപയോക്താക്കള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചേക്കാം. വികേന്ദ്രീകൃത സമൂഹ മാധ്യമങ്ങള്‍ എന്ന സങ്കല്‍പം മെറ്റാ കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാമെങ്കില്‍ ചാറ്റിജിപിറ്റിയും മറ്റും ഗൂഗിളിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും.
∙ സേര്‍ച്ചില്‍ വിപ്ലവം
സാങ്കേതികവിദ്യകള്‍ വേണ്ട സമയത്ത് പുതുക്കണമെന്ന് ടെക്‌നോളജി ഭീമന്മാരെ ഓര്‍മപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോയത്. പരിമിതികളുണ്ടെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി പേറുന്ന ചാറ്റ്ജിപിറ്റിയുടെ https://bit.ly/3Z1voko കടന്നുവരവ് ഹര്‍ഷാരവത്തോടെയാണ് ടെക്‌നോളജി ലോകം സ്വീകരിച്ചത്. ഇതുവരെ തങ്ങള്‍ ഗൂഗിളില്‍ നടത്തിയ സേര്‍ച്ചുകള്‍ക്കുള്ള ഉത്തരം ഇങ്ങനെയായിരുന്നില്ലെ ലഭിക്കേണ്ടിയിരുന്നത് എന്നാണ് പലരും ചോദിക്കുന്നത്. പലരും ഗൂഗിള്‍ വിട്ട് ചാറ്റ്ജിപിറ്റിയിലേക്കും സമാന സാങ്കേതികവിദ്യയുള്ള യു.കോമിലേക്കും കുടിയേറിക്കഴിഞ്ഞു. ഈ ട്രെന്‍ഡ് 2023ല്‍ വര്‍ധിച്ചേക്കും. എഐ സേര്‍ച്ച് 2023ല്‍ ഗൂഗിളും അവതരിപ്പിക്കേണ്ടതായി വരും.
∙ ഫൊട്ടോഗ്രഫിയല്‍ എഐ കൂടുതല്‍ സജീവമാകും
ഫോട്ടോ ജനറേഷന്‍ രംഗത്ത് വിപ്ലവം തന്നെ കുറിച്ച് എത്തുകയായിരുന്നു ഡാല്‍ - ഇ:https://bit.ly/3vxp9aG. ഫൊട്ടോഗ്രഫി മേഖലയില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഇനി പ്രതീക്ഷിക്കാം. ക്യാമറയും മോഡലും ഒന്നുമില്ലാതെ ഫോട്ടോ സൃഷ്ടിക്കുന്ന മാന്ത്രികവിദ്യയാണ് ഡാല്‍-ഇ പുറത്തെടുത്തത്. പരമ്പരാഗത ക്യാമറകളിലും എഐ കൂടുതല്‍ സജീവമായേക്കും. ചാറ്റ്ജിപിറ്റെയെ പോലെ ഭാവിയുടെ സാങ്കേതികവിദ്യയായ ഡാല്‍-ഇയും 2023ല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും.
∙ വികേന്ദ്രീകൃത സമൂഹ മാധ്യമങ്ങള്‍
ഗൂഗിളിന്റെ സേര്‍ച്ച് രീതി പോലെ ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സമൂഹ മാധ്യമ സങ്കല്‍പവും താമസിയാതെ പൊളിച്ചെഴുതപ്പെട്ടേക്കാം. ഒരാള്‍ അല്ലെങ്കില്‍ ഒരു കമ്പനി നിയന്ത്രിക്കുന്ന സമൂഹ മാധ്യമങ്ങളാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. എന്നാല്‍, ട്വിറ്ററില്‍ പ്രശ്‌നങ്ങള്‍ വര്‍ധിച്ചപ്പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ മാസ്റ്റൊഡണ്‍ മറ്റൊരു ആശയമാണ് മുന്നോട്ടുവയ്ക്കുന്നത് - സമൂഹ മാധ്യമങ്ങള്‍ വികേന്ദ്രീകൃതമാകണം. ഇത്തരം പല ആപ്പുകളുമുണ്ട്. എന്നാല്‍, ഇവയുടെ മുന്നോട്ടുവരവിന് ആരെങ്കിലും ഫണ്ട് നല്‍കുമോ എന്നതിനെ ഒക്കെ ആശ്രയിച്ചായിരിക്കും അവ വിജയിക്കുക. ഇവയില്‍ പലതിനും ഇപ്പോള്‍ കണ്ടെന്റ് മോഡറേഷന്‍ ഇല്ലെന്നതു കൂടാതെ സ്വാകാര്യതാ നയവും അവ്യക്തമാണ്.
∙ ഫോള്‍ഡബിൾ ഫോണുകള്‍
മടക്കാവുന്ന സ്‌ക്രീനുള്ള ഫോണുകള്‍ വിപണിയിലെത്തിയിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും അവ ഇതുവരെ ജനപ്രീതി നേടിയില്ല. സ്‌ക്രീന്‍ വലുപ്പം ഉപകാരപ്രദമാണെങ്കിലും ഇവയ്ക്ക് വേണ്ടത്ര ചെലവില്ലാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വില തന്നെയാണ്. ഇത്തരം ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ സാംസങ് ആണ് മുമ്പന്‍. പക്ഷേ, ഈ വര്‍ഷം ഒപ്പോ, വിവോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളും കൂടുതല്‍ മോഡലുകള്‍ ഇറക്കിയേക്കുമെന്നു കരുതുന്നു. പക്ഷേ, അവയേക്കാളേറെ, ഗൂഗിള്‍ ഒരു ഫോണ്‍ഡബിൾ ഫോണ്‍ ഇറക്കാന്‍ ഒരുങ്ങുന്നു എന്ന കേള്‍വിയാണ് മാര്‍ക്കറ്റ് നിരീക്ഷകരില്‍ കൂടുതല്‍ പ്രതീക്ഷ പരത്തിയിരിക്കുന്നത്. പിക്‌സല്‍ ഫോള്‍ഡ് എന്നു പേരിട്ടിരിക്കാവുന്ന ഈ ഫോണിന് താരതമ്യേന വില കുറവായിരിക്കുമെന്നും കരുതുന്നു.
∙ എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി
ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മിക്‌സ്ഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെയാണ് എക്സ്റ്റന്‍ഡഡ് റിയാലിറ്റി എന്നു വിളിക്കുന്നത്. ഇത് മെറ്റാവേഴ്‌സ് എന്ന സങ്കല്‍പത്തെ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കുമെന്നും കരുതുതുന്നു. ഈ മേഖലയില്‍ വിഷ്വല്‍ കംപ്യൂട്ടിങ് ഹാര്‍ഡ്‌വെയര്‍, അല്ലെങ്കില്‍ ഹെഡ്‌സെറ്റ് തുടങ്ങിയവ ചില കമ്പനികള്‍ പുറത്തിറക്കുമെന്നു കരുതുന്നു. എന്നാല്‍ മറ്റു ചില കമ്പനികള്‍ ഇതിനുള്ള സോഫ്റ്റ്‌വെയറും കണ്ടെന്റും ഒരുക്കുന്നതിലായിരിക്കും ശ്രദ്ധിക്കുക. ഈ വര്‍ഷം കൂടുതല്‍ പേര്‍ 3ഡി വെര്‍ച്വല്‍ സ്‌പെയിസുമായി ഇടപെടും എന്നത് ഉറപ്പാണ്. മെറ്റാ മുതല്‍ സോണി വരെ പല കമ്പനികളും ഈ മേഖലയില്‍ കരുത്തു കാണിച്ചേക്കും.
∙ വാട്‌സാപ് ഇന്ത്യയുടെ മാപ് തെറ്റിച്ചു ട്വീറ്റു ചെയ്തു; മുന്നറിയിപ്പു നല്‍കി മന്ത്രി
മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് ഡിസംബര്‍ 31ന് ഇന്ത്യയുടെ മാപ് തെറ്റായ രീയിതിയില്‍ ട്വീറ്റു ചെയ്തു. ലൈവ് പുതുവത്സരാഘോഷത്തിന്റെ ലിങ്കിലായിരുന്നു പിശക്. ഇതേത്തുടര്‍ന്ന് തെറ്റ് ഉടനടി തിരുത്തണമെന്ന നിര്‍ദ്ദേശവുമായി ഐടി വകുപ്പു സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സൂം ആപ്പിന്റെ സ്ഥാപകനും മേധാവിയുമായ എറിക് യുവാനും ഇത്തരത്തിലൊരു തെറ്റ് വരുത്തിയിരുന്നു. അപ്പോഴും മന്ത്രി ഇടപെട്ടു ട്വിറ്റ് ഡിലീറ്റു ചെയ്യിപ്പിച്ചു.
∙ ഐഫോണ്‍ 15ന്‍ പ്രോ മോഡലുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ?
ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 15 സീരീസിന്റെ പ്രോസസറായ എ17 ബയോണിക്കിനെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ വന്നു തുടങ്ങി. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇറക്കിയ പ്രോസസറുകള്‍ക്ക് കരുത്തിന്റെ കാര്യത്തിലായിരുന്നു ഊന്നലെങ്കില്‍ എ17 പ്രോസസർ ബാറ്ററി ലൈഫില്‍ കൂടുതല്‍ ശ്രദ്ധിച്ചേക്കുമെന്നാണ് പറയുന്നത്. പുതിയ പ്രോസസറിന് 3എന്‍എം പ്രോസസ് ആയിരിക്കും പ്രയോജനപ്പെടുത്തുക എന്നാണ് പറയുന്നത്. പ്രോസസറുകള്‍ ആപ്പിളിനായി നിര്‍മിക്കുന്നത് ടിഎസ്എംസിയാണ്. പുതിയ പ്രോസസറിനെക്കുറിച്ചു സംസാരിച്ച ടിഎസ്എംസി ബാറ്ററി ലൈഫിന് ഊന്നല്‍ നല്‍കിയാണ് വിവരങ്ങള്‍ നല്‍കിയതെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മാക്ക് കംപ്യൂട്ടറുകള്‍ക്കുള്ള എം2 പ്രോ പ്രോസസറിനും 3എന്‍എം പ്രോസസ് പ്രയോജനപ്പെടുത്തിയേക്കും. ഏറ്റവും പുതിയ ഐഫോണ്‍ 14 പ്രോ മോഡലുകളിലും ഉള്ളത് 5എന്‍എം കേന്ദ്രീകൃത പ്രോസസിങ് ആണ്. ഇതിനെ കവച്ചുവയ്ക്കുന്ന പ്രകടനത്തിനൊപ്പം മകവുറ്റ ബാറ്ററി ലൈഫും 3എന്‍എം പ്രോസസ് കേന്ദ്രീകരിച്ചു നിര്‍മിച്ചിരിക്കുന്ന ചിപ്പുകള്‍ക്ക് ലഭിക്കും. സാംസങും 3എന്‍എം കേന്ദ്രീകൃത ചിപ്പുകള്‍ വികസിപ്പിച്ചിട്ടുണ്ട്.
∙ പുതിയ ഐപാഡ് പ്രോ വേരിയന്റുകള്‍ ഇവ ?
ആപ്പിള്‍ രണ്ടു പുതിയ ഐപാഡുകള്‍ നിര്‍മിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞെന്ന് മാക് റൂമേഴ്‌സ്. പ്രോ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന ഇവയ്ക്ക് 11.1 - ഇഞ്ച്, 13 - ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുകളാണ് പ്രതീക്ഷിക്കുന്നതത്രെ. സ്‌ക്രീന്‍ഓലെഡ് പാനല്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുന്നതെന്നും പറയുന്നു. ഇവയുടെ അവതരണം 2024ല്‍ ആണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആപ്പിള്‍ 14.1-ഇഞ്ച് വലുപ്പത്തിലുള്ള ഒരു ഐപാഡും നിര്‍മിച്ചുവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ നിര്‍മാണം പുരോഗമിച്ചില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
∙ ഈ വര്‍ഷം തിരിച്ചു വരാമെന്ന പ്രതീക്ഷയില്‍ വാവെയ്
ലോകത്തെ ഏറ്റവും മികച്ച 5ജി സാങ്കേതികവിദ്യ വികസിപ്പിച്ച കമ്പനിയെന്ന വിവരണമുള്ള വാവെയ്ക്ക് അത് ചൈനയൊഴികെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നും പുറത്തെടുക്കാന്‍ പോലും സാധിച്ചില്ല. അതേസമയം, സ്മാര്‍ട് ഫോണ്‍ നിര്‍മാണ മേഖലയിലും വാവെയ് പിന്നോട്ടുപോയിരുന്നു. ഇതെല്ലാം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായിരുന്നു. എന്നാല്‍, ഉപരോധം അയഞ്ഞു തുടങ്ങിയതായുള്ള സൂചനകള്‍ മൂലം 2023ല്‍ തിരിച്ചെത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
English Summary : What's next: Predictions, challenges and IT trends for 2023