ADVERTISEMENT

ഇന്റര്‍നെറ്റ് ഉപയോഗമെന്നു പറയുന്നത് പഴയ ടിവിയില്‍ എന്തെങ്കിലും കാണുന്നതു പോലെ ഒന്നാണെന്നാണ് ഇക്കാലത്തും മിക്ക ആളുകളുടെയും ധാരണ. പക്ഷേ, ഇന്റര്‍നെറ്റ് നിരവധി മടങ്ങ് സ്മാര്‍ട് ആണ്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എത്തിച്ചു തരുന്ന കമ്പനികള്‍ മുതല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയർ, അതില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ വരെ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നുണ്ടാകാം. നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുടെ പാസ്‌വേഡുകളും മറ്റും ഹാക്കു ചെയ്യപ്പെട്ടാല്‍ വിലപ്പെട്ട ഡിജിറ്റല്‍ ഫയലുകളും രേഖകളും മറ്റും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

 

∙ സുരക്ഷാ കവചം ഒരുക്കാമെന്ന് കാസ്‌പെര്‍സ്‌കി

 

താരതമ്യേന ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാന്‍ പുതുവത്സ പ്രതിജ്ഞ തന്നെ എടുക്കാമെന്നാണ് പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കി പറയുന്നത്. ചില ലളിതമായ മാറ്റങ്ങള്‍ പോലും ഗുണകരമായേക്കാം. സ്വകാര്യ ഡേറ്റ അര്‍ഹിക്കാത്തവരുടെ കൈകളില്‍ എത്തരുതെന്നുള്ളവര്‍ ചില കാര്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തണം.

Representative Image. Photo credit : diy13 / Shutterstock.com
Representative Image. Photo credit : diy13 / Shutterstock.com

 

∙ വിപിഎന്‍

 

ഇന്ത്യ വിപിഎന്‍ കമ്പനികള്‍ക്കു മൂക്കുകയറിടാന്‍ ശ്രമിച്ചപ്പോള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ വഴി തങ്ങളുടെ ജോലികള്‍ ചെയ്‌തെടുത്തിരുന്ന വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് അത്തരം തൊഴിലുകള്‍ നല്‍കുന്നതു നിർത്തുന്നകാര്യം പരിഗണിച്ചിരുന്നു. ആയിരക്കണക്കിനു കോടി രൂപയുടെ ബിസിനസ് അതോടെ നഷ്ടമായേനെ. ഇതേത്തുടര്‍ന്ന് സർക്കാർ ഇത്തരം കമ്പനികള്‍ക്കായി വിപിഎന്‍ പ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലേക്കു മാറിയിരുന്നു. എന്തായാലും ഇന്ത്യയില്‍ വിപിഎന്‍ സേവനദാതാക്കള്‍ക്കെതിരെ തുടങ്ങിയ നീക്കം തത്കാലം അനക്കമറ്റിരിക്കുകയാണ്. വര്‍ഷങ്ങള്‍ മുൻപു വരെ വിപിഎന്‍ ചില ഉദ്യോഗസ്ഥരും ടെക്‌നോളജി അവബോധമുള്ളവരും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇന്നിപ്പോള്‍ തങ്ങളുടെ ഡേറ്റ സ്വകാര്യമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വിപിഎന്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

 

∙ സകല ആപ്പും ട്രാക്കു ചെയ്‌തേക്കും

 

ഷോപ്പിങ് ആപ്പുകള്‍ മുതല്‍ യൂട്യൂബ് തുടങ്ങിയ സ്ട്രീമിങ് സേവനങ്ങള്‍ വരെ ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞുവയ്ക്കുന്നു. നിങ്ങളുടെ ശരിക്കുള്ള ഐപി അഡ്രസ് മാറ്റിക്കളയുക വഴി ഇത്തരം കമ്പനികള്‍ക്ക് നിങ്ങളുടെ താത്പര്യങ്ങള്‍ അറിഞ്ഞുവയ്ക്കാനുള്ള സാധ്യത കുറയ്ക്കുകയാണ് വിപിഎന്‍ ചെയ്യുന്നത്. താത്കാലികമായി മറ്റൊരു ഐപി നല്‍കുന്നതിനാല്‍ കമ്പനികളുടെ അല്‍ഗേറിതങ്ങളെ ഒരു പരിധിവരെ പറ്റിക്കാന്‍ സാധിച്ചേക്കും. നിങ്ങളുടെ സ്വഭാവം മനസിലാക്കിയുള്ള പരസ്യങ്ങള്‍ ലഭിക്കുന്നതും ഇതോടെ നിലയ്ക്കും. നിങ്ങളുടെ സ്വകാര്യത നിലനിര്‍ത്താന്‍ വിപിഎന്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് കാസ്‌പെര്‍സ്‌കി പറയുന്നു.

 

∙ പുതിയ പാസ്‌വേഡ്

Representative Image. Photo Credit: Dean Drobot/Shutterstock
Representative Image. Photo Credit: Dean Drobot/Shutterstock

 

എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും പാസ്‌വേഡ് പുതുവത്സരത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ മാറ്റുന്നതാണ് നല്ലതെന്ന് കാസ്‌പെര്‍സ്‌കി നിര്‍ദ്ദേശിക്കുന്നു. മറ്റാരും ഉപയോഗിക്കാനോ ഊഹിക്കാനോ വഴിയില്ലാത്ത, സങ്കീര്‍ണമായ പാസ്‌വേഡുകള്‍ തന്നെ ഓരോ അക്കൗണ്ടിനും ഇടണം. ഇതിന് ഒരു പാസ്‌വേഡ് മാനേജര്‍ ഉപയോഗിക്കുന്നത് സഹായകരമായിരിക്കും. ഒന്നിലേറെ പാസ്‌വേഡുകള്‍ ഉള്ളപ്പോള്‍ അവ ഓര്‍ത്തിരിക്കുക എന്നത് മിക്കവര്‍ക്കും പ്രശ്‌നമായിരിക്കുമല്ലോ.

 

∙ ഡേറ്റാ ചോർച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ശ്രമിക്കുക

 

പാസ്‌വേഡ് മാറ്റിയാല്‍ മാത്രം പോര. നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്ത സേവനങ്ങള്‍ നൽകുന്ന കമ്പനികളുടെ കൈയ്യില്‍ നിന്നും വിവരങ്ങള്‍ ചോരാം. ഇത്തരം ഡേറ്റ പുറത്താകല്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇതെല്ലാം എപ്പോഴും അറിയുക എന്നത് എളുപ്പമേയല്ല. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തായാല്‍ ക്രിമിനലുകള്‍ അത് ദുരുപയോഗം ചെയ്‌തേക്കാം. ഡേറ്റാ ലീക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ചില പാസ്‌വേഡ് മാനേജറുകള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിക്കാറുണ്ട്.

 

∙ എന്‍ക്രിപ്റ്റഡ് സ്‌റ്റോറേജ്

 

ഇക്കാലത്ത് ആളുകള്‍ കൂടുതലായി ഇ-രേഖകള്‍ക്ക് പ്രാധാന്യം നല്‍കിവരുന്നു. അതായത് ആധാറിന്റെയും മറ്റും സ്‌കാന്‍ ചെയ്ത പതിപ്പുകള്‍ അടക്കം ഫോണുകളിലും ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലും സൂക്ഷിക്കുന്നു. ഇവയൊക്കെ ദുഷ്ടലാക്കുള്ളവരുടെ കൈയ്യില്‍ പെട്ടാലോ? അതിനെതിരെ എന്‍ക്രിപ്റ്റഡ് സ്റ്റോറേജ് സംവിധാനങ്ങളെ ആശ്രയിക്കണമെന്ന് കാസ്‌പെര്‍സ്‌കി പറയുന്നു. ആശുപത്രി രേഖകള്‍ മുതല്‍ ജോലി സംബന്ധമായ ഡോക്യുമെന്റുകള്‍ വരെ ഇങ്ങനെ എന്‍ക്രിപ്റ്റു ചെയ്യാന്‍ ശ്രദ്ധിക്കണം.

 

∙ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം

 

ഇക്കാലത്ത് പലരും കുട്ടിക്കാലത്തു തന്നെ മക്കള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നു. ഇത് സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണ്. കുട്ടികള്‍ ഇന്റര്‍നെറ്റില്‍ എന്തെല്ലാമാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് മാതാപിതാക്കളും മറ്റും കൃത്യമായി അറിഞ്ഞുവയ്ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗ ശീലങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനും രക്ഷിതാക്കളുടെ ഇടപെടല്‍ സഹായിക്കുമെന്ന് കാസ്‌പെര്‍സ്‌കി പറയുന്നു.

 

∙ സിസിഐ വിധിക്കെതിരെ ഗൂഗിള്‍ സുപ്രീംകോടതിയിലേക്ക്

 

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 16.1 കോടി ഡോളര്‍ പിഴയിട്ടതിനെതിരെ ഗൂഗിൾ സൂപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. യൂറോപ്യന്‍ കമ്മിഷന്‍ നടത്തിയ വിധിയേക്കാള്‍ പ്രഹരശേഷിയുള്ളതാണ് സിസിഐ നടത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നത് കമ്പനിക്ക് ഏറെ വിഷമം ഉണ്ടാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സിസിഐ ആവശ്യപ്പെട്ടിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീയതി ജനുവരി 19 ആണ്. അതിനു മുൻപ് സുപ്രീംകോടതിയെ  സമീപിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. 

 

∙ ട്വിന്‍ ബാരല്‍ ഇരട്ട ടവര്‍ പാര്‍ട്ടി സ്പീക്കറുമായി സൂക്ക്

 

സൂക്ക് കമ്പനി ഒരു ഇരട്ട ടവര്‍ പാര്‍ട്ടി സ്പീക്കര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ട്വിന്‍ ബാരല്‍ എന്നു പേരിട്ടിരിക്കുന്ന സ്പീക്കറിന് 120w ഔട്ട്പുട്ടാണ് ഉള്ളത്. പുതിയ തലമുറയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് ഇറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ബ്ലൂടൂത് 5, യുഎസ്ബി, ഓക്‌സ് തുടങ്ങിയ ഇന്‍പുട്ടുകള്‍ ഉണ്ട്. വില 12,999 രൂപ.

 

English Summary: Protect yourself online: Healthy digital habits for safer internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com