മനുഷ്യന്റെ ഭാവിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ശാസ്ത്ര പരീക്ഷണത്തിനു കൂടി ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മനുഷ്യരുടെ തലയോട്ടിക്കുള്ളില്‍ ചിപ് വയ്ക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ന്യൂറാലിങ്ക്. ഈ കമ്പനിയുടെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ‘ഇന്നര്‍ കോസ്‌മോസ്’ രോഗിയുടെ തലയോട്ടിക്കുളളില്‍ ചിപ് വച്ചുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. വിഷാദ രോഗത്തിനുള്ള പരിഹാരമായിട്ടായിരിക്കും ചിപ് തലയോട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുക. അതേസമയം, മസ്‌കിന്റെ ന്യൂറാലിങ്കും ആറു മാസത്തിനുളളില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയേക്കുമെന്നും പറയുന്നു.
∙ ഇന്നര്‍ കോസ്‌മോസിന്റെ ഡിജിറ്റല്‍ പില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ?
ഇന്നര്‍ കോസ്‌മോസിന്റെ ഡിജിറ്റല്‍ പിലിന് (pil) രണ്ട് ഭാഗങ്ങളാണ് ഉള്ളത്. തലയോട്ടിക്കുള്ളിലെ ചര്‍മത്തിനടിയില്‍ വച്ചിരിക്കുന്ന ഒരു ഇലക്ട്രോഡും ഉപയോഗിക്കുന്ന ആളിന്റെ തലമുടിയില്‍ പിടിപ്പിച്ചിരിക്കുന്ന പ്രിസ്‌ക്രിപ്ഷന്‍ പോഡും. പ്രിസ്‌ക്രിപ്ഷ ന്‍പോഡ് നല്‍കുന്ന ചാര്‍ജ് വഴിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ തലച്ചോറില്‍ രോഗത്തിനു കാരണമാകുന്ന ഭാഗത്തേക്ക് (ഇടതു വശത്തെ ഡോര്‍സോലാറ്ററന്‍ പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ്) നേരിയ രീതിയില്‍ വൈദ്യുതി എത്തിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്.
∙ പരീക്ഷണം ഒരു വര്‍ഷത്തേക്ക്
ഒരു ദിവസം 15 മിനിറ്റ് നേരത്തേക്ക് ഇലക്ട്രിക്കല്‍ പള്‍സസ് ലഭ്യമാക്കുന്നതാണ് ചികിത്സ എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചികിത്സ നല്‍കുന്ന സമയത്ത് പുറമെയുള്ള ഉപകരണം തലയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ബന്ധമില്ല. അമേരിക്കയിലെ മിസോറിയില്‍ നിന്നുള്ള ഒരു രോഗിയിലാണ് ഒരു വര്‍ഷം നീളുന്ന പരീക്ഷണം നടത്തുന്നത്. അടുത്ത മാസം മറ്റൊരു രോഗിയിലും ഇന്നര്‍ കോസ്‌മോസിന്റെ സംവിധാനം പരീക്ഷിക്കും. ഡിജിറ്റല്‍ പില്‍ ആണ് ഇന്നേവരെ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും ചെറുതും കടന്നുകയറാത്തതുമായ ഉപകരണം. അമേരിക്കയിലെ നാണയമായ പെനിയുടെ വലുപ്പമാണ് ഇതിനുള്ളത്. ഇത് വയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് 30 മിനിറ്റ് മതി.
∙ പ്രവര്‍ത്തനം സ്മാര്‍ട് ഫോണ്‍ ആപ് വഴി
ഡിജിറ്റല്‍ പിലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സ്മാര്‍ട് ഫോണ്‍ ആപ് വഴിയാണ്. ഇതില്‍ ഡിപ്രഷന്‍ ഗ്രാഫ് അടക്കം കാണാം. ഇത് ഡോക്ടറുമായി പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. ചില വിഷാദ രോഗികളില്‍ കാണുന്ന, ആത്മഹത്യയിലേക്കു വരെ നയിച്ചേക്കാവുന്ന പല മാനസികാവസ്ഥകളില്‍നിന്നും രക്ഷപ്പെടാന്‍ സഹായിക്കാനും ഡിജിറ്റല്‍ പിലിനു സാധിക്കുമെന്നും കമ്പനി കരുതുന്നു. ആറു വര്‍ഷമെടുത്താണ് തങ്ങള്‍ ഈ സംവിധാനം വികസിപ്പിച്ചതെന്നും കമ്പനി പറയുന്നു.
∙ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പരിഹാരമായി ഇംപ്ലാന്റുകള്‍
മനുഷ്യരുടെ തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ പില്‍ പോലെയുള്ള ഇംപ്ലാന്റുകള്‍ ആണ് നല്ലതെന്നു അവകാശപ്പെട്ട് വിവിധ കമ്പനികള്‍ ഇത്തരം സംവിധാനങ്ങള്‍ ആദ്യം വിപണിയിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. ചില കമ്പനികള്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബ്രിസ്റ്റലിലെ സൗത്‌മീഡ് ആശുപത്രിയാണ് അത്തരത്തിലൊന്ന് ആദ്യമായി തുടങ്ങിയതെന്നാണ് രേഖകള്‍ പറയുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിൽസയാണ് ഇവിടെ നടക്കുന്നത്.
∙ ഇന്നര്‍ കോസ്‌മോസിനു പിന്നിലാര്?
മെറൊണ്‍ ഗ്രിബെറ്റ്‌സ് എന്ന ബിസിനസുകാരനാണ് ഇന്നര്‍ കോസ്‌മോസ് കമ്പനി സ്ഥാപിച്ചത്. കുട്ടി ആയിരുന്നപ്പോള്‍ അദ്ദേഹം ഏകാഗ്രത ഇല്ലായ്മ എന്ന പ്രശ്‌നം നേരിട്ടിരുന്നു. ഇതിനാല്‍ തന്നെ മനുഷ്യരാശിയുടെ അവബോധം ബലപ്പെടുത്തുക എന്നത് തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് മെറൊണ്‍ പറയുന്നു. അവബോധം വേണ്ടവിധത്തില്‍ വളര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ലോകം താറുമാറായി കിടക്കുകയാണെന്നും അത് ശരിയാക്കുക എന്നത് തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറയുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ് താന്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഡിപ്രഷന്‍ മൂലം പ്രശ്‌നം നേരിടുന്നവര്‍ക്ക് തുണയാകാനും ആത്യന്തികമായി അവബോധക്കുറവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മെറൊണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
∙ ഐഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തേക്കാളേറെ രോഗികള്‍
ഡിപ്രഷന്‍ എന്ന രോഗത്തിന് മരുന്നിനു പകരം സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ ഗുണകരമായ മാറ്റം കൊണ്ടുവരാനാണ് ശ്രമം. വിഷാദ രോഗമോ അശ്രദ്ധ മൂലമുള്ള പ്രശ്‌നങ്ങളോ നേരിടുന്ന 14 കോടിയോളം ആളുകളുണ്ടെന്നും അത് ഐഫോണ്‍ ഉള്ള അമേരിക്കക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നും മെറൊണ്‍ 2022ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
∙ ട്വിറ്റര്‍ ഒന്നാമത്: മസ്‌കിന് ഒരു ചെറിയ വിജയം
ട്വിറ്റര്‍ ഏറ്റെടുത്ത മസ്‌ക് പുലിവാലു പിടിച്ചു എന്നാണ് പൊതുവെയുള്ള സംസാരം. ഇതിനിടയില്‍ കൊച്ചുകൊച്ചു വിജയങ്ങളും 'ചീഫ് ട്വിറ്റിന്' ലഭിക്കുന്നുണ്ട്. ആപ്പിളിന്റെ ആപ് സ്റ്റോറില്‍, അമേരിക്കയിലെ ന്യൂസ് ചാര്‍ട്ടില്‍ ട്വിറ്റര്‍ വീണ്ടും ഒന്നാംസ്ഥാനത്ത് എത്തി. മസ്‌കിന്റെ കീഴില്‍ എത്തിയ ശേഷം മുൻപൊരു തവണ ഈ സ്ഥാനം ട്വിറ്ററിനു കിട്ടിയിരുന്നു. ട്വിറ്ററിനിപ്പോള്‍ 4.6 റേറ്റിങ് ആണുള്ളത്. സംഭാഷണ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചതിന് പലരും മസ്‌കിന് നന്ദി പറഞ്ഞ് കമന്റുകളും ഇട്ടിട്ടുണ്ട്. മസ്‌ക് 'ചീഫ് ട്വിറ്റ്' ആയി സ്ഥാനമേല്‍ക്കുമ്പോള്‍ ട്വിറ്റര്‍ 11-ാം സ്ഥാനത്തായിരുന്നു.

∙ ബെന്‍ക്യുവിന്റെ വയര്‍ലെസ് സ്മാര്‍ട് പോര്‍ട്ടബിൾ പ്രൊജക്ടര്‍ വിപണിയിലെത്തി
ബെന്‍ക്യു കമ്പനിയുടെ വയര്‍ലെസ് സ്മാര്‍ട് പോര്‍ട്ടബിൾ പ്രൊജക്ടര്‍ ആയ ജിവി11 എല്‍ഇഡി ഇന്ത്യന്‍ വിപണിയിലെത്തി. വീടുകളിലും മറ്റും ഉപയോഗിക്കാനുള്ളതാണിത്. ഭിത്തകളിലും സ്‌ക്രീനുകളിലും മറ്റും ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യാം. ഇതിന് 3,000 എംഎഎച് ബാറ്ററിയും ഉണ്ട്. പ്രൊജക്ടറിന് 2 വര്‍ഷത്തെ വാറന്റിയുണ്ട്. എല്‍ഇഡി ലാമ്പിന് 2 വര്‍ഷത്തെ അല്ലെങ്കില്‍ 2000 മണിക്കൂര്‍ വാറന്റിയാണ് നല്‍കുന്നത്.
∙ ആന്‍ഡ്രോയിഡ് ടിവി 10 ല്‍ പ്രവര്‍ത്തിക്കുന്നു
ബെന്‍ക്യു ജി11 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ടിവി 10ല്‍ ആണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അക്‌സസ് ഉള്ളതിനാല്‍ പ്രൈം വിഡിയോ അടക്കം 5000 ത്തോളം സ്ട്രീമിങ് ആപ്പുകള്‍ ലഭ്യമാണ്. പ്രൊജക്ടര്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വഴി വില്‍ക്കും. തുടക്ക വില 37,990 രൂപയായിരിക്കും.
∙ ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനുകളിലേക്ക് ചില ഫീച്ചറുകള്‍ എത്തിക്കാന്‍ ശ്രമം
ലോകത്തെ ഏറ്റവും പ്രചാരമമുള്ള സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ നല്‍കുന്ന ഫീച്ചറുകള്‍ പലപ്പോഴും പഴയ വേര്‍ഷനുകളില്‍ ലഭ്യമാക്കില്ല. ഇതിനൊരു അറുതി വരുത്താനുള്ള ശ്രമത്തിലാണ് ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിള്‍. കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന എക്‌സ്റ്റെന്‍ഷന്‍ എസ്ഡികെ പുതിയ തുടക്കം കുറിക്കുകയാണ്. ഉദാഹരണത്തിന് ആന്‍ഡ്രോയിഡ് 13ല്‍ അവതരിപ്പിച്ച ഫോട്ടോ പിക്കറിന്റെ എപിഐ സപ്പോര്‍ട്ട് ആന്‍ഡ്രോയിഡ് 12നും 11നും നല്‍കുന്നു.
∙ എയര്‍പോഡ്‌സ് മാക്‌സ് അടുത്ത വര്‍ഷം?
ആപ്പിളിന്റെ ഏറ്റവും വില കൂടിയ വയര്‍ലെസ് ഹെഡ്‌ഫോണായ എയര്‍പോഡ്‌സ് മാക്‌സിന്റെ പുതിയ പതിപ്പ് 2024 ലോ 2025 ലോ പുറത്തിറക്കിയേക്കുമെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പ്രവചിക്കുന്നു. ഇതിനൊപ്പം ഏറ്റവും വില കുറഞ്ഞ ഒരു എയര്‍പോഡ്‌സ്ബഡ്‌സും പുറത്തിറക്കിയേക്കും. ഇതിന് 10,000 രൂപയോളം ആയിരിക്കാം വില.
English Summary: Penny-sized ‘brain chip’ to treat depression and more enters human trials