ADVERTISEMENT

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ വീണ്ടും 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു വര്‍ഷത്തേക്ക് 1,499 രൂപയാണ് നല്‍കേണ്ടത്. ഇത് ചില ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് കണ്ടതിനാല്‍ ഇന്ത്യയില്‍ നിരക്ക് കുറഞ്ഞ ഒരു പ്രൈം അംഗത്വം കൂടി നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ പേര് പ്രൈം ലൈറ്റ് എന്നാകാം. ഇതിന്റെ ടെസ്റ്റിങ് തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. പ്രതിമാസം 99 രൂപയ്ക്ക് പ്രൈം ലൈറ്റ് ലഭ്യമാക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.

 

∙ എന്താണ് ആമസോണ്‍ പ്രൈം?

 

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീമിങ്, ഷോപ്പിങ് വെബ്‌സൈറ്റുകളിലൊന്നാണ് ആമസോണ്‍. പ്രൈം അംഗത്വമുള്ളവര്‍ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക കിഴിവുകളും ഓഫറുകളും മറ്റും ലഭിക്കാറുണ്ട്. അതുപോലെ പല ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് സിനിമകളും പാട്ടുകളും സീരിയലുകളും പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് വേറെ പണം നല്‍കാതെ കാണാനും സാധിക്കും. ആമസോണ്‍ പ്രൈം വരിക്കാരാകാന്‍ 2021 ഡിസംബര്‍ വരെ 999 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. അല്‍പം വേറിട്ട പ്രൈം ഷോപ്പിങ് അനുഭവത്തിനും പ്രൈം വിഡിയോയ്ക്കും ഒരുപോലെ പ്രയോജനപ്പെടുത്താമെന്നത് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്ലാനുകളിലൊന്നാക്കി പ്രൈമിനെ മാറ്റിയിരുന്നു.

 

∙ ചില ഗുണങ്ങള്‍

 

മൊബൈലില്‍ മാത്രം കാണാവുന്ന പ്ലാനുകളെ പോലെയല്ലാതെ പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കണ്ടെന്റ് കംപ്യൂട്ടറിലും, സ്മാര്‍ട് ടിവിയിലും കാണാം. ലൈവ് സ്‌പോര്‍ട്‌സ് കാണാം. പ്രൈം അംഗങ്ങൾക്ക് നല്‍കുന്ന ഓഫറുകള്‍ ലഭിക്കും. ആമസോണ്‍ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

 

∙ പ്രൈം ലൈറ്റിന് പരിമിതികള്‍

 

പ്രൈം ലൈറ്റിന് 500 രൂപ കുറവു വരുത്തുമെങ്കിലും ചില പരിമിതികളും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രൈം അംഗങ്ങള്‍ക്ക് ചില നഗരങ്ങളില്‍ ഓര്‍ഡര്‍ ചെയ്യുന്ന അതേ ദിവസം തന്നെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. എന്നാല്‍, പ്രൈം ലൈറ്റ് അംഗങ്ങള്‍ക്ക്, സെയിം ഡേ ഡെലിവറിയുള്ള നഗരങ്ങളില്‍ പോലും രണ്ട് ദിവസത്തിനുള്ളിലായിരിക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുക. ഇതുപോലെ, പ്രൈം ലൈറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് എല്ലാ പ്രൈം വിഡിയോയും കാണാന്‍ സാധിക്കുമെങ്കിലും അതിന് സ്റ്റാന്‍ഡര്‍ഡ് റെസലൂഷന്‍ മാത്രമെ ഉണ്ടാകൂ. എച്ഡി, 4കെ കണ്ടെന്റ് ലഭിക്കില്ല.

 

∙ പരസ്യം കാണേണ്ടി വന്നേക്കും

 

മറ്റൊരു പ്രധാന മാറ്റം പരസ്യം കാണേണ്ടിവന്നേക്കും എന്നതാണ്. കൂടാതെ, ഒരു സമയത്ത് രണ്ട് ഉപകരണങ്ങളില്‍ മാത്രമായിരിക്കും കണ്ടെന്റ് കാണാന്‍ അനുവാദം ലഭിക്കുക. എന്നാല്‍, ഏറ്റവും വലിയ കുറവുകള്‍ ഇനി പറയുന്നവ ആയിരിക്കും: പ്രൈം മ്യൂസിക്, പ്രൈം ഗെയിമിങ്, ഫ്രീ ഇബുക്‌സ് എന്നിവ ലഭിക്കില്ല, തവണ വ്യവസ്ഥയില്‍ സാധങ്ങള്‍ വാങ്ങുമ്പോള്‍ പലിശ നല്‍കേണ്ടി വന്നേക്കും. പരിമിതികള്‍ വേണ്ടെന്നാണെങ്കില്‍ പ്രതിവര്‍ഷം 1499 രൂപ നല്‍കേണ്ടി വരും.

tencent-2
Photo: AFP

 

∙ 200 കോടി ക്രോം ബ്രൗസര്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി

 

ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ക്രോം ബ്രൈസറിന് കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് സുരക്ഷാ കമ്പനിയായ ഇംപെര്‍വാ റെഡ് മുന്നറിയിപ്പു നല്‍കുന്നു. ഏകദേശം 200 കോടി ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഈ പ്രശ്‌നത്തിന്റെ കോഡ് സിവിഇ-2022-36-56 എന്നാണ്. ഇത് ക്രോമിനെ മാത്രമല്ല ക്രോമിയം കേന്ദ്രീകൃതമായ ബ്രൗസറുകളെയെല്ലാം ബാധിച്ചിരിക്കുന്നു എന്നു പറയുന്നു. ഉപയോക്താക്കളുടെ ലോഗ്-ഇന്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം. ക്രിപ്‌റ്റോ വാലറ്റുകള്‍ ഉണ്ടെങ്കില്‍ അവ മോഷ്ടിക്കപ്പെട്ടേക്കാം. സിംലിങ്ക്‌സ് (Symlinks) അല്ലെങ്കില്‍ സിംബയോടിക് ലിങ്ക്‌സുമായി ഇടപെടുന്ന കാര്യത്തിലാണ് പ്രശ്‌നം. നിലവിലെ പ്രശ്നങ്ങൾ പുതിയ ക്രോം പതിപ്പ് ക്രോം 108 ൽ പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍, ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് മാറാത്തവര്‍ ഉണ്ടെങ്കില്‍ ആക്രമണം നടക്കാം. ഇതിനാല്‍ ക്രോം ബ്രൗസര്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണം.

 

∙ ആന്‍ഡ്രോയിഡ് വാക്മാന്‍ അവതരിപ്പിച്ച് സോണി

 

ഈ സ്മാര്‍ട് ഫോണ്‍ യുഗത്തിലും പുതിയൊരു മ്യൂസിക് പ്ലെയര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. എന്‍ഡബ്ല്യൂ-എ306 എന്ന പേരിലാണ് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വാക്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 3.6-ഇഞ്ച് ടച് സ്‌ക്രീനും, 32 ജിബി സ്റ്റോറേജ് ശേഷിയും ഫിസിക്കല്‍ ബട്ടണുകളും ഉണ്ട്. ഭാരം 113 ഗ്രാം ആണ്. സോണിയുെട എസ്-മാസ്റ്റര്‍ എച്എക്‌സ് ആംപ്ലിഫയര്‍ ഉള്‍ക്കൊള്ളിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഓഡിയോ എന്‍ഹാന്‍സിങ് ഫീച്ചറുകളും ഉണ്ട്. ഇതിന് ഫുള്‍ചാര്‍ജില്‍ 36 മണിക്കൂര്‍ വരെ ബാറ്ററി നീണ്ടുനിന്നേക്കും. ഈ മാസം വില്‍പനയ്‌ക്കെത്തുമെന്നു കരുതുന്ന മ്യൂസിക് പ്ലെയറിന് ഏകദേശം 35,505 രൂപയായിരക്കും വില.

 

∙ നതിങ് ഫോണിന് ആന്‍ഡ്രോയിഡ് 13 കേന്ദ്രീകൃത ബീറ്റാ ഒഎസ്

 

നതിങ് ഫോണ്‍ (1)ന് നതിങ് ഒഎസ് 1.5 ബീറ്റാ പുറത്തിറക്കി. ഇത് ആന്‍ഡ്രോയിഡ് 13 കേന്ദ്രീകൃതമാണ്. ബീറ്റാ ടെസ്റ്റിങ് ഇഷ്ടമുള്ളവര്‍ക്ക് ഇതിപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇത് കേവലം 127 എംബി മാത്രമാണ് ഉള്ളത്. അതേസമയം, പൂര്‍ണമായി സജ്ജമല്ലാത്തതിനാല്‍ ഫോണിന് പ്രശ്‌നം സൃഷ്ടിച്ചേക്കാം. ഇതിനാല്‍, ബീറ്റാ ടെസ്റ്റിങ് നടത്തിയിട്ടില്ലാത്തവര്‍ കാത്തിരിക്കുന്നതായിരിക്കും ഉചിതം. 

 

∙ പുതിയ 'ടിക്‌ടോക്' സൃഷ്ടിക്കാന്‍ ശ്രമിച്ച് ടെന്‍സന്റ്

 

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് ടിക്‌ടോക്. ലോകമെമ്പാടും അപ്രതീക്ഷിത വിജയം നേടിയ ഈ കമ്പനിയുടെ വിജയം ആവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്കും ഗൂഗിളും അടക്കം ശ്രമിച്ചിരുന്നു. ഇപ്പോഴിതാ ടിക്‌ടോക്കിനു സമാനമായ ഒരു ആപ് സൃഷ്ടിക്കാന്‍ മറ്റൊരു ചൈനീസ് ടെക്‌നോളജി ഭീമനും ശ്രമിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് മുതല്‍ റിലയന്‍സ് ജിയോയും ടാറ്റയും അടക്കമുള്ള കമ്പനികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഏക സൂപ്പര്‍ ആപ്പായ വീചാറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ടെന്‍സന്റ് ആണ് സ്വന്തം 'ടിക്‌ടോക്' ആപ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, അത് വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. അനുകരണം അവിടെ നില്‍ക്കട്ടെ. സാക്ഷാല്‍ ടിക്‌ടോക് പോലും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധികൾ നേരിടുന്നുണ്ട്.

 

∙ പിക്‌സല്‍ 7 ഫോണുകള്‍ക്ക് വിഡിയോ കോളിങില്‍ പ്രശ്‌നം?

 

ഗൂഗിള്‍ പിക്‌സല്‍ 7, 7 പ്രോ മോഡലുകള്‍ കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. മികച്ച ക്യാമറാ പ്രകടനമടക്കം ഇവ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, ചില പ്രശ്‌നങ്ങളും ഇവ നേരിടുന്നു. പുതിയതായി ചില ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നത് പിക്‌സല്‍ 7 മോഡലുകള്‍ ഉപയോഗിച്ചു നടത്തുന്ന വിഡിയോ കോളിലാണ്. പഴയ മോഡലായ പിക്‌സല്‍ 3 എക്‌സ്എല്‍ പോലും പിക്‌സല്‍ 7നേക്കാള്‍ ഭേദപ്പെട്ട വിഡിയോ നല്‍കുന്നുവെന്ന് റെഡിറ്റ് യൂസര്‍ പറയുന്നു. ഗൂഗിള്‍ മീറ്റ്, ടെലഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകള്‍ വഴി നടത്തുന്ന കോളുകള്‍ എല്ലാം താരതമ്യേന മോശമാണെന്നാണ് ആരോപണം. എന്നല്‍, ഇത് ഒരു സോഫ്റ്റ്‌വെയര്‍ പ്രശ്‌നമായിരിക്കുമെന്നും ഗൂഗിളിന് എളുപ്പത്തില്‍ പരിഹിരിക്കാനായേക്കുമെന്നും കരുതപ്പെടുന്നു.

 

∙ റിയല്‍മി 10 4ജി ജനുവരി 15ന്

 

റിയല്‍മിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ റിയല്‍മി 10 4ജി ജനുവരി 15ന് അവതരിപ്പിക്കും. മീഡിയടെക് ഹെലിയോ ജി99 ആണ് പ്രോസസര്‍. തുടക്ക വേരിയന്റിന്  4 ജിബി + 64 ജിബി സപ്പോര്‍ട്ട് ആണുള്ളത്. ഇതിന് 13,999 രൂപയാണ് എംആര്‍പി. എന്നാല്‍, ഐസിഐസിഐ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് തുടക്ക ഓഫറായി നല്‍കുന്നു. ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് ഡിസ്‌പ്ലേ, 5000 എംഎഎച് ബാറ്ററി, 50 എംപി പ്രധാന ക്യാമറ ഉള്‍പ്പടെ ഇരട്ട പിന്‍ ക്യാമറ തുടങ്ങി പല ഫീച്ചറുകൾ ഉണ്ടെങ്കിലും 5ജി ഇല്ലെന്നുള്ളത് പലര്‍ക്കും ഒരു കുറവായി അനുഭവപ്പെട്ടേക്കും.

 

English Summary: Amazon Prime Lite Subscription in India for Rs 999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com