കേന്ദ്ര സർക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിങ് വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാന്‍ പാടില്ലെന്ന നിയമം വന്നേക്കും. ഐടി മന്ത്രാലയം പുറത്തിറക്കിയ കരടു രേഖയിലാണ് പുതിയ നിര്‍ദ്ദേശമടങ്ങിയിരിക്കുന്നത്. വ്യാജ വാര്‍ത്തയാണ് എന്നു പിഐബി പറയുന്ന വാര്‍ത്ത വെബ്‌സൈറ്റുകളിലോ, ട്വിറ്റര്‍, ഫെയ്‌സ്ബുക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലോ കാണരുതെന്നാണ് കരടു നിര്‍ദ്ദേശത്തിലുള്ളത്.
∙ അപകടകരമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍
ഈ നീക്കം അപകടകരമാണെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ അഭിപ്രായപ്പെട്ടു എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സർക്കാരിന് താത്പര്യമില്ലാത്ത ഏതു വാര്‍ത്തയും പിഐബി വ്യാജമെന്നു മുദ്രകുത്തിയേക്കാമെന്നും അത് നീക്കം ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. പിഐബി വ്യാജമെന്നു പ്രഖ്യാപച്ച വാര്‍ത്ത നീക്കംചെയ്യേണ്ടത് സമൂഹ മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെയും കൂടി ഉത്തരവാദിത്വമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.
∙ പിഐബി തന്നെ വ്യാജ വാര്‍ത്ത ട്വീറ്റു ചെയ്തു
പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം നിലവില്‍വരുന്നത് 2019ല്‍ ആണ്. സർക്കാർ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും പദ്ധതികളുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളിലെ നിജസ്ഥിതി പരിശോധിക്കാനായിരുന്നു ഇത് സ്ഥാപിച്ചത്. പിഐബി ഇടയ്ക്കിടയ്ക്ക് സർക്കാരുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ഒരു വാര്‍ത്ത വ്യാജമായത് എന്നതിനെക്കുറിച്ചുള്ള വിശദീകരണം പലപ്പോഴും നല്‍കാറുമില്ല. ഇതിനു പുറമെ പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം തന്നെ തെറ്റായ വിവരങ്ങള്‍ ട്വീറ്റു ചെയ്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 2020ല്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) പുറത്തിറക്കിയ ഒരു റിക്രൂട്ട്‌മെന്റ് ഉത്തരവ് വ്യാജമാണെന്ന് പിഐബി വിധിച്ചിരുന്നു. എന്നാല്‍, ഐടി മന്ത്രാലയത്തിന്റെ പബ്ലിക്കേഷന്‍സ് വിഭാഗം ഈ 'ഫാക്ട്-ചെക്ക്' നടത്തല്‍ തെറ്റാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
ഐടി റൂള്‍സ്, 2021ന്റെ പുതിയ കരടു രേഖയില്‍ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പാലിക്കാനുള്ള മാര്‍ഗരേഖ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രഖ്യാപനത്തിന്റെ പരിധി വളരെ വികസിപ്പിച്ചാണ് വ്യാജ വാര്‍ത്തയെക്കുറിച്ചുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍, ഈ നിര്‍ദ്ദേശം പൊതുസമൂഹത്തിന് എത്രമാത്രം നല്ലതാണ് എന്നതാണ് ചോദ്യം. സർക്കാരിന്റെ താത്പര്യത്തിനു വിരുദ്ധമായ എല്ലാ കണ്ടെന്റും നീക്കം ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയാണ് ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിഐബിയോ മറ്റേതെങ്കിലും സർക്കാർ ഏജന്‍സിയോ വ്യാജ വാര്‍ത്തയാണ് എന്നു പ്രഖ്യാപിച്ച ഒന്നും സമൂഹ മാധ്യമങ്ങളിൽ കണ്ടുകൂടെന്നും വ്യവസ്ഥ ചെയ്‌തേക്കും.
∙ 'വ്യാജ' വാര്‍ത്തയുടെ ലിങ്കും നീക്കംചെയ്യേണ്ടി വരും
ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ഇത്തരം 'വ്യാജ' ഉള്ളടക്കം സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കും. സമൂഹ മാധ്യമങ്ങള്‍ക്കു പുറമെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഇത്തരം വാര്‍ത്തകള്‍ നീക്കംചെയ്യാനുളള ഉത്തരവാദിത്വം കൊണ്ടുവന്നേക്കും. ഇതു നിയമമായാല്‍ സമൂഹ മാധ്യമങ്ങളും ഇന്റര്‍നെറ്റ് സേവനദാതാക്കളും പിഐബി വ്യാജമെന്ന് പ്രഖ്യാപിക്കപ്പെട്ട വാര്‍ത്തയുടെ ലിങ്കുകള്‍ നീക്കംചെയ്യേണ്ടതായി വന്നേക്കാം. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രാലയം പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ ആപ്പിളിന്റെ എം2 പ്രോ, എം2 മാക്‌സ് പ്രോസസറുകള്‍ ഉള്‍ക്കൊള്ളുന്ന മാക്ബുക്കുകള്‍ ഉടന്‍
ആപ്പിള്‍ ഇറക്കുമെന്നു കുറച്ചു കാലമായി പറഞ്ഞു കേട്ടിരുന്ന എം2 പ്രോ, എം2 മാക്‌സ് പ്രോസസറുകള്‍ ഉള്‍ക്കൊള്ളുന്ന മാക്ബുക്ക് പ്രോ, മാക് മിനി കംപ്യൂട്ടറുകള്‍ ഉടനെ എത്തുമെന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവ അടങ്ങുന്ന 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളാണ് വിപണിയിലെത്തുക. കണ്ടെന്റ് ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ടായിരിക്കും കരുത്തുറ്റ ഈ ലാപ്‌ടോപ്പുകള്‍ വരുന്നത്. ലാപ്‌ടോപ്പുകളുടെ തുടക്ക പ്രോസസര്‍ എം2 പ്രോ ആയിരിക്കും. ഇതിന് 10 അല്ലെങ്കില്‍ 12 കോറുകളായിരിക്കും ഉണ്ടായിരിക്കുക. അതേസമയം, എം2 മാക്‌സ് ചിപ് ലോകത്തെ ഏറ്റവും കരുത്തുറ്റ ലാപ്‌ടോപ് പ്രോസസര്‍ ആയിരിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇതില്‍ 6700 കോടി ട്രാന്‍സിസ്റ്ററുകളായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ, 96 ജിബി ഫാസ്റ്റ് യൂണിഫൈഡ് മെമ്മറിയും ഉണ്ടായിരിക്കും.
∙ ഈ മാസം ഷിപ്പിങ്
പുതിയ ലാപ്‌ടോപ് ശ്രേണിയുടെ വില തുടങ്ങുന്നത് 1,999 ഡോളര്‍ മുതലായിരിക്കും. അതേസമയം, മാക് മിനി ശ്രേണിയുടെ വില തുടങ്ങുന്നത് 599 ഡോളര്‍ മുതലായിരിക്കും. തുടക്ക വേരിയന്റിന്റെ പ്രോസസര്‍ എം2 ആയിരിക്കും. എം2 പ്രോ ഉപയോഗിച്ചുള്ള മാക് മിനിയുടെ വില തുടങ്ങുന്നത് 1299 ഡോളര്‍ മുതലായിരിക്കും. ഇവ ഇപ്പോള്‍ ചില രാജ്യങ്ങളില്‍ പ്രീഓര്‍ഡര്‍ ചെയ്യാം. ജനുവരി 24 മുതല്‍ അവയുടെ ഷിപ്പിങ് തുടങ്ങുമെന്ന് ആപ്പിള്‍ പറയുന്നു.
∙ ചാറ്റ്ജിപിറ്റിയില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ഓപ്പണ്‍എഐ
കഴിഞ്ഞ വര്‍ഷം വൈറലായ എഐ സാങ്കേതികവിദ്യകളിലൊന്നാണ് ചാറ്റ്ജിപിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സേര്‍ച്ച് സേവനം അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ, അതില്‍ നിന്നു പണമുണ്ടാക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്. അതിനര്‍ഥം ചാറ്റ്ജിപിറ്റിയുടെ സേവനം തങ്ങളുടെ ആപ്പുകളിലും വെബ്‌സൈറ്റുകളിലും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് അത് സന്തോഷ വാര്‍ത്തയാണെന്നതാണ്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കു പോലും ഉത്തരം കണ്ടെത്താനുള്ള കഴിവാണ് ചാറ്റ്ജിപിറ്റിയെ വേര്‍തിരിച്ചു നിർത്തുന്നത്.
∙ ഇതുവരെ പണമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല
ഒരു ക്ലൗഡ് കേന്ദ്രീകൃതമായ എപിഐ എന്ന നിലയിലായിരിക്കും ചാറ്റ്ജിപിറ്റി സ്ഥാപനങ്ങള്‍ക്ക് നല്‍കുക. തങ്ങള്‍ മൈക്രോസോഫ്റ്റുമായി ബിസിനസ് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് ഓപ്പണ്‍എഐ സമ്മതിക്കുന്നു. ചാറ്റ്ജിപിറ്റിക്കായി ഏകദേശം 1000 കോടി ഡോളര്‍ മൈക്രോസോഫ്റ്റ് നിക്ഷേപിച്ചേക്കും. അതേസമയം, ഇതുവരെ ഓപ്പണ്‍എഐ ചാറ്റ്ജിപിറ്റിയില്‍ നിന്ന് പണമുണ്ടാക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല.
∙ പ്രീമിയര്‍ ലീഗ് സ്ട്രീമിങ് ലക്ഷ്യമിട്ട് ആപ്പിളും?
ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗിന്റെ സ്ട്രീമിങ് അവകാശത്തിനായി ആപ്പിളും രംഗത്തെത്തിയേക്കുമെന്ന് ദി ഡെയ്‌ലി മെയില്‍. മത്സരങ്ങള്‍ സ്ട്രീം ചെയ്യാനുള്ള അവകാശം, നിലവില്‍ സ്‌കൈ സ്‌പോര്‍ട്‌സിനും ബിടി സ്‌പോര്‍ട്ടിനുമാണ്. ഇത് 2025ല്‍ അവസാനിക്കും. ഇതിനു ശേഷമുള്ള അവകാശം ആര്‍ക്കു ലഭിക്കുമെന്നതിനുള്ള ലേലം ഈ വര്‍ഷം തുടങ്ങും. നിലവില്‍ മൂന്നു വര്‍ഷത്തേക്ക് 623 കോടി ഡോളറിനാണ് സ്ട്രീമിങ് അവകാശം നല്‍കിയിരിക്കുന്നത്. ഇത് ചെറിയൊരു തുകയാണെന്നാണ് വിലയിരുത്തല്‍. ആപ്പിളടക്കം പല അമേരിക്കന്‍ ടെക്‌നോളജി കമ്പനികളും അവകാശത്തിനായി ലേലത്തില്‍ പങ്കെടുത്തേക്കാമെന്നാണ് വിവരം.

∙ ആഴ്ചയില്‍ 1,600 ജോലിക്കാര്‍ക്ക് ടെക്‌നോളജി മേഖലയില്‍ തൊഴില്‍ നഷ്ടമാകുന്നു
ആഴ്ചയില്‍ 1,600 ജോലിക്കാര്‍ക്ക് വച്ച് 2023ല്‍ ടെക്‌നോളജി മേഖലയില്‍ തൊഴില്‍ നഷ്ടമാകുന്നു. ഇതില്‍ ഇന്ത്യയില്‍ ജോലിയെടുക്കുന്നവരും ഉള്‍പ്പെടുമെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, 2022ല്‍ ആയിരത്തിലേറെ ടെക്‌നോളജി കമ്പനികള്‍ ആഗോള തലത്തില്‍ 154,336 ജോലിക്കാരെ പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Any News PIB's Fact-Check Unit Calls 'Fake' Must Be Taken Down: MeitY Proposal