കൂട്ടപിരിച്ചുവിടൽ: ആശങ്കയോ‍ടെ ജീവനക്കാർ, 10000 പേർക്ക് കൂടി ഉടൻ ജോലി പോകും

career-layoff-job-loss-andreypopov-istock-photo-com
Photo: AndreyPopov/ istock
SHARE

ട്വിറ്റർ, മെറ്റാ, ആമസോണ്‍ തുടങ്ങി ടെക് കമ്പനികളുടെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ മൈക്രോസോഫ്റ്റും ഇതേ വഴിക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധികൾ കാരണം മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് തയാറെടുക്കുന്നു എന്നാണ് ദി വെർജ് റിപ്പോർട്ട് ചെയ്തത്. ലഭ്യമായ റിപ്പോർട്ട് പ്രകാരം ഈ ആഴ്ചയോടെ കമ്പനിയിലെ 5 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടേക്കാം. മൈക്രോസോഫ്റ്റ് ഇന്ന് തന്നെ പിരിച്ചുവിടൽ പ്രഖ്യാപിച്ചേക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്. 

നിലവിൽ മൈക്രോസോഫ്റ്റിൽ 220,000 ത്തിലധികം ജീവനക്കാരുണ്ട്. ഇതിൽ 5 ശതമാനം ഏകദേശം 11,000 പേർ വരും. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൈക്രോസോഫ്റ്റ് വിവിധ ഡിവിഷനുകളിലായി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നത് എൻജിനീയറിങ് വിഭാഗങ്ങളെ വലിയ തോതിൽ ബാധിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 

യുഎസിലെ ജീവനക്കാർക്കായി മൈക്രോസോഫ്റ്റ് ‘അൺലിമിറ്റഡ് ടൈം ഓഫ് പോളിസി’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. പുതിയ നയത്തിന്റെ ഭാഗമായി യുഎസിലെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് നിശ്ചിത എണ്ണം അവധി ദിവസങ്ങൾ ഉണ്ടായിരിക്കില്ല, അതിനായി അൺലിമിറ്റഡ് ലീവ് എടുക്കാം. പാർട്ട് ടൈം ജോലിക്കാർക്ക് ഇത് ബാധകമല്ലെന്നും പറയുന്നു.

അടുത്തിടെ ഇന്ത്യ സന്ദർശിച്ച കമ്പനി സിഇഒ സത്യ നാദെല്ല സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് മറ്റു കമ്പനികളെ പോലെ മൈക്രോസോഫ്റ്റ് ആഗോള പ്രതിസന്ധികളില്‍ നിന്ന് മുക്തമല്ലെന്നാണ്. കോവിഡിന് ശേഷം അടുത്ത രണ്ട് വർഷം ടെക് കമ്പനികൾക്ക് വൻ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് നാദെല്ല പറഞ്ഞു. ഇതെല്ലാം മറികടക്കാനുള്ള പ്രതിരോധശേഷി മൈക്രോസോഫ്റ്റിന് ഇല്ലെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ വലിയ തോതിൽ പിരിച്ചുവിടാനുള്ള സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മൈക്രോസോഫ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

FILES-US-MERGER-IT-MICROSOFT-NUANCE
Photo Credit : Gerard Julien / AFP

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് മാസത്തിനിടെ മിക്ക അമേരിക്കൻ ടെക് കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. യുക്രെയ്ൻ-റഷ്യ യുദ്ധം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, കോവിഡ് കാലത്തെ അമിതമായ നിയമനങ്ങൾ എന്നിവയാണ് കമ്പനികൾ പ്രധാനമായും നേരിടുന്ന പ്രതിസന്ധികൾ. 

ഇലോൺ മസ്ക് ഏറ്റെടുത്തതിനു ശേഷം 3000 ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം അവസാനം ആമസോൺ 10,000 തൊഴിലാളികളെയും പിരിച്ചുവിട്ടു. ഇതോടൊപ്പം തന്നെ കൂടുതൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി മേധാവി പ്രഖ്യാപിക്കുകയും പിന്നാലെ 8000 പേരെ കൂടി പിരിച്ചുവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെറ്റാ ലോകമെമ്പാടുമുള്ള 11,000 ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് കമ്പനിയിലെ 13 ശതമാനത്തോളം ജീവനക്കാരെയാണ് ബാധിച്ചത്. എച്ച്ബി, അഡോബി കമ്പനികളും പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Tech layoff 2023: Over 10000 Microsoft employees may lose jobs soon

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS