ADVERTISEMENT

അസാധാരണ ശബ്ദമികവുള്ള പുതിയ സ്മാര്‍ട് സ്പീക്കര്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. തങ്ങളുടെ ഹോംപോഡ് ശ്രേണിയിലാണ് പുതിയ സ്പീക്കര്‍ അവതരിപ്പിച്ചത്. ശ്രോതാവിനെ ‘പൊതിയുന്ന’ ശബ്ദാനുഭൂതിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടാമതൊരു ഹോംപോഡോ ഹോംപോഡ് മിനിയോ കൂടി പ്രവര്‍ത്തിപ്പിച്ചാല്‍ ഈ അനുഭവം കൂടുതല്‍ മികവുറ്റതാക്കാം. ഹോംപോഡിലുള്ള ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിരിയുടെ മികവ് വര്‍ധിപ്പിച്ചതിനൊപ്പം കൂടുതല്‍ സ്വകാര്യവും സുരക്ഷിതവുമായ സ്മാര്‍ട് ഹോം അനുഭവവും നല്‍കും. പുതിയ ഹോംപോഡ്, ആപ്പിള്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം. ഫെബ്രുവരി 3 മുതലായിരിക്കും വിൽപന.

∙ കംപ്യൂട്ടേഷണല്‍ ഓഡിയോ അനുഭവം

ഫൊട്ടോഗ്രഫി മുതല്‍ നിരവധി മേഖലകളില്‍ കംപ്യൂട്ടേഷണല്‍ മികവുള്ള ഉപകണങ്ങളാണ് ഇന്ന് പുറത്തുവരുന്നത്. ഹോംപോഡില്‍ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച കംപ്യൂട്ടേഷണല്‍ ഓഡിയോ അനുഭവം ലഭ്യമാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. കൂടുതല്‍ മികവാർന്ന ശ്രവണാനുഭവമാണ് സ്പീക്കര്‍ വാഗ്ദാനം ചെയ്യുന്നത്. സ്‌പെഷല്‍ ഓഡിയോ ട്രാക്കുകള്‍ പോലും മികവോടെ കേള്‍പ്പിക്കും. ഇതിനായി ആപ്പിളിന്റെ ഓഡിയോ പ്രോസസിങ് ചിപ്പായ എസ്7 ഉള്‍ക്കൊള്ളിച്ചാണ് സ്പീക്കര്‍ പുറത്തിറക്കിയത്. ചിപ്പിനൊപ്പം ഉചിതമായ സോഫ്റ്റ്‌വെയറും സിസ്റ്റം - സെൻസിങ് ടെക്‌നോളജിയും ഉണ്ട്. ഇതെല്ലാമാണ് മികച്ച കംപ്യൂട്ടേഷണ്‍ ഓഡിയോ അനുഭവം നല്‍കാനായി ആപ്പിള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഹൈ ഫ്രീക്വന്‍സിയില്‍ പോലും ആഴമുള്ള ബെയ്‌സ് നല്‍കും. രണ്ട് ഹോംപോഡുകള്‍ വച്ചാല്‍ അവ വര്‍ധിത മികവോടെ ഓഡിയോ അനുഭവം പകരും.

∙ ഇരിക്കുന്ന മുറിയെപ്പറ്റി അറിയാം

ഹോംപോഡ് വച്ചിരിക്കുന്ന മുറിയുടെ സവിശേഷതകള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള റൂം സെന്‍സിങ് ടെക്‌നോളജി പുതിയ ഹോംപോഡിനും ഉണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. ഇത് നേരത്തേ ഇറങ്ങിയ ഹോംപോഡുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭേദമായിരിക്കുമെന്നു കരുതുന്നു. ഭിത്തികളില്‍ നിന്നും മറ്റും പ്രതിധ്വനിച്ചെത്തുന്ന ശബ്ദത്തിന് അനുസരിച്ച്, ശബ്ദം പുറപ്പെടുവിക്കുന്നത് തത്സമയം ക്രമീകരിക്കാനും പുതിയ സ്മാര്‍ട് സ്പീക്കറിനു സാധിക്കും. ഇത്ര വിലയുള്ള പുതിയ ഹോംപോഡിന് വൂഫറും അഞ്ച് ട്വീറ്ററുകളും മാത്രമെയുള്ളു എന്ന കാര്യം ചില ടെക്‌നോളജി റിവ്യൂവര്‍മാരെ അദ്ഭുതപ്പെടുത്തുന്നു. ആദ്യ ഹോംപോഡിന് ഏഴ് ട്വീറ്ററുകള്‍ ഉണ്ടായിരുന്നു. അതുപോലെ ആദ്യ ഹോംപോഡിന് ആറു മൈക്രോഫോണുകള്‍ ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പുതിയ മോഡലിന് നാലെണ്ണം മാത്രമാണ് ഉള്ളത്.

∙ സഹായിയായി പ്രവര്‍ത്തിക്കും; വീടിന് സംരക്ഷണം നല്‍കും

അലക്‌സ അടങ്ങുന്ന ആമസോണ്‍ എക്കോ ഉപകരണങ്ങളാണ് അസിസ്റ്റന്റ്, അല്ലെങ്കില്‍ ശബ്ദത്താലുള്ള ആജ്ഞ അനുസരിച്ച് വീട്ടിലുള്ള സ്മാര്‍ട് ബള്‍ബുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിയന്ത്രിക്കുക എന്ന ആശയം വ്യാപകമായി പ്രചരിപ്പിച്ചത്. എക്കോ ഉപകരണങ്ങളുടെ താരതമ്യേന കുറഞ്ഞ വിലയും ഇതിനു സഹായകമായി. പുതിയ ഹോംപോഡും ദൈനംദിന ജീവിതത്തല്‍, വാക്കാലുള്ള ആജ്ഞ കേട്ട് പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളതാണ്. ഇങ്ങനെ സ്മാര്‍ട് ഹോം അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നതു കൂടാതെ വീടിനുള്ളില്‍ പുകയോ കാര്‍ബണ്‍ മോണോക്‌സൈഡോ ഉണ്ടായാല്‍ അറിയിക്കാനും ഇതിന് സാധിക്കും. ( ഇത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴിയായിരിക്കും നല്‍കുക. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.) എന്നാല്‍, അടിയന്തര ഇടപെടല്‍ വേണ്ട സാഹചര്യങ്ങളില്‍ ഹോംപോഡിനെ ആശ്രയിക്കാനാവില്ലെന്നും ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോംപോഡ് ഇരിക്കുന്ന സ്ഥലത്തെ താപനിലയും ഈര്‍പ്പനിലയും അറിയിക്കാനുമുള്ള സെന്‍സറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനാല്‍ തന്നെ വിവിധ കാര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനാകും. ഒന്നോ ഒന്നിലേറെയോ സ്മാര്‍ട് അക്‌സസറികളെ സപ്പോര്‍ട്ടു ചെയ്ത്, ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനം എളുപ്പമാക്കും.

∙ ആപ്പിള്‍ മ്യൂസിക്, ഉപകരണങ്ങള്‍ എന്നിവയും വേണം

ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ പരിസ്ഥിതിയില്‍ ഉള്ളവര്‍ക്കായിരിക്കും ഹോംപോഡ് ഉപകാരപ്പെടുക. ആപ്പിള്‍ മ്യൂസിക്, സപ്പോര്‍ട്ടഡ് ഉപകരണങ്ങള്‍ എന്നിവയും ഉണ്ടെങ്കിലേ അനുഭവം പൂര്‍ണമാകൂ. സപ്പോര്‍ട്ടഡ് ഉപകരണങ്ങളുടെ ലിസ്റ്റില്‍ ഐഫോണ്‍ എസ്ഇ2 ക്കു ശേഷം ഇറക്കിയ ഐഫോണുകള്‍ എന്നു കാണാം. അതേസമയം, ഐഒഎസ് 16.0 എന്നും പറയുന്നുണ്ട്. ഐപാഡ് പ്രോ മോഡലുകള്‍, ഐപാഡ് (അഞ്ചാം തലമുറ മുതല്‍), ഐപാഡ് എയര്‍ (മൂന്നാം തലമുറ), ഐപാഡ് മിനി (അഞ്ചാം തലമുറ) തുടങ്ങിയവയാണ് സപ്പോര്‍ട്ടഡ് ഉപകരണങ്ങളുടെ ലിസ്റ്റിലുള്ളത്. പുതിയ ഹോംപോഡിന് 32,900 രൂപയാണ് വില.

∙ സാംസങ്ങും കേന്ദ്രവുമായി ഉടക്ക്

ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിദേശ കമ്പനികള്‍ക്ക് വന്‍ പ്രോത്സാഹനമാണ് കേന്ദ്രം നല്‍കുന്നത്. ഇതുപ്രകാരം ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയ സാംസങ് പറയുന്നത് തങ്ങള്‍ക്ക് ഏകദേശം 900 കോടി രൂപ (110 ദശലക്ഷം ഡോളര്‍) നല്‍കണം എന്നാണ്. എന്നാല്‍, കേന്ദ്രം ഏകദേശം 165 കോടി രൂപയേ സാംസങ്ങിനു നല്‍കൂ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ അവകാശവാദം സ്ഥാപിക്കാനായി കൂടുതല്‍ ബില്ലുകളും രേഖകളും നല്‍കിയാല്‍ മാത്രമേ സാംസങ് പറയുന്ന രീതിയിലുള്ള തുക നല്‍കാനാകൂ എന്ന് കേന്ദ്രം പറയുന്നു.

∙ മെയ്ക് ഇന്‍ ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് കമ്പനികള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. പ്രൊഡക്ഷന്‍ ലിങ്ക്ട് ഇന്‍സെന്റീവ് (പില്‍) എന്ന പേരില്‍ ഇന്ത്യ 2020ല്‍ ഏകദേശം 670 കോടി ഡോളറാണ് കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്തത്. തങ്ങളുടെ ഇന്ത്യയിലെ പ്ലാന്റില്‍ ബില്ല്യന്‍ കണക്കിന് ഡോളര്‍ വിലയ്ക്കുള്ള ഉപകരണങ്ങള്‍ നിർമിച്ചു എന്നാണ് സാംസങ് അവകാശപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ കയറ്റുമതി ചെയ്ത കമ്പനിയും സാംസങ് ആണ്. അതേസമയം, ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ ഇതുവരെ ഏകദേശം 360 കോടി രൂപ പില്‍ പദ്ധതി വഴി നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിളിനായി ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മറ്റൊരു കമ്പനിയായ വിസ്ട്രണിന് നല്‍കാനുള്ള തുക ഇപ്പോള്‍ കണക്കുകൂട്ടുകയാണ് എന്നും പറയുന്നു.

∙ എന്തായിരിക്കും പ്രശ്‌നം?

സാംസങ്ങും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് പൂര്‍ണമായി വ്യക്തമല്ല. ഫോക്‌സ്‌കോണും വിസ്ട്രണും ഇന്ത്യയില്‍ നിർമിക്കുന്ന ഉപകരണങ്ങള്‍ കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. അതേസമയം, സാംസങ് ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ രാജ്യത്തു തന്നെയുള്ള റീട്ടെയിലര്‍മാര്‍ക്ക് കൊടുക്കുന്നുണ്ടാകും. അല്ലെങ്കില്‍ സാംസങ് തന്നെ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടാകാം. ഇതായിരിക്കാം കണക്കിലെ അന്തരത്തിനു കാരണമെന്ന് കരുതുന്നവരും ഉണ്ട്.

∙ മൈക്രോസോഫ്റ്റില്‍ 11,000 പേര്‍ക്ക് ജോലി പോകും

ടെക്‌നോളജി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തങ്ങളുടെ കമ്പനിയില്‍ ജോലിയെടുക്കുന്ന 11,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് അറിയിച്ചിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്.

∙ വിക്കിപീഡിയ മുഖം മിനുക്കി

ലോകത്തിന്റെ പ്രിയപ്പെട്ട ഫ്രീ വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയ പേജുകള്‍ക്ക് മാറ്റം വരുത്തി. ഏകദേശം 10 വര്‍ഷത്തിനു ശേഷമാണിത്. വിക്കിപീഡിയ തുടങ്ങിയതിന്റെ 22-ാം വാര്‍ഷക ദിനമായ ജനുവരി 15നാണ് പുതിയ പരിഷ്‌കാരങ്ങള്‍ വന്നത്. ഡെക്‌സ്‌ടോപ് പേജുകളിലാണ് മാറ്റം കാണാനാകുക.

English Summary: Apple revives larger HomePod smart speaker priced at $299

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com