3.7 കോടി ഉപഭോക്താക്കളുടെ ഡേറ്റ ചോർന്നു, വെളിപ്പെടുത്തി ടി–മൊബൈൽ
Mail This Article
യുഎസ് ടെലികോം സേവനദാതാവായ ടി-മൊബൈലിന്റെ 3.7 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് അക്കൗണ്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയിരിക്കുന്നതെന്ന് ടി–മൊബൈൽ തന്നെ വെളിപ്പെടുത്തി. ഡേറ്റ ചോർന്ന കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
രണ്ട് വർഷത്തിനിടെ കമ്പനി നേരിടുന്ന രണ്ടാമത്തെ വലിയ സൈബർ ആക്രമണമാണിത്. ജനുവരി 5 ന് തന്നെ ഹാക്കിങ് തിരിച്ചറിയുകയും ഒരു ദിവസത്തിനകം പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ പോലെയുള്ള പ്രധാനപ്പെട്ട ഡേറ്റയൊന്നും ചോർന്നിട്ടില്ലെന്നാണ് ടി–മൊബൈൽ പറയുന്നത്.
ഉപഭോക്താക്കളുടെ പേര്, ബില്ലിങ് അഡ്രസ്, ഇമെയിൽ, ഫോൺ നമ്പർ എന്നിങ്ങനെയുള്ള അടിസ്ഥാന ഡേറ്റയാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്കിങ് ബാധിച്ച ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാൻ തുടങ്ങിയെന്നും ടി-മൊബൈൽ കൂട്ടിച്ചേർത്തു. കമ്പനിക്ക് 11 കോടിയിലധികം വരിക്കാരുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്സിസി) വക്താവ് പറഞ്ഞു. ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കുന്നതിന് ടെലികോം കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. അവർക്കതിന് കഴിയാതെ വരുമ്പോള്‍ നടപടി സ്വീകരിക്കേണ്ടിവരും ഇപ്പോഴത്തെ ഹാക്കിങ് എഫ്സിസി അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, എഫ്സിസി അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാൻ ടി-മൊബൈൽ വിസമ്മതിച്ചു. ഹാക്കിങ് വാർത്ത പുറത്തുവന്നതോടെ വെള്ളിയാഴ്ച രാവിലെ ഓഹരി വിപണിയിൽ ടി–മൊബൈൽ ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു.
English Summary: T-Mobile Says Data of 37 Million Customers Exposed in Second Data Breach in 2 Years