ആപ്പിള്‍ ഒരു വിനാശകാരിയായ കമ്പനിയാണെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും പറഞ്ഞ് മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ അടക്കം ചില കമ്പനികള്‍ യൂറോപ്യന്‍ യൂണിയന് ഒരു പരാതി നല്‍കിയെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌പോട്ടിഫൈക്കു പുറമെ, ബെയ്‌സ്‌ക്യാംപ്, ഡീസര്‍, പ്രോട്ടോണ്‍, സ്‌കിബ്‌സ്‌റ്റെഡ്, യൂറോപ്യന്‍ പബ്ലിഷേഴ്‌സ് കൗണ്‍സില്‍, ന്യൂസ് മീഡിയ യൂറോപ് തുടങ്ങിയ കമ്പനികളുടെ മേധാവികളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. കത്ത് സമര്‍പ്പിച്ചിരിക്കുന്നത്, ഡിജിറ്റല്‍ ഇടപെടലുകളില്‍ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ഇയു കമ്മിഷന്റെ പ്രസിഡന്റ് മാര്‍ഗരതെ വെസ്റ്റയറിനാണ്. ഗൂഗിള്‍ പോലും മാര്‍ഗരതെയുടെ കരുത്തറിഞ്ഞിട്ടുണ്ട്.
ആപ്പിള്‍ അനീതിപൂര്‍വ്വമായി പെരുമാറുന്നു
അമേരിക്കയിലടക്കം പല രാജ്യങ്ങളിലും ആപ്പിളിനെതിരെയുള്ള പരാതി ഉയര്‍ത്തിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാകണം പരാതി മാര്‍ഗരതെയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ആപ്പിള്‍ അനീതിപൂര്‍വ്വമായ വിലങ്ങുതടികള്‍ തങ്ങളുടെ ബിസിനസിനെതിരെഇട്ടിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. ഇത് തങ്ങളുടെ വളര്‍ച്ച തടയുകയും, യൂറോപ്യന്‍ ഉപയോക്താക്കളെ മോശമായി ബാധിക്കുകയു ചെയ്തിരിക്കുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ആപ്പിളിന്റെ സ്വന്തം പണമടയ്ക്കല്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതുവഴി ഡിവലപ്പര്‍മാരില്‍നിന്ന് അമിതമായി കമ്മിഷന്‍ അടിക്കുകയാണ് ആപ്പിള്‍. കൂടാതെ, തങ്ങള്‍ ഡിവലപ്പര്‍മാര്‍ ഉപയോക്താക്കളോട് സുഗമമായി ഇടപെടുന്നതിന് കൃത്രിമമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഉപയോക്താക്കളുടെ ഡേറ്റ ഡിവലപ്പര്‍മാര്‍ക്ക് ലഭിക്കുന്നില്ല. ആപ്പ് സ്റ്റോറുമായി ബന്ധപ്പെട്ടനിബന്ധനങ്ങള്‍ ആപ്പിള്‍ തോന്ന്യവാസം മാറ്റുന്നു തുടങ്ങിയവയാണ് പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍.
വേഗം നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥന
ആപ്പ് സ്റ്റോറും മറ്റും തങ്ങളുടെ കുത്തകാവകാശമായി വച്ചിരിക്കുക വഴി ആപ്പിള്‍ സാമ്പത്തിക നേട്ടം കൊയ്യുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതേമസയം, യൂറോപ്പിലെ കസ്റ്റമര്‍മാരില്‍ എത്താന്‍ ആപ്പ് സ്റ്റോറില്‍ തുടരുകയല്ലാതെ തങ്ങള്‍ക്ക്വേറെ മാര്‍ഗ്ഗമില്ലെന്നും കത്തില്‍ പറയുന്നു. ഇതെല്ലാം കൊണ്ട് ആപ്പിളിനെതിരെ അതിവേഗം നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഡിവലപ്പര്‍മാര്‍. ഇയു അടുത്തിടെ പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് പാസാക്കിയിരുന്നു. ആപ്പിളിനെ പോലെയുള്ളകമ്പനികളെ കൂടുതല്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള വകുപ്പുകള്‍ അതിലുണ്ട്. ഇവ പ്രയോഗിച്ച് ആപ്പിളിനെ നിലയ്ക്കു നിറുത്തണം എന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇയു തന്നെ മുന്‍കൈ എടുക്കണമെന്നും, അമാന്തിക്കരുതെന്നും കത്തില്‍ പറയുന്നു.
ആപ്പിള്‍ ഹോംപോഡ് മിനിയുടെ വില വര്‍ദ്ധിപ്പിച്ചു
ഇന്ത്യയില്‍ ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കറായ ഹോംപോഡ് മിനിയുടെ വില 1000 രൂപ വര്‍ദ്ധിപ്പിച്ചു. നേരത്തെ 9900 രൂപയായിരുന്നു വില. ഇനി മുതല്‍ ഹോംപോഡ് മിനി വാങ്ങേണ്ടവര്‍ 10900 രൂപ നല്‍കേണ്ടി വരും.
ചാറ്റ്ജിപിറ്റിക്കെതിരെ മത്സരിക്കാന്‍ ഗൂഗിള്‍
കഴിഞ്ഞ വര്‍ഷം വൈറലായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്കെതിരെ, സേര്‍ച്ച് ഭീമന്‍ ഗൂഗിള്‍ 2023 മെയ് മാസം മുതല്‍ പുതിയ ടൂളുകള്‍ അവതരിപ്പിക്കുമെന്ന് ഐഎഎന്‍എസ് പറയുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ ടെക്‌നോളജിമേഖലയിലെ ഏറ്റവും വലിയ സംസാരവിഷയമായി ചാറ്റ്ജിപിറ്റി മാറിയത് ഗൂഗിളിന് വന്‍ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. സേര്‍ച്ച് ചെയ്യുന്ന ആള്‍ക്ക് മനസിലാകുന്ന രീതിയിലുള്ള റിസള്‍ട്ടുകള്‍ നല്‍കിയാണ് ചാറ്റ്ജിപിറ്റി ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ 'കോഡ് റെഡ്' പ്രഖ്യാപിച്ചു എന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും പറയുന്നു.
ആന്‍ഡ്രോയിഡിലേക്കും ടൂളുകള്‍
സേര്‍ച്ചിനു പുറമെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡിലേക്കും പുതിയ എഐ ടൂളുകള്‍ എത്തിയേക്കുമെന്നാണ് സൂചന. പിക്‌സല്‍ ഫോണുകളിലും ചില ടൂളുകള്‍ പ്രവര്‍ത്തിപ്പിച്ചേക്കും. അതേസമയം, എഐ ടെക്‌നോളജിക്കുള്ള പല പ്രശ്‌നങ്ങളും ഗൂഗിള്‍ തിരിച്ചറിഞ്ഞിട്ടുംഉണ്ട്. കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍, സ്വാകര്യത മാനിക്കുമോ എന്ന ഭയം, ആന്റിട്രസ്റ്റ് നീക്കം വരുമോ എന്ന പേടി, തുടങ്ങിയവയാണ് കമ്പനി തിരിച്ചറിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങള്‍.
എയര്‍ടാഗിനു പകരം ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണം അവതരിപ്പിക്കാന്‍ ഗൂഗിള്‍
ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണമായ ആപ്പിളിന്റെ എയര്‍ടാഗിനു പകരം സ്വന്തം ഡിവൈസ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിളെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ സ്മാര്‍ട്ട് സ്പീക്കറായ നെസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമാണ് ഗൂഗിള്‍ ട്രാക്കര്‍വികസിപ്പിക്കുന്നതെന്നു പറയുന്നു.
നെറ്റ്ഫ്‌ളിക്‌സ് സിഇഒ സ്ഥാനമൊഴിയുന്നു
പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന്റെ സഹസ്ഥാപകനായ റീഡ് ഹെയ്സ്റ്റിങ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി അദ്ദേഹമായിരുന്നു കമ്പനിയെ നയിച്ചിരുന്നത്. ടെഡ് സാരണ്‍ഡോസ്, ഗ്രെഗ്പീറ്റേഴ്‌സ് എന്നു രണ്ടു പേരായിരിക്കും നെറ്റ്ഫ്‌ളിക്‌സിന്റെ സിഇഓമാരായി എത്തുക എന്നു പറയുന്നു.
മസ്‌ക് കുളിപ്പിച്ചു കുളിപ്പിച്ച് ട്വിറ്റര്‍ കൊച്ചില്ലാതാകുമോ? ജോലിക്കാരുടെ എണ്ണം വെറും 1,300 ആയെന്ന്
ട്വിറ്ററിന്റെ പുതിയ മേധാവിയായി ഇലോണ്‍ മസ്‌ക് ഏറ്റെടുത്തപ്പോള്‍ കമ്പനിയില്‍ ഉണ്ടായിരുന്നത് ഏകദേശം 7500 പേരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവരില്‍ ഏകദേശം 80 ശതമാനം പേരെയും മസ്‌ക് പറഞ്ഞു വീട്ടില്‍ വിട്ടെന്നാണ് പിസിമാഗ്റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍, അതൊന്നുമല്ല ട്വിറ്ററില്‍ ഇപ്പോള്‍ 2300 പേരുണ്ടെന്ന് മസ്‌കും പറയുന്നു. അതേസമയം ഏകദേശം 1300 മുഴുവന്‍ സമയ ജോലിക്കാരെ ട്വിറ്ററില്‍ ഇപ്പോള്‍ ഉള്ളു എന്നാണ് സിഎന്‍ബിസി പറയുന്നത്. അവരില്‍ 540 പേര്‍ മാത്രമാകാം എഞ്ചിനിയര്‍ തസ്തികയിലുള്ളതെന്നുംകരുതുന്നു.
ടെസ്‌ല കമ്പനിയിലെ ജീവനക്കാരാണോ ട്വിറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്?
അതേസമയം, സിഎന്‍ബിസി പറയുന്നത് മസ്‌കിന്റെ മറ്റു കമ്പനികളായ ടെസ്‌ല, സ്‌പെയ്‌സ്എക്‌സ്, ദി ബോറിങ് കമ്പനി എന്നിവയില്‍ നിന്നെത്തിയ 130 ജോലിക്കാര്‍ ട്വിറ്ററില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നു. പക്ഷെ, മസ്‌ക് പറയുന്നത്, തന്റെ മറ്റു കമ്പനികളില്‍നിന്നെത്തിയ അത്രയധികം പേരൊന്നുമില്ല ട്വിറ്ററില്‍, പത്തില്‍ താഴെ ആള്‍ക്കാരെ ഉള്ളു എന്നാണ്. അതേസമയം, ട്വിറ്ററിന്റെ ഒരു വലിയ ഡേറ്റാ സെന്റര്‍, സിയാറ്റിലിലെ ഓഫിസ് എന്നിവ മസ്‌ക് വിറ്റു എന്നും, എല്ലാ ഓഫിസുകളിലയെയും ക്ലീനിങ് സ്റ്റാഫിനെയും പിരിച്ചുവിട്ടു എന്നും റിപ്പോര്‍ട്ടുകള്‍പറുയന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതെയായി എന്നു പറയുന്ന ഗിതിയായിരിക്കുമോ മസ്‌കിന്റെ കൈയ്യിലെ ട്വിറ്ററിന് എന്ന ചോദ്യം ഉയരുന്നു.
10,000 പേരെ പിരിച്ചുവിടുന്നതിനിടയില്‍ പാട്ടുകച്ചേരി നടത്തി മൈക്രോസോഫ്റ്റ്
സിലിക്കന്‍ വാലി ടെക്‌നോളജി ഭീമന്മാര്‍ വന്‍തോതില്‍ ജോലിക്കാരെ പിരിച്ചുവിടുകയാണിപ്പോള്‍. ഏകദേശം 10,000 പേരെയാണ് മൈക്രോസോഫ്റ്റ് ഉടനെ പിരിച്ചുവിടുക എന്നു പറയുന്നു. എന്തായാലും, ജോലിക്കാരെ പിരിച്ചുവിടുന്നതിനു മുമ്പ് ആര്‍ട്ടിസ്റ്റ് സ്റ്റിങിന്റെ (Sting) ഒരു കണ്‍സേര്‍ട്ട് നടത്തിയിരിക്കുകായണ് മൈക്രോസോഫ്റ്റ് എന്ന് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കണ്‍സേര്‍ട്ടില്‍ കമ്പനിയുടെ പ്രധാനപ്പെട്ട 50 എക്‌സിക്യൂട്ടിവുമാരാണ് പങ്കെടുത്തതെന്നാണ് സൂചന.
English Summary: Spotify Pens Joint Letter Calling Apple 'Harmful' and 'Anti-Competitive,' Claims App Store Ruins Business