ADVERTISEMENT

ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമായ ലിനക്‌സ് കേന്ദ്രമാക്കി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഭറോസ് പോലെയുള്ള സിസ്റ്റങ്ങളെ 'വിജയിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്ന്' കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്. ഇവിടെയാണ് വെല്ലുവിളി തുടങ്ങുന്നതെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പ്രാദേശികമായി ഒരു മൊബൈല്‍ ഒഎസ് വികസിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനാകുമോ എന്നതുമാണ് ചോദ്യങ്ങളെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എല്ലായിടത്തു നിന്നും ഇതിനെതിരെ പ്രതിബന്ധങ്ങള്‍ ഉയരുമെന്നും മന്ത്രി വൈഷ്ണവ് പറഞ്ഞു.

 

∙ ജാഗ്രത വേണം; പരീക്ഷിച്ചത് പിക്‌സല്‍ ഫോണില്‍?

 

ഇക്കാര്യത്തില്‍ രാജ്യം ഏറെ ജാഗ്രതയോടെയും ബോധപൂര്‍വ്വവും മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. ഭറോസ് വിജയിപ്പിക്കാനായി നാം നിരന്തരം പ്രവര്‍ത്തിക്കേണ്ടതായുണ്ട്. ഒഎസിന്റെ പേരിന്റെ അവസാനം എ എന്നു കൂടി ചേര്‍ക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോള്‍ പേര് ഭറോസാ (Bharosa) എന്നാകും. ഹിന്ദിയില്‍ ഇതിന്റെ അര്‍ഥം വിശ്വാസം എന്നാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഭറോസ് പരീക്ഷിച്ചത് ഒരു പിക്‌സല്‍ 6എ അല്ലെങ്കില്‍ പിക്‌സല്‍ 7 ഫോണിലാണ് എന്നാണ്. ഇവയുടെ പ്രോസസര്‍ ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ച 'ടെന്‍സര്‍' ആണ്.

 

∙ സ്വകാര്യതയ്ക്ക് പ്രാധാന്യം

 

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആണ് ഭറോസ് വികസിപ്പിച്ചെടുത്തത്. നിലവിലുള്ള പ്രധാനപ്പെട്ട മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ആപ്പിളിന്റെ ഐഒഎസിനെയും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെയും അപേക്ഷിച്ച് ഉപയോക്താവിന്റെ സ്വകാര്യതയ്ക്കും ഭദ്രതയ്ക്കുമാണ് ഭറോസ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവന്ന വിവരം പരിശോധിച്ചാല്‍ മനസ്സിലാകുക. ഭറോസ് ആന്‍ഡ്രോയിഡിനെയും ഐഒഎസിനെയും പോലെ തന്നെ പ്രവര്‍ത്തിക്കും, പക്ഷേ, ഉപയോക്താക്കള്‍ക്ക് ഏത് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാം. 

 

∙ സ്വാശ്രയ രാജ്യം എന്ന ലക്ഷ്യത്തിലേക്കടുപ്പിക്കാന്‍

bharos-apps

 

ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഊന്നല്‍ നല്‍കുന്ന നീക്കമായ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തന്നെയാണ് ഭറോസും ഇറക്കിയിരിക്കുന്നത്. ഇതിനെ ഒരു ആത്മനിര്‍ഭര്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശേഷിപ്പിച്ചത്. സർക്കാരാണ് ഇത് വികസിപ്പിക്കാനുള്ള പണം മുടക്കിയത്. ഇത് സർക്കാരിനും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുക എന്ന ഉദ്ദേശത്തോടെ തയാര്‍ ചെയ്തതാണ്. വിദേശ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുക എന്നത് ഭറോസിന്റെ ദൗത്യങ്ങളിലൊന്നായിരിക്കും. സ്വാശ്രയ രാജ്യം എന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുക എന്നതാണ് പുതിയ ഒഎസിന്റെ ഉദ്ദേശങ്ങളിലൊന്ന്.

 

∙ ഗൂഗിളും വാട്‌സാപ്പും പടിക്കു പുറത്ത്

 

ലിനക്‌സില്‍ നിന്നു കടഞ്ഞെടുത്തതാണ് ആന്‍ഡ്രോയിഡ്. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിനെ അടിത്തട്ടില്‍ നിർത്തി വികസിപ്പിച്ചതാണ് ഭറോസ്. പക്ഷേ, ആന്‍ഡ്രോയിഡ്, ഐഒഎസ് ഒഎസുകളേക്കാൾ സുരക്ഷിതമായിരിക്കുമെന്നും പറയുന്നു. അതേസമയം, ടെക്‌നോളജി വിദഗ്ധര്‍ക്ക് ഏറ്റവും ജിജ്ഞാസ ഉണര്‍ത്തുന്ന കാര്യങ്ങളിലൊന്ന് ഭറോസില്‍ ബ്രൗസറായി ഡക്ഡക്‌ഗോയെ ഉള്‍പ്പെടുത്തിയിരിക്കുന്നതും മെസേജിങ്ങിന് സിഗ്നല്‍ ആപ് ഉപയോഗിച്ചിരിക്കുന്നതുമാണ്. സേര്‍ച്ച് ഡക്ഡക്‌ഗോ ആണോ എന്നു വ്യക്തമല്ല. ആയിരിക്കാമെന്നാണ് സൂചന. വാട്‌സാപ്പിനേക്കാള്‍ സുരക്ഷിതമാണ് സിഗ്നല്‍ എന്നാണ് വിലയിരുത്തല്‍. 

 

∙ ക്രോമും പുറത്ത്

 

സാധാരണ ആന്‍ഡ്രോയിഡ് ഫോണുകളിലേതു പോലെ ഗൂഗിളിന്റെ ക്രോം ബ്രൗസറായിരിക്കില്ല എന്നതും ഭറോസിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉപയോക്താക്കളുടെ ഡേറ്റ വിദേശ കമ്പനികളുടെ കൈയ്യിലേക്കു പോകേണ്ടെന്ന കാര്യം മനസ്സിലുണ്ടെന്നുള്ളത് വ്യക്തമാണ്. ഇന്ത്യക്കാരുടെ ഡേറ്റ ഫെയ്‌സ്ബുക്കിനും ഗൂഗിളിനും പോകേണ്ടെന്ന തീരുമാനവും സ്വാശ്രയം എന്ന ആശയത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ നല്ലതായിരിക്കും. നിശ്ചയമായും സർക്കാർ സംവിധാനങ്ങള്‍ ഇത്തരം ഒരു ഒഎസിലേക്ക് നേരത്തേ തന്നെ മാറേണ്ടതായിരുന്നു എന്ന വാദവും ഉയരുന്നു. അതേസമയം, ഡീഫോള്‍ട്ട് ആപ്പുകള്‍ എന്തായാലും ഉപയോക്താവിന് ഇഷ്ടമുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിച്ചേക്കുമെന്നും കരുതുന്നു.

Photo: Google
Photo: Google

 

∙ എന്‍ഡിഎ

 

നോ ഡീഫോള്‍ട്ട് ആപ്‌സ് (എന്‍ഡിഎ) എന്നതും ഭറോന്റെ ഫീച്ചറുകളിലൊന്നാണ്. വിവിധ ആപ് സ്റ്റോറുകളെ സപ്പോര്‍ട്ടു ചെയ്യുക വഴി ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാം.

 

∙ ഗൂഗിളിന്റെ ഡീപ്‌മൈന്‍ഡില്‍ നിന്നു പിരിച്ചുവിടല്‍; കാനഡയിലെ ഓഫിസ് പൂട്ടി

 

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലാബായ ഡീപ്‌മൈന്‍ഡില്‍ നിന്ന് ചില ഓപ്പറേഷണല്‍ സ്റ്റാഫിനെ യുകെ ശാഖയില്‍ നിന്നു പിരിച്ചുവിട്ടുവെന്ന് ബ്ലൂംബര്‍ഗ്. അതേസമയം, കാനഡയിലുള്ള ഡീപ്‌മൈന്‍ഡ് ഓഫിസ് പൂട്ടിയെന്നും പറയുന്നു. ഡീപ്‌മൈന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എൻജിനീയര്‍മാര്‍ക്കും ഗവേഷകര്‍ക്കും ഗൂഗിളിന്റെ മറ്റു ഓഫിസുകളില്‍ ഇടമൊരുക്കിയേക്കും. ഗൂഗിള്‍ ഏകദേശം 12,000 ജോലിക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമാണിതും.

 

∙ പുതിയ ഫീച്ചറുകളുള്ള 65 ഇഞ്ച് സ്മാര്‍ട് ടിവിയുമായി വണ്‍പ്ലസ്

 

പുതിയ ഫീച്ചറുകളുള്ള 65 ഇഞ്ച് സ്മാര്‍ട് ടിവി വണ്‍പ്ലസ് പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 7ന് പുറത്തിറങ്ങുന്ന വണ്‍പ്ലസ് ടിവി65 ക്യൂ2 പ്രോ എന്നായിരിക്കും ഇതിന്റെ പേര് എന്നാണ് സൂചന. വണ്‍പ്ലസിന്റെ ടിവികളില്‍ ഏറ്റവും മികച്ചതായരിക്കും ഇതെന്നു കരുതപ്പെടുന്നു. ക്യൂലെഡ് ഡിസ്‌പ്ലേ ആയിരിക്കും ടിവിക്ക്. കൂടാതെ, 120 ഹെട്‌സ് റിഫ്രെഷ് റെയിറ്റും ഉണ്ടായിരിക്കും. മികച്ച ഓഡിയോയ്ക്കായി 70w സ്പീക്കറായിരിക്കും ഉള്‍ക്കൊള്ളിക്കുക. ഇത് ഡോള്‍ബി അറ്റ്‌മോസ് ട്യൂണ്‍ ചെയ്തതായിരിക്കും. ടിവിക്ക് 3 ജിബി റാമും 32 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ടായിരിക്കും.

 

∙ ഐഒഎസ് 16.3 പുറത്തിറക്കി

 

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഐഒഎസ് 16.3 ആണ് ഏറ്റവും പുതിയ സ്റ്റേബിൾ ഒഎസ്. ഐക്ലൗഡില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഫിസിക്കല്‍ കീ ബെയ്‌സ്ഡ് 2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ തുടങ്ങിയവയാണ് പുതിയ ഫീച്ചറുകള്‍. വാച്ച്ഒഎസിന്റെ പുതിയ പതിപ്പും ഇറക്കി. വാച്ച്ഒഎസ് 9.3 ആണ് ഇപ്പോള്‍ ലഭ്യമാക്കയിരിക്കുന്നത്. 

 

∙ പിക്‌സല്‍ 7, പിക്‌സല്‍ 6 ഫോണുകള്‍ക്കും അപ്‌ഡേറ്റ്

 

ഗൂഗിളിന്റെ പിക്‌സല്‍ 6, പിക്‌സല്‍ 7 സീരീസുകള്‍ക്കും ജനുവരിയിലെ ഒഎസ് അപ്‌ഡേറ്റ് നല്‍കി തുടങ്ങി.

 

∙ പുതിയ ലാപ്‌ടോപ്പുകളുമായി സാംസങ്

 

അടുത്ത മാസം നടക്കുന്ന അണ്‍പാക്ഡ് മീറ്റിങ്ങില്‍ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ പുതിയ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കിയേക്കുമെന്നു സൂചന. ഗ്യാലക്‌സി ബുക്ക്3 അള്‍ട്രാ എന്നായിരിക്കും ഈ പ്രീമിയം ശ്രേണിയുടെ പേര്. ഇതിന്റ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് 16-ഇഞ്ച് ടച് സ്‌ക്രീന്‍ ആയിരിക്കും. ഡബ്ല്യൂക്യൂഎക്‌സ്ജിഎ പ്ലസ് ആയിരിക്കും ഡിസ്‌പ്ലേയുടെ റെസലൂഷന്‍. ഇതിന് 120 ഹെട്‌സ് റിഫ്രഷ് റെയിറ്റും ഉണ്ടായിരിക്കും. 

 

∙ ശക്തി

 

ഇന്റലിന്റെ ഏറ്റവും പുതിയ 13–ാം തലമുറയിലെ കോര്‍ ഐ9 പ്രോസസറുകളായിരിക്കും ഗ്യാലക്‌സി ബുക്ക്3 അള്‍ട്രായ്ക്ക് ശക്തിപകരുക. ഐ7 കേന്ദ്രീകൃതമായ മറ്റൊരു വേര്‍ഷനും പ്രതീക്ഷിക്കുന്നു. തുടക്ക വേരിയന്റിന് 16 ജിബി റാമും 1ടിബി വരെ സ്റ്റോറേജ് ശേഷിയുമാണ് പ്രതീക്ഷിക്കുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് 4050 ഗ്രാഫിക്‌സ് പ്രോസസര്‍, 6 ജിബി വിറാം തുടങ്ങിയവയും ഉണ്ടായിരക്കും. 1.17 കിലോഗ്രാമായിരിക്കും ഭാരം. ഏറ്റവും കൂടിയ മോഡലിന് എന്‍വിഡിയ ജിഫോഴ്‌സ് 4070, 32 ജിബി റാം തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ കരുത്തും പ്രതീക്ഷിക്കുന്നു. പ്രീമിയം ലാപ്‌ടോപ്പുകളില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്.

 

English Summary: Made-in-India BharOS: Minister underlines 'challenges', then suggests this name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com