ADVERTISEMENT

ഇന്ത്യ എന്നു പറഞ്ഞാല്‍ ആനകളുടെയും പാമ്പാട്ടികളുടെയും ലോകം എന്ന തരത്തിലുള്ള വിശ്വാസങ്ങളില്‍ നിന്ന് ഒരു മോചനം നടക്കുന്ന കാലമാണിത്. ബഹിരാകാശ ദൗത്യങ്ങള്‍ മുതല്‍ അത്യാധുനിക സാങ്കേതികവിദ്യവരെയുള്ള പലതിലും ഇന്ത്യയുടെ പേര് ഈ കാലത്ത് അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്നു. അക്കൂട്ടത്തില്‍ പെടുന്ന, പുതിയകാല കമ്പനികളിലൊന്നാണ് ലോക ശ്രദ്ധപിടിച്ചുപറ്റിയ ലക്ഷ്വറി വാച്ച് നിര്‍മിക്കുന്ന 'ബാംഗ്ലൂര്‍ വാച്ച് കമ്പനി' (ബിഡബ്ല്യൂസി). 2018ലാണ് കമ്പനി സ്ഥാപിതമായതെങ്കിലും ഏതാനും വര്‍ഷത്തിനുള്ളില്‍ ആഢംബര വാച്ചുകളുടെ കാര്യത്തില്‍ അത് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. അത്തരം ഒരു നേട്ടമാണ് ബിഡബ്ല്യൂസി കൈവരിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ഭാര്യഭര്‍ത്താക്കന്മാരായ മേഴ്‌സി അമല്‍രാജും നിരുപേഷ് ജോഷിയുമാണ്.

 

∙ പുലിമടയിലേക്ക് ശ്രദ്ധയോടെ

 

ഇന്ത്യന്‍ വാച്ച് നിര്‍മാണ മേഖല പതിറ്റാണ്ടുകളായി അടക്കിവാണുവന്നത് രണ്ടു കമ്പനികളാണ് - എച്എംടിയും ടൈറ്റാനും. അവര്‍ക്കൊപ്പമെത്താൻ മാത്രമല്ല ബിഡബ്ല്യൂസി ചെയ്തത്, മറിച്ച് അവരുടെ നാട്ടില്‍ തന്നെ കമ്പനി സ്ഥാപിക്കുകയും ചെയ്തു. എച്ച്എംടി സ്ഥാപിക്കപ്പെടുന്നത് ബെംഗളൂരുവില്‍ ആണ്. അതു പോലെ ടൈറ്റാന്റെ ആസ്ഥാനവും ബെംഗളൂരുവാണ്. ബിഡബ്ല്യൂസി പുറത്തിറക്കിയ ആദ്യ വാച്ച് പോലും നിര്‍മാണം നിർത്തിയ എച്ച്എംടിയുടെ ഓര്‍മയ്ക്കു വേണ്ടിയായിരുന്നു. റിനയസന്‍സ് എന്ന പേരിലാണ് ആ വാച്ച് പുറത്തിറക്കിയത്. ഉന്നത നിലവാരമുള്ള ഓട്ടമാറ്റിക് വാച്ചുകളാണ് ബിഡബ്ല്യൂസി പുറത്തിറക്കുന്നത്. സ്വിസ് ചലനങ്ങളോടു കൂടിയ വാച്ച് ഡിസൈന്‍ ചെയ്യുന്നതും നിര്‍മിക്കുന്നതും ബെംഗളൂരുവിലാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടങ്ങി പല തീമുകളുള്ള വാച്ചുകളാണ് കമ്പനി നിര്‍മിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ബിസിനസ് പാര്‍ട്ണര്‍മാരായാണ് ബിഡബ്ല്യൂസി തുടങ്ങുന്നത്.

 

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്സ്പെക്ടേഷന്‍സില്‍ സംസാരിക്കാന്‍ ബാംഗളൂര്‍ വാച് കമ്പനിയുടെ സഹസ്ഥാപകയായ മേഴ്‌സി അമല്‍രാജും എത്തും. ടെക്സ്പെക്ടേഷന്‍സിന്റെ അഞ്ചാം എഡിഷനാണിത്.

 

∙ മേഴ്‌സിയുടെ കഥ

 

മധുരയിലെ ഒരു കൊച്ചു പട്ടണത്തില്‍ തമിഴ് മീഡിയം സ്‌കൂളിലാണ് മേഴ്‌സി പഠിച്ചത്. തുടക്കത്തില്‍ ടെക്‌നോളജി മേഖലയില്‍ യാതൊരു താത്പര്യവും ഇല്ലായിരുന്നു. എന്നാല്‍, തന്റെ അഭിരുചികള്‍ സൃഷ്ടിക്കപ്പെട്ട സമയം ചെലവിട്ടത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു താനും. തിരഞ്ഞെടുക്കാന്‍ മറ്റു മേഖലകള്‍ ഇല്ലായിരുന്നു എന്നതായിരുന്നു ഇതിനു കാരണം.

 

ഭര്‍ത്താവുമൊത്തുള്ള യാത്രകളില്‍ മേഴ്‌സി പല രാജ്യങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. ചില രാജ്യങ്ങളില്‍ താമസിച്ചു. എന്നാല്‍, ഇതെല്ലാം ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ മാത്രമാണ് ഉപകരിച്ചത്. ബൈജു, സോജു, സെയ്ക് തുടങ്ങിയ വാക്കുള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മാത്രമല്ല വിവിധതരം ബിസിനസുകള്‍, ആളുകള്‍, സംസ്‌കാരങ്ങള്‍ തുടങ്ങിയവ തമ്മിലുള്ള സൂക്ഷ്മഭേദങ്ങള്‍ പോലും തിരിച്ചറിയാനുള്ള ശേഷി പോലും ആര്‍ജ്ജിച്ചു. 2016ലാണ് മേഴ്‌സി ഇന്ത്യയില്‍ തിരിച്ചെത്തി ബാംഗളൂര്‍ വാച്ച് കമ്പനി തുടങ്ങാനുള്ള നീക്കം ആരംഭിച്ചത്. ഇന്ത്യയില്‍ നിന്ന് ലോക നിലവാരമുള്ള വാച്ചുകള്‍ നിര്‍മിച്ചെടുക്കാന്‍ തന്നെയായിരുന്നു ഉദ്ദേശം. സഹസ്ഥാപക എന്ന നിലയില്‍ കമ്പനിയുടെ 'ഓണര്‍ഷിപ് എക്സീപിരിയൻസ്' വിഭാഗത്തിന്റെ ചുമതലയാണ് വഹിക്കുന്നത്.

 

ഇന്ത്യയില്‍ നിന്നുള്ള ലക്ഷ്വറി ഉല്‍പന്നങ്ങള്‍ എന്നു പറഞ്ഞാല്‍ പൊതുവെ ആഭരണങ്ങളും മറ്റുമാണ് ഒരുകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. ഇതെല്ലാം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ് മേഴ്‌സിയും ഭര്‍ത്താവും വാച്ച് നിര്‍മാണ മേഖലയിലേക്ക് ഇറങ്ങിയത്. മോഡേണ്‍ ഇന്ത്യന്‍ ലക്ഷ്വറി വാച്ച് എന്ന വിവരണത്തോടെയാണ് തങ്ങളുടെ വാച്ചുകള്‍ വില്‍പനയ്‌ക്ക് എത്തിക്കുന്നത്.

Techspectations-2023

 

∙ ജോലികള്‍

 

യൂണിഫൈഡ് ഐപി സൊലൂഷന്‍സിലെ ക്യൂഎ എൻജിനിയറായും മേഴ്‌സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് 2006-2008 കാലഘട്ടത്തിലായിരുന്നു. അതിനു മുൻപ് ഇതേ കമ്പനിയിലെ തന്നെ ബില്‍ഡ് ആന്‍ഡ് റിലീസ് എൻജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു മുൻപ് ഓസ്റ്റ്‌ഫോള്‍ഡ് സോഫ്റ്റ്‌വെയറില്‍ ആപ്ലിക്കേഷന്‍ എൻജിനീയറായും ജോലി ചെയ്തു.

 

∙ പഠനം

 

മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ടെക്‌നോളജിയുമായി അടുത്തിടപഴകിയ അനുഭവ സമ്പത്തുണ്ടെങ്കിലും സ്മാര്‍ട് വാച്ചുകളുടെ പ്രളയത്തിനിടയിലും ലക്ഷ്വറി വാച്ചുകള്‍ നിർമിച്ച് നേട്ടം കൊയ്യുകയാണ് മേഴിസിയും നിരുപേഷും.

 

കോളജ് പഠന സമയത്ത് മേഴ്‌സി സ്‌പോര്‍ട്‌സില്‍ മികവു പുലര്‍ത്തിയിരുന്നു. വിവിധ തരം ടീം സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ആ മത്സരാഭിമുഖ്യം ഇപ്പോള്‍ തന്റെ ബിസിനസ് സംരംഭത്തിലും പ്രദര്‍ശിപ്പിച്ച് മികവുറ്റ വാച്ചുകള്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് മേഴ്‌സി. 

 

∙ ടെക്സ്പെക്ടേഷന്‍സ് 2023

 

ടെക്സ്പെക്ടേഷന്‍സിന്റെ 5-ാം എഡിഷന്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെബ്രുവരി 17ന് നടക്കും. ഇത്തവണത്തെ പ്രതിപാദ്യ വിഷയം 'എംഒ@25: ഉള്‍ക്കൊള്ളുക, ഉരുത്തിരിയുക, ഡിജിറ്റല്‍ വ്യവസ്ഥയില്‍ അഭിവൃത്തി പ്രാപിക്കുക'  എന്നതാണ്. മനോരമ ഓണ്‍ലൈന്റെ 25-ാം വാര്‍ഷികവുമാണ് ഇത്. ടെക്നോളജി മേഖലയിലെ വിദഗ്ധര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ടെക്സ്പെക്ടേഷന്‍സ് 2023 ല്‍ പങ്കെടുക്കും. ഇത്തവണ ഡിജിറ്റല്‍ ലോകത്തുള്ള പരിധിയില്ലാത്ത സാധ്യതകള്‍, അതുയര്‍ത്തുന്ന എണ്ണമറ്റ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ചയ്ക്കുവരും.

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.

English Summary: Mercy Amalraj - Founder - Bangalore Watch Company – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com