സങ്കീർണമായ ചോദ്യങ്ങൾക്ക് പോലും നിമിഷങ്ങൾക്കകം ഉത്തരം നൽകുന്ന എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയെ സൂക്ഷിക്കണമെന്ന് ആമസോൺ ജീവനക്കാർക്ക് മുന്നറിയിപ്പ്. കമ്പനിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ആമസോൺ ജീവനക്കാർ ഗവേഷണ ആവശ്യങ്ങൾക്കും ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്നുണ്ട്. ചില ആമസോൺ ജീവനക്കാർ ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സോഫ്റ്റ്‌വെയർ കോഡ് എഴുതാനും പരിശീലന രേഖകൾ സൃഷ്ടിക്കാനും ചാറ്റ്ബോട്ട് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഇതെല്ലാം കമ്പനിക്ക് ഭീഷണിയാണെന്നും രഹസ്യ വിവരങ്ങള്‍ ചാറ്റ്ജിപിറ്റിക്ക് കൈമാറരുതെന്നുമാണ് മുന്നറിയിപ്പ്. ഇത്തരം നിയന്ത്രണങ്ങൾ പ്രധാനമാണ്, കാരണം നിങ്ങളുടെ ഡേറ്റ ചാറ്റ്ജിപിറ്റി ഭാവിയിലെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാന്‍ ഉപയോഗിച്ചേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചാറ്റ്ബോട്ടിന്റെ ശേഷിയിൽ ആമസോൺ ജീവനക്കാരിലും മതിപ്പുളവാക്കിയതായി റിപ്പോർട്ട് പറയുന്നു. കസ്റ്റമർ സപ്പോർട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ജോലിയുമായി ബന്ധപ്പെട്ട മികവാര്‍ന്ന രേഖകൾ സൃഷ്ടിക്കുന്നതിനും ചാറ്റ്ജിപിറ്റി മികച്ച സഹായം നൽകുന്നുണ്ടെന്ന് ആമസോൺ വെബ് സർവീസ് ക്ലൗഡ് യൂണിറ്റിലെ ടീം അംഗങ്ങൾ പറഞ്ഞു. ആമസോൺ എൻജിനീയർമാർ കോഡ് അവലോകനം ചെയ്യാൻ ചാറ്റ്ബോട്ട് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
ഓൺലൈനിൽ ലഭ്യമായ ഉറവിടങ്ങളുടെ അടിസ്ഥാനത്തിലാണ് ചാറ്റ്ജിപിറ്റി ഉത്തരം നൽകുന്നത്. എന്നാൽ ഗൂഗിൾ സേർച്ച് വാർത്താ റിപ്പോർട്ടുകളെയും ജേണലുകളേയും അടിസ്ഥാനമാക്കിയാണ് ഉത്തരം നൽകുന്നത്. ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഗവേഷണം നടത്താൻ കഴിയുന്ന തരത്തിൽ ഗൂഗിൾ നിരവധി സേർച്ചിങ് ഫലങ്ങളും ലഭിക്കുന്നു. എന്നാൽ, ഗൂഗിൾ ഡേറ്റയും പേജുകളും എസ്ഇഒ ഒപ്റ്റിമൈസേഷന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഇതിനാൽ ശരിയായ ഉത്തരമോ ഉറവിടമോ കണ്ടെത്താൻ ഉപയോക്താക്കൾ ബുദ്ധിമുട്ടിയേക്കാം.
English Summary: Amazon warns employees about ChatGPT, says do not share sensitive info with chatbot