ADVERTISEMENT

ഭക്ഷണത്തെക്കുറിച്ചും ഹോട്ടലുകളെക്കുറിച്ചുമൊക്കെ ഇന്റർനെറ്റില്‍ തിരയുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. അങ്ങനെയൊരാളുടെ ഭക്ഷണത്തെക്കുറിച്ച് എന്തൊക്കെ വിവരങ്ങള്‍ സെര്‍ച്ച് പ്രൊവൈഡര്‍ക്ക് ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ചും ആഴ്ചയില്‍ ഏതൊക്കെ ദിവസം പുറത്തു നിന്നും ഭക്ഷണം കഴിക്കുമെന്നും എത്ര ദൂരെ വരെ പോയി ഭക്ഷണം കഴിക്കുമെന്നു തുടങ്ങി എപ്പോഴാണ് നിങ്ങള്‍ക്ക് വിശക്കുകയെന്ന് വരെ അവര്‍ക്ക് ചികഞ്ഞെടുക്കാനാവും. നിങ്ങള്‍ തിരയുന്ന റെസ്റ്റോറന്റും ഭക്ഷണവുമല്ല മറിച്ച് ആ വിവരങ്ങള്‍ ഉപയോഗിച്ച് ഖനനം ചെയ്‌തെടുക്കുന്ന ഡേറ്റയാണ് കൂടുതല്‍ ശക്തമായത്. അതുകൊണ്ടാണ് 18–ാം നൂറ്റാണ്ടില്‍ എണ്ണ എന്താണോ അതിന് തുല്യമാണ് 21–ാം നൂറ്റാണ്ടില്‍ ഡേറ്റയെന്ന് പറയുന്നതും.

ഇന്ന് നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള ശേഷി വിവരങ്ങള്‍ അഥവാ ഡേറ്റക്കുണ്ട്. ഡേറ്റയുടെ സ്വകാര്യത അതുകൊണ്ടുതന്നെ അത്രമേല്‍ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഡേറ്റ പ്രൈവസി ഡേ എല്ലാവര്‍ഷവും ജനുവരി 28ന് ആചരിക്കുന്നത്. സ്വകാര്യവിവരങ്ങളുടെ പ്രാധാന്യവും നമ്മുടെ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ് വര്‍ഷം കൂടും തോറും ഡേറ്റ പ്രൈവസി ഡേയുടെ പ്രാധാന്യം വര്‍ധിച്ചു വരുന്നതും.

∙ ഡേറ്റ പ്രൈവസി ഡേ?

യൂറോപിലാണ് ആദ്യം ഡേറ്റ പ്രൈവസി ഡേ എന്ന ആശയം വരുന്നത്. കൗണ്‍സില്‍ ഓഫ് യൂറോപ് 2007 മുതല്‍ യൂറോപ്യന്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ഡേ എന്ന പേരില്‍ ഡേറ്റ പ്രൈവസി ഡേ ആചരിക്കുന്നുണ്ട്. നാഷണല്‍ ഡേറ്റ പ്രൈവസി ഡേ എന്നും ഇത് അറിയപ്പെട്ടിരുന്നു. 2009 മുതല്‍ അമേരിക്കയിലും നാഷണല്‍ ഡേറ്റ പ്രൈവസി ഡേ ആചരിക്കുന്നുണ്ട്. യുഎസ് സെനറ്റ് റെസലൂഷന്‍ 25 പാസാക്കിയതിന്റെ ഓര്‍മക്കായി അമേരിക്കയില്‍ ജനുവരി 28നാണ് ഡേറ്റ പ്രൈവസി ഡേ ആചരിച്ചു തുടങ്ങിയത്. സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തികളേയും സ്ഥാപനങ്ങളേയും ബോധ്യപ്പെടുത്താന്‍ വേണ്ട പ്രചാരണ പരിപാടികളാണ് വിവര സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് പ്രധാനമായും നടക്കുന്നത്.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ നമ്മളില്‍ ഓരോരുത്തരുടേയും പേരും വിലാസവും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസവും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളുമൊക്കെ ഓണ്‍ലൈനില്‍ ലഭിക്കുക സ്വാഭാവികമാണ്. ഓണ്‍ലൈനില്‍ ലഭ്യമായ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നമ്മളില്‍ ഓരോരുത്തര്‍ക്കുമുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ അപാരവ്യക്തിത്വം സൃഷ്ടിക്കാനും സാമ്പത്തിക തട്ടിപ്പു നടത്താനുമൊക്കെ ഉപയോഗിക്കാനാകും. വ്യക്തികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അവ ദുരുപയോഗത്തിന് വിധേയമാകുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ബാധ്യത കൂടിയുണ്ട്.

Photo: anyaberkut/ istock
Photo: anyaberkut/ istock

∙ password ഒരു പാസ്‌വേഡല്ല

കുട്ടികളുടേയും പങ്കാളിയുടേയും പേരും ജനനതീയതിയുമൊക്കെ പാസ്‌വേഡായി ഉപയോഗിച്ചിരുന്ന കാലം പോയെന്ന് കരുതുന്നുണ്ടോ? മുഴുവനായി അങ്ങനെ കരുതാന്‍ വരട്ടെ. പാസ്‌വേഡ് മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റുകളായ നോര്‍ഡ് പാസിന്റെ റിപോര്‍ട്ട് പ്രകാരം password എന്നതാണ് 2022ല്‍ പോലും ലോകത്ത് ഏറ്റവും സാധാരണയായി ഉപയോഗിച്ച പാസ്‌വേഡ്. ഈ പട്ടികയില്‍ രണ്ടാമത്തെ സാധാരണ പാസ്‌വേഡ് 123456 ആണ്!

ഈ passwordഉം 123456 ഉം ഒക്കെ പാസ്‌വേഡായി പോലും കാണാനാവില്ല. കുറഞ്ഞത് 12 കാരക്ടറുകളെങ്കിലും വേണം കൊള്ളാവുന്ന പാസ്‌വേഡിന്. അക്ഷരങ്ങളും നമ്പറുകളും സ്‌പെഷല്‍ കാരക്ടറുകളുമൊക്കെ ചേര്‍ത്ത് 16 ക്യാരക്ടറുകളൊക്കെയുള്ള പാസ്‌വേഡാണ് കരുത്തുള്ള പാസ്‌വേഡായി വിലയിരുത്തപ്പെടുന്നത്. നിങ്ങളുടെ പാസ്‌വേഡുകള്‍ കരുത്തുള്ളതാണോ എന്ന് സ്വയം വിലയിരുത്തുക.

ഒരേ പാസ്‌വേഡുകള്‍ പല അക്കൗണ്ടുകളില്‍ ഉപയോഗിക്കാതിരിക്കുക. ഏതെങ്കിലും ഒരു പാസ്‌വേഡ് ഹാക്കര്‍മാര്‍ക്ക് കിട്ടിയാല്‍ അവര്‍ മറ്റ് അക്കൗണ്ടുകളിലും ഇതേ പാസ്‌വേഡ് ഉപയോഗിച്ചു നോക്കാനിടയുണ്ട്. അതുകൊണ്ട് ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക. ഒരിക്കലും പാസ്‌വേഡുകള്‍ ആരുമായും പങ്കുവെക്കാതിരിക്കുക. അതുപോലെ രണ്ട് ഘട്ട വെരിഫിക്കേഷന്‍ സാധ്യമായ സ്ഥലങ്ങളിലെല്ലാം അത് ഉപയോഗിക്കുക. ഫോണ്‍ വഴിയോ ഇ മെയില്‍ വഴിയോ നിങ്ങള്‍ ഉറപ്പിച്ചാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂ എന്നു വന്നാല്‍ 99.9 ശതമാനം ഹാക്കിങ് ശ്രമങ്ങളും പരാജയപ്പെടുമെന്നത് ചെറിയ കണക്കല്ല.

∙ സ്‌കിപ് ചെയ്യല്ലേ അപ്‌ഡേഷന്‍

സാധാരണ അപ്‌ഡേഷന്‍ നോട്ടിഫിക്കേഷന്‍ ഏത് ആപ്ലിക്കേഷന്റെ വന്നാലും വലിയൊരു ശതമാനവും സ്‌കിപ്പു ചെയ്യുകയാണ് പതിവ്. ഇത് ഹാക്കര്‍മാരെ സഹായിക്കുന്ന കാര്യമാണ്. കാരണം പലപ്പോഴും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ സുരക്ഷാ സംബന്ധിയായ അപ്‌ഡേറ്റുകള്‍ കൂടിയായിരിക്കും. കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകളുടേയും ഓപറേറ്റിങ് സിസ്റ്റങ്ങളുടേയും സാധ്യതകള്‍ മറ്റാരെക്കാളും ഹാക്കര്‍മാര്‍ക്ക് കൂടുതലറിയാം.

പല ഉപകരണങ്ങളിലും ആപ്ലിക്കേഷനുകളിലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ഓട്ടമാറ്റിക്കായി നടത്താനുള്ള സൗകര്യമുണ്ട്. ഇത് പ്രയോജനപ്പെടുത്താം. അതേസമയം ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ അപ്‌ഡേഷനുകള്‍ കൂടുതല്‍ സമയമെടുക്കുന്നതും പലപ്പോഴും മനുഷ്യരുടെ ഇടപെടലുകള്‍ കൊണ്ടു മാത്രം പൂര്‍ത്തിയാവുന്നതുമായിരിക്കും. അതുകൊണ്ട് മടികൂടാതെ ഒഎസ് അപ്‌ഡേഷനുകള്‍ സമയത്ത് ചെയ്യുന്നത് നിങ്ങളുടെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കും.

ഓപറേറ്റിങ് സിസ്റ്റങ്ങളുടെ അപ്‌ഡേഷനുകള്‍ പോലെ തന്നെ പ്രധാനമാണ് ആന്റി വൈറസുകളുടെ അപ്‌ഡേഷനുകളും. ആന്റി വൈറസുകള്‍ അപ്‌ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്നത് ഫലം ചെയ്യില്ല. ഏറ്റവും പുതിയ സൈബര്‍ ഭീഷണികളെ നേരിടാന്‍ വേണ്ട കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാവും സാധാരണ ആന്റി വൈറസ് അപ്‌ഡേഷനുകള്‍. ഏറ്റവും പുതിയ സൈബര്‍ വെല്ലുവിളികളെ നേരിടാനുള്ള കരുത്താണ് പലപ്പോഴും ആന്റി വൈറസ് അപ്‌ഡേഷനുകള്‍ വഴി നമുക്ക് ലഭിക്കുക.

∙ വായിക്കണം പ്രൈവസി പോളിസി

ഓരോ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും നമ്മള്‍ അവരുടെ സ്വകാര്യതാ നയങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നുണ്ട്. നിരവധി പേജുകളുള്ള പ്രൈവസി പോളിസികള്‍ നമ്മള്‍ വായിച്ചു നോക്കാതെ ടിക്കുമിട്ട് ഒകെ ബട്ടണ്‍ ക്ലിക്കു ചെയ്യുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ സ്വകാര്യ വിവരങ്ങളെക്കുറിച്ച് ഗൗരവമായി കരുതുന്നവരാണെങ്കില്‍ ഓരോ സോഫ്റ്റ്‌വെയറുകളുടേയും ആപ്ലിക്കേഷനുകളുടേയുമെല്ലാം പ്രൈവസി പോളിസികള്‍ വായിച്ചു നോക്കുക തന്നെ വേണമെന്നാണ് സൈബര്‍ വിദഗ്ധര്‍ ഉപദേശിക്കുന്നത്.

സ്വകാര്യ വിവരങ്ങള്‍ എന്തൊക്കെയാണ് നല്‍കുന്നതെന്നും അവ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്നും നമുക്ക് അറിവുണ്ടെങ്കില്‍ പോലും സൂക്ഷിക്കേണ്ടതുണ്ട്. കാരണം ഇന്റര്‍നെറ്റില്‍ പ്രകാശവേഗത്തിലാണ് ലഭിക്കുന്ന വിവരങ്ങള്‍ ആവശ്യക്കാര്‍ ശേഖരിക്കുന്നതും ദുരപയോഗം ചെയ്യുന്നതും. അതുകൊണ്ട് ഇനിയെങ്കിലും മുഴുവനായി മനസിലാവാതെ I Agree എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യാതിരിക്കുക.

Finger print scan. Authorization in security system. Woman hand scanning finger. Access control. Vector illustration flat design. Isolated on white background. Identification of person.
Photo: Shutterstock

∙ ഡേറ്റയുടെ സുരക്ഷ, വ്യക്തികളുടേയും

ഡിജിറ്റല്‍ ലോകത്ത് വ്യക്തിപരമായ വിവരങ്ങള്‍ സുരക്ഷിതമായി വയ്ക്കുന്നതിന് ഓരോരുത്തരും മുന്‍കയ്യെടുക്കുക തന്നെ വേണം. വ്യക്തികളെ പോലെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി വയ്ക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും പങ്കുണ്ട്. ഓരോ വ്യക്തികളുടേയും ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോരുത്തരേയും സ്വകാര്യ വിവരങ്ങളുടെ സുരക്ഷയുടെ പ്രാധാന്യം അറിയിക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിനു വേണ്ടി തുടര്‍ച്ചയായ ബോധവല്‍ക്കരണങ്ങളും പ്രചാരണ പരിപാടികളും നടത്തണമെന്ന ഉത്തരവാദിത്വം ഓര്‍മിപ്പിക്കുകയാണ് ഓരോ ഡേറ്റ പ്രൈവസി ഡേയും ചെയ്യുന്നത്. ഓരോ ദിവസം കൂടും തോറും കൂടുതല്‍ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഡേറ്റ പ്രൈവസി ഡേയുടെ പ്രാധാന്യം ഇനിയും വര്‍ധിക്കുകയേ ഉള്ളൂവെന്ന് ഉറപ്പിക്കാം.

English Summary: Data Privacy Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com