ADVERTISEMENT

ഈ നൂറ്റാണ്ടില്‍ ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തെ കീഴടക്കാന്‍ സൈനികര്‍ വേണ്ട, ഡേറ്റ മതിയെന്നാണ് പ്രമുഖ ചരിത്രകാരൻ യുവാൽ നോവ ഹരാരി ഒരിക്കല്‍ പറഞ്ഞത്. പണ്ട് ബ്രിട്ടൻ ഇന്ത്യയിലേക്ക് സൈനികരെ കപ്പലില്‍ കയറ്റി അയച്ചതു പോലെ 21-ാം നൂറ്റാണ്ടില്‍ ഒരു രാജ്യത്തെ കീഴടക്കാന്‍ സേനയെ അയക്കേണ്ട ആവശ്യമില്ല എന്നാണ് ഹരാരി പറയുന്നത്. പകരം ആ രാജ്യത്തെ ജനങ്ങളുടെയും നേതാക്കന്മാരുടെയും ഡേറ്റ കൈവശപ്പെടുത്തിയാല്‍ മതി. ഇപ്പോള്‍ സ്വതന്ത്ര രാജ്യങ്ങളില്ല, മറിച്ച് ഡേറ്റാ കോളനികളാണ് ഉള്ളത്. സാമ്പത്തിക രംഗത്തേക്കു നോക്കിയാല്‍ ഡേറ്റാ വിളവെടുപ്പു നടത്തി ചില കോര്‍പറേറ്റ് കമ്പനികള്‍ക്ക് വ്യവസായ രംഗത്ത് മേല്‍ക്കോയ്മ നേടാനാകുമെന്നു കാണാം. ഏതൊരു രാജ്യത്തും ഒരു പരിധിക്കപ്പുറത്ത് പൗരന്മാരുടെ ഡേറ്റ ശേഖരിച്ചുവയ്ക്കുന്നുണ്ടോ അവിടെ സ്വേച്ഛാധിപത്യം വരാം. രാജ്യത്തിനു പുറത്തേക്ക് വളരെയധികം ഡേറ്റ കൊണ്ടുപോകാന്‍ അനുവദിക്കുന്ന രാജ്യം ഒരു ഡേറ്റാ കോളനിയായി മാറാം. ഡേറ്റാ കോളനി വല്‍ക്കരണമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്ന് എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

∙ സർക്കാരിനേയും നിരീക്ഷിക്കാനാകണം

പൗരന്മാരെ എങ്ങനെ വരുതിയില്‍ നിർത്താമെന്ന ലക്ഷ്യത്തിനായല്ല, മറിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന കാര്യത്തിന് ഊന്നല്‍ നല്‍കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ സർക്കാരുകള്‍ ശ്രദ്ധിക്കണമെന്നും ഹരാരി പറയുന്നു. ജനങ്ങളെ നിരീക്ഷിക്കാന്‍ ഉപാധികള്‍ കൊണ്ടുവരുന്ന രാജ്യങ്ങള്‍, സമാന്തരമായി സർക്കാരിനേയും ബിസിനസ് സ്ഥാപനങ്ങളെയും നിരീക്ഷിക്കാനുമുള്ള സംവിധാനവും ഒരുക്കണം. എന്നു പറഞ്ഞാല്‍ മുകളില്‍ നിന്നു താഴേക്കു നടത്തുന്ന നിരീക്ഷണം മാത്രം പോര. മറിച്ച് താഴെ നിന്ന് മുകളിലേക്കുള്ള നിരീക്ഷണവും ഉണ്ടാകണം, അപ്പോള്‍ മാത്രമാണ് സന്തുലിതാവസ്ഥ ഉണ്ടാകുക. ഉദാഹരണത്തിന് കോര്‍പറേറ്റ് കമ്പനികള്‍ മുഴുവന്‍ നികുതി അടയ്ക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകണം. സർക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നുണ്ടോ എന്നും നിരീക്ഷിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവ ഉപയോഗിച്ച് ശേഖരിക്കുന്ന ഡേറ്റ സർക്കാരുകള്‍ക്കും പൊതുജനത്തിനും ഒരു വെല്ലുവിളിയാകും. ആധുനിക കാലത്ത് സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ എൻജിനീയര്‍ക്കും കോഡിങ് നടത്തുന്നവര്‍ക്കും തങ്ങളുടെ ശേഷികള്‍ പ്രയോജനപ്പെടുത്താം. അവര്‍ക്ക് നിരീക്ഷണം ശക്തിപ്പെടുത്തി സമൂഹത്തിന്റെ മൊത്തം ഗുണത്തിനായി പ്രവര്‍ത്തിക്കാം.

∙ ദേശീയ, രാജ്യാന്തര തലങ്ങളിലും വെല്ലുവിളിയായി ബിഗ് ഡേറ്റ

ദേശീയ തലത്തിലും ആഗോള തലത്തിലും ബിഗ് ഡേറ്റ വന്‍ വെല്ലുവിളി ഉയര്‍ത്തും. ദേശീയ തലത്തില്‍ ഡേറ്റ സർക്കാരിന്റെയും ചുരുക്കം ചില വമ്പന്‍ കോര്‍പറേറ്റ് കമ്പനികളുടെയും കൈയ്യില്‍ മാത്രമായി ഒതുങ്ങാം. ഇത് സമൂഹങ്ങളില്‍ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കും. സര്‍വാധിപത്യപരമായ താത്പര്യങ്ങളുള്ള സർക്കാരുകള്‍ വരും. മനുഷ്യരുടെ ചരിത്രത്തിലാദ്യമായി ഒരു മനുഷ്യന് അവനെ അറിയാവുന്നതിനേക്കാളേറെ സാങ്കേതികവിദ്യയ്ക്ക് അവനെ അറിയാവുന്ന കാലത്താണിപ്പോള്‍ നാം നില്‍ക്കുന്നത്. മുന്‍കാല സ്വേച്ഛാധിപതികള്‍ക്കൊന്നും ഇത് സാധ്യമായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ നാം ശ്രമിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ആഗോള തലത്തിലും ഡേറ്റ ഉപയോഗിച്ചുള്ള കോളനിവല്‍ക്കരണമാണ് നടക്കുന്നത്.

∙ ഡേറ്റാ കോളനി എന്നു പറഞ്ഞാലെന്ത്?

ചൈനയോ അമേരിക്കയോ പോലെയുള്ള രാജ്യങ്ങള്‍ മറ്റേതെങ്കിലും ഒരു രാജ്യത്തെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജഡ്ജികളുടെയും സൈനിക മേധാവികളുടെയും വ്യക്തിവിരങ്ങള്‍ സന്തമാക്കി എന്നു സങ്കല്‍പ്പിക്കുക. അവരെന്തു തമാശകളാണ് പറയുന്നതെന്നും അവര്‍ക്ക് എന്തെല്ലാം പ്രശ്നങ്ങളാണ് ഉള്ളതെന്നും വരെ അറിഞ്ഞു എന്നു കരുതുക. ആ രാജ്യം ഒരു ഒട്ടും സ്വതന്ത്രമല്ല, മറിച്ച് ഒരു ഡേറ്റാ കോളനിയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദേശീയ തലത്തിലാണെങ്കിലും രാജ്യാന്തര തലത്തിലാണെങ്കിലും ഡേറ്റാ കേന്ദ്രീകരണം ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

∙ വ്യക്തി സ്വാതന്ത്ര്യം നഷ്ടമാകുന്നു

നമ്മെക്കുറിച്ചൊക്കെ മുന്‍കാലത്തൊന്നും സാധ്യമല്ലാത്ത രീതിയല്‍ വ്യക്തിവിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു. അങ്ങനെ ശേഖരിക്കപ്പെടുന്ന ഡേറ്റ ഉപയോഗിച്ച് വൈകാരികമായും ബൗദ്ധികമായും നമ്മെ നിയന്ത്രിക്കാവുന്ന കാലത്തേക്കാണ് കാര്യങ്ങൾ പോകുന്നത്. സര്‍വവ്യാപിയായ ഡേറ്റ ഉപയോഗിച്ച് ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളും അല്‍ഗോറിതങ്ങള്‍ നടത്തുന്ന കാലത്തേക്കാണ് നാമെത്തുന്നത്. ഉദാഹരണത്തിന് ജോലിക്ക് അപേക്ഷ നല്‍കുമ്പോഴും ലോണിന് അപേക്ഷിക്കുമ്പോഴും എല്ലാം തീരുമാനം കൈക്കൊള്ളുന്നത് മറ്റു മനുഷ്യരായിരിക്കില്ല അല്‍ഗോറിതങ്ങളായിരിക്കും. ഇതിനാല്‍ തന്നെ എല്ലാ രാജ്യങ്ങളും ഡേറ്റാ കേന്ദ്രീകരണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കി മുന്നോട്ടു പോകണം. ഇക്കാലത്ത് നമ്മെക്കുറിച്ചുള്ള ആയിരക്കണക്കിന് ഡേറ്റാ സെറ്റുകള്‍ ലഭ്യമാണ്. നമുക്ക് നമ്മുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാം എടുക്കുന്ന ഒരു സുപ്രധാന തീരുമാനം എന്തുകൊണ്ടാണ് എടുത്തതെന്നു പോലും നമുക്കു മനസ്സിലാകാത്ത അവസ്ഥയിലേക്കാണ് എത്തുന്നത്.

∙ ഭൂമിയെ നിയന്ത്രിക്കാന്‍ പോകുന്നത് യന്ത്രങ്ങള്‍

ഇപ്പോള്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഭൂമിയെ നിയന്ത്രിക്കാന്‍ പോകുന്നത് സൂപ്പര്‍ ഇന്റലിജന്റായ യന്ത്രങ്ങളായിരിക്കും എന്നതാണ്. അവയ്ക്ക് ബോധമണ്ഡലം ഇല്ല. വരാനിരിക്കുന്ന ഈ വമ്പന്‍ വിപ്ലവം ശരിക്കും പേടിപ്പെടുത്തുന്നതാണ്. ടെക്‌നോളജിയുടെ മുന്നേറ്റത്തില്‍ തന്നെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മുന്നേറ്റങ്ങളാണ്.

ടെക്‌നോളജി കമ്പനികള്‍ക്ക് നമ്മെക്കുറിച്ച് മുൻപൊരിക്കലും ഇല്ലാതിരുന്നത്ര ഡേറ്റ ലഭിച്ചിരിക്കുന്നു. അവര്‍ അവരുടെ അല്‍ഗോറിതങ്ങള്‍ക്ക് നിരന്തരം മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയുമാണ്. പലപ്പോഴും നാമെടുക്കാന്‍ പോകുന്ന തീരുമാനങ്ങളെക്കുറിച്ച് അല്‍ഗോറിതങ്ങള്‍ക്ക് നേരത്തേ തന്നെ അറിയാം. ടെക്‌നോളജി കമ്പനികള്‍ ജീവശാസ്ത്രപരമായും നമ്മെ അറിയാന്‍ ശ്രമിക്കുന്നു. നമ്മുടെ വികാരങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്നതിനെക്കാള്‍ നന്നായി അല്‍ഗേറിതങ്ങള്‍ക്ക് അറിയാവുന്ന കാലം ഉടനെ എത്തും.

English Summary: Role of Data Scientist in Military and Intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com