സ്മാർട് ഫോൺ വിപണി തകർന്നു, ചൈനയ്ക്ക് വൻ തിരിച്ചടി
Mail This Article
കഴിഞ്ഞ വർഷം ചൈനയുടെ സ്‌മാർട് ഫോൺ വിൽപന ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന് റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളും മറ്റു സാമ്പത്തിക പ്രതിസന്ധികളുമാണ് ചൈനീസ് സ്മാർട് ഫോൺ വിപണി 13 ശതമാനം ഇടിയാൻ കാരണമായത്. 2022 ൽ വിറ്റ ഹാൻഡ്സെറ്റുകളുടെ എണ്ണം 28.6 കോടിയാണ്. 2021ൽ ഇത് 32.9 കോടിയായിരുന്നു. 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിൽപനയാണിത്. ആദ്യമായാണ് വാർഷിക വിൽപന 30 കോടിയിൽ താഴെ പോകുന്നതെന്നും ഐഡിസി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷവും ചൈനയിൽ കർശനമായ കോവിഡ് നിയന്ത്രണങ്ങളായിരുന്നു. പല പ്ലാന്റുകളിലും കാര്യമായ നിർമാണം നടന്നില്ല. വിപണി വൻ പ്രതിസന്ധിയിലായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറോടെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സ്മാർട് ഫോൺ വിപണി ഉണർന്നിട്ടുണ്ട്.
ഐഡിസിയുടെ കണക്കനുസരിച്ച് ചൈനയിൽ 18.6 ശതമാനം വിപണി വിഹിതവുമായി ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ വിവോ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായി. എന്നാൽ വിവോയുടെ മൊത്തം വിൽപന പ്രതിവർഷം 25.1 ശതമാനമായി കുറഞ്ഞു. വിപണിയിൽ 34 ശതമാനത്തിലധികം ഇടിവ് നേരിട്ടെങ്കിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാൻഡായി ഓണറിനെ തിരഞ്ഞെടുത്തു. 2022 ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഫോൺ ബ്രാൻഡായിരുന്നു ആപ്പിൾ. ഹാൻഡ്സെറ്റ് വില്‍പനയില്‍ ആപ്പിളും ഒപ്പോയും ഒപ്പത്തിനൊപ്പമാണ്.
ഐഡിസിയുടെ കണക്കനുസരിച്ച് ആപ്പിളിന്റെ മൊത്തത്തിലുള്ള വിൽപന പ്രതിവർഷം 4.4 ശതമാനം കുറഞ്ഞു. അതേസമയം ഓണർ ഒഴികെയുള്ള മറ്റെല്ലാ കമ്പനികളുടെയും വിൽപന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ ചൈനയിലെ സ്മാർട് ഫോൺ വിൽപനയിലെ ഇടിവ് ആഗോളതലത്തിലുള്ള വിപണിയിലെ പ്രകടനത്തെയും പ്രതിഫലിപ്പിച്ചു. 2022 ൽ, ആഗോള സ്‌മാർട് ഫോൺ കയറ്റുമതി 120 കോടിയിലെത്തി. 2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്.
English Summary: China's Smartphone Sales Plunged to Lowest in a Decade in 2022