ADVERTISEMENT

പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാമെന്നതിനാല്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ തുറന്നു നല്‍കാത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തി പകരുന്ന സംവിധാനമാണ് ഗൂഗിളിന്റെ മ്യൂസിക്എല്‍എം (MusicLM) എന്ന് ഫോബ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. വാക്കുകള്‍കൊണ്ട് വിവരണം നല്‍കിയാല്‍ അത് സംഗീതമാക്കി മാറ്റാന്‍ ശേഷിയുള്ളതാണിത്. സംഗീതത്തിന്റെ ഭാവി എന്താണെന്നുള്ളതിന്റെ സൂചന കൂടിയാണ് ഇതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സംഗീതത്തിലെ ചാറ്റ്ജിപിറ്റിയും ഡാല്‍-ഇയുമാണ് മ്യൂസിക്എല്‍എം എന്നും വാദമുയര്‍ന്നു കഴിഞ്ഞു.

∙ എഐ അതിശയോക്തിയോ?

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളിലൊക്കെ കുറച്ച് അതിശയോക്തിയും ഉണ്ടെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, ഇന്നേവരെയുള്ള സകല സംഗീത അറിവുകളെയും ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തലച്ചോറില്‍ എത്തിച്ച് അതില്‍നിന്ന് തങ്ങള്‍ക്കാവശ്യമുള്ളത് പുതുമയോടെ തിരിച്ചെടുക്കുക എന്നൊരു സാധ്യതയാണ് മ്യൂസിക്എല്‍എം തുറന്നിടുന്നതെന്ന് കാണാതിരിക്കാനും വയ്യ. ഒരാളുടെ അഭിരുചിക്ക് അനുസരിച്ചുള്ള സംഗീതം ഇങ്ങനെ ലഭിക്കുമെങ്കില്‍ പിന്നെ സംഗീതജ്ഞരുടെ പ്രസക്തിയെവിടെ എന്നാണ് ഫോബ്സ് ചോദിക്കുന്നത്. വിനോദത്തിനായി ഇഷ്ടമുളള സംഗീതം നമുക്കു തന്നെ സൃഷ്ടിക്കാവുന്ന കാലമാണ് വരുന്നത്. ഇന്നേവരെ സംഗീതം റെക്കോർഡ് ചെയ്ത എല്ലാ സംഗീതജ്ഞരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തിയായിരിക്കും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ‘ശാന്തത പകരുന്ന വയലിന്റെ സംഗീതം വക്രീകരിക്കപ്പെട്ട ഗിത്താര്‍ ശബ്ദത്തിനൊപ്പം’ എന്നൊക്കെ കമാന്‍ഡ് നല്‍കിയാല്‍ സംഗീതം റെഡി.

ഇതേക്കുറിച്ച്, ഗൂഗിള്‍ ഗിറ്റ്ഹബില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മുഴുവന്‍ ഇവിടെ വായിക്കാം, എഐ സൃഷ്ടിച്ച സംഗീത ശകലങ്ങള്‍ കേൾക്കുകയും ചെയ്യാം: https://bit.ly/3jfrB2U

∙ ഇഷ്ടമുള്ള സംഗീതം കേവലമൊരു കമാന്‍ഡ് അകലെ

ഏകദേശം 280,000 മണിക്കൂറിലേറെ റെക്കോർഡഡ് സംഗീതം പരിശീലിപ്പിച്ചാണ് മ്യൂസിക്എല്‍എം സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ, കമാൻഡ് നൽകിയാൽ വിവിധ തരം സംഗീതോപകരണങ്ങള്‍, സംഗീത വിഭാഗങ്ങള്‍, സങ്കല്‍പങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള സംഗീതം മ്യൂസിക്എല്‍എമ്മിന് സൃഷ്ടിക്കാനാകും. എഐ ഇവിടെ ഒരു മനുഷ്യ തലച്ചോറെന്നവണ്ണം പ്രവര്‍ത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഫോര്‍ബ്‌സ് പറയുന്നു. എഐയിലുള്ള എല്ലാത്തരം സംഗീത പാറ്റേണുകളെയും ശബ്ദ ഫ്രീക്വന്‍സികളെയും ഉള്‍ക്കൊണ്ടായിരിക്കും ഇത് പുതിയ സംഗീതം സൃഷ്ടിക്കുക. എന്നാല്‍, മ്യൂസിക്എല്‍എം എത്തുന്നതിനു മുൻപ് എഐ സൃഷ്ടിച്ച കാര്‍ടി (Carti) പാട്ടുകള്‍ ഇപ്പോള്‍ത്തന്നെ യൂട്യൂബില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ബട്ടര്‍ഫ്‌ളൈസ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

∙ മാന്ത്രിക വടിയാലെന്ന പോലെ സംഗീതം

മാന്ത്രികന്റെ വടി ചുഴറ്റിയാലെന്നവണ്ണം മ്യൂസിക്എല്‍എമ്മിന് സംഗീതം സൃഷ്ടിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വ്യക്തതയും കൃത്യതയുമുള്ള സംഗീതമായിരിക്കും ഇത്. ഒരു മെലഡി പാടിക്കൊടുത്ത് എഐയെ പരിശീലിപ്പിച്ച് നിങ്ങള്‍ ഉദ്ദേശിക്കുന്നതരം സംഗീതം അതിനെക്കൊണ്ട് സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ടെന്നും പറയുന്നു. തങ്ങളുടെ എഐ 24 കിലൊഹെട്‌സിലുള്ള സംഗീതമാണ് സൃഷ്ടിച്ചെടുക്കുന്നതെന്നും ഇതിന് പല മിനിറ്റ് നേരത്തേക്ക് സ്ഥിരത പുലര്‍ത്താന്‍ സാധിക്കുമെന്നും ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ പറയുന്നു. ഓട്ടമാറ്റിക്കായി സംഗീതം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗവേഷകരെ സഹായിക്കാനായി ഗൂഗിള്‍ 5,500 സംഗീത ശകലങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

∙ സംഗീതലോകം മാറും

സംഗീത ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇത്തരം സാങ്കേതികവിദ്യ വരുന്നതിനു മുന്നോടിയായി നിയമങ്ങളുടെ പുതിയ ചട്ടക്കൂടൊരുക്കണമെന്ന അവശ്യവും ഉയരുന്നു.

∙ ചില ചോദ്യങ്ങള്‍

എഐ ഇങ്ങനെ സംഗീതം സൃഷ്ടിക്കുന്നതിലുള്ള റിസ്‌ക് എന്താണ്? അങ്ങനെ സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിന്റെ ഉടമയാരാണ്? മനുഷ്യനോ എഐയോ? എഐ സൃഷ്ടിക്കുന്ന സംഗീതം ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന എല്ലാത്തരം മ്യൂസിക്കും സംയോജിപ്പിച്ച് നിർമിച്ചതാണ്. ഇതുവരെയുളള പ്രഗത്ഭ സംഗീതജ്ഞരുടെ പ്രതിഭ ഇതിലുണ്ട്. എഐ സൃഷ്ടിക്കുന്ന പാട്ടുകളുടെ ഉടമസ്ഥാവകാശം ആര്‍ക്കായിരിക്കണം? നിങ്ങള്‍ ഒരു പാട്ട് പണം കൊടുത്തു വാങ്ങുമ്പോള്‍ അതിലുള്ള സംഗീതത്തെ എഐയെ പരിശീലിപ്പിക്കാന്‍ കൂടി ഉപയോഗിക്കാന്‍ അനുവദിക്കണമോ?

GOOGLE-INDIA/

∙ ടാറിന്‍ സതേണ്‍ ചെയ്യുന്നതെന്ത്?

അമേരിക്കന്‍ ഐഡലായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും യൂട്യൂബ് താരവുമാണ് ടാറിന്‍ സതേണ്‍. എഐ ഉപയോഗിച്ച് പാട്ടുകള്‍ കംപോസ് ചെയ്യുന്നുണ്ട് ടാറിന്‍. ഇങ്ങനെ അവര്‍ സൃഷ്ടിക്കുന്ന സംഗീതം എന്തുതരം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്ന് പഠിക്കുകയാണ് ലോകമെമ്പാടുമുള്ള ഗവേഷകരിപ്പോള്‍. ഈ മേഖലയില്‍ നിയമങ്ങള്‍ ബലപ്പെടുത്തുക എന്നത് ഉടനെ ചെയ്യേണ്ട കാര്യമാണെന്നും വാദമുയരുന്നു. എഐയുടെ ശക്തി അനുദിനമെന്നോണം വളരും. എന്നാല്‍, അതു സൃഷ്ടിക്കുന്ന കണ്ടെന്റിനെക്കുറിച്ച് അടിയന്തര ചര്‍ച്ചകള്‍ നടക്കേണ്ട കാലമാണിത്.

∙ സാംസങ് ഗ്യാലക്‌സി എസ്23 തുടക്ക വേരിയന്റിന് 7,000 രൂപയെങ്കിലും വര്‍ധിക്കും

ഐഫോണ്‍ ഇഷ്ടമില്ലാത്ത പ്രീമിയം ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്നത് സാംസങ് ഇറക്കുന്ന ഫോണുകളില്‍ കണ്ണുംനട്ടാണ്. ഗ്യാലക്‌സി എസ് ശ്രേണി ഫോണ്‍ ഫാന്‍സിനെ സാംസങ് പൊതുവെ നിരാശരാക്കാറില്ല. പക്ഷേ, ഇത്തവണ കമ്പനിയുടെ പ്രീമിയം ശ്രേണിക്ക് വിലകൂടുമെന്ന കാര്യം ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.

∙ അള്‍ട്രായ്ക്ക് 1,14,999 രൂപ?

ഫെബ്രുവരിയില്‍ പുറത്തിറക്കാന്‍ പോകുന്ന ഗ്യാലക്‌സി എസ്23 ശ്രേണിയിലെ ഏറ്റവും കുറഞ്ഞ മോഡലിന് ഇന്ത്യയില്‍ 7000 രൂപയെങ്കിലും വര്‍ധിച്ചേക്കുമെന്നാണ് സൂചന. എസ്23 അള്‍ട്രായ്ക്കായിരിക്കും ഏറ്റവുമധികം വില വര്‍ധന. എസ് 23 സീരീസിന്റെ തുടക്ക വേരിയന്റുകള്‍ക്ക് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില ഇപ്രകാരം ആണ്:

– എസ്23 വാനില: 79,999 രൂപ
– എസ്23 പ്ലസ്: 89,999 രൂപ
– എസ്23 അള്‍ട്രാ: 1,14,999 രൂപ

∙ കടകളില്‍ മാത്രം വാങ്ങാന്‍ ലഭിക്കുന്ന മൂന്ന് സ്മാര്‍ട് വാച്ചുകളിറക്കി ഫയര്‍-ബോള്‍ട്ട്

ഫയര്‍-ബോള്‍ട്ട് കമ്പനി ഇറക്കിയ മൂന്നു പുതിയ സ്മാര്‍ട് വാച്ചുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കില്ല. ഇവ സാറ്റേണ്‍, ടോക് 3, നിന്‍ജാ-ഫിറ്റ് എന്നിവയാണ്. ഇവയ്ക്ക് യഥാക്രമം 3999 രൂപ, 2199 രൂപ, 1299 രൂപ എന്നിങ്ങനെയാണ് വില. സ്മാര്‍ട് വാച്ചില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ പ്രാഥമിക പ്രവര്‍ത്തനങ്ങളും ഇവയ്ക്ക് ഉണ്ടായിരിക്കും. ഏറ്റവും വില കൂടിയ ഫയര്‍-ബോള്‍ട്ട് സാറ്റേണിന് 1.78-ഇഞ്ച് അമോലെഡ് ഡ്‌സിപ്ലേയാണ് ഉള്ളത്. ജനുവരി 29 മുതല്‍ രാജ്യത്തെ 750ലേറെ നഗരങ്ങളിലുള്ള കടകള്‍ വഴി ഇവയുടെ വില്‍പന ആരംഭിച്ചു.

∙ മാര്‍ച്ചില്‍ പുതിയ ഉപകരണങ്ങളിറക്കാന്‍ ആപ്പിള്‍

പുതിയ ഐഫോണുകള്‍ക്കായി അടുത്ത സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. എന്നാല്‍, മാര്‍ച്ചില്‍ പുതിയ ഏതാനും ചില ഉപകരണങ്ങള്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇവ എന്തൊക്കെയായിരിക്കും എന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍ ഫാന്‍സ്. മാര്‍ച്ച് 25ന് നടത്തിയേക്കാമെന്നു കരുതുന്ന ചടങ്ങില്‍ വര്‍ഷങ്ങളായി പറഞ്ഞുകേട്ട റിയാലിറ്റി പ്രോ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ഉണ്ടായിരിക്കുമോ എന്നറിയാനാണ് ഫാന്‍സിന് ഏറ്റവുമധികം ആകാംക്ഷ. ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടക്കാന്‍പോകുന്ന ചടങ്ങില്‍ പുറത്തിറക്കാന്‍ പോകുന്നത് ആപ്പിളിന്റെ ഹെഡ്‌സെറ്റ് തന്നെ ആയിരിക്കാമെന്നാണ് സൂചന.

English Summary: Google has developed a music-making AI bot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com