ADVERTISEMENT

സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ല. ഓരോ ദിവസവും പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങളെ കബളിപ്പിക്കാനും ഒടിപി, ബാങ്ക് വിശദാംശങ്ങൾ, സ്മാർട് ഫോണുകളിലേക്കുള്ള റിമോട്ട് ആക്സസ് എന്നിവ പോലുള്ള വിവരങ്ങൾ സ്വന്തമാക്കി പണം മോഷ്ടിക്കാനും പുതിയ വഴികളാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസിൽ ഗുരുഗ്രാമിൽ നിന്നുള്ള യുവതിക്ക് എസ്എംഎസിൽ ക്ലിക്ക് ചെയ്തതിനെത്തുടർന്ന് ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

ഗുരുഗ്രാം ഡിഎൽഎഫ് ഫേസ്-5ൽ താമസിക്കുന്ന മാധ്വി ദത്തയ്ക്കാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ജനുവരി 21 ന് യുവതിയുടെ ഫോണിലേക്ക് ഒരു എസ്എംഎസ് ലഭിച്ചു, ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എച്ച്ഡിഎഫ്‌സി അക്കൗണ്ട് ഇന്ന് അവസാനിപ്പിക്കും, ഇവിടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പാൻ കാർഡ് നമ്പർ ചേർക്കുക.’

എസ്എംഎസ് ബാങ്ക് നോട്ടിഫിക്കേഷനായി കരുതിയ ദത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു. ക്ലിക്ക് ചെയ്തതോടെ മറ്റൊരു വെബ്‌പേജിലേക്കാണ് പോയത്. ഇവിടെ ഉപഭോക്താവിന്റെ വിശദാംശങ്ങൾ എല്ലാം നിർദ്ദേശപ്രകാരം നൽകി. ഈ പ്രക്രിയയ്ക്ക് ശേഷം ഫോണിൽ ലഭിച്ച ഒടിപിയും നൽകി. ഒടിപി നൽകി മിനിറ്റുകൾക്കകം അവരുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. അപ്പോഴാണ് താൻ സൈബർ തട്ടിപ്പുകാരാൽ കബളിപ്പിക്കപ്പെട്ടതായി അവർക്ക് മനസ്സിലായത്.

ഒടിപി നൽകിയയുടൻ അക്കൗണ്ടിൽ നിന്ന് 1 ലക്ഷം കുറഞ്ഞു. സൈബർ ഹെൽപ്പ് ലൈൻ 1930 ലേക്ക് പലതവണ വിളിച്ചെങ്കിലും കണക്റ്റ് ചെയ്തില്ല, ഒടുവിൽ സൈബർ പോർട്ടൽ വഴി പരാതി നൽകിയെന്നും ദത്ത പറഞ്ഞു. എസ്എംഎസ് തട്ടിപ്പുകളും ഫിഷിങ് ലിങ്കുകളും പുതിയതല്ലെങ്കിലും സൈബർ സെല്ലുകളുടെ എല്ലാ അവബോധവും അലേർട്ടുകളും ഉണ്ടായിരുന്നിട്ടും അവ ഗണ്യമായി വർധിച്ചുവരികയാണ്. ഒടിപി പോലുള്ള സെൻസിറ്റീവ് ക്രെഡൻഷ്യലുകൾ പങ്കിടുകയോ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സൈബര്‍ വിദഗ്ധർ കർശനമായി നിർദ്ദേശിക്കുന്നു. ബാങ്കുകൾ പോലും ഒടിപി ആവശ്യപ്പെടുകയോ പ്രക്രിയ പൂർത്തിയാക്കാൻ ഏതെങ്കിലും ലിങ്ക് അയയ്‌ക്കുകയോ ചെയ്യാത്തതിനാൽ ഫിഷിങ് എസ്എംഎസുകളിൽ വീഴാതിരിക്കുക. എന്നിട്ടും ചിലരെങ്കിലും ഇപ്പോഴും തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്.

 

∙ എസ്എംഎസ് തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം

 

ഒടിപി, ബാങ്ക് വിശദാംശങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ എസ്എംഎസിലൂടെയോ കോളിലൂടെയോ പങ്കിടരുത്. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ഫോൺ എന്നിവയ്‌ക്ക് പോലും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, അവ പതിവായി മാറ്റുക. എസ്എംഎസുകൾ പരിശോധിച്ച് വേണ്ടതുപോലെ നീങ്ങുക. സംശയമുണ്ടെങ്കിൽ ബാങ്ക് മാനേജരുമായോ ഹെൽപ്പ്ലൈനിലോ ബന്ധപ്പെടുക. എസ്എംഎസുകൾ, വാട്സാപ്പ്, അജ്ഞാത ഉറവിടങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഓൺലൈൻ ബാങ്കിങ്ങിനായി ടു-ഫാക്ടർ വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക. നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ ഒരു പാസ്‌വേഡും ഒടിപിയും നൽകേണ്ടതുണ്ട് എന്നാണ് ഇതിനർഥം. ഒരു പുതിയ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള റിക്വസ്റ്റുകൾ, ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് അറിയിക്കുന്ന ഏതെങ്കിലും എസ്എംഎസ്, സമാനമായ ഫിഷിങ് സന്ദേശങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കുക.

 

English Summary: Gurugram woman loses Rs 1 lakh in Bank SMS scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com