ADVERTISEMENT

മറ്റൊരാളെക്കൊണ്ട് പ്രേമലേഖനം എഴുതിക്കാന്‍ ആര്‍ക്കും ഒരു സങ്കോചമൊക്കെ ഉണ്ടാകുമല്ലോ? എന്നാല്‍ അതും പഴങ്കഥയാകുന്നു. നല്ലൊരു പ്രേമലേഖനം എഴുതാന്‍ അറിയില്ലെങ്കിൽ വിഷമിക്കണ്ടാ, സഹായത്തിന് ചാറ്റ്ജിപിടി ഉണ്ട്! പ്രത്യേകിച്ചും ഇംഗ്ലിഷിലാണെങ്കില്‍. (മലയാളത്തില്‍ ‘പ്രൈമറി ക്ലാസി’ലാണ് ചാറ്റ്ജിപിടി. ഏതാനും കൊല്ലം എടുത്തേക്കും കോളജിലെത്താന്‍.) പക്ഷേ, ചാറ്റ്ജിപിടിയെക്കൊണ്ട് ലവ് ലെറ്റര്‍ എഴുതിക്കുന്നത് ശരിയാണോ? വൃത്തിയുള്ള ഭാഷയില്‍, നമുക്കുവേണ്ടി എഐ പ്രേമലേഖനം എഴുതിത്തരുന്നു. വായിക്കുന്ന ആളൊട്ട് അറിയുന്നുമില്ല. ഇനി കാമുകനോ കാമുകിയോ, നാം ചാറ്റ്ജിപിടിയെ കൊണ്ട് എഴുതിച്ച പ്രേമലേഖനത്തിനു മറുപടി തന്നു എന്നിരിക്കട്ടെ. അതിനുള്ള മറുപടിയും നമുക്ക് ചാറ്റ്ജിപിടിയെകൊണ്ടു തന്നെ എഴുതിക്കാം! ഇതിന്റെയൊക്കെ ശരിതെറ്റുകളെക്കുറിച്ചൊരു കുറിപ്പ്: 

∙ ഗൂഗിളിനപ്പുറത്തേക്ക്

എന്തെങ്കിലും കാര്യം ചോദിച്ചാൽ ഗൂഗിള്‍ എന്ന സേര്‍ച്ച് എൻജിന്‍ കുറച്ച് ലിങ്കുകള്‍ കൊണ്ടുവന്നു നിരത്തിവയ്ക്കും. ‘വേണമെങ്കിൽ ലിങ്ക് തുറന്നു തപ്പി കണ്ടുപിടിച്ചോണം’ എന്ന ലൈനാണ്. എന്നാൽ, ഓപ്പണ്‍ എഐ അവതരിപ്പിച്ച പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനമായ ചാറ്റ്ജിപിടിയോട് നമുക്ക് കൂട്ടുകാരോട് എന്നവണ്ണം സംശയങ്ങള്‍ ചോദിക്കാം. കൂട്ടുകാര്‍ പറഞ്ഞു തരുന്നതു പോലെ മറുപടി കിട്ടും. അതും അതിവേഗത്തിൽ. ഇന്റര്‍നെറ്റിലെ അറിവു കൂമ്പാരത്തിലൂടെ ഊളിയിട്ട ശേഷമാണ് ഇതെല്ലാം നൽകുന്നത്. കൂട്ടുകാര്‍ക്കു സാധിക്കാത്ത തരത്തിലുള്ള വിവരങ്ങളാണ് നൽകുന്നതും. (ചാറ്റ്ജിപിടി തെറ്റുവരുത്തിയ ധാരാളം അവസരങ്ങളും ഉണ്ട്. പക്ഷേ, പൊതുവെ ആശ്രയിക്കാവുന്ന ഒന്നായാണ് അതു വിലയിരുത്തപ്പെടുന്നത്.) ജോലിക്ക് ഒരു അപേക്ഷ എഴുതണമെന്നു പറഞ്ഞാലും ഗൂഗിള്‍ കുറച്ച് ലിങ്കുകള്‍ കൊണ്ടുവന്നു തരും. പക്ഷേ, ചാറ്റ്ജിപിടി ഒരപേക്ഷ തന്നെ എഴുതിയങ്ങു തരും. അതുപോലെ നിരവധി കാര്യങ്ങള്‍ ചാറ്റ്ജിപിടിയെകൊണ്ട് ചെയ്യിക്കാം. പ്രേമലേഖനങ്ങളും കഥയും കവിതയും മുതല്‍ കംപ്യൂട്ടര്‍ കോഡിങ് വരെ പലതും അതിനു വഴങ്ങും.

∙ ഉപദേശങ്ങളും കിട്ടും

‘‘ഫുട്‌ബോള്‍ പ്രേമിയായ ഒരു പുരുഷനുമായി ഇഷ്ടത്തിലാകാന്‍ ഞാന്‍ (ഒരു സ്ത്രീ) ആഗ്രഹിക്കുന്നു. അയാളെ എങ്ങനെ സമീപിക്കണം?’’ ഇങ്ങനെയൊരു ചോദ്യം എഐയോടു ചോദിച്ചാൽ തൃപ്തികരമായി തോന്നാവുന്ന ഉത്തരം കിട്ടും. ഒരാള്‍ക്ക് ഇങ്ങനെ കിട്ടിയ ഉത്തരത്തിനൊടുവില്‍ ‘എല്ലാവരും നിങ്ങളോട് താത്പര്യം കാണിക്കണമെന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അത് കാര്യമായി എടുക്കരുത്’ എന്നും എഐ കൂട്ടിച്ചേർക്കുന്നു. പരസ്പര ബഹുമാനം പുലര്‍ത്തണമെന്നും നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല എന്നും ചാറ്റ്ജിപിടി നല്‍കിയ ഉത്തരത്തിലുണ്ട്. അതേസമയം, വിദേശത്തൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ ഡേറ്റിങ്ങില്‍ ഉണ്ടാകാവുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന ഉപദേശകരും ഉണ്ട്. അവര്‍ക്കൊപ്പം എഐ ഇപ്പോഴും എത്തിയിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ, സ്ത്രീകള്‍ക്കു നല്‍കുന്ന ഉപദേശങ്ങളേക്കാള്‍ നല്ലത് പുരുഷന്മാര്‍ക്കു നല്‍കുന്ന ഉത്തരങ്ങളാണെന്നും എഐ പക്ഷപാതം കാണിക്കുന്നതായും ചില ആക്ഷേപങ്ങൾ ഉണ്ട്. ഒരു ബന്ധം അവസാനിപ്പിക്കണമെങ്കില്‍ അതേക്കുറിച്ചും അഭിപ്രായം ചോദിക്കാം.

∙ ഒരാളെ കല്യാണം കഴിക്കാന്‍ കൊള്ളാമോ എന്നും ചോദിക്കാം

രണ്ടുപേര്‍ തമ്മില്‍ യോജിച്ചു പോകണമെങ്കില്‍ എന്തൊക്കെ വേണം എന്നതിനെക്കുറിച്ചൊക്കെ സാമാന്യം തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിക്കു സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉപയോക്താക്കള്‍ എഐക്കു നല്‍കുന്ന ചോദ്യങ്ങളിലെ വാക്കുകളുടെ കൃത്യത, ഉത്തരങ്ങളെയും ബാധിക്കാം. ഒരാള്‍ക്ക് നിങ്ങളോട് ഇഷ്ടമുണ്ടെങ്കില്‍ അയാളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കും തുടങ്ങിയ കാര്യങ്ങള്‍ക്കും ചാറ്റ്ജിപിടി ഉത്തരം നല്‍കുന്നു. എന്നാല്‍, ഇതില്‍ പലതും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലാണെന്നും കാണാം. അതേസമയം, വ്യക്തികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും ചാറ്റ്ജിപിടിയുടെ ഉത്തരങ്ങള്‍ പൊതുവെയുള്ള കാര്യങ്ങള്‍ മാത്രമെ പറയുന്നുള്ളൂ എന്നും വിമര്‍ശകര്‍ പറയുന്നു. ഒരു റോബട്ടിന് ഒരു പ്രത്യേക സാഹചര്യത്തിലെ വികാരം വായിച്ചെടുക്കാനൊന്നും ഇപ്പോള്‍ കെല്‍പില്ലെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

∙ പ്രേമലേഖനങ്ങളും കവിതകളും

മനുഷ്യസഹജമെന്നു തോന്നിക്കത്തക്ക പല ഉത്തരങ്ങളും നല്‍കാന്‍ ചാറ്റ്ജിപിടിക്കു സാധിക്കുമെന്ന് ഇതിനെ പ്രകീര്‍ത്തിക്കുന്നവര്‍ അവകാശപ്പടുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പ്രേമഭാജനം കലകളോട് ഇഷ്ടം കാണിക്കുന്ന ആളാണെന്നിരിക്കട്ടെ. പെയിന്റിങ്, ശില്‍പകല, സാഹിത്യം (മലയാള സാഹിത്യത്തല്‍ എഐ പാണ്ഡിത്യം ആര്‍ജ്ജിക്കേണ്ടിയരിക്കുന്നു) തുടങ്ങിയവയെക്കുറിച്ചൊക്കെ വേണ്ട വിവരങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിച്ചറിയാം. രാഷ്ട്രീയത്തെക്കുറിച്ച് ഒരു പിടിയും ഇല്ലെങ്കില്‍ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മറ്റും ചോദിച്ചറിയാം. മിക്കവാറും വിഷയങ്ങളെക്കുറിച്ചൊക്കെ വിവരങ്ങള്‍ ആര്‍ജ്ജിച്ച് നിങ്ങളുടെ സുഹൃത്തിന്റെ ശ്രദ്ധ പിടിക്കാം. നിങ്ങളുടെ പ്രേമഭാജനത്തിന് നല്‍കാന്‍ ഒരു കവിതായാണോ വേണ്ടത്? വിഷയം നല്‍കൂ. കവിത ഒരു മിനിറ്റിനുള്ളില്‍ റെഡി! ഉത്തരത്തില്‍ അല്‍പസ്വല്‍പം തമാശകളും മറ്റുംകലര്‍ത്താനും എഐക്കു വിഷമമില്ല. ഇനി പ്രേമാഭ്യര്‍ഥനയുമായി നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത ഒരു വ്യക്തി പിന്നാലെ കൂടിയിരിക്കുകയാണെന്നിരിക്കട്ടെ. അയാള്‍ക്ക് നല്‍കാവുന്ന മറുപടി എന്താണെന്നും നിങ്ങള്‍ക്ക് ആരായാം. ഗുഡ്‌നൈറ്റ് സന്ദേശങ്ങളും സുപ്രഭാത ആശംസകളും ടൈപ്പു ചെയ്തു വാങ്ങാം.

∙ പക്ഷേ, ഇതൊക്കെ ശരിയാണോ?

‘‘വ്യാകരണമൊ സ്‌പെല്ലിങ്ങോ അറിയാത്ത ഒരാള്‍ തെറ്റില്ലാത്ത ഭാഷയില്‍ എഐയെക്കൊണ്ട് പ്രേമലേഖനങ്ങളും മറ്റും എഴുതിച്ചു നല്‍കുന്നത് ധാര്‍മികമായി ശരിയാണോ? സ്മാര്‍ട് അല്ലാത്ത ഒരാള്‍ അങ്ങനെ ഭാവിക്കുന്നതു ശരിയാണോ? ഒരാള്‍ എത്തരക്കാരനാണ് എന്നതിനെക്കുറിച്ചുള്ള തെറ്റായ ധാരണയല്ലേ നല്‍കുന്നത്?’’ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിനെപ്പറ്റി ഹെര്‍സിന്ദഗി ചോദിച്ച ചോദ്യത്തിന് ഐഐടിയിലെ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡെബര്‍ക സെന്‍ഗുപ്ത നല്‍കിയ മറുപടിയാണ് അതിലേറെ രസകരം. ചാറ്റ്ജിപിടിക്കു പിന്നിലെ ആശയം തന്നെ അത്ര ധാര്‍മികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്റര്‍നെറ്റിലുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് അതിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെല്ലാം (മനുഷ്യ) കണ്ടെന്റ് ക്രിയേറ്റര്‍മാരുടെ ആശയങ്ങളിലേക്ക് കടന്നുകയറിയാണ് സൃഷ്ടിച്ചെടുക്കുന്നത്. അവരുടെ സമ്മതം ചോദിക്കാതെയാണ് ചാറ്റ്ജിപിടി അത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

chat-gpt-3

∙ ചാറ്റ്ജിപിടിയെ അകറ്റി നിർത്തുന്നതില്‍ അര്‍ഥമില്ല

ഇംഗ്ലിഷ് ഭാഷാ സ്വാധീനം മോശമാണെങ്കില്‍ ചാറ്റ്ജിപിടിയില്‍നിന്ന് കോപ്പി പേസ്റ്റ് ചെയ്ത് മിടുക്കനാകാം. അതുവഴി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെടുന്നത്. അതേസമയം, ചാറ്റ്ജിപിടി മാത്രമല്ല ടെക്സ്റ്റ് എഴുതി നല്‍കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ. വര്‍ഷങ്ങള്‍ക്കു മുൻപേ എത്തിയ ഗ്രാമര്‍ലി പോലെയുള്ള സോഫ്റ്റ്‌വെയറും കൃത്യതയുള്ള ടെക്സ്റ്റ് എഴുതി നല്‍കിയിരുന്നു. എന്നാല്‍, അവയെക്കാളൊക്കെ ഒരു പടി മുന്നിലായിരിക്കാം ചാറ്റ്ജിപിടി. ഇതൊക്കെ പറഞ്ഞ് ചാറ്റ്ജിപിടിയെ അകറ്റിനിർത്തുന്നതിലും അര്‍ഥമൊന്നുമില്ലെന്നും ഡെബര്‍ക പറയുന്നു. അത്തരം സാങ്കേതികവിദ്യകള്‍ വന്നുകഴിഞ്ഞെങ്കില്‍ പിന്നെ അതിനെയും ജീവിതത്തോട് ചേര്‍ക്കുക. അതേസമയം, നമ്മള്‍ വളരെ ശ്രദ്ധാലുക്കള്‍ ആകണമെന്നും അദ്ദേഹം പറയുന്നു. കാരണം ഇത്തരം ടൂളുകള്‍ക്കൊപ്പമായിരിക്കും ഇനി നമ്മുടെ ജീവിതം.

∙ ചാറ്റ്ജിപിടിക്ക് സൗമ്യത

ചാറ്റ്ജിപിടി കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചേക്കും. ഇന്റര്‍നെറ്റിലെ ചപ്പിലും ചവറിലും അടക്കം മേഞ്ഞ ശേഷമായിരിക്കാം ഉത്തരങ്ങള്‍ നല്‍കുന്നതെങ്കിലും അത് ഒരിക്കല്‍ പോലും പരുക്കന്‍ മറുപടികള്‍ നല്‍കുന്നില്ലെന്ന് ഉപയോഗിച്ചവരില്‍ പലരും പറയുന്നു. അതേസമയം, പല മനുഷ്യരോടും നേരിട്ട് ഇടപെടുന്നതനേക്കാള്‍ ഹൃദ്യമായ ഇടപെടല്‍ അനുഭവിക്കാനായെന്നു സാക്ഷ്യപ്പെടുത്തുന്നവരും ഉണ്ട്. മനുഷ്യരുടെ തന്നെ നല്ല സ്വഭാവം അനുകരിക്കാനൊരു ശ്രമം ചാറ്റ്ജിപിടിയെ കൊണ്ട് നടത്തിക്കുന്നുണ്ടാകാമെന്നും വിലയിരുത്തലുകളുണ്ട്. വളരെ ശ്രദ്ധാപൂര്‍വ്വം കോര്‍ത്തിണക്കിയ വാക്കുകള്‍ ആണ് എഐ ഉപയോഗിക്കുന്നത്. നമ്മോടുള്ള സഹാനുഭൂതിയടക്കം തോന്നിക്കുന്ന തരത്തിലുള്ള ഇടപെടലാണെന്നും പറയുന്നു.

∙ താത്പര്യങ്ങളെക്കുറിച്ച് അറിയാം

നമ്മള്‍ ഇഷ്ടത്തിലാകാന്‍ ശ്രമിക്കുന്നവരുടെ ഹോബികള്‍, ബൗദ്ധിക തലം തുടങ്ങിയവയെക്കുറിച്ചൊക്കെ ധാരണയുണ്ടാക്കാനും ചാറ്റ്ജിപിടി പ്രയോജനപ്പെടുത്താം. അതേസമയം, ഓരോ വ്യക്തിക്കും തനത് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ട്. അതെല്ലാമാണ് ആ വ്യക്തിയെ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പിടിച്ചെടുക്കാനുള്ള കെല്‍പ്പൊന്നും എഐ ആര്‍ജ്ജിച്ചിട്ടുമില്ല. ചില പൊതുവായ ധാരണകള്‍ നല്‍കാന്‍ മാത്രമേ സാങ്കേതികവിദ്യക്ക് ഇപ്പോള്‍ സാധിക്കൂ. ഒരാളെ വ്യത്യസ്തമാക്കുന്നത് ചില പൊട്ടുംപൊടിയുമൊക്കെയാണ്. അതെല്ലാമാണ് ഒരു ബന്ധം നന്നായി പോകുമോ എന്ന കാര്യത്തിലൊക്കെ നിര്‍ണായകമാകുക. ഇതൊന്നും അറിഞ്ഞു പെരുമാറാന്‍ എഐക്കു സാധിക്കില്ലെന്ന കാര്യം ഗൗരവമുള്ള ബന്ധങ്ങള്‍ക്കായി ശ്രമിക്കുന്നവര്‍ മനസ്സില്‍ സൂക്ഷിക്കണം.

chat-gpt-2a-JPG

അതേസമയം, ചാറ്റ്ജിപിടിയെ പോലെയുള്ള ബോട്ടുകള്‍ക്ക് ഡേറ്റിങ്ങും പ്രേമവും ഒക്കെ മാറ്റിമറിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍, മനുഷ്യര്‍ തമ്മിലുള്ള നേരിട്ടുളള ഇടപെടലിനു പകരംവയ്ക്കാന്‍ ഇതിനെ പ്രയോജനപ്പെടുത്താനും അവയ്ക്ക് കഴിയില്ല. രണ്ടു വ്യക്തികള്‍ തമ്മില്‍ പ്രേമത്തിലാകാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ തുറന്നതും സത്യസന്ധവുമായ പെരുമാറ്റം നടത്തുന്ന സ്വഭാവക്കാര്‍ ആയിരിക്കണമെന്ന് ചാറ്റ്ജിപിടി തന്നെ പറയുന്നു.

English Summary: ChatGPT: People are using this AI robot to find love on Hinge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com