ഇന്ത്യയിൽ ഷഓമിയെ ഒന്നാമതാക്കിയ മനു ജെയിൻ രാജിവച്ചു, കാരണമെന്ത്?

manu-jain
Photo: Xiaomi
SHARE

ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റും മുൻ ഇന്ത്യ ഹെഡുമായ മനുകുമാർ ജയിൻ രാജിവച്ചു. 2014ൽ ഷഓമി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതു മുതൽ മനുകുമാർ നേതൃസ്ഥാനത്തുണ്ടായിരുന്നു. വിദേശനാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന പേരിൽ കമ്പനി ഇന്ത്യയിൽ നിയമനടപടി നേരിടുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.

പുതിയ സംരംഭം തുടങ്ങാനാണ് മനു ജെയിൻ രാജിവച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഷഓമിയിൽ 7.5 വർഷം ഇന്ത്യയുടെ തലവനായി സേവനമനുഷ്ഠിക്കുകയും തുടർന്ന് 1.5 വർഷം മുൻപ് ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറുകയുമായിരുന്നു മനു. ഇന്ത്യൻ സ്മാർട് ഫോൺ വിപണിയുടെ മുഖം തന്നെ മാറ്റിമറിച്ച വ്യക്തിയാണ് മനു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുള്ള സ്മാർട് ഫോണുകൾ അവതരിപ്പിച്ച്, ഇന്ത്യയുടെ മുക്കിലും മൂലയിലും ഷഓമി സ്റ്റോറുകൾ വിന്യസിക്കാനും മനുവിന് സാധിച്ചു.

മനു ജെയിൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത് പുതിയ സംരംഭത്തിൽ ഫോണുകളോ ഗാഡ്‌ജെറ്റുകളോ അല്ലാതെ മറ്റെന്തെങ്കിലും നിർമിക്കാൻ ശ്രമിക്കുമെന്നാണ്. സ്ഥാനമേറ്റ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഷഓമിയെ രാജ്യത്തെ നമ്പർ 1 സ്മാർട് ഫോൺ ബ്രാൻഡാക്കി മാറ്റാൻ മനു ജെയിന് സാധിച്ചിരുന്നു. 

ഷഓമിയുടെ ആദ്യത്തെ കുറച്ച് വർഷങ്ങൾ ഉയർച്ചയും താഴ്ചയും നിറഞ്ഞതായിരുന്നു. ഞങ്ങൾ ഒരു ചെറിയ സ്റ്റാർട്ടപ്പായി തുടങ്ങി, ചെറിയൊരു ഓഫിസിലിരുന്ന് ജോലി ചെയ്തു. പിന്നീട് മികച്ചൊരു ടീമിന്റെ പരിശ്രമത്തിലൂടെ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായി മാറാൻ ഷഓമിക്ക് സാധിച്ചുവെന്നും മനു പറയുന്നു. എന്നാൽ കനാലിസ് റിപ്പോർട്ട് ചെയ്തതുപോലെ 2022 ലെ നാലാം പാദത്തിൽ ഇന്ത്യയിലെ ഷഓമിയുടെ ഒന്നാം സ്ഥാനം സാംസങ് പിടിച്ചടക്കി കഴിഞ്ഞു. രാജ്യത്ത് ഷഓമി ചില പ്രതിസന്ധികൾ നേരിടാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ആൽവിൻ സെ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ ഷഓമി പ്രഖ്യാപിച്ചിരുന്നു. ആൽവിൻ സെയെ ഷഓമി ഇന്ത്യയുടെ ജനറൽ മാനേജരായാണ് നിയമിച്ചത്. ബി. മുരളീകൃഷ്ണൻ ആണ് ഷഓമി ഇന്ത്യയുടെ പ്രസിഡന്റ്. അനൂജ് ശർമ്മയും കമ്പനിയിൽ ചീഫ് മാർക്കറ്റിങ് ഓഫീസറായി വീണ്ടും ചേർന്നിട്ടുണ്ട്.

ഫെമ ലംഘനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം മേയിൽ ഷഓമിയുടെ 5,551 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു. ഷഓമിയുടെ ഇന്ത്യൻ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ തുകയാണു കണ്ടുകെട്ടിയത്. റോയൽറ്റി തുകയെന്ന പേരിൽ നടത്തിയ അനധികൃത വിദേശ ഇടപാടുകളുടെ പേരിലാണു കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. 2014 ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. റോയൽറ്റി ഫീസ് എന്ന പേരിലാണ് യുഎസിലെയും ചൈനയിലെയും 3 സഹോദര കമ്പനികളിലേക്കു ഷഓമി പണം അയച്ചിരുന്നത്. ചൈനയിലെ മാതൃകമ്പനിയുടെ നിർദേശപ്രകാരമായിരുന്നു ഇടപാടുകൾ. 

ഇന്ത്യൻ നിർമാതാക്കൾ നിർമിക്കുന്ന മൊബൈൽ സെറ്റുകളാണ് ഷഓമി വിറ്റിരുന്നത്. വിദേശത്തെ ഒരു കമ്പനിയുടെയും സേവനം ഇതിനായി ഉപയോഗിച്ചിട്ടില്ല. എന്നിട്ടും റോയൽറ്റി ഫീസ് എന്ന പേരിൽ വിദേശത്തേക്കു പണമയച്ചതു ഫെമ നിയമത്തിന്റെ ലംഘനമാണ്. പണമിടപാട് സംബന്ധിച്ച് ഷഓമി ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. 

ഈ കേസിൽ ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് തീരുവയിനത്തിൽ 653 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നു കാണിച്ച് ഷഓമിക്ക് മുൻപ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് നോട്ടിസ് നൽകിയിരുന്നു. ഷഓമിക്ക് ഇന്ത്യയിൽ പ്രതിവർഷം 34,000 കോടി രൂപ വിറ്റുവരവുണ്ട്.

അതേസമയം, തങ്ങളുടെ ഇഷ്ടപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ലെങ്കില്‍ കനത്ത പ്രശ്‌നങ്ങള്‍ നേരിടാന്‍ തയാറായിക്കോളാന്‍ ഇന്ത്യയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ഷഓമി കോടതിയെ അറിയിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ അന്നത്തെ എംഡി മനു കുമാര്‍ ജെയിന്‍ തുടങ്ങിയവരെയാണ് ഇഡി ഭീഷണിപ്പെടുത്തിയതെന്നും കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിലുണ്ട്. തങ്ങളുടെ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുമെന്ന് ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് ഷഓമി കോടതിയില്‍ നല്‍കിയ പരാതിയിലുള്ളതെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ടു ചെയ്തിന്നു.

English Summary: Manu Jain leaves Xiaomi

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS