ADVERTISEMENT

ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ശാസ്ത്ര സാങ്കേതിക മേഖലയുടെ വികസനത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ഫ്രീ ഇന്റർനെറ്റിന് വരെ ബജറ്റിൽ വിഹിതം നീക്കിവച്ചിട്ടുണ്ട്.

∙ കെ–ഫോൺ

സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലത്തിലും 500 കുടുംബങ്ങൾ എന്ന കണക്കിൽ 70,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകും. കെ–ഫോൺ പദ്ധതിയുടെ കീഴിൽ വീടുകളിലേക്ക് ഫ്രീ ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

∙ കെ–സ്പേസ് പാർക്ക്

കേരളാ സ്‌പേസ് പാർക്ക് എന്ന കെ–സ്‌പേസിന് 71.84 കോടി രൂപയാണ് വകയിരുത്തിയത്. ബഹിരാകാശ സാങ്കേതികവിദ്യയിലെ പഠനം, ഗവേഷണം, വ്യവസായം എന്നിവയ്ക്കു സൗകര്യമൊരുക്കുന്ന സ്പേസ് പാർക്ക് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരും ഐഎസ്ആർഒയുടെ ഉപകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററും ധാരണാപത്രം ഒപ്പിട്ടിരുന്നു. സ്പേസ് പാർക്കിൽ സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, നൈപുണ്യ പരിശീലന സംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷൻ ഡവലപ്മെന്റ് ഇക്കോ സിസ്റ്റം, ഉൽപാദന യൂണിറ്റുകൾ എന്നിവയാണ് തുടങ്ങുന്നത്. ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും ആഗോള വിമാനക്കമ്പനിയായ എയർബസും പദ്ധതിയുമായി സഹകരിക്കും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഓർമയ്ക്കായി ഐഎസ്ആർഒ നിർമിക്കുന്ന സ്പേസ് മ്യൂസിയവും ലൈബ്രറിയും പാർക്കിന്റെ ഭാഗമാകും. 100 കോടി രൂപയാണ് ഐടി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്.

കേരള സ്‌പേസ് പാർക്കിനെ കെ – സ്‌പേസ് എന്ന പേരിൽ സൊസൈറ്റിയായി റജിസ്റ്റർ ചെയ്യാൻ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു. തിരുവിതാംകൂർ - കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് റജിസ്‌ട്രേഷൻ ആക്ട് 1955 പ്രകാരമാണ് റജിസ്റ്റർ ചെയ്യുന്നത്. ടെക്‌നോ പാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ നിർദിഷ്ട സ്പേസ് പാർക്ക് സൊസൈറ്റിക്ക് കൈമാറും.

∙ സാങ്കേതിക മേഖല– മറ്റു പ്രഖ്യാപനങ്ങൾ

കേരളാ സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാടികൾക്ക് 70.5 കോടി രൂപയും വകയിരുത്തി. ഫണ്ട് ഓഫ് ഫണ്ട്‌സിനായി 30 കോടി രൂപ അധികമായി വകയിരുത്തിയത് ഉൾപ്പെടെ കേരളാ സ്റ്റാർട്ടപ്പ് മിഷനാകെ 120.52 കോടി രൂപയും അനുവദിച്ചു. ഇതോടൊപ്പം തന്നെ വിവര സാങ്കേതിക മേഖലയിലെ പദ്ധതികൾക്കായി 549 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ടെക്‌നോപാർക്കിന് 22.6 കോടി രൂപയും ജലവൈദ്യുതി പദ്ധതികൾക്ക് 10 കോടി രൂപയും സോളർ പദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തി.

English Summary: Kerala Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com