ADVERTISEMENT

സ്മാര്‍ട് ഫോണ്‍ പ്രേമികളില്‍ ആകാംക്ഷയുണ്ടാക്കി സ്വീഡിഷ് ക്യാമറാ നിര്‍മാതാവ് ഹാസല്‍ബ്ലാഡിന്റെ സഹകരണത്തോടെ നിര്‍മിച്ച വണ്‍പ്ലസ് 11 പുറത്തിറങ്ങി. കരുത്തും നിര്‍മാണ മികവും ഒത്ത ഒരു പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. ക്വാഡ് എച്ഡി പ്ലസ്, 120 ഹെഡ്‌സ് റിഫ്രഷ് റെയ്റ്റുള്ള 6.7 ഇഞ്ച് വലുപ്പമുള്ള അത്യാകര്‍ഷകമായ സ്‌ക്രീനും ഉണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഫോണിന് 16 ജിബി/ 256 ജിബി, 8 ജിബി/128 ജിബി വേര്‍ഷനുകളാണ് ഉള്ളത്. തങ്ങളുടെ ഫ്‌ളാഗ്ഷിപ് ഫോണിനൊപ്പം ഒരുപറ്റം മറ്റുപകരണങ്ങളും കമ്പനി പുറത്തിറക്കി.

 

∙ സ്‌ക്രീന്‍

 

ഏറ്റവും വില കുറഞ്ഞ പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മിക്കുന്ന കമ്പനിയല്ല വണ്‍പ്ലസ്. എന്നാല്‍, ഏറ്റവും വിലകൂടിയ ഫോണുമല്ല അവരുടേത്. ഫോണുകളില്‍ സിനിമകളും മറ്റും കാണുന്നവര്‍ക്ക് പ്രകാശമാനമായ സ്‌ക്രീന്‍ ഏറെ ഇഷ്ടപ്പെടും. ഫിംഗർപ്രിന്റ് സ്കാനര്‍ സ്‌ക്രീനിനുള്ളില്‍ മറഞ്ഞിരിക്കുന്നു. അതേസമയം, വണ്‍പ്ലസ് നേരത്തെ നല്‍കിയിരുന്ന റീഡിങ് മോഡ് എടുത്തുകളഞ്ഞു. ഇ–ബുക്കുകളും മറ്റും വായിക്കേണ്ട സമയത്ത് സ്‌ക്രീന്‍ ഒരൊറ്റ കളറിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതായിരുന്നു അത്. ഫോണിന്റെ ഇരട്ട സ്പീക്കര്‍ ശക്തമായ ശബ്ദം പുറപ്പെടുവിക്കുന്നു.

 

∙ സ്റ്റോറേജ് ശേഷി, പ്രകടനം

 

കൂടിയ സ്റ്റോറേജ് ശേഷിയുള്ള മോഡല്‍ പ്രകടനത്തിലും മുന്നിട്ടു നില്‍ക്കും. അതിന് 256 ജിബി യുഎഫ്എസ് 4.0 ആണ് നല്‍കിയിരിക്കുന്നത്. ( എന്നാല്‍, 128 ജിബി വേര്‍ഷന് യുഎഫ്എസ് 3.1 ആണ്.) മൈക്രോഎസ്ഡി കാര്‍ഡ് ഇരു വേരിയന്റുകളും സ്വീകരിക്കില്ല. കൂടിയ വേരിയന്റ് ഹൈ-ഡെഫനിഷന്‍ വിഡിയോ മുതല്‍ ഡോക്യുമെന്റ് വരെ എഡിറ്റു ചെയ്യാന്‍ സാധിക്കുന്നുവെന്ന് റിവ്യൂകള്‍ പറയുന്നു.

 

∙ ബാറ്ററി

 

വണ്‍പ്ലസ് 11ന് 5000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. പുറമെ, 100w സൂപ്പര്‍വോസ് ചാര്‍ജിങും ഉണ്ട്. ബാറ്ററി ലൈഫ് മികച്ചതാണെന്നും പറയുന്നു. കേവലം 25 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് നിറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

∙ ക്യാമറാ സിസ്റ്റം മികച്ചതോ?

 

ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങ്ങുമായി ഇറക്കിയ പിന്‍ക്യാമറാ സിസ്റ്റം പ്രതീക്ഷയ്‌ക്കൊത്തുയരുമോ? വണ്‍പ്ലസ് 11ന്റെ 50 എംപി എഫ് 1.8 വൈഡ് ലെന്‍സ് ആണ് പ്രധാന ക്യാമറ. ഒപ്പം 48 എംപി എഫ് 2.0, 32 എംപി എഫ് 2.0 പോര്‍ട്രെയ്റ്റ് ടെലി ക്യാമറ എന്നിവയാണ് ഉള്ളത്. സെല്‍ഫിക്ക് ഉപയോഗിച്ചിരിക്കുന്നത് 16 എംപി സെന്‍സറാണ്. ക്യാമറാ ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും ഐക്യത്തിനായി ഹാസല്‍ബ്ലാഡുമായി സഹകരിച്ചിട്ടുണ്ടെന്ന് വണ്‍പ്ലസ് പറയുന്നു. തുടക്ക റിവ്യൂകള്‍ പറയുന്നത് ക്യാമറകള്‍ നിരാശപ്പെടുത്തില്ല എന്നാണ്. പ്രകാശം കുറഞ്ഞ ചില സന്ദര്‍ഭങ്ങളില്‍ ഐഫോണ്‍ 14ന്റെ പ്രധാന ക്യാമറയെക്കാള്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്തി എന്നുവരെ അവകാശവാദങ്ങളുണ്ട്.

OnePlus 11R
Photo: Oneplus

 

∙ കൃത്യതയുള്ള നിറങ്ങള്‍

 

സാംസങ്ങിന്റെ ക്യാമറകള്‍ നിറങ്ങള്‍ കൂടുതല്‍ പൂരിതമാക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെങ്കില്‍ വണ്‍പ്ലസ് 11ന്റെ ക്യാമറകളില്‍ എടുത്തു നില്‍ക്കുന്നത് നിറങ്ങളുടെ കൃത്യതയിലാണ്. ഇക്കാര്യത്തില്‍ ഐഫോണിനോടാണ് സാമ്യമെന്നു പറയുന്നു. ചിത്രങ്ങള്‍ക്കുള്ള സ്വാഭാവികതയായിരിക്കും ശ്രദ്ധയില്‍പെടുക. ക്യാമറാ സിസ്റ്റത്തിനു മികച്ച പ്രതികരണശേഷി ഉണ്ടെന്നും ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തരക്കേടില്ലാത്ത ബോ-കെ, നിരാശപ്പെടുത്താത്ത ലോ ലൈറ്റ് പ്രകടനം എന്നിവയും ഉണ്ടെന്നാണ് പറയുന്നത്.

 

∙ വില

 

വണ്‍പ്ലസ് 11ന്റെ 16 ജിബി/ 256 ജിബി വേര്‍ഷന് 61,999 രൂപയും, 8 ജിബി/ 128 ജിബി വേര്‍ഷന് 56,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ആമസോണ്‍ വഴിയാണ് വില്‍പന. ചില തുടക്ക ഓഫറുകളും ഉണ്ട്. ഫെബ്രുവരി 14 മുതലാണ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുക. ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം.

 

∙ വാങ്ങണോ?

 

വണ്‍പ്ലസ് ഇതുവരെ ഇറക്കിയിരിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് ഇത്. വണ്‍പ്ലസ് ആരാധകര്‍ക്ക് അവരുടെ ഫോണ്‍ പഴയതായെങ്കില്‍ പരിഗണിക്കാം. അതേസമയം, കൂടിയ ബജറ്റുള്ള ആന്‍ഡ്രോയിഡ് ഫോണ്‍  വാങ്ങാനാഗ്രഹിക്കുന്നവർക്കും വണ്‍പ്ലസ് 11 പരിഗണിക്കാം.

 

∙ വണ്‍പ്ലസ് 11ആര്‍ 5ജി

 

വണ്‍പ്ലസ് 11 വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ഇറക്കിയിരിക്കുന്ന മോഡലാണ് വണ്‍പ്ലസ് 11ആര്‍ 5ജി. ഇതിന് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 ആണ്. ഇതിനും ട്രിപ്പിള്‍ പിന്‍ ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും 100w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. ഫോണിന് 12 ജിബി + 256 ജിബി 16 ജിബി + 512 ജിബി വേരിയന്റുകളാണ് ഉള്ളത്. ഇവയ്ക്ക് യഥാക്രമം 39,999 രൂപയും 44,999 രൂപയുമാണ് വില. ഫെബ്രുവരി 28 മുതലാണ് വില്‍പന. ഫെബ്രുവരി 21ന് പ്രീ ഓര്‍ഡര്‍ തുടങ്ങും. ഈ മോഡലിന് 6.74 ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. റെസലൂഷന്‍ 1240 x 2772 പിക്‌സല്‍സ്. 120 ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റ്. ഫോണിന് 50 എംപി എഫ്1.8 പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ എന്നിവയാണ് പിന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെല്‍ഫി ക്യാമിന് 16 എംപി റെസലൂഷന്‍. അതിനൂതന 3ഡി കൂളിങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

 

∙ വണ്‍പ്ലസ് പാഡ്

 

വണ്‍പ്ലസ് പാഡ് എന്ന പേരില്‍ ആദ്യത്തെ ടാബ്‌ലറ്റും പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. യൂണിബോഡി നിര്‍മാണത്തിനായി അലൂമിനിയം അലോയ് ഉപയോഗിച്ചിരിക്കുന്നു. ഒപ്പം ഉപയോഗിക്കാനായി മാജിക് കീബോഡും സ്‌റ്റൈലസും കമ്പനി പുറത്തിറക്കി. ഡിസ്‌പ്ലേക്ക് 11.6 ഇഞ്ചാണ് വലുപ്പം. എച്ഡിആര്‍10 പ്ലസ്, ഡോള്‍ബി വിഷന്‍ പ്ലേബാക് തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടും ഉണ്ട്. മീഡിയടെക് ഡിമെന്‍സിറ്റി 9000 ആണ് പ്രോസസര്‍. 12 ജിബി വരെ റാമുള്ള വേരിയന്റുകളും ഉണ്ട്. ടാബിന് 9510 എംഎഎച് ബാറ്ററിയും 67w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്.

 

∙ വണ്‍പ്ലസ് ബഡ്‌സ് പ്രോ 2

 

വൺപ്ലസിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ശ്രേണിയും പുതുക്കി. വണ്‍പ്ലസ് ബഡ്‌സ് പ്രോ 2 ആണ് ഏറ്റവും പുതിയ മോഡല്‍. ഈ ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് ആണ് ഗൂഗിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിലൊന്നായ സ്‌പെഷല്‍ ഓഡിയോ അവതരിപ്പിച്ച ആദ്യ ഇയര്‍ബഡ്‌സിലൊന്ന്. അടുത്ത തലത്തിലുള്ള ഓഡിയോ പ്രകടനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പക്ഷേ, ഈ ശേഷി പരീക്ഷിക്കാൻ പ്രീമിയം ഫോണുമൊത്ത് പ്രവര്‍ത്തിപ്പിക്കേണ്ടി വന്നേക്കും. 11,999 രൂപയാണ് എംആര്‍പി. ഫെബ്രുവരി 14 മുതൽ ആമസോൺ വഴി വിൽപന തുടങ്ങും.

 

∙ വണ്‍പ്ലസ് ബഡ്‌സ്2ആര്‍

 

ഇന്ത്യന്‍ വിപണിക്കു വേണ്ടി മറ്റൊരു വേര്‍ഷനും ഇറക്കിയിട്ടുണ്ട് - വണ്‍പ്ലസ് ബഡ്‌സ്2ആര്‍. ഇതിന് 9,999 രൂപയാണ് എംആര്‍പി. മാര്‍ച്ചിൽ വിൽപന തുടങ്ങും.

 

∙ വണ്‍പ്ലസ് ടിവി 65 ക്യൂ2 പ്രോ

 

ക്ലൗഡ് 11 ഇവന്റില്‍ കമ്പനി അവതരിപ്പിച്ച മറ്റൊരു ഉല്‍പന്നം വണ്‍പ്ലസ് ടിവി 65 ക്യൂ2 പ്രോ ടിവിയാണ്. ക്യൂലെഡ് 4കെ പാനലാണിതിന്. ക്വാണ്ടം ഡോട് സ്‌ക്രീന്‍ ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 120 ഹെട്‌സ് വരെ റിഫ്രഷ് റെയ്റ്റ് ഉണ്ട്. മികച്ച കളര്‍ കൃത്യത നല്‍കുമെന്നു പറയുന്നു. 1200 നിറ്റ്‌സ് വരെയാണ് ബ്രൈറ്റ്‌നസ്. കൂടാതെ, 70w സ്പീക്കര്‍ സിസ്റ്റവും ഉണ്ട്. ഏഴു സ്പീക്കറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹൊറൈസണ്‍ സൗണ്ട്ബാറിലാണ് ഇവയുള്ളത്. ഡൈനാഓഡിയോയിലെ വിദഗ്ധര്‍ കൃത്യത വരുത്തിയതാണ് സ്പീക്കര്‍ സംവിധാനമത്രെ. കരുത്തുറ്റ 30w സ്പീക്കറും ഉണ്ട്. വോയിസ് കമാന്‍ഡ് ഉപയോഗിച്ച പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ടിവി.

 

English Summary: OnePlus unveils its first tablet with massive 11.6-inch, 144Hz display

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com