ADVERTISEMENT

മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്ജിപിടി കുറഞ്ഞ സമയത്തിന്ടെ ലോകമെമ്പാടും തരംഗമായതോടെ, ഇനി കാത്തിരുന്നാല്‍ ശരിയാവില്ലെന്നു ഗൂഗിളിന് തോന്നിയതിന്റെ ഫലമാണ് ബാര്‍ഡ് എന്ന പുതിയ ചാറ്റ് സംവിധാനം. ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ പര്യായം തന്നെയായി മാറിയ ഗൂഗിള്‍ അവതരിപ്പിക്കുന്ന എഐ ചാറ്റ്‌ബോട്ടിന്റെ പേരാണ് ബാര്‍ഡ്. കമ്പനി വികസിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കിയായിരിക്കും ബാര്‍ഡ് പ്രവര്‍ത്തിക്കുക.

∙ എങ്ങനെയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുക?

എന്തായിരിക്കും ഗൂഗിള്‍ സേര്‍ച്ചില്‍ ഉടന്‍ വരുന്ന മാറ്റം? ഇപ്പോള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ നിരവധി ലിങ്കുകള്‍ ലഭിക്കുന്നു. ഈ ലിങ്കുകള്‍ തുറന്ന് വേണ്ട വിവരം നാം തന്നെ കണ്ടെത്തണം. എന്നാല്‍, പേജില്‍ ബാര്‍ഡും എത്തുമ്പോള്‍ ലിങ്കുകള്‍ തുറന്നു നോക്കാതെ തന്നെ വിവരങ്ങള്‍ ലഭിക്കും, ചാറ്റ് പോലെ. ചാറ്റ് മാത്രമായി എടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ താഴെ എഴുതി ചോദിക്കുകയും ചെയ്യാം; മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതു പോലെ. ചാറ്റ്ജിപിടിയില്‍ ഇത്തരം ചാറ്റ് മാത്രമെയുള്ളൂ, ലിങ്കുകള്‍ ഇല്ല. അതേസമയം, ഇപ്പോള്‍ ലഭിക്കുന്ന യു.കോമില്‍ എഐ ചാറ്റും ലിങ്കും ലഭിക്കും. മൈക്രോസോഫ്റ്റിന്റെ സേര്‍ച് എൻജിനായ ബിങ്ങും ഇതു തന്നെയാണ് ചെയ്യാൻ പോകുന്നത്.

∙ ലാംഡയ്ക്ക് 'ബോധ'മുണ്ടോ?

ഓര്‍ക്കുന്നുണ്ടോ ലാംഡയുമായി സംവാദിക്കാന്‍ സാധിച്ച ഗൂഗിളിന്റെ എൻജിനീയര്‍ ബ്ലെയ്ക് ലെമോയിന്‍ നടത്തിയ അവകാശവാദം? ലാംഡയ്ക്ക് 'ബോധം' ഉണ്ടായിരിക്കുന്നു എന്നാണ് ബ്ലെയ്ക് അവകാശപ്പെട്ടത്. ഇതിന്റേ പേരിൽ ബ്ലെയ്കിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ ലാംഡയെ ആണ് ഇപ്പോള്‍ ഗൂഗിള്‍ പൊതുജനത്തിനായി ബാര്‍ഡ് വഴി തുറന്നു നല്‍കുക. ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈ എഴുതിയ ഒരു ബ്ലോഗില്‍ എങ്ങനെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലാംഡ ചില തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പരീക്ഷണാര്‍ഥം ഗൂഗിള്‍ ‘എഐ ടെസ്റ്റ് കിച്ചണ്‍ ആപ്’ വഴി തുറന്നു നല്‍കിയിരുന്നു.

Google Lamda 2

∙ എന്താണ് ബാര്‍ഡ്, ഇതെങ്ങനെ പ്രയോജനപ്പെടുത്താം?

രണ്ടു വര്‍ഷത്തോളമായി കമ്പനിക്കുള്ളില്‍ പരീക്ഷിക്കുന്ന ഈ എഐ സംവിധാനത്തിന്റെ കാര്യത്തില്‍ ഗൂഗിള്‍ വലിയ ജാഗ്രതയാണ് പുലർത്തിയിരുന്നത്. പിച്ചൈ തന്റെ ലേഖനത്തില്‍ പറഞ്ഞതുപോലെ, അത് പരീക്ഷണഘട്ടത്തിലുള്ള ഒരു എഐചാറ്റ് സംവിധാനമായിരിക്കും. വരുന്ന ആഴ്ചകളില്‍ ഇത് കൂടുതല്‍ ആളുകള്‍ക്ക് തുറന്നുനല്‍കിയേക്കും. ലാംഡയുടെ കാര്യത്തില്‍ വളരെയധികം മുന്‍കരുതല്‍ എടുത്ത ഗൂഗിള്‍ ഇത് കേന്ദ്രീകരിച്ചു സൃഷ്ടിച്ചിരിക്കുന്ന ബാര്‍ഡ് അതിവേഗം ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ചാറ്റ്ജിപിടി അധികം മുന്നേറുന്നതിനുമുൻപ് ശ്രദ്ധ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിരിക്കാം പുതിയ നീക്കം.

∙ ബാര്‍ഡ് ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ എടുക്കുന്നു

ചാറ്റ്‌ബോട്ടായ ബാര്‍ഡിനോട് സംശയം ചോദിച്ചാല്‍ ഉത്തരം നല്‍കാനായി ഈ സംവിധാനം ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ എടുക്കുമെന്ന് പിച്ചൈ പറയുന്നു. പുതിയതും ഉന്നത നിലവാരമുള്ളതുമായ പ്രതികരണം നല്‍കാന്‍ കെല്‍പ്പുള്ളതാണ് ബാര്‍ഡ് എന്നാണ് പിച്ചൈ പറയുന്നത്. (ചാറ്റ്ജിപിടി പ്രയോജനപ്പെടുത്തുന്നത് 2021 അവസാനം വരെ ഇന്റര്‍നെറ്റിലുള്ള വിവരങ്ങളാണ്. എന്നാല്‍, ബാര്‍ഡ് ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ച് ഉത്തരം നല്‍കുമെന്നാണ് പിച്ചൈ ഉദ്ദേശിച്ചതെന്നു കരുതുന്നു). ഉത്തരങ്ങള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ചാറ്റ്ജിപിടിയിലേതു പോലെ ചാറ്റിങ് സാധിക്കും.

∙ സേര്‍ച്ചിന്റെ അടുത്ത ഘട്ടം

ഇപ്പോള്‍ ചാറ്റ്ജിപിടിയോട് ഉന്നയിക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനി ബാര്‍ഡിനോടും ചോദിക്കാം. ഉദാഹരണത്തിന്, ‘നാസയുടെ ജയിംസ് വെബ് ടെലസ്‌കോപ് നടത്തിയ പുതിയ കണ്ടെത്തലുകള്‍ ഒരു 9 വയസ്സുകാരന് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുക’ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാം. ലോക ഫുട്‌ബോളിലെ ഏറ്റവും നല്ല സ്‌ട്രൈക്കര്‍മാര്‍ ആരൊക്കെയാണെന്നു പഠിച്ച ശേഷം അവരുടെ ശീലങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ഫുട്‌ബോള്‍ കളി മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണമെന്നൊക്കെ ചോദിക്കാമെന്ന് പിച്ചൈ പറയുന്നു.

∙ വരുന്നത് ലാംഡാ 'മിനി' മാത്രം

ഗൂഗിള്‍ ബാര്‍ഡിലൂടെ ഇപ്പോള്‍ നല്‍കാന്‍ പോകുന്നത് ലാംഡയുടെ മുഴുവന്‍ വേര്‍ഷനല്ല, മുഴുവന്‍ ശേഷിയില്ലാത്ത പതിപ്പായിരിക്കുമെന്നും മേധാവി പറയുന്നു. 'ലൈറ്റ്' വേര്‍ഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധികം കംപ്യൂട്ടിങ് ശക്തി വേണ്ടിവരില്ല. പക്ഷേ, പുതിയ സേര്‍ച് രീതി കൂടുതല്‍ ആളുകള്‍ക്ക് നല്‍കാനും കമ്പനിക്ക് സാധിക്കും. അതുവഴി ഉപയോക്താക്കളുടെ കൂടുതല്‍ പ്രതികരണങ്ങളും നേടാം. ഇത്തരം സേര്‍ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ധാരാളം കംപ്യൂട്ടര്‍ പവര്‍ വേണം. ചാറ്റ്ജിപിടി പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ ആഷര്‍ ക്ലൗഡ് സര്‍വീസസ് വഴിയാണ്. ഇതിനു ധാരാളം പണം ചെലവാകുന്നതിനാല്‍ ചാറ്റ്ജിപിടിയുടെ വരിസംഖ്യ നല്‍കേണ്ട വേര്‍ഷനും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒപ്പണ്‍എഐ. ചിലപ്പോഴൊക്കെ ചാറ്റ്ജിപിടി തെറ്റുവരുത്തുന്നതിന്റെ ഒരു കാരണവും ഇപ്പോള്‍ മനസ്സിലായി - താങ്ങാവുന്നതിലേറെ പേര്‍ ഒരേസമയം എഐ സേവനം ഉപയോഗിക്കുന്നതാണ് പ്രശ്‌നങ്ങളിലൊന്ന്.

Lamda-AI-JPG

∙ ബാര്‍ഡ് ചാറ്റ്ജിപിടിയെ മലര്‍ത്തിയടിക്കുമോ?

ബാര്‍ഡ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ബാര്‍ഡ് ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം ഘട്ടംഘട്ടമായി ആയിരിക്കാം സേര്‍ച്ച് എൻജിന്‍ മികവ് കാണിച്ചു തുടങ്ങുക. നിലവില്‍ ചാറ്റ്ജിപിടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിനായിരിക്കും ഊന്നല്‍. തുടക്കത്തില്‍ ബാര്‍ഡിന് ചാറ്റ്ജിപിടിയേക്കാള്‍ മികവ് പുലര്‍ത്താനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആദ്യഘട്ടത്തിൽ‌ ബാര്‍ഡിന് എന്തുമാത്രം 'അറിവാണ്' നല്‍കുന്നത് എന്നതിനെക്കുറിച്ച് ഗൂഗിള്‍ വ്യക്തത നൽകിയിട്ടില്ല. ചാറ്റ്ജിപിടിയുടെ പ്രകടനം 2021 വരെയുള്ള വിവരങ്ങള്‍ വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ടല്ലോ. ബാര്‍ഡിന് ലാംഡയ്‌ക്കൊപ്പം ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജിയും പ്രയോജനപ്പെടുത്തും. ചാറ്റ്ജിപിടിക്കും മറ്റ് എഐ ചാറ്റുകള്‍ക്കു പിന്നിലും ഇത് പ്രവര്‍ത്തിക്കുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജിക്കായി മുന്നോട്ടിറങ്ങിയ കമ്പനിയും ഗൂഗിള്‍ തന്നെയാണ്. പക്ഷേ, ഇത് കമ്പനി 2017ല്‍ ഓപ്പണ്‍ സോഴ്‌സ് ആക്കിയിരുന്നു.

∙ ന്യൂറല്‍ നെറ്റ്‌വര്‍ക്ക്

ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജിക്കു പിന്നിലുള്ളത് ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ആര്‍ക്കിടെക്ചര്‍ ആണ്. നാചുറല്‍ ലാംഗ്വേജ് പ്രോസസിങ്, കംപ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യകള്‍ക്കു പിന്നിലെ പ്രവചന വിദ്യ കൊണ്ടുവന്നിരിക്കുന്നതും ട്രാന്‍സ്‌ഫോര്‍മര്‍ ടെക്നോളജി ഉപയോഗിച്ചാണ്.

∙ വേഡ്ക്രാഫ്റ്റ് ഉപയോഗിച്ച് കഥകള്‍ രചിക്കാം

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ലാംഡയുടെ ശേഷി പ്രദര്‍ശിച്ചപ്പോള്‍ അതിന് കഥകളും മറ്റു എഴുതാനുള്ള കഴിവും കാണിച്ചിരുന്നു. ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത് വേഡ്ക്രാഫ്റ്റ് എന്നാണ്. വേഡ്ക്രാഫ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് പ്രഫഷനല്‍ എഴുത്തുകാരെകൊണ്ട് കഥകള്‍ എഴുതുന്ന ഒരു പ്രൊജക്ടിനെക്കുറിച്ച് ഗൂഗിള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വെളിപ്പെടുത്തിയിരുന്നു. ഈ കഥകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വായിക്കാന്‍ ലഭിക്കും. എന്നാല്‍, ലാംഡയ്ക്ക് ഇപ്പോള്‍ കഥയെഴുത്തില്‍ വേണ്ട വഴക്കമില്ലെന്നും എഴുത്തുകാരുമായി സഹകരിച്ചു മാത്രമേ എഴുതാന്‍ സാധിക്കൂ എന്നും ഗൂഗിള്‍ പറഞ്ഞിരുന്നു. പക്ഷേ, അതും മാറും.

∙ ബാര്‍ഡിനെ ഇപ്പോള്‍ ഗൂഗിള്‍ ഇറക്കാനുള്ള കാരണമെന്ത്?

നേരത്തേ പറഞ്ഞതു പോലെ ആളുകള്‍ ചാറ്റ്ജിപിടിയില്‍ മയങ്ങുമോ എന്ന സംശയം തന്നെയാണ് കാരണം. ഇതുകൂടാതെ ഗൂഗിളിനോട് ഒരിക്കലും മത്സരിക്കാനാവാതിരുന്ന മൈക്രോസോഫ്റ്റ് ബിങ്ങില്‍ ചാറ്റ്ജിപിടി ഉള്‍പ്പെടുത്തുമ്പോള്‍ അത് ഗൂഗിള്‍ സേര്‍ച്ചിന് വെല്ലുവിളിയാകുമോ എന്ന സംശയവും തിടുക്കപ്പെട്ട് ബാര്‍ഡ് അവതരിപ്പിക്കുന്നതിന്റെ പിന്നിലുണ്ടാകാം. ഗൂഗിളാണ് ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നോളജി വികസിപ്പിക്കാനായി മുന്നിട്ടിറങ്ങിയതെങ്കിലും അതിന്റെ ഗുണം അദ്യം അവതരിപ്പിച്ച് ലോകത്തെ അമ്പരപ്പിച്ചതിന്റെ ഖ്യാതി ഓപ്പണ്‍എഐക്ക് ആയിരുന്നല്ലോ. ചാറ്റ്ജിപിടിയുടെ ഞെട്ടിക്കുന്ന വിജയം കണ്ട ഗൂഗിള്‍ ആകെ വിരണ്ടു എന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതോടെ, കമ്പനിയുടെ ദൈനംദിന പരിപാടികളിലൊന്നും പങ്കെടുക്കാതെ മാറി നില്‍ക്കുന്ന സ്ഥാപകരായ ലാറി പേജിനെയും സെര്‍ജെയ് ബ്രിന്നിനെയും വിളിച്ചുവരുത്തി പദ്ധതികള്‍ അവലോകനം ചെയ്തുവെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

∙ പ്രതികരണങ്ങളും ചാറ്റ്ജിപിടിക്ക് അനുകൂലം

ഗൂഗിളിനെയും ചാറ്റ്ജിപിടിയെയും താരതമ്യം ചെയ്തു വരുന്ന റിപ്പോര്‍ട്ടുകളിലേറെയും ചാറ്റ്ജിപിടിക്ക് അനുകൂലമായതും ഗൂഗിളില്‍ അപകട സൈറന്‍ മുഴങ്ങാന്‍ ഇടയാക്കിയെന്നും കരുതപ്പെടുന്നു. തങ്ങളുടെ എതിരാളിയായ മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടിയില്‍ 1000 കോടി ഡോളര്‍ ഇറക്കിതും ഗൂഗിളിനെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നു കരുതാം.

chat-gpt-3

∙ സങ്കീര്‍ണമായി വിവരങ്ങളുടെ രത്‌നച്ചുരുക്കം ബാര്‍ഡ് നല്‍കിയേക്കും

വിവിധ വീക്ഷണകോണുകളില്‍ നിന്ന് ഒരേ കാര്യം, അത് സങ്കീര്‍ണമാണെങ്കില്‍ കൂടി, വിശകലനം ചെയ്ത് ലളിതമായ ഭാഷയില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിച്ചു നല്‍കാന്‍ ബാര്‍ഡിന് സാധിച്ചേക്കുമെന്നു പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇന്റര്‍നെറ്റ് സേര്‍ച് അടുത്ത തലത്തിലേക്ക് ഉയരുന്നു - ചാറ്റ്ജിപിടിക്കും ഗൂഗിളിനും യൂ.

English Summary: What is Google's bard?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com