ADVERTISEMENT

ഡിജിറ്റല്‍ മാധ്യമ രംഗത്തെ സൂക്ഷ്മചലനങ്ങള്‍ പോലും വിടാതെ വീക്ഷിക്കുന്ന വ്യക്തിയാണ് ദുര്‍ഗാ രഘുനാഥ്. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ മാധ്യമ ഭീമന്‍ ടൈംസ് ഗ്രൂപ്പില്‍ നിന്ന് ആഗോള ടെക്‌നോളജി സാമ്രാട്ട് ഗൂഗിളിന്റെ ഇന്ത്യാ വിഭാഗത്തിലെ ന്യൂസ് പാര്‍ട്ണര്‍ഷിപ് വിഭാഗം മേധാവിയാകാൻ ദുര്‍ഗയ്ക്ക് സാധിച്ചതും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ മൊബൈല്‍ ഉപകരണങ്ങള്‍ വഴി വാര്‍ത്ത ജനങ്ങളിലേക്ക് എത്തുന്നതിന്റെ രീതികളെയും അതുവഴി വരുമാനം ലഭിക്കുന്ന പരസ്യങ്ങള്‍, സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ സാധ്യതകളെക്കുറിച്ചും അവര്‍ പഠിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

 

കണ്‍സ്യൂമര്‍ മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ സഹായകമായ പല വിവരങ്ങളും നല്‍കാന്‍ കെല്‍പ്പുള്ള വ്യക്തിയുമാണ് ദുര്‍ഗ. അമൂല്യമായ അനുഭവസമ്പത്താണ് ദുര്‍ഗയുടെ കൈമുതല്‍. ഒന്നര പതിറ്റാണ്ടിലേറെയായി ആര്‍ജ്ജിച്ച അനുഭവങ്ങള്‍ ഉപകാരപ്രദമായ രീതിയില്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന വ്യക്തിയുമാണവര്‍.

 

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്സ്പെക്റ്റേഷന്‍സില്‍ സംവദിക്കാന്‍ ഗൂഗിൾ ന്യൂസ് പാര്‍ട്ണര്‍ഷിപ് വിഭാഗം മേധാവി ദുര്‍ഗ രഘുനാഥും എത്തുന്നു. ടെക്സ്പെക്റ്റേഷന്‍സിന്റെ അഞ്ചാം എഡിഷനാണ് ഫെബ്രുവരി 17ന് നടക്കുന്നത്. ടെക്‌നോളജി മേഖലയിലെ വിദഗ്ധര്‍, നിക്ഷേപകര്‍ തുടങ്ങിയവരായിരിക്കും ഇതില്‍ പങ്കെടുത്തു സംസാരിക്കുക. ഈ വര്‍ഷം ടെക്‌നോളജി മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന സമൂല മാറ്റമടക്കമുള്ള വിഷയങ്ങളായിരിക്കും പ്രാധാന്യം നേടുക. സമൂഹ മാധ്യമങ്ങള്‍, മൊബൈല്‍സ്, വിഡിയോ, ഇ-കൊമേഴ്‌സ്, വ്യാജ വാര്‍ത്ത, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. 

 

ടൈംസ് ഇന്റര്‍നെറ്റിന്റെ ഡിജിറ്റല്‍ വിഭാഗത്തെ നയിച്ചിരുന്നത് ദുര്‍ഗ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, മുംബൈ മിറര്‍, പൂണെ മിറര്‍, ബാംഗളൂര്‍ മിറര്‍, അഹമദാബാദ് മിറര്‍ (ഇവ എല്ലാം ചേര്‍ത്ത് മിറര്‍ ബ്രാന്‍ഡുകള്‍ എന്ന് അറിയപ്പെടുന്നു), ന്യൂസ്പോയിന്റ്, ഗ്യാജറ്റ്‌സ് നൗ, ഇടൈംസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടം വഹിച്ചിരുന്ന ദുര്‍ഗ അടുത്ത ഇന്നിങ്‌സിനായാണ് ഗൂഗിളില്‍ എത്തിയിരിക്കുന്നത്.

 

ടൈംസ് ഇന്റര്‍നെറ്റില്‍ എത്തുന്നതിനു മുൻപും ഇന്ത്യന്‍ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായിരുന്നു ദുര്‍ഗ. നെറ്റ്‌വര്‍ക്ക്18ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ജോലിയെടുത്ത ശേഷമാണ് ടൈംസിലെത്തിയത്. നെറ്റ്‌വര്‍ക്ക്18 ഡിജിറ്റല്‍/വെബ്18 വിഭാഗത്തില്‍ പയറ്റിതെളിഞ്ഞ ശേഷമാണ് നെറ്റ്‌വര്‍ക്ക്18ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ചുമതലയേറ്റത്. അതിനു മുൻപ് ദുര്‍ഗ പേരെടുത്തത് ഫസ്റ്റ്‌പോസ്റ്റിന്റെ സ്ഥാപകയും, ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എന്ന നിലയിലായിരുന്നു. 

 

2018ലാണ് ദുര്‍ഗ സൊമാറ്റോയുടെ ഗ്രോത് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. അതിനു മുൻപ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡിജിറ്റല്‍ വിഭാഗത്തിന്റെ സിഇഒ ആയിരുന്നു. 

 

ജഗനട്‌സ് ബുക്‌സിന്റെ സ്ഥാപകരിലൊരാളാണ് ദുര്‍ഗ. ഇപ്പോഴും അതിന്റെ ബോര്‍ഡ് മെംബറുമാണ്. അതിനു മുൻപ് ദി വോള്‍ സ്ട്രീറ്റ് ജേണലിന്റെ ഇന്ത്യന്‍ എഡിറ്ററായും ദുര്‍ഗ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈവ് മിന്റില്‍ ജനറല്‍ മാനേജര്‍/മാനേജിങ് എഡിറ്റര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ദുര്‍ഗയുടെ ആദ്യ ജോലി ന്യൂ യോര്‍കില്‍ ഹാര്‍പര്‍കോളിന്‍സിലായിരുന്നു. ഇന്ത്യന്‍ ബിസിനസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎ സ്വന്തമാക്കിയ ദുര്‍ഗ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിഷിങ് ഡിഗ്രിയും നേടിയിരുന്നു.

 

∙ ടെക്സ്പെക്റ്റേഷന്‍സ് 2023

 

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർ‌ട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

 

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com  സന്ദർശിക്കുക.

 

English Summary: Durga Raghunath - Head, News Partnerships - Google India – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com