ഗൂഗിളിന് നാണക്കേട്, നഷ്ടം; പിച്ചൈയെ വിമര്‍ശിച്ച് ജോലിക്കാര്‍
Mail This Article
ലോകമെമ്പാടുമുള്ള വിദഗ്ധരെയും സാധാരണക്കാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയ എഐ ചാറ്റ് സംവിധാനം ചാറ്റ്ജിപിടിക്കെതിരെ ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് അവതരണ ഘട്ടത്തില്‍ തന്നെ കാര്യങ്ങള്‍ അലമ്പാക്കിയതിനെതിരെ കമ്പനിയുടെ ജീവനക്കാര്‍ രംഗത്തെത്തി. ബാര്‍ഡ് തെറ്റായ വിവരം നല്‍കിയതോടെ ഗൂഗിളിന്റെ ഓഹരി വില 10000 കോടി ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. ഇതിനുപുറമെ കമ്പനിക്കുണ്ടായ നാണക്കേടും ചില്ലറയല്ലെന്നാണ് ചില ഗൂഗിള്‍ ജോലിക്കാര്‍ കരുതുന്നത്. കമ്പനിക്കുളളിലെ സന്ദേശക്കൈമാറ്റ സംവിധാനമായ മെമെജനിലാണ് (Memegen) ജോലിക്കാര്‍ മേധാവിക്കും തലപ്പത്തിരിക്കുന്നവര്‍ക്കും എതിരെയുള്ള ഇഷ്ടക്കെട് പരസ്യമാക്കിയതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഗൂഗിള്‍ ജോലിക്കാരെ പിരിച്ചുവിട്ട രീതിയും വിമര്‍ശിക്കപ്പെട്ടു.
∙ പിച്ചൈയുടെ പ്രവര്‍ത്തനം വിലയിരുത്തണം
പ്രിയ സുന്ദര്‍, ബാര്‍ഡ് അവതരിപ്പിച്ചതിലും ജോലിക്കാരെ പിരിച്ചുവിട്ടതിലും അനാവശ്യ തിടുക്കം കാട്ടി. അത് വിലക്ഷണമായിരുന്നു. ദീര്‍ഘവീക്ഷണമില്ലായ്മയായിരുന്നു എന്നാണ് മെമെജനില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിലുളളത്. സന്ദേശത്തിനൊപ്പം പിച്ചൈയുടെ ഗൗരവത്തിലുള്ള ഒരു ഫോട്ടോയും നല്‍കിയിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമെടുക്കുന്ന രീതി തിരിച്ചുകൊണ്ടുവരണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. പിച്ചൈയുടെയും നേതൃത്വത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തപ്പെടണം എന്നാണ് മറ്റൊരു സന്ദേശം. ഗൂഗിളില്‍ ജോലിക്കാരുടെ പ്രകടനം വിലയിരുത്തുന്ന സംവിധാനമുണ്ട്. ഇത് നേതൃത്വത്തിനെതിരെയും പ്രയോഗിക്കണം എന്നാണ് ആവശ്യം. നേതൃത്വം വികടമായ രീതിയില്‍ ഹൃസ്വദൃഷ്ടി പ്രകടിപ്പിക്കുന്നുവെന്നും ഗൂഗിളിനു ചേരാത്ത രീതിയിലുള്ള മുന്നോട്ടുപോക്കു നടത്തുന്നുവെന്നും മറ്റൊരു പോസ്റ്റില്‍ അരോപിക്കുന്നു.
∙ ജോലിക്കാരെ പിരിച്ചുവിടുമ്പോള്‍ 3 ശതമാനം വളര്‍ച്ച, ബാര്‍ഡ് അവതരിപ്പിച്ചപ്പോള്‍ 8 ശതമാനം ഇടിവ്
ഗൂഗിള്‍ 12,000 ജോലിക്കാരെ പിരിച്ചുവിട്ടപ്പോള്‍ കമ്പനിയുടെ ഓഹരി വില 3 ശതമാനം വര്‍ധിച്ചു. തിടുക്കപ്പെട്ട് എഐ അവതരിപ്പിച്ചപ്പോള്‍ ഓഹരിവില 8 ശതമാനം ഇടിഞ്ഞുവെന്നും മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിളിന്റെ 'ജി' ലോഗോയ്ക്ക് തീ പിടിച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നതാണ് മറ്റൊന്ന്. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷത്തിനു ശേഷം കമ്പനിയില്‍ കാര്യങ്ങളൊക്കെ ഇങ്ങനെയാണ് എന്ന കുറിപ്പും ഉണ്ട്. അതേസമയം, തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് സേര്‍ച്ച് സംവിധാനമായ ബാര്‍ഡ് പരീക്ഷണാര്‍ഥം 'വിശ്വസിക്കാവുന്ന' ടെസ്റ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. പൊതുജനത്തിനായി ഇത് 'ആഴ്ചകള്‍ക്കുളളില്‍' ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
∙ ഗീതാജിപിടിയുമായി ഗൂഗിള്‍ എൻജിനീയര്‍
സിനിമാ സ്‌ക്രിപ്റ്റ് മുതല്‍ പ്രേമലേഖനങ്ങള്‍ വരെ എഴുതാന്‍ സഹായത്തിന് ചാറ്റ്ജിപിടിയുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ മികച്ച പ്രേമലേഖനമൊക്കെ അത് എഴുതി തന്നേക്കും. എന്നാല്‍, ഇപ്പോള്‍ കുറച്ചു പേരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത് പുണ്യഗ്രന്ഥമായ ഭഗവത്ഗീതയുടെ 700 ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തി ജിപിടി-3 പ്രയോജനപ്പെടുത്തി പരിശീലിപ്പിച്ച ഗീതാജിപിടിയാണ്. ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഭഗവത്ഗീതയിലുളള പരിഹാരമാര്‍ഗങ്ങള്‍ പറഞ്ഞു തരുന്ന ഗീതാജിപിടിക്കു പിന്നില്‍ ഗൂഗിൾ എൻജിനീയറായ സുകുരു (Sukuru) സായി വിനീത് ആണ്. ഒരാള്‍ ജീവതത്തെപ്പറ്റി ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് ഭഗവദ്ഗീതയില്‍ നിന്നു ലഭിക്കാവുന്ന ഉത്തരമായിരിക്കും ഗീതാജിപിടി ആദ്യം നല്‍കുക. ഒപ്പം ഉത്തരം സാധൂകരിക്കാന്‍ ഗീതയിലുള്ള ശ്ലോകങ്ങളും ഉദ്ധരിക്കും.
∙ ബാര്‍ഡ് ക്രോംഒഎസില്‍ ഉള്‍ക്കൊളളിക്കാന്‍ ഗൂഗിള്‍
മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ചാറ്റ്ജിപിടി വിന്‍ഡോസിലെ ബ്രൗസര്‍ എഡ്ജില്‍ ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചതിനു പിന്നാലെ തങ്ങളുടെ ബാര്‍ഡിന്റെ ശേഷി ക്രോംഒഎസില്‍ ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രോംബുക്ക് എന്ന പേരില്‍ അറിയപ്പെടുന്ന കംപ്യൂട്ടറുകളുടെ ഒഎസ് ആണ് ക്രോംഒഎസ്. ക്രോംഒഎസില്‍ കാണാന്‍ സാധിച്ച പുതിയ കോഡുകള്‍ 'കോണ്‍വര്‍സേഷണല്‍ സേര്‍ച്ചി'നെക്കുറിച്ചുള്ള സൂചന തരുന്നു. 'ലോഞ്ചര്‍ ചാറ്റ്' എന്നൊരു കോഡും കാണാമെന്നു പറയുന്നു. ഇതെല്ലാം ബാര്‍ഡ് എഐ ക്രോംഒഎസുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം ക്രോം ഫ്‌ളാഗ്‌സ് (chrome://flags) തിരഞ്ഞെടുത്തിരിക്കുന്നവര്‍ക്കു മാത്രമെ ഇപ്പോള്‍ കാണാനാകൂ. അതേസമയം, ക്രോംഒഎസ് ഉപയോക്താക്കള്‍ക്കുള്ള ഒരു എക്‌സ്‌റ്റെന്‍ഷന്‍ ആകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല.
∙ ചാറ്റ്ജിപിടി ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും ഭീഷണിയെന്ന്
ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റിവ് എഐ മോഡലുകള്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഭീഷണിയായേക്കാമെന്ന് ജെപി മോര്‍ഗന്റെ പ്രവചനം. ജനറേറ്റിവ് എഐ വ്യാപകമാകുന്നതോടെ അക്‌സെഞ്ചര്‍, ഡിലോയിറ്റ് തുടങ്ങിയ കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക് കുതിപ്പുണ്ടാകും, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, വിപ്രോ പോലെയുള്ള കമ്പനികളുടെ വിലയിടലിനെ ഇത് ബാധിക്കാമെന്നും അത് കമ്പനികള്‍ക്ക് തിരിച്ചടിയായേക്കാമെന്നും പറയുന്നു. ഇത് ഹൃസ്വകാലത്തേക്കായിരിക്കും. വന്‍കിട ഇന്ത്യന്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍ തിരിച്ചുവരവു നടത്തിയെക്കാമെങ്കിലും ചെറുകിട കമ്പനികള്‍ക്ക് ജനറേറ്റീവ് എഐ പ്രശ്‌നം സൃഷ്ടിച്ചേക്കാം. ചാറ്റ്ജിപിടിക്കും ബാര്‍ഡിനും പുറമെ ചൈനീസ് ടെക് ഭീമന്‍ ബെയ്ദു അടക്കം പല കമ്പനികളും ജനറേറ്റിവ് എഐ കേന്ദ്രീകൃത നീക്കത്തിന് ഒരുങ്ങുകയാണ്.
∙ ഇന്ത്യന്‍ സമൂഹ മാധ്യമ ആപ് സ്ലിക് 150,000 ലേറെ ഉപയോക്താക്കളുടെ വിവരം തുറന്നിട്ടു
പ്രാദേശികമായി വികസിപ്പിച്ച സമൂഹ മാധ്യമമായ സ്ലിക് (Slick) കുട്ടികള്‍ അടക്കുമുളള ഉപയോക്താക്കളെക്കുറിച്ചുളള വിവരങ്ങള്‍ തുറന്നിട്ടുവെന്ന് റിപ്പോര്‍ട്ട്. ടെക്ക്രഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകരാം 150,000 ലേറെ ഉപയോക്താക്കളുടെ ഡേറ്റയാണ് പുറത്തുപോയിരിക്കുന്നത്. പേര്, മൊബൈല്‍ നമ്പര്‍, ജനന തീയതി, പ്രൊഫൈല്‍ ഫോട്ടോകള്‍ തുടങ്ങിയവയാണ് ഓണ്‍ലൈനില്‍ പാസ്‌വേഡ് ഇല്ലാതെ കാണാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍, കോളജ് കുട്ടികള്‍ക്ക് മറ്റാരും അറിയാതെ സംവാദിക്കാനുള്ള അവസരമാണ് തങ്ങള്‍ നല്‍കുന്നതെന്നായിരുന്നു ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ സ്ലിക് അവകാശപ്പെട്ടിരുന്നത്.
∙ കേന്ദ്രത്തെയും അറിയിച്ചു
ക്ലൗഡ്ഡിഫന്‍സ്.എഐ എന്ന കമ്പനിയുടെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥനായ അനുരാഗ് സെന്‍ ആണ് ഡേറ്റ തുറന്നിട്ടിരിക്കുന്ന കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതെന്ന് ടെക്ക്രഞ്ച് പറയുന്നു. കേന്ദ്ര കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീമായ സേര്‍ട്ട്.ഇന്‍ അധികാരികളെയും സെന്‍ ഇക്കാര്യം അറിയിച്ചു. അധികം താമസിയാതെ പ്രശ്‌നം പരിഹരിച്ചുവെന്നും ഡേറ്റ ഇപ്പോള്‍ ചോര്‍ത്താനാവില്ലെന്നും സ്ലിക്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നു മുതലാണ് ഡേറ്റ ചോർന്നതെന്ന് വ്യക്തമല്ല.
∙ മെറ്റാ കൂടുതല്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു
ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായെ മെറ്റാ കൂടുതല്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്. നവംബറില്‍ ഏകദേശം 11,000 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. വരുന്ന ആഴ്ചകളില്‍ മെറ്റാ കൂടുതല്‍ പേരെ പുറത്താക്കാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
English Summary: Google employees criticize CEO Sundar Pichai for ‘rushed, botched’ announcement of GPT competitor Bard