ഡീപ്ഫേക്ക് ആശങ്കയുണ്ടാക്കുന്ന സാങ്കേതികവിദ്യ, സൂക്ഷ്‌മമായി ശ്രദ്ധിച്ചാൽ കണ്ടുപിടിക്കാം

Mail This Article
ഡീപ് സിന്തസിസ് സാങ്കേതികവിദ്യയുടെ ഏറ്റവും കുപ്രസിദ്ധമായ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഡീപ്ഫേക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ലേർണിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക സഹായത്തോടെ വെർച്വൽ ദൃശ്യങ്ങളായ ടെക്‌സ്‌റ്റ്, ഇമേജുകൾ, ഓഡിയോ, വിഡിയോ എന്നിവ സൃഷ്ടിക്കുന്നതിന് ഡീപ് സിന്തസിസ് ടെക്നോളജി ഉപയോഗപ്പെടുത്തുന്നു.
ഡീപ്ഫേക്കുകൾ വളരെ റിയലിസ്റ്റിക്കായി തോന്നാം. തെറ്റിദ്ധരിപ്പിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രക്രിയയാണിത്. സോഷ്യൽ എൻജിനീയറിങ്, അശ്ലീലത, തിരഞ്ഞെടുപ്പ് കൃത്രിമം, തെറ്റായ വിവര പ്രചാരണങ്ങൾ, ഐഡന്റിറ്റി മോഷണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവക്ക് ഡീപ്ഫേക്കുകൾ ഉപയോഗിക്കാം.
വാസ്തവമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ, ആളുകളെ ബോധ്യപ്പെടുത്തുന്ന കണ്ടന്റുകൾ സൃഷ്ടിക്കുകയാണിവിടെ. വഞ്ചനാപരമായ പ്രവർത്തനങ്ങൾ, തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്തൽ, സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, ബ്ലാക്ക്‌മെയിൽ തുടങ്ങിയവയെല്ലാം ഡീപ്ഫേക്കുകളാൽ സാധ്യമാകുമെന്നത് വലിയ ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. തന്ത്രപരമായി ഒരുക്കുന്ന
ഡീപ്ഫേക്ക് ഐറ്റങ്ങൾ വ്യാജമാണെന്ന് ചിലപ്പോൾ സാധാരണക്കാർക്ക് മനസ്സിലായേക്കില്ലെന്ന് മാത്രമല്ല ചിലപ്പോൾ വിശ്വസിച്ചെന്നും വരും.
ആൾമാറാട്ടം നടത്തി, ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ഒരു വ്യക്തിയുടെ വ്യാജ വിഡിയോയോ ഓഡിയോയോ സൃഷ്ടിച്ചു പ്രചരിപ്പിക്കുന്നത് ഡീപ്ഫേക്കിന് ഒരുദാഹരണമാണ്.
∙ ഡീപ്ഫേക്കിനെ എങ്ങനെ തിരിച്ചറിയാം
- യഥാർഥ വ്യക്തികളുടെ സൂക്ഷ്മമായ ചലനങ്ങളോ ഭാവങ്ങളോ പൂർണമായി ഡീപ്ഫേക്കുകൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞെന്നു വരില്ല.
- വിഡിയോയുമായി ഓഡിയോ പൂർണമായും പൊരുത്തപ്പെടാതെ വരാം
- സീനിലെ ബാക്ക്ഗ്രൗണ്ടിലും ലൈറ്റിങ്ങിലും പൂർണമായ അനുയോജ്യത കണ്ടെന്നു വരില്ല
- വിഡിയോയിൽ കൂടുതൽ ബ്ലിങ്കിങ് കണ്ടേക്കാം
ഡീപ്ഫേക്കുകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടാകും എന്നതാണ് പ്രത്യേകത. വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ അവ കണ്ടുപിടിക്കാം. ഡീപ്ഫേക്കുകൾ നന്നായി റെൻഡർ ചെയ്യാൻ പ്രയാസമാണ്. ഗുണനിലവാരമില്ലാത്ത ഡീപ്ഫേക്കുകൾ കണ്ടെത്താൻ എളുപ്പമാണ്.
∙ ഡീപ്ഫേക്കെന്ന് സംശയം തോന്നിയാൽ അവയുടെ ആധികാരികത പരിശോധിക്കാം
- ഉറവിടം വിശ്വസനീയമാണോയെന്ന് പരിശോധിക്കുക
- പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ വസ്‌തുതകൾ പരിശോധിച്ചു സംശയനിവാരണം നടത്തുക
- ഡീപ്ഫേക്കുകൾ കണ്ടെത്താൻ ഡീപ്ഫേക്ക് ഡിറ്റക്ഷൻ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കാം.
English Summary: Deepfakes are a problem, what's the solution?