ADVERTISEMENT

കഴിഞ്ഞ വർഷം ജനുവരിയില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കു മുകളില്‍ ആകാശത്തു കണ്ട വെളുത്ത വൃത്തം അമേരിക്ക വെടിവച്ചിട്ടതു പോലുള്ള ചാരബലൂണ്‍ ആയിരുന്നോ എന്ന സംശയമുന്നയിച്ചിരിക്കുകയാണ് സിഎന്‍എന്‍. എട്ടു ബ്ലാക്ക് പാനലുകള്‍ അതിന്റെ പാര്‍ശ്വഭാഗങ്ങളില്‍ തൂങ്ങി നിന്നിരുന്നു. അതേസമയം, ഒഡിഷ തീരത്തുനിന്ന്, പത്ത് ദിവസം മുൻപ് മുൻകാലില്‍ ക്യാമറയും ചിപ്പുമെന്നു തോന്നുന്ന തരം ഉപകരണങ്ങള്‍ കെട്ടിവച്ച പ്രാവിനെ പിടികൂടിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാവിന്റെ കാലില്‍ ക്യാമറകളും മൈക്രോചിപ്പും ആണോ ഉണ്ടായിരുന്നത് എന്നറിയാന്‍ സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധന തുടരുകയാണ്. തങ്ങളുടെ ട്രോളറില്‍ വന്നിരുന്ന പ്രാവിന്റെ കാലില്‍ സംശയാസ്പദമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ കണ്ട മത്സ്യത്തൊഴിലാളികൾ അതിനെ പിടികൂടി തീരദേശ പൊലീസിനു കൈമാറുകയായിരുന്നു.

∙ പൊലീസ് പരിശോധിക്കുന്നു

പ്രാവിന്റെ കാലിലുളളത് മൈക്രോചിപ്പും ക്യാമറയുമാണോ എന്ന് പരിശോധിക്കുകയാണെന്ന് ജഗത്‌സിങ്പുരിലെ പൊലീസ് സൂപ്രണ്ട് രാഹുല്‍ പി.ആര്‍. പിടിഐയോട് പറഞ്ഞു. പ്രാവിന്റെ ചിറകില്‍ എന്തോ എഴുതിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അത് ഏത‌ു ഭാഷയെന്നു മനസ്സിലായിട്ടില്ലെന്നാണ് അധികാരികള്‍ പറഞ്ഞത്.

∙ കണ്ടത് ചാരബലൂണോ?

ഏകദേശം 430,000 പേര്‍ വസിക്കുന്ന, ഇന്ത്യന്‍ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിനു മുകളില്‍ 2022ല്‍ കണ്ട ബലൂണ്‍ അക്കാലത്തുതന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ഈ വിചിത്ര ആകാശക്കാഴ്ച ഒരു പൂര്‍ണ്ണചന്ദ്രനെപ്പോലെയാണ് തോന്നിച്ചിരുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ അത് എന്തായിരിക്കാമെന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അത് ഹൈ-ആള്‍ട്ടിട്യൂഡിലുള്ള ഒരു നിരീക്ഷണ ബലൂണ്‍ ആയിരിക്കാമെന്ന വാദം ഉയര്‍ത്തിയത് ഏതാനും പേര്‍ മാത്രമാണ്. കാലാവസ്ഥാ ബലൂണ്‍ ആയിരിക്കാമെന്ന് കരുതിയവരും ഉണ്ട്. ആന്‍ഡമാന്‍ഷീക (Sheekha) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പത്രം ഇതിന്റെ ആകാരവും ഉയരവും മറ്റും പരിഗണിച്ച് അതൊരു ബലൂണ്‍ ആകാനുളള സാധ്യത തള്ളിക്കളഞ്ഞിരുന്നു. അതിനൂതന ഉപഗ്രഹ സംവിധാനങ്ങളുള്ള ഇക്കാലത്ത് ആരാണ് ഇത്തരം ഒരു ഉപകരണം ഉപയോഗിച്ച് ചാരപ്പണി നടത്താന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം.

∙ എന്തുകൊണ്ട് ആയിക്കൂടാ?

എന്നാല്‍, ഏതാനും ആഴ്ച മുൻപ് ചൈനീസ് നിരീക്ഷണ ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതോടെ ആന്‍ഡമാനിനു മുകളില്‍ കണ്ട ആകാശപ്രതിഭാസത്തെക്കുറിച്ചും വീണ്ടും സംശയങ്ങള്‍ ഉയരുന്നു. അമേരിക്ക വെടിവച്ചിട്ടത് നിരീക്ഷണോപാധികള്‍ വ്യാപകമായി വിന്യസിച്ച ചാരബലൂണ്‍ ആയിരുന്നുവത്രെ. ചൈനയുടെ ഹിനാന്‍ പ്രവശ്യയില്‍ നിന്നാണ് ചാര ബലൂണുകള്‍ ഉയര്‍ത്തിവിട്ടിരുന്നതെന്ന് സിഎന്‍എന്‍ പറയുന്നു. ഇന്ത്യ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പലതും ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

∙ ജപ്പാനും

തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ ബലൂണിന്റെ ആകൃതിയിലുളള മൂന്ന് പറക്കും വസ്തുക്കളെ 2019-2021 കാലഘട്ടത്തില്‍ കണ്ടെത്തിയെന്നു വെളിപ്പെടുത്തി ജപ്പാന്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയില്‍ ചാരബലൂണ്‍ കണ്ടെത്തിയതോടെ, അത് സംസ്‌കാരമുള്ള രാജ്യാന്തര സമൂഹങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നു പറഞ്ഞ് തയ്‌വാനും രംഗത്തെത്തിയിരുന്നു. അതേസമയം, തങ്ങള്‍ അത്തരം നിരീക്ഷണ പരിപാടികളൊന്നും നടത്തുന്നില്ലെന്നുള്ള നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

Photo: Twitter
Photo: Twitter

∙ ഇന്ത്യ നിശ്ശബ്ദത പാലിക്കുന്നോ?

നിരീക്ഷണ ബലൂണ്‍ കണ്ടും ഒന്നും ചെയ്യാനായില്ല എന്നതിനാലാകാം സർക്കാർ പ്രതികരിക്കാത്തതെന്നു ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ സീനിയര്‍ ഫെലോ സുശാന്ത് സിങ് പ്രതികരിച്ചു. ഒരു നിരീക്ഷണ ബലൂണ്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ സമൂഹത്തിനു മുകളില്‍ കണ്ടുവെന്നും തങ്ങള്‍ അതിനെതിരെ ഒന്നും ചെയ്തില്ലെന്നും പറഞ്ഞാല്‍ അത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ദേശീയതാവാദം ഉയര്‍ത്തുന്ന ഒരു സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അതിനു കഴിയുമെന്നതിനാലാണ് ഇന്ത്യ അതേക്കുറിച്ച് പ്രതികരിക്കാത്തത് എന്നാണ് സുശാന്ത് വിലയിരുത്തുന്നത്. അതേസമയം, ഇന്ത്യ അനുവര്‍ത്തിച്ചുവരുന്ന ശൈലിയാണിതെന്നാണ് ചൈനാ സ്റ്റഡീസിലെ ഫെലോ ആയ മനോജ് കേവല്‍രമണി പ്രതികരിച്ചത്.

∙ ഫോണിന്റെ ബാറ്ററി ശേഷി 30,000 എംഎഎച് ആയി വര്‍ധിപ്പിച്ചു! ഐഫോണ്‍ അടക്കം ചാര്‍ജ് ചെയ്യാമെന്ന് അവകാശാവാദം

സാംസങ് എ32 5ജി ഫോണിന്റെ 5000 എംഎഎച് ബാറ്ററിക്കു പകരം 30,000 എംഎഎച് ബാറ്ററി പിടിപ്പിച്ചുവെന്ന അവകാശവാദവുമായി യു/ഡൗണ്‍ടൗണ്‍_ക്രാന്‍ബെറി44 എന്ന റെഡിറ്റ് യൂസർ രംഗത്തെത്തി. ആറ് സാംസങ് 50ഇ സെല്ലുകള്‍ സമാന്തരമായി വയറിങ് നടത്തിയാണ് ഇത് ചെയ്തിരിക്കുന്നത്. ബാറ്ററിക്ക് വര്‍ധിപ്പിച്ച ശേഷി ഗ്യാലക്‌സി എ32 5ജി ഫോണിനു മാത്രം ഉപയോഗിക്കാനല്ല അദ്ദേഹം തയാര്‍ ചെയ്തിരിക്കുന്നത്. അത് പവര്‍ ബാങ്കായി പ്രയോജനപ്പെടുത്താനായി ഒരു യുഎസ്ബി-സി, മൈക്രോ യുഎസ്ബി, ലൈറ്റ്‌നിങ് പോര്‍ട്ട്, യുഎസ്ബിഎ പോര്‍ട്ട് തുടങ്ങിയവയും ഉള്‍പ്പെടുത്തി. പവര്‍ ബാങ്കായി ഉപയോഗിച്ചാല്‍ ഫാസ്റ്റ് ചാര്‍ജിങ്ങും സാധ്യമാണെന്നും യൂസര്‍ പറയുന്നു.

∙ ഇതെങ്ങനെ സാധിച്ചു?

സാംസങ്ങിന്റെ ആറ് 50ഇ ബാറ്ററി സെല്ലുകള്‍ സമാന്തരമായി അടുക്കിയാണ് കൂറ്റന്‍ ബാറ്ററി സൃഷ്ടിച്ചത്. 30,000 മിലിആംപ് ബാറ്ററിയുടെ ശേഷി ഒരാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ വീണ്ടും ചാര്‍ജ് ചെയ്യാന്‍ 7 മണിക്കൂര്‍ വേണ്ടിവരും.

∙ ഇത് ആരും അനുകരിച്ചേക്കില്ല

എല്ലാവര്‍ക്കും അവരുടെ ഫോണിന്റെ ബാറ്ററി ലൈഫ് വര്‍ധിച്ചു കാണാന്‍ ആഗ്രഹം കണ്ടേക്കുമെങ്കിലും ആരും റെഡിറ്റ് യൂസറെ അനുകരിച്ചേക്കില്ല. കാരണം ബാറ്ററികള്‍ എല്ലാം യോജിപ്പിച്ചതോടെ ഫോണിന്റെ ഭാരം മൊത്തം 1 പൗണ്ടായി. കൂട്ടിച്ചേര്‍ത്ത ഒരോ ബാറ്ററിക്കും 69 ഗ്രാം ഭാരമുണ്ടെന്നും ഫോണിനു മാത്രം 205 ഗ്രാം ഭാരമുണ്ടെന്നും യൂസര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഫോണിന്റെ കട്ടി 1.1 ഇഞ്ച് അധികം വര്‍ധിക്കുകയും ചെയ്തു. പല വിമാന കമ്പനികളും 27,000 എംഎഎച്ചിലേറെ ശേഷിയുള്ള ബാറ്ററി കൊണ്ടുപോകാന്‍ അനുവദിക്കില്ല. കൂടാതെ, ബാറ്ററികളെല്ലാം കൂടി ഒരു പുറംചട്ട ഇടാനും യൂസര്‍ക്ക് സാധിച്ചിട്ടില്ല. ഇവ പൊട്ടിയൊലിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

Samsung BrickPhone 30,000 MAH
Photo: BaconPan87

∙ കൂടുതല്‍ കപ്പാസിറ്റിയുളള ഫോണ്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു

അതേസമയം, ആധുനിക സ്മാര്‍ട് ഫോണുകളില്‍ കൂടിയ കപ്പാസിറ്റിയുള്ള ബാറ്ററികള്‍ ഉൾപ്പെടുത്താനുള്ള ശ്രമം കമ്പനികള്‍ തന്നെ നടത്തിയിട്ടുണ്ട്. പ്രമുഖ ബാറ്ററി നിര്‍മാതാവായ എനര്‍ജൈസര്‍ കമ്പനി പവര്‍ മാക്‌സ് പി18കെ എന്ന പേരില്‍ ഒരു ഫോണ്‍ 2019ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പരിചയപ്പെടുത്തിയിരുന്നു. ഇതിന് 18000 എംഎഎച് ബാറ്ററി കപ്പാസിറ്റിയായിരുന്നു നല്‍കാനിരുന്നത്. ക്രൗഡ്ഫണ്ടിങ് വഴി പുറത്തിറക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ആളുകള്‍ കാര്യമായി താത്പര്യം കാണിക്കാതിരുന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

∙ ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് പ്രോയ്ക്ക് സ്‌പെഷല്‍ ഓഡിയോ ഫീച്ചര്‍

ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ ബഡ്‌സ് പ്രോ വയര്‍ലെസ് ഇയര്‍ഫോണിന് സ്‌പെഷല്‍ ഓഡിയോ ഫീച്ചര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു വഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English Summary: India Spotted 'Balloon-Type' Mystery Object Over Andaman And Nicobar Islands In 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com