ആഗോള നിലവാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമായി വികസിപ്പിക്കാന്‍ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുമെന്നു സൂചന. ഇന്ത്യഎഐ (INDIAai) പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. സാധാരണക്കാര്‍ക്കിടയില്‍ പോലും എഐയുടെ ശേഷി പ്രചരിപ്പിച്ച ചാറ്റ്ജിപിടിക്ക് അപ്പുറത്തുള്ള ഒന്നായിരിക്കും ഇന്ത്യ വികസിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. വാണിജ്യപരമായി പ്രയോജനപ്പെടുത്താവുന്ന എഐ പ്ലാറ്റ്‌ഫോമുകളും പരിഹാരമാര്‍ഗങ്ങളുമാണ് ഇന്ത്യ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയ്ക്ക് അനുയോജ്യമായ രീതിയില്‍ എഐ ടൂളുകളുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഭരണം പോലും കൂടുതല്‍ മികവുറ്റതാക്കാന്‍ ഇന്ത്യാ സ്റ്റാക്കിന് (India Stack) സാധിക്കും.
∙ എന്താണ് ഇന്ത്യാ സ്റ്റാക്?
ഏകദേശം 140 കോടി ജനങ്ങള്‍ രാജ്യത്തുണ്ടെങ്കിലും ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ആമസോണോ ആലിബാബയോ ഇല്ല. അമേരിക്കയ്ക്കും ചൈനയ്ക്കും ഇത്തരം വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ ഉണ്ട്. ഇന്ത്യയ്ക്ക് ടെക്‌നോളജി മേഖലയില്‍ കഴിവുറ്റ ആളുകള്‍ ധാരാളം ഉണ്ടെങ്കിലും ഒരു സിലിക്കന്‍ വാലി ഇല്ല. രാജ്യത്തെ ടെക്‌നോളജി പദ്ധതികളെയെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുന്നതിനെയാണ് ഇന്ത്യാ സ്റ്റാക് എന്നു വിളിക്കുന്നത്. സ്റ്റാക്കില്‍ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചേരുവകള്‍ എല്ലാം ഉണ്ടായിരിക്കും - കംപ്യൂട്ടര്‍ ഭാഷകള്‍, ആര്‍ക്കിടെക്ചര്‍, ലൈബ്രറികള്‍ അല്ലെങ്കില്‍ ലെക്‌സിക്കണുകള്‍, സെര്‍വറുകള്‍, യൂസര്‍ ഇന്റര്‍ഫെയ്‌സുകള്‍, അനുഭവങ്ങള്‍, സോഫ്റ്റ്‌വെയര്‍ എന്നിവയ്‌ക്കൊപ്പം ഇവ ഉപയോഗിച്ചു സൃഷ്ടിച്ച ആപ്പുകളും ഉള്‍പ്പെടുന്ന പരിസ്ഥിതിയായിരിക്കും ഇത്. ഇതില്‍ ഡേറ്റാബെയ്‌സും സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കാന്‍ ഡെവലപ്പര്‍മാര്‍ ഉപയോഗിക്കുന്ന ടൂളുകളായ എപിഐയും ഉണ്ടായിരിക്കും. രാജ്യമാകെ ഉൾപ്പെടുന്ന ഈ സ്റ്റാക് സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് കേന്ദ്ര സർക്കാർ തന്നെയാണ്. ആധാര്‍ മുതല്‍ പേമെന്റ് സിസ്റ്റങ്ങള്‍ വരെ ഇതിന്റെ പരിധിയില്‍പെടും.
∙ എഐയെ ഇന്ത്യയ്ക്കായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം
സ്വന്തമായി വികസിപ്പിച്ച നിര്‍മിത ബുദ്ധിയെ ഇന്ത്യയ്ക്കായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഇതിനായി ഇന്ത്യന്‍ വിഗ്ധരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്‌നോളജി കമ്പനികളുടെയും സർക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ലാബുകളുടെയും പ്രവര്‍ത്തനത്തെ ഒരുമിപ്പിക്കും. രാജ്യത്ത് സെമികണ്ടക്ടര്‍ നയം രൂപീകരിച്ച അതേമാര്‍ഗം തന്നെയായിരിക്കും ഇന്ത്യഎഐയുടെയും കാര്യത്തിലെന്നാണ് മന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞത്.
∙ വിദേശ ചാറ്റ്‌ബോട്ടുകളുടെ സേവനം തേടുകയല്ല ഉദ്ദേശ്യം
ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ ഒരു എഐ ശക്തികേന്ദ്രമാകാനാണ് ഉദ്ദേശ്യം. അല്ലാതെ വിദേശ ചാറ്റ്‌ബോട്ടുകളെ ഉള്‍ക്കൊള്ളിച്ച് മുന്നേറാനായിരിക്കില്ല. പുതിയ നീക്കം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്നും മന്ത്രി പറയുന്നു. എഐ ഉപയോഗിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാതലായ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമവും നടക്കും. ആധാര്‍, യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ്, ഡിജിലോക്കര്‍, കോവിന്‍ തുടങ്ങി ഇന്ത്യാ സ്റ്റാക്കിലുള്ള ഉല്‍പന്നങ്ങള്‍ക്കും ഗുണമുണ്ടാകും. ഇതിനെല്ലാമായി രാജ്യത്തെ 2024 സാമ്പത്തിക വര്‍ഷത്തിനായി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ മൂന്നു എഐ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ തുറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് മെയ്ക് എഐ ഇന്‍ ഇന്ത്യ, മെയ്ക് എഐ വര്‍ക് ഫോര്‍ ഇന്ത്യ എന്നീ ലക്ഷ്യങ്ങള്‍ നേടാനായിരിക്കും. രാജ്യത്തിന്റെ എഐ വികസിപ്പിക്കലിനായി ഇവിടെയുള്ള കമ്പനികളുടെ സഹകരണവും തേടും.
∙ പോസ്റ്റ്‌പെയ്ഡ് കുടുംബ പ്ലാനുകളുമായി ജിയോ
രാജ്യത്തെ പ്രധാനപ്പെട്ട ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് കുടുംബ പ്ലാനുകള്‍ അവതരിപ്പിച്ചു. 'ജിയോ പ്ലസ്' സേവനത്തിനു കീഴിലാണ് പുതിയ പദ്ധതി. നാലംഗ കുടുംബത്തിന് ഇത് ഒരു മാസത്തേക്ക് ഫ്രീയായി പരീക്ഷിച്ചു നോക്കാം. പ്ലാനുകള്‍ തുടങ്ങുന്നത് 399 രൂപ മുതലാണ്. ഇതിലേക്ക് മൂന്നു പേരെ കൂടി സിം ഒന്നിന് 99 രൂപ വച്ച് ചേര്‍ക്കാം. അതായത് നാലു പേരുടെ കുടംബത്തിന് 696 രൂപ (399 + 99 x 3). പദ്ധതിയില്‍ ചേരുന്ന ആളുടെ നമ്പറിന് ജിയോ ട്രൂ 5ജി വെല്‍ക്കം ഓഫര്‍ ഉണ്ടെങ്കില്‍ പരിധിയില്ലാതെ 5ജി ഡേറ്റ ഇപ്പോള്‍ ഉപയോഗിക്കാനും സാധിക്കും. ഇതിനു പുറമെ, ഇഷ്ടമുളള മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. കൂടാതെ, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ജിയോടിവി, ജിയോ സിനിമ തുടങ്ങിയവയും ലഭിക്കും. പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ സെക്യുരിറ്റി നിക്ഷേപം നടത്തേണ്ടതില്ല.
∙ എപ്പോള്‍ വേണമെങ്കിലും ക്യാന്‍സല്‍ ചെയ്യാം
പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുത്ത ശേഷം വേണ്ടെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അത് ഉപേക്ഷിക്കാന്‍ അനുവദിക്കുമെന്നും കമ്പനി പറയുന്നു. ഗുണദോഷങ്ങള്‍ ഗ്രഹിക്കാന്‍ ശേഷിയുള്ള ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് പുതിയ പ്ലാനെന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് എം. അംബാനി പറഞ്ഞു. ചില ഉപയോക്താക്കള്‍ക്ക് ജിയോയിലേക്ക് മാറാന്‍ സന്ദേഹമുണ്ട്. അത്തരക്കാര്‍ക്ക് ഫ്രീ ട്രയല്‍ ഉപയോഗിച്ച് ജിയോ സേവനത്തെ വിലയിരുത്താം.
∙ തുടക്ക ഓഫറില്‍ ലഭിക്കുന്നത് എന്ത്?
ജിയോ പ്ലസിന്റെ തുടക്ക പ്ലാനിന് 399 രൂപയാണ് നല്‍കേണ്ടത്. പരിധിയില്ലാത്ത കോളുകള്‍, എസ്എംഎസ്, പ്രതിമാസം 75 ജിബി ഡേറ്റ എന്നിവ ആയിരിക്കും ലഭിക്കുക. കൂടുതല്‍ പ്രീമിയം പ്ലാനായ 799 രൂപയ്ക്ക് 100 ജിബി ഡേറ്റ ലഭിക്കും. കൂടാതെ, ഇതിലാണ് ഒടിടി പ്ലാറ്റ്‌ഫോം അംഗത്വവും ലഭിക്കുക. ഇരു പ്ലാനുകളിലും 3 കുടുംബാംഗങ്ങളെ ചേര്‍ക്കാം.
∙ എങ്ങനെ ലഭിക്കും?
പുതിയ പ്ലാന്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ 70000 70000 എന്ന നമ്പറിലേക്ക് വിളിക്കുക. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. സുരക്ഷാ നിക്ഷേപം ഒഴിവാക്കുന്നത് ഇവിടെ വച്ചാണ്. പോസ്റ്റ്‌പെയ്ഡ് സിം ഫ്രീയായി വീട്ടിലെത്തിച്ചു തരാനുള്ള ഓപ്ഷനും ഉണ്ട്. ഇത് വീട്ടിലെത്തിക്കുന്ന സമയത്താണ് വേണമെങ്കില്‍ കൂടുതലായി മൂന്നു സിം കൂടി ചോദിച്ചു വാങ്ങാന്‍ സാധിക്കുക. ഇത് വേണമെങ്കില്‍ മാത്രം മതി. ആക്ടിവേഷന്‍ സമയത്ത് ഒരോ സിമ്മിനും 99 രൂപ വീതം അധികം നല്‍കണം. മൂന്നു കുടുംബാംഗങ്ങളെ വരെ പ്രധാന അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇത് മൈജിയോ ആപ്പില്‍ ആയിരിക്കും ചെയ്യാനാകുക. തുടര്‍ന്ന് പ്ലാന്‍ ബെനഫിറ്റ്‌സ് കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാം.
∙ ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം ?
ക്ലാസിക്കല്‍ സംഗീതം സ്ട്രീം ചെയ്യാനായി പ്രത്യേക ആപ് അവതരിപ്പിക്കുകയാണ് ആപ്പിള്‍. മാര്‍ച്ച് 28 മുതലാണ് ആപ്പിള്‍ മ്യൂസിക് ക്ലാസിക്കല്‍ തുറന്നു നല്‍കുന്നത്. ഇതു വേണ്ടവര്‍ക്ക് ഇപ്പോള്‍ പ്രീറജിസ്റ്റര്‍ ചെയ്യാം. ആപ്പിള്‍ മ്യൂസിക് ക്ലാസിക്കലില്‍ മാത്രം ലഭ്യമായ ആല്‍ബങ്ങള്‍, നൂറു കണക്കിനു ക്യുറേറ്റു ചെയ്ത പ്ലേ ലിസ്റ്റുകള്‍, പാട്ടുകള്‍ ചിട്ടപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍, ഗൈഡുകള്‍, വേണ്ട പാട്ടു കണ്ടെത്താനുള്ള മികച്ച മാര്‍ഗങ്ങള്‍ തുടങ്ങിയവ എല്ലാമായാണ് ആപ് എത്തുന്നത്. പുതിയ റിലീസുകള്‍ മുതല്‍ മാസ്റ്റര്‍പീസുകള്‍ വരെ ഇതില്‍ ലഭ്യമാകും.
∙ ആന്‍ഡ്രോയ്ഡിനായി ആപ് പുറത്തിറക്കും
ഏകദേശം 50 ലക്ഷം പാട്ടുകളായിരിക്കും തുടക്കത്തില്‍ ലഭിക്കുക. ഐഒഎസ് 15.4 എങ്കിലുമുള്ള ഐഫോണുകളിലായിരിക്കും ആപ് പ്രവര്‍ത്തിക്കുക. തത്കാലം ഇത് ഐഫോണുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഐപാഡിലും മാക്കിലും തുടക്കത്തിലെങ്കിലും പ്രവര്‍ത്തിക്കില്ല. ആന്‍ഡ്രോയിഡിനായി ആപ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന. അതീവ മികവുറ്റ സ്ട്രീമിങ് ആയിരിക്കും ലഭിക്കുക എന്നാണ് കേള്‍വി.

English Summary: Union Minister Rajeev Chandrasekhar outlines IndiaAI programme; says govt building AI for governance, commercial use