ADVERTISEMENT

ഐഫോണ്‍ നിര്‍മാതാവായ ആപ്പിളിനു വേണ്ടി കരാടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്സ്‌കോണ്‍ കമ്പനി ഇന്ത്യയില്‍ എയര്‍പോഡ്സ് നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ പദ്ധതിയിടുന്നു. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡ്സ് ആണ് എയര്‍പോഡ്സ്. ഇതിനുള്ള ഫാക്ടറിക്കായി ഇന്ത്യയില്‍ 20 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഫോക്സ്‌കോണ്‍ ഒരുങ്ങുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാവ്

 

ഫോക്സ്‌കോണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തയ്വാനീസ് കമ്പനിയായ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ലിമിറ്റഡ് ആണ് ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണത്തിന്റെ 70 ശതമാനവും നടത്തുന്നത്. കമ്പനിക്ക് ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുണ്ട്. ഇതാദ്യമായാണ് ഫോക്സ്‌കോണ്‍ എയര്‍പോഡ്സ് നിര്‍മാണത്തിലേക്കു കടക്കുന്നതെന്നും ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാനുള്ള ശ്രമം ചൈനയില്‍ നിന്ന് തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ആപ്പിളിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ചൈനീസ് സപ്ലൈയര്‍മാരാണ് എയര്‍പോഡ്സ് നിര്‍മിച്ചു നല്‍കുന്നത്.

 

തെലങ്കാനയില്‍ പുതിയ പ്ലാന്റ്

 

പുതിയ എയര്‍പോഡ്സ് പ്ലാന്റിനായി ഫോക്സ്‌കോണ്‍ 20 കോടി ഡോളര്‍ നിക്ഷേപിച്ച് ഫാക്ടറി തുടങ്ങാന്‍ പോകുന്നത് തെലങ്കാനയിലാണ് എന്നാണ് റോയിട്ടേഴ്സിനു ലഭിച്ച വിവരം. അതേസമയം, എത്ര ലക്ഷം ഡോളറിനുള്ള എയര്‍പോഡ്സ് ഓര്‍ഡറാണ് ആപ്പിളില്‍ നിന്ന് ഫോക്സ്‌കോണിന് ലഭിച്ചെതന്ന് വ്യക്തമല്ല. എയര്‍പോഡ്സ് നിര്‍മിച്ചാല്‍ ഫോക്സ്‌കോണിന് വലിയ ലാഭം ലഭിക്കില്ല. ഇതിനാല്‍ ആപ്പിളിന്റെ ഓര്‍ഡര്‍ സ്വീകരിക്കണോ എന്ന് മാസങ്ങളോളം കമ്പനിക്കുള്ളില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭം കുറവാണെങ്കിലും ആപ്പിളുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ പുതിയ നീക്കം ഉതകുമെന്ന വാദം ചര്‍ച്ചകളില്‍ മേല്‍ക്കോയ്മ നേടിയതോടെയാണ് ഫാക്ടറി നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാന്‍ കമ്പനി തീരുമാനിച്ചത്. അതുവഴി, തങ്ങള്‍ക്ക് ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറും ലഭിക്കാന്‍ പ്രേരകമായേക്കും എന്നായിരുന്നു വാദം.

 

ഇന്ത്യയില്‍ മതിയെന്ന് പറഞ്ഞത് ആപ്പിള്‍

 

പുതിയ ഫാക്ടറി ചൈനയില്‍ വേണ്ട ഇന്ത്യയില്‍ സ്ഥാപിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം വച്ചത് ആപ്പിള്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കാന്‍ ഫോക്സ്‌കോണ്‍ കമ്പനി, തയ്വാനില്‍ നിന്നു തന്നെയുള്ള കമ്പനികളായ പെഗാട്രണും വിസ്ട്രണുമായാണ് ഐഫോണ്‍ നിര്‍മാണത്തില്‍ മത്സരിക്കുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ആപ്പിള്‍. ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി ലിമിറ്റഡ് എന്ന ഉപകമ്പനിയായിരിക്കും ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുക. ഈ വര്‍ഷം രണ്ടാം പാദത്തില്‍ അതിന്റെ പണി തുടങ്ങിയേക്കും. ഇവിടെ എയര്‍പോഡ്സ് നിര്‍മാണം തുടങ്ങണമെങ്കില്‍ 2024 അവസാനമെങ്കിലും ആയേക്കും.

 

ഫോക്സ്‌കോണ്‍ ഓഹരി വില കുതിച്ചുയര്‍ന്നു

 

അതേസമയം, എയര്‍പോഡ്സ് നിര്‍മാണ ഓര്‍ഡര്‍ ഫോക്സ്‌കോണിനു ലഭിച്ചു എന്നറിഞ്ഞതോടെ കമ്പനിയുടെ ഓഹരിവില 9 ശതമാനമാണ് കുതിച്ചുയര്‍ന്നത്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ആപ്പിളോ, ഫോക്സ്‌കോണോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആപ്പിളിനായി ഇപ്പോള്‍ എയര്‍പോഡ്സ് നിര്‍മിച്ചു നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചൈനീസ് കമ്പനിയായ ലക്സ്ഷെയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രിയാണ്. അവരുടെ ഓര്‍ഡര്‍ കുറച്ചാണോ ഫോക്സ്‌കോണിന് ഓര്‍ഡര്‍ നല്‍കുന്നതെന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തതയില്ല. എന്തായാലും അമേരിക്ക-ചൈന പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.  

 

ചാറ്റ്ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ ഇന്ത്യയിലും

 

ഞൊടിയിടയില്‍ ടെക്നോളജി ലോകത്തിന്റെ ശ്രദ്ധ പിടിച്ച എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിയുടെ പ്രീമിയം വേര്‍ഷനായ ചാറ്റ്ജിപിടി പ്ലസ് ഇപ്പോള്‍ ഇന്ത്യയിലും വരിക്കാരാകാം. ഇതേക്കുറിച്ചുള്ള ട്വീറ്റ് നടത്തിയത് കമ്പനി മേധാവി സാം ആള്‍ട്ട്മാന്‍ തന്നെയാണ്. ട്വീറ്റില്‍ സബ്സ്‌ക്രൈബ് ചെയ്യാനുള്ള ലിങ്കും ഉണ്ട്. ഇതാ ആള്‍ട്ട്മാന്റെ ട്വീറ്റ്: https://bit.ly/3JOdV9n

 

ആമസോണ്‍ കിന്‍ഡ്ല്‍ മാഗസിന്‍ പൂട്ടി

 

ആമസോണിന്റെ ചില വിഭാഗങ്ങള്‍ പൂട്ടുകയാണെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ പുസ്തക വായനക്കുള്ള ടാബ്ലറ്റാണ് കിന്‍ഡില്‍. വര്‍ത്തമാന മാധ്യങ്ങളും, മാഗസിനുകളും, കിന്‍ഡില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയരുന്ന കിന്‍ഡില്‍ ന്യൂസ്സ്റ്റാന്‍ഡ് മാര്‍ച്ച് 9 മുതല്‍ നിര്‍ത്തി. നിലവില്‍ സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ആ സേവനം സെപ്റ്റംബര്‍ വരെയെ ലഭിക്കൂ എന്നും കമ്പനി അറിയിക്കുന്നു. കിന്‍ഡില്‍ വായനാ ഉപകരണത്തിന് ചേരുന്ന വേര്‍ഷനുകളായിരുന്നു അതുവഴി നല്‍കിപ്പോന്നത്.

 

ബെന്‍ക്യുവിന്റെ പ്രീമിയം പ്രൊജക്ടര്‍ വില്‍പനയ്ക്കെത്തി

 

മോണിട്ടറുകളും, പ്രൊജക്ടറുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങല്‍ നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയായ ബെന്‍ക്യുവിന്റെ ഏറ്റവും പുതിയ പ്രീമിയം പ്രൊജക്ടര്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തി. എല്‍എച്730 എന്നു പേരിട്ടിരിക്കുന്ന 4എല്‍ഇഡി പ്രൊജക്ടറിന് 1,75,000 രൂപയാണ് വില. ഇതിന് 3എല്‍ഇഡി പ്രൊജക്ടറുകളേക്കാള്‍ 8-12 ശതമാനം അധിക ബ്രൈറ്റ്നസ് ലഭിക്കും. പ്രൊജക്ടറിന് 3 വര്‍ഷത്തെ ഓണ്‍സൈറ്റ് വാറന്റിയാണ് കമ്പനി നല്‍കുന്നത്. എല്‍ഇഡി ലൈറ്റ്സോഴ്സിനാണ് മൂന്നുവര്‍ഷ വാറന്റി. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ്, ക്രോം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി കണക്ടു ചെയ്യാം. ഇത്തരം ഒരു പ്രൊജക്ടറില്‍ പ്രതീക്ഷിക്കുന്ന തരം കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്.

 

പിക്സല്‍ 7എയുടെ ആദ്യമാതൃക 2,23,034 രൂപയ്ക്കു വിറ്റുപോയി

 

ഗൂഗിള്‍ പിക്സല്‍ 7എയുടെ അവതരണം അടുത്തുവരികയാണ്. ഇതിനിടയില്‍ ഈ മോഡലിന്റെ ഒരു ഏതാനും പ്രോട്ടോടൈപ്പുകള്‍ (ആദിമരൂപം) ഇബേയില്‍ വില്‍പനയ്ക്കു വച്ചിരുന്നു. ഇതിലൊന്ന് 2,700 ഡോളറിന് വിറ്റുപോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രവര്‍ത്തിപ്പിക്കാനാവില്ല. മറിച്ച് ഫാസ്റ്റ്ബൂട്ട് മോഡില്‍ കയറാം. സിം ട്രേയും ഇല്ല. ഇത് എവിടുന്നാണ് വില്‍പനയ്ക്കെത്തിയത് എന്നതും ആര്‍ക്കും ഇപ്പോള്‍ അറിയില്ല. അതുപോലെ, ഒരാള്‍ എന്തിനാണ് ഇത് ഇത്ര വലിയ വില നല്‍കി വാങ്ങിച്ചതെന്ന് വ്യക്തമല്ല.

 

സ്നാപ്ഡ്രാഗണ്‍ 7 പ്ലസ് ജെന്‍ 2 അവതരിപ്പിച്ചു; 50 ശതമാനം അധിക ശക്തി

 

അടുത്ത തലമുറയിലെ ഇടത്തരം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശക്തിപകരാന്‍ പോകുന്ന ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 7 പ്ലസ് ജെന്‍ 2 അവതരിപ്പിച്ചു. ഇതിന് നിലവിലുള്ള വേര്‍ഷനെക്കാള്‍ 50 ശതമാനം അധിക സിപിയു ശക്തിയും, രണ്ടു മടങ്ങ് ജിപിയു ശേഷിയും ഉണ്ടെന്ന് കമ്പനി പറയുന്നു. തയ്വനീസ് കമ്പനിയായ ടിഎസ്എംസിയുടെ 4എന്‍എം സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചെടുത്തതാണ് ഇത്. സ്നാപ്ഡ്രാഗണ്‍ 7 പ്ലസ് ജെന്‍ 2ന്  1+3+4 ആര്‍ക്കിടെക്ചര്‍ ആണ്. പുതിയ പ്രോസസറിന് 200 എംപി ക്യാമറ സപ്പോര്‍ട്ടു ചെയ്യാന്‍ സാധിക്കും. എച്ഡിആര്‍ വിഡിയോ സപ്പോര്‍ട്ടും ഉണ്ട്. ഇതേ ശ്രേണിയിലെ മുന്‍ തലമുറയിലെ പ്രോസസറിനെ അപേക്ഷിച്ച് ക്വാല്‍കം എഐ എന്‍ജിനും രണ്ടുമടങ്ങ് പ്രവര്‍ത്തനക്ഷമതയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ പ്രോസസര്‍ ഉപയോഗിച്ചുള്ള ഫോണുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു.

 

 

English Summary: Apple supplier Foxconn wins AirPod order, plans $200 million factory in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com