ADVERTISEMENT

ഉറക്കം മെച്ചപ്പെടുത്താന്‍ പുതിയ യന്ത്രമോ? ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ യന്ത്രങ്ങളെ കൂടെകൂട്ടണോ? നല്ല ഉറക്കം ലഭിക്കുന്ന ആളാണെങ്കില്‍ ഉറക്ക യന്ത്രം വേണ്ട. പക്ഷേ, നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലുമൊക്കെ ശരിയായ ഉറക്കം കിട്ടാതെ വിഷമിക്കുന്നുണ്ടാകാം. തൊട്ടിലില്‍ കിടക്കുന്ന കുട്ടി മുതല്‍ മുത്തശ്ശനും മുത്തശ്ശിയും വരെ. ഉറക്കത്തിനു സഹായിക്കുമെന്ന് അവകാശപ്പെടുന്ന യന്ത്രത്തിനു പണം കളയണോ എന്നത് സ്വയം തീരുമാനിക്കാം. പക്ഷേ, ഇങ്ങനെയും ചില സാധ്യതകള്‍ ഉണ്ടെന്ന് അറിഞ്ഞുവയ്ക്കുന്നത് ഗുണകരമായിരിക്കും.

 

ഉറക്കം ഓരോ രീതിയില്‍

 

ചിലര്‍ക്ക് സമ്പൂര്‍ണ നിശബ്ദതയിലുള്ള ഉറക്കം സാധ്യമല്ല. എന്തെങ്കിലും ശബ്ദം കേള്‍ക്കണം. പലര്‍ക്കുമിത് ഫാന്‍ കറങ്ങുന്ന ഒച്ചയായിരിക്കാം. എന്നാല്‍, ആവശ്യത്തിലധികം ശബ്ദം കേള്‍ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളിലും ഉറക്കം എളുപ്പമായിരിക്കില്ല. ഉറക്ക പ്രശ്നങ്ങള്‍ വരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായകമാകുകയാണ് ശബ്ദയന്ത്രങ്ങള്‍, അഥവാ സൗണ്ട് മെഷീന്‍സ്. ശബ്ദയന്ത്രങ്ങള്‍ പുതിയ കണ്ടുപിടുത്തമല്ല. ഉദാഹരണത്തിന് യോഗാസ്ലീപ് കമ്പനിയുടെ ഡോം (Dohm) യന്ത്രം കണ്ടുപിടിച്ചത് 1962ല്‍ ആണ്. ഇതിന് തുടക്കത്തില്‍ സ്ലീപ്-മെയ്റ്റ് എന്ന പേരായിരുന്നു നല്‍കിയിരുന്നത്. അതേസമയം, മറ്റൊരു ചോദ്യം ഉയരുന്നു. ഫാനിന്റെ ശബ്ദം കേട്ടാല്‍ മതിയെങ്കില്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പോരെ? ഒച്ചയും കേള്‍ക്കാം, കാറ്റും കിട്ടും. അത് ശരിയാണ്. പക്ഷേ, അപ്പോള്‍ അതുയര്‍ത്തുന്ന പൊടിയും സദാ മൂക്കില്‍ കയറിക്കൊണ്ടിരിക്കും. ഇതു വേണ്ടന്നുള്ളവര്‍ക്കായാണ് ശബ്ദയന്ത്രങ്ങള്‍.

 

ശബ്ദയന്ത്രങ്ങള്‍

 

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നായാണ് ശബ്ദയന്ത്രങ്ങളെ കാണുന്നത്. ഇവയ്ക്ക് വൈറ്റ് സൗണ്ട് മെഷീന്‍സ്, എന്നും ഉറക്ക യന്ത്രങ്ങള്‍ എന്നും വിവരണങ്ങള്‍ ഉണ്ട്. ഓരോരുത്തരുടെയും ഉറക്കത്തെ സഹായിക്കാന്‍ വേണ്ടത് ഓരോ തരം യന്ത്രം ആയിരിക്കാമെന്നത് കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണമാക്കുന്നു.

 

ലെക്ട്രോഫാന്‍

 

ഇത്തരത്തിലുള്ള യന്ത്രങ്ങളില്‍ ചിലത് നേരത്തേ തന്നെ പ്രശസ്തമാണ്. അവയിലൊന്നാണ് ലെക്ട്രോഫാന്‍ (Lectrofan) ക്ലാസിക്. ഇതിന് 4-ഇഞ്ച് വീതിയും 2-ഇഞ്ച് ഉയരവുമാണ് ഉള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ സെറ്റിങ്സ് ഉണ്ട്. ഇവ പക്ഷികളുടെ ശബ്ദം ഒന്നും പുറപ്പെടുവിക്കില്ല. എന്നാല്‍, പിങ്ക്, ബ്രൗണ്‍, വൈറ്റ് നോയിസ് എന്നിങ്ങനെയുള്ള സെറ്റിങ്സ് ഉണ്ട്. ഇതിനൊരു 60-മിനിറ്റ് ടൈമര്‍ ഉണ്ട്. ഇതിന്റെ ശബ്ദം 85 ഡെസിബല്‍സ് വരെ ഉയര്‍ത്താം. അതേസമയം, കഷ്ടി കേള്‍ക്കാവുന്ന അവസ്ഥയിലും നിര്‍ത്താം. ഇത് കുട്ടികള്‍ക്കായി വാങ്ങിക്കുകയാണെങ്കില്‍ ശബ്ദം 50 ഡെസിബെല്‍സിനു മുകളില്‍ കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നുവെന്ന് ദി വയേഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. കൂടാതെ, ശബ്ദയന്ത്രം കുട്ടിയുടെ അടുത്തു നിന്ന് 6.5 അടി അകലെയെങ്കിലും ആയിരിക്കണം വയ്ക്കുന്നത്. ലെട്രോഫാനിന്റെ തന്നെ മറ്റൊരു വേരിയന്റാണ് ഇവോ. ഇതിന് കടലിന്റെ ശബ്ദം അടക്കം ഏതാനും അധിക ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കും. ഇവയുടെ വില 7500 രൂപയ്ക്കു മുകളിലായിരിക്കും.

 

ഹാച് റെസ്റ്റ്

 

ഹാച് റെസ്റ്റ് (Hatch Rest) രണ്ടാം തലമുറ ശബ്ദ യന്ത്രത്തിന്, രാത്രി വെളിച്ചം, ക്ലോക് തുടങ്ങിയവ അടക്കമുള്ള അധിക ഫീച്ചറുകള്‍ ഉണ്ട്. ഇതിനൊപ്പം സ്മാര്‍ട് ഫോണ്‍ ആപ്പും ഉണ്ട്. വൈ-ഫൈ കണക്ഷനുള്ള ഇതിന്റെ ഡിസ്പ്ലേയുടെ നിറവും വോളിയവുമൊക്കെ ആപ് ഉപയോഗിച്ച് മാറ്റാം. ഏതു ശബ്ദമാണ് കേള്‍ക്കേണ്ടതെന്നും ഇങ്ങനെ തിരഞ്ഞെടുക്കാം. കുട്ടികള്‍ക്കു മാത്രമായുള്ള വേരിയന്റുകളാണ് ഹാച്ച് റെസ്റ്റ് പ്ലസ് ബേബി ആന്‍ഡ് കിഡ്സ് സൗണ്ട് മെഷീന്‍. എംആര്‍പി 31,956 രൂപയാണ് ഇതിന്. പക്ഷേ, ഇപ്പോള്‍ ആമസോണില്‍ ഈ മോഡല്‍ ഏകദേശം 16,000 രൂപയ്ക്ക് വില്‍ക്കുന്നു.

 

കുട്ടിക്കഥകളും കേള്‍പ്പിക്കാം

 

ചില ഹാച് സൗണ്ട് മെഷീനുകള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ഫീച്ചറും ഉണ്ട്. പ്രതിവര്‍ഷം 50 ഡോളറാണ് ഫീ. ഇതു നല്‍കി ഹാച്ച് അംഗത്വം എടുത്താല്‍ കുട്ടികളെ ഉറക്കാനുള്ള വിവിധ തരം കഥകളും ഉറക്കുപാട്ടുകളും കേള്‍പ്പിക്കാനുള്ള സംവിധാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ധ്യാനത്തിനു വേണ്ട ഓഡിയോയും കേള്‍പ്പിക്കാന്‍ സാധിക്കും.

 

വില കുറഞ്ഞവ

 

അധികം പണം മുടക്കാന്‍ താത്പര്യമില്ലെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ സ്ലീപ് സൗണ്ട് മെഷീന്‍ എന്നു സേര്‍ച്ച് ചെയ്താല്‍ വില കുറഞ്ഞ ഇത്തരം യന്ത്രങ്ങള്‍ കാണാനാകും. ഏകദേശം 850 രൂപയൊക്കെ മുതല്‍ സ്ലീപ് സൗണ്ട് മെഷീനുകള്‍ ലഭിക്കും.

 

ഇത്തരം യന്ത്രങ്ങള്‍ വാങ്ങാന്‍ താത്പര്യമില്ലെങ്കിലോ?

 

വീട്ടില്‍ ആമസോണ്‍ എക്കോ സ്മാര്‍ട് സ്പീക്കര്‍ ഉള്ളവര്‍ക്ക് അതിലെ വോയിസ് അസിസ്റ്റന്റായ അലക്സയുടെ ഒരു ഫീച്ചര്‍ പ്രയോജനപ്പെടുത്താം. ഇതിനെ ആംബിയന്റ് നോയിസ് എന്നാണ് വിളിക്കുന്നത്. ഉറക്കത്തിനു സഹായിക്കുന്നതെന്ന് അവകാശപ്പെടുന്ന പല വൈറ്റ് നോയിസ്, സ്ലീപ് ശബ്ദങ്ങളും അലക്സയുടെ കൈയ്യില്‍ ഉണ്ട്. സ്പോട്ടിഫൈ, പ്രൈം മ്യൂസിക് പോലെയുള്ള സംഗീത സേവനങ്ങളിലും വൈറ്റ് നോയിസ് ഉണ്ട്.  

 

എക്കോ ഇല്ലെങ്കിലോ?

 

ഒരു ബ്ലൂടൂത് സ്പീക്കര്‍ എങ്കിലും ഉണ്ടെങ്കില്‍ ഉറക്ക ശബ്ദങ്ങള്‍ നിങ്ങള്‍ക്കും കുടുംബത്തിനും ഗുണകരമാകുമോ എന്ന് പരീക്ഷിച്ചു നോക്കാം. മുകളില്‍ പറഞ്ഞ തരത്തിലുള്ള ആപ്പുകള്‍ സ്മാര്‍ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ശേഷം അവ ബ്ലൂടൂത് സ്പീക്കര്‍ വഴി കേട്ടുറങ്ങാന്‍ ശ്രമിക്കാം. അതേസമയം, ഇത്തരം യന്ത്രങ്ങള്‍ നിങ്ങളോ കുട്ടികളോ ഉപയോഗിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ഡോക്ടര്‍മാരോടു ചോദിക്കുന്നതും നല്ലതായിരിക്കും.

 

ട്രംപ് യൂട്യൂബില്‍ തിരിച്ചെത്തി

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പലതും ക്യാപ്പിറ്റല്‍ ഹില്‍ കലാപവുമായി ബന്ധപ്പെടുത്തി മരവിപ്പിച്ചിരുന്നു. പല കമ്പനികളും ഇപ്പോള്‍ ട്രംപിന്റെ അക്കൗണ്ട് തിരിച്ചുനല്‍കാന്‍ തയാറാണ്. താന്‍ ട്വിറ്ററിലേക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്തായാലും, കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം യൂട്യൂബിലും ഫെയ്സ്ബുക്കിലും തിരിച്ചെത്തി. ഐ ആം ബാക്ക്! എന്ന സന്ദേശം പോസ്റ്റ് ചെയ്താണ് അദ്ദേഹം വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

 

പണമടച്ചുള്ള സേവനം ഫെയ്സ്ബുക് അമേരിക്കയില്‍ തുടങ്ങി

 

ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വരിസംഖ്യ അടച്ചുള്ള സേവനം തുടങ്ങിയിരിക്കുകയാണ് മെറ്റാ കമ്പനി. സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തുകയും പ്രതമാസം 11.99 ഡോളര്‍ നല്‍കുകയും ചെയ്യുന്നവര്‍ക്കായിരിക്കും വേരിഫൈഡ് അക്കൗണ്ട് ആണെന്ന് അറിയിക്കുന്ന നീല ടിക്ക് ലഭിക്കുക.

 

ആപ് ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പണം നല്‍കണം

 

വെബ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പ്രതിമാസം 11.99 ഡോളര്‍ വരിസംഖ്യ. ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ആപ് ഉപയോഗിക്കണമെന്നുള്ളവര്‍ പ്രതിമാസം 14.99 ഡോളര്‍ നല്‍കണമെന്ന് കമ്പനി പറഞ്ഞു.

 

ഇലോണ്‍ മസ്‌ക് അഴിച്ചുവിട്ട ഭൂതം

 

പരിപൂര്‍ണമായി ഫ്രീ സേവനം നല്‍കിവന്ന സമൂഹ മാധ്യമങ്ങള്‍ പെട്ടെന്ന് മാസവരി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നതിന് പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിനെയാണ് ഇന്റര്‍നെറ്റ് പഴിക്കുന്നത്. ആദ്യമായി അദ്ദേഹമാണ് സബ്സ്‌ക്രിപ്ഷന്‍ സേവനം തുടങ്ങിയത്. മെറ്റാ കമ്പനിയുടെ ആപ്പുകള്‍ക്കു പുറമെ സ്നാപ്ചാറ്റ്, ടെലഗ്രാം തുടങ്ങി ഏതാനും കമ്പനികള്‍ ഈ പാത ഇപ്പോള്‍ തന്നെ പിന്തുടരാന്‍ തുടങ്ങി. പതുക്കെ, കൂടുതല്‍ പേരില്‍ നിന്ന് വരിസംഖ്യ വാങ്ങാനായി പുതിയ ഫീച്ചറുകള്‍ നല്‍കാതിരിക്കുകയോ, ഫീച്ചറുകള്‍ കുറയ്ക്കുകയോ ചെയ്യാം.

 

 

English Summary: Can A White Noise Machine Help You Sleep Better?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com