ഗൂഗിളിന് കീഴിലുള്ള ഏറ്റവും സുശക്തമായ സംഘങ്ങളിലൊന്നാണ് പ്രൊജക്ട് സീറോ. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പടെയുള്ള ഗൂഗിള്‍ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രൊജക്ട് സീറോയുടെ ചുമതല. ഇപ്പോഴിതാ 18 സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ഈ സംഘം. സുരക്ഷാ പിഴവ് സമ്മതിച്ചുകൊണ്ടുള്ള ബ്ലോഗ് പോസ്റ്റില്‍ മറ്റൊരു കാര്യം കൂടി ഗൂഗിള്‍ പറയുന്നുണ്ട്. സാംസങ് വിചാരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും.
നിരവധി പരിശോധനകള്‍ നടത്തിയാണ് ഗൂഗിള്‍ സുരക്ഷാ പിഴവ് ഉറപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാത്രം മതി ഒരു ഹാക്കര്‍ക്ക് ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനെന്നതാണ് കണ്ടെത്തിയതില്‍ ഏറ്റവും നിര്‍ണായകമായ കാര്യം. മികച്ച ഹാക്കര്‍മാര്‍ക്ക് ഈ സുരക്ഷാ പഴുതുകള്‍ പ്രയോജനപ്പെടുത്തി നമ്മുടെ സ്മാര്‍ട് ഫോണുകളെ നിശബ്ദം നിരീക്ഷിക്കാന്‍ സാധിക്കുമെന്നും ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നു.
സാംസങ്, വിവോ, പിക്‌സല്‍ എന്നിവയുടെ സ്മാര്‍ട് ഫോണുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. സാംസങ്ങിന്റെ S22, M33, M13, M12, A71, A53, A33, A21, A13, A12, A04 സീരീസുകളിലെ ഫോണുകളില്‍ സുരക്ഷാ വീഴ്ചയുണ്ട്. വിവോയുടെ S16, S15, S6, X70, X60, X30 എന്നീ ഫോണുകള്‍ക്കാണ് പ്രശ്‌നമുള്ളത്. ഗൂഗിളിന്റെ സ്വന്തം പിക്‌സല്‍ 6, പിക്‌സല്‍ 7 സീരീസിലെ ഫോണുകളും സുരക്ഷാ ഭീഷണി നേരിടുന്നു. ഇതിന് പുറമേ എക്‌സിനോസ് W920 ചിപ് ഉപയോഗിക്കുന്ന ഏത് ഉപകരണങ്ങളും എക്‌സിനോസ് ഓട്ടോ T5123 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളിലും സുരക്ഷാ പ്രശ്‌നമുണ്ട്.
സാംസങ് നിര്‍മിക്കുന്ന എക്‌സിനോസ് മോഡങ്ങളിലാണ് 18 സുരക്ഷാ വീഴ്ചകളും ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാംസങ് സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേഷന്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ പ്രശ്‌നം അന്തിമമായി അവസാനിക്കുകയുള്ളൂ. അതുകൊണ്ടാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാംസങ് വിചാരിക്കണമെന്ന് ഗൂഗിള്‍ പറയുന്നത്. അതേസമയം, പിക്‌സല്‍ ഫോണുകളിലെ ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ പ്രത്യേകം അപ്‌ഡേഷന്‍ നല്‍കിയിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സുരക്ഷാ വീഴ്ച പരിഹരിക്കുന്ന അപ്‌ഡേഷനായി കാത്തിരിക്കുകയെന്നതാണ് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളിലൊന്ന്. മറ്റൊരു മാര്‍ഗവും ഗൂഗിള്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. വൈ ഫൈ കോളിങും VoLTEയും ഡിവൈസ് സെറ്റിങ്‌സില്‍ ഓഫ് ചെയ്താല്‍ തല്‍ക്കാലം ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഗൂഗിള്‍ പറയുന്നത്.
English Summary: Google says some Android phones have a ‘hacking’ problem