2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് മാർച്ച് അവസാനത്തോടെ ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ ക്രെംലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ വഴി വിവരങ്ങൾ ചോർത്താനാകുമെന്ന ആശങ്കയെത്തുടർന്നാണ് ഉത്തരവ്.
ഈ മാസം ആദ്യം മോസ്കോയിൽ നടന്ന ഒരു സെമിനാറിൽ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഐഫോണുകൾ ഏപ്രിൽ ഒന്നിനകം മാറ്റി നൽകണം. റഷ്യൻ കമ്പനിയായ ഓപ്പൺ മൊബൈൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ അറോറ, ആൻഡ്രോയിഡ്, ചൈനീസ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിച്ച് ഐഫോണുകൾ ഉപേക്ഷിക്കാനാണ് ആവശ്യപ്പെചട്ടിരിക്കുന്നത്.
‘ഐഫോണിന്റെ കാലം കഴിഞ്ഞു: ഒന്നുകിൽ അത് വലിച്ചെറിയുക അല്ലെങ്കിൽ കുട്ടികൾക്ക് നൽകുക,’ സെമിനാറിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. എല്ലാവരും മാർച്ച് അവസാനത്തോടെ ഐഫോൺ ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഫോണുകൾക്ക് പകരമായി ക്രെംലിൻ തന്നെ വ്യത്യസ്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള മറ്റ് ഉപകരണങ്ങൾ നൽകിയേക്കാമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്ൻ ആക്രമിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്ത് ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപന നിർത്തിവച്ചിരുന്നു. എന്നാൽ, റഷ്യയ്ക്കാർ ഇപ്പോഴും മറ്റു വഴികളിലൂടെ ഇറക്കുമതി പുതിയ ഐഫോൺ 14 ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
English Summary: Kremlin asks Russian officials to stop using iPhones by end of March: Report