വീടുകളിലും ഓഫിസുകളിലും സിസിടിവികള്‍ വയ്ക്കുക എന്നത് ഇന്ന് പലര്‍ക്കും താൽപര്യമുള്ള കാര്യമാണ്. തന്ത്രപ്രധാനമായ സർക്കാർ ഓഫിസുകളിലും ഇവ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍, ആഗോള തലത്തില്‍ വില്‍ക്കപ്പെടുന്ന സിസിടിവികളില്‍ 31 ശതമാനവും നിര്‍മിക്കുന്ന കമ്പനിക്കെതിരെ ശക്തമായ ആരോപണം ഉയരുന്നത് ഇനി അറിഞ്ഞിരിക്കണം. ചൈനീസ് കമ്പനിയായ ഹൈക്‌വിഷന്‍ (Hikvision), 2020ലെ കണക്കു പ്രകാരം ലോകത്തെമ്പാടുമായി 3.6 കോടി ക്യാമറകളാണ് വിറ്റിരിക്കുന്നത്. മറ്റുരാജ്യങ്ങളില്‍ തങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വഴിയാണ് സിസിടിവികളുടെ വില്‍പന. ഇങ്ങനെ വില്‍ക്കുന്ന സിസിടിവികള്‍ വഴി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മറ്റു രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നു എന്നാണ് ആരോപണം. അതൊക്കെ നടക്കുമോ എന്നും എങ്കില്‍ എങ്ങനെയാണ് അത് സാധിക്കുന്നതെന്നും അന്വേഷിക്കാം.
∙ ഹൈക്‌വിഷന്‍ ചൈനയില്‍ ചാരപ്പണി നടത്തിയതിങ്ങനെ?
സിസിടിവികളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴൊന്നും തുടങ്ങിയതല്ല. പ്രത്യേകിച്ചും ചൈനയില്‍ നിര്‍മിക്കുന്ന സിസിടിവികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആശങ്ക വര്‍ഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഹൈക്‌വിഷന്‍ ഒരു പഴകിയ പാമ്പാണെന്നാണ് ആരോപണം. ചൈനീസ് മുസ്‌ലിം വിഭാഗമായ ഉയിഗുറുകളുടെ (Uyghur) മേല്‍ പല പരീക്ഷണങ്ങളും ചൈന നടത്തുന്നുണ്ടെന്ന് ആരോപണമുണ്ടല്ലോ. ഉയിഗുറുകള്‍ വസിക്കുന്ന മേഖലയിലെല്ലാം വച്ചിട്ടുള്ളത് ഹൈക്‌വിഷന്‍ ക്യാമറകളാണ്. കൂടാതെ, ചൈനീസ് ജയിലുകളിലും ഹൈക്‌വിഷന്‍ ക്യാമറകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. എല്ലാ ചോദ്യം ചെയ്യലുകളും കമ്പനിയുടെ സിസ്റ്റം വഴി റെക്കോർഡ് ചെയ്യുന്നു. ഹൈക്‌വിഷനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ഇവയിലുള്ളതെന്നും ഇവ ഉപയോഗിച്ച് ഉയിഗുറുകളുടെ മേല്‍ ഡേറ്റാ പോയിന്റുകള്‍ സൃഷ്ടിക്കുന്നെന്നും ഉയിഗുറുകളുടെ പെരുമാറ്റത്തെക്കുറിച്ച് വ്യക്തത വരുത്താനാണിതെന്നും ആരോപണമുണ്ട്.
∙ ചൈനക്കു പുറത്തോ ?
ചൈനയില്‍ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമായിരിക്കാം. പക്ഷേ പുറംലോകത്തിന് അതിനെതിരെ കാര്യമായി ഒന്നുംതന്നെ ചെയ്യാനാവില്ല. എന്നാല്‍, ഹൈക്‌വിഷന്‍ അതിനേക്കാളൊക്കെ വലിയൊരു പ്രശ്‌നമാണ് ലോകത്തിനു നൽകുന്നത്. ആഗോള തലത്തിലുള്ള ഒരു നിരീക്ഷണ സംവിധാനമാണ് കമ്പനി ചൈനയ്ക്കായി ഒരുക്കി നല്‍കുന്നതെന്നാണ് ആരോപണം. സർക്കാർ ഓഫിസുകള്‍ക്കും മറ്റും പുറത്ത് രംഗങ്ങള്‍ പകര്‍ത്താനായി അവയുടെ സാന്നിധ്യമുണ്ട്. തങ്ങളുടെ അധികാരപരിധിക്കു പുറത്തുള്ളവരെ നിരീക്ഷിക്കാന്‍ പോലും ഹൈക്‌വിഷനെ ചൈന കരുവാക്കുന്നു. വിവിധ രാഷ്ട്രങ്ങളുടെ ദേശീയ നയരൂപീകരണം നടത്തുന്നവരെ പോലും നിരീക്ഷിക്കുന്നു. പക്ഷേ, ഇതൊക്കെ എങ്ങനെ നടക്കും?
∙ രഹസ്യമിതാ
രണ്ടു തരത്തിലുള്ള സിസിടിവി സംവിധാനങ്ങളാണ് ഇന്ന് വിപണികളില്‍ ലഭ്യം. ഒന്നാമത്തേത് സിസിടിവികളില്‍ നിന്നുളള ദൃശ്യങ്ങള്‍ ഉടമയുടെ മെമ്മറി കാര്‍ഡുകളിലോ ഹാര്‍ഡിസ്‌കിലോ റൈറ്റ് ചെയ്തു വയ്ക്കുന്നു. ഇവ പൊതുവെ അപകടകാരികളല്ല. ക്യാമറയുടെ പ്രാഥമിക റെക്കോഡിങ് ശേഷിയും അതില്‍ നിന്നുള്ള വിഡിയോ സംഭരിക്കലും മാത്രമാണ് ഇവിടെ നടക്കുന്നത്. ഇവയ്ക്ക് സ്മാര്‍ട് കണക്ടഡ് ഫീച്ചറുകള്‍ ഉണ്ടായിരിക്കില്ല.

∙ സ്മാര്‍ട് കണക്ഷനുകള്‍
സിസിടിവിയില്‍ നിന്നുള്ള ഫുട്ടേജ് എവിടെയിരുന്നും കാണാനായി ക്ലൗഡില്‍ സംഭരിക്കുന്നതാണ് നല്ലതെന്ന് ഉപയോക്താവിനെ പറഞ്ഞു 'ബോധവല്‍ക്കരിക്കുന്നിടത്താണ്' അതിന്റെ വിജയം. ഇത്തരം ഒരു സംവിധാനത്തിന് ഭാവിയില്‍ കേടുപാടുതീര്‍ക്കലും മറ്റും കുറവായിരിക്കുമെന്നും മറ്റും പറഞ്ഞ് അതിനൂതന ക്യാമറകള്‍ പിടിപ്പിക്കുന്നു. ഇവയാണ് സ്മാര്‍ട് സിസിടിവികള്‍. ഇവയ്ക്കുള്ളില്‍ കരുത്തുറ്റ കംപ്യൂട്ടിങ് സംവിധാനം തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത്തരം ക്യാമറകള്‍ എന്തെങ്കിലും റെക്കോർഡ് ചെയ്യുമ്പോള്‍ അതിന്റെ ഒരു കോപ്പി ക്യാമറ വാങ്ങിയ വ്യക്തിയുടെ ഹാര്‍ഡ്ഡിസ്കിലും വേറൊരു കോപ്പി ഉടമയ്ക്ക് ലോകത്ത് എവിടെയിരുന്നും വീക്ഷിക്കാനായി ക്ലൗഡിലും സേവ് ചെയ്യുന്നു. ഇതിനായി പ്രത്യേക ലോഗ് ഇനും മറ്റും ഉടമയ്ക്ക് നല്‍കുകയും ചെയ്യും.
∙ പ്രശ്‌നം
സ്മാര്‍ട് സിസിടിവി ക്യാമറാ സിസ്റ്റത്തിന്റെ സെര്‍വറുകള്‍ സേവനദാതാവ് എവിടെയാണ് വച്ചിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവ ചൈനയില്‍ തന്നെയാണെങ്കില്‍ ഒന്നും നോക്കേണ്ട, അവയില്‍ നിന്നുള്ള ഫുട്ടേജ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടാനുസരണം പരിശോധിക്കാം. സ്മാര്‍ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രാദേശികമായി മാത്രമാണ് സേവനദാതാവ് ശേഖരിച്ചു വയ്ക്കുന്നതെങ്കിലോ? അവിടെ രണ്ടു കാര്യങ്ങള്‍ നടക്കാം. ഒന്ന്, ചൈനയുടെ ഹാക്കര്‍മാരുടെ പടയ്ക്ക് വേണമെങ്കില്‍ ഫുട്ടേജിലേക്ക് കടന്നുകയറാം. അതിനപ്പുറം സംഭവിക്കാവുന്നത് എന്താണെന്നുവച്ചാല്‍ ക്യാമറ വിന്യസിച്ച കമ്പനി തന്നെ അതില്‍ നിന്നുള്ള ഫുട്ടേജ് ചൈനയ്ക്കു കൈമാറി വിധേയത്വം കാണിക്കാം. ഇതെല്ലാം ഉപയോക്താവ് അറിയാതെതന്നെ ചെയ്യാം.
∙ സ്മാര്‍ട് സിസിടിവികളുടെ ജനിതക വൈകല്യം
സ്മാര്‍ട് സിസിടിവി ക്യാമറകള്‍ക്ക് 'ജന്മനാ' പ്രശ്നമുണ്ട്. ഇത്തരം നിരീക്ഷണ ക്യാമറകള്‍ ഡേറ്റ മറ്റിടങ്ങളിലേക്ക് അയച്ച ചരിത്രം പരിചിതമാണല്ലോ. ഹൈക്‌വിഷന്റെ മാത്രം ചരിത്രം എടുത്താലും അതു കാണാം. റോമിലെ ഒരു വിമാനത്താവളത്തിൽ നിന്നുള്ള സുരക്ഷാ ക്യാമറ സിസ്റ്റം ഡേറ്റ ധാരാളമായി ചൈനയിലുള്ള ഒരു ഐപി അഡ്രസിലേക്ക് അയയ്ക്കുന്നതായി കണ്ടെത്തിയെന്ന് റായി ഇറ്റാലിയ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇവിടെ നൂറിലേറെ സിസിടിവികള്‍ ആയിരുന്നു പിടിപ്പിച്ചിരുന്നത്. വിഡിയോ ഫുട്ടേജ് അടക്കമാണ് ചൈനയിലേക്ക് ഒഴുക്കിയതത്രെ.
∙ തങ്ങള്‍ അത്തരക്കാരല്ലെന്ന് ഹൈക്‌വിഷന്‍
ഈ സംഭവം വെളിച്ചത്തു വന്നപ്പോള്‍ തങ്ങള്‍ക്ക് അത്തരം ഡേറ്റ ഒന്നും ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് ഹൈക്‌വിഷന്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍, തങ്ങളുടെ സിസ്റ്റങ്ങളിലേക്ക് വിചിത്രവും നിയമവിരുദ്ധവുമായ ഡേറ്റാ റിക്വെസ്റ്റുകള്‍ എത്തിയെന്ന് അവര്‍ സമ്മതിച്ചു. വിമാനത്താവളത്തിലെ സിസ്റ്റത്തിന് പതിവ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് റിമോട്ടായി നല്‍കിയപ്പോള്‍ ഒരു കോഡിനു വന്ന പിഴവു മൂലമാണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, അത്തരം ഒരു അപ്‌ഡേറ്റിനെപ്പറ്റി തങ്ങള്‍ക്ക് ഒരു അറിവും ഇല്ലായിരുന്നു എന്നായിരുന്നു ഇറ്റാലിയന്‍ വിമാനത്താവള അധികൃതര്‍ പ്രതികരിച്ചത്.
∙ ഉടനടി പ്രതികരിച്ച് ബ്രിട്ടൻ
ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ തങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സുരക്ഷാ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉത്തരവിട്ടു. ബയോമെട്രിക്‌സ് ആന്‍ഡ് സര്‍വൈലന്‍സ് ക്യാമറാ കമ്മിഷണര്‍ പ്രഫ. ഫ്രെയ്‌സര്‍ സാംസണ്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ലണ്ടന്‍ നഗരത്തിനും അതിനു ചുറ്റുവട്ടത്തുമായി 10 ലക്ഷം ഹൈക്‌വിഷന്‍ സിസിടിവി ക്യാമറകളും കമ്പനിയുടെ തന്നെ ആയിരക്കണക്കിന് സിസിടിവി സിസ്റ്റങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. പല ഉന്നത സർക്കാർ ഇന്റലിജന്‍സ് സ്ഥാപനങ്ങളും ഇവയുടെ പരിധിയില്‍ പെടുമെന്നും ഫ്രെയ്‌സര്‍ കണ്ടെത്തി.

∙ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിനു മുൻപ് പലവട്ടം ആലോചിക്കുക
എന്തിന്റെ പേരിലായാലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കേണ്ടി വരുന്ന സിസിടിവി സംവിധാനങ്ങള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഇതു കണക്കിലെടുത്താല്‍ എല്ലാ രാജ്യങ്ങളും രാജ്യാതിര്‍ത്തിക്കുള്ളില്‍ സെര്‍വറുകള്‍ വേണമെന്ന് കമ്പനികളോട് ആവശ്യപ്പടേണ്ടതാണ്. പ്രാദേശിക സെര്‍വറുകളുമാകാം. അല്ലെങ്കില്‍ ഉപയോക്താവ് സ്വന്തം സെര്‍വര്‍ സ്ഥാപിച്ച് അതിലേക്ക് സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ഫുട്ടേജ് സ്വീകരിക്കുന്നതും നല്ലതായിരിക്കും. ഒരു പരിധി വരെ ഇതൊക്കെ നല്ലതാണെങ്കിലും വേണമെന്നു വച്ചാല്‍ ഹാക്കര്‍മാര്‍ക്ക് അവിടേക്കും നുഴഞ്ഞുകയറാമെന്നതാണ് സത്യം.
∙ ചൈനീസ് ഹാക്കര്‍മാരുടെ റോള്‍
സൈബര്‍ പോരാളികളുടെ എണ്ണത്തിലും കരുത്തിലും ചൈന മുന്നില്‍ തന്നെയുണ്ട്. ചൈനീസ് സർക്കാരിന്റെ സഹകരണത്തോടെ കൂറ്റന്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വിസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ട സംഭവങ്ങളും ഉണ്ട്. സ്വകാര്യ-സർക്കാർ നെറ്റ്‌വര്‍ക്കുകളിലേക്ക് ആക്രമണം നടത്തുന്നത് ഡേറ്റ കടത്താനോ, നിര്‍ണായകമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്താനോ ആയിരിക്കും. സുരക്ഷാ ക്യാമറ പിടിപ്പിച്ചിരിക്കുന്ന ഒരാളുടെ സേവനദാതാവ് ഇതുവരെ പ്രശ്‌നങ്ങളില്‍ പെട്ടിട്ടില്ലെന്നുളളതോ, നിങ്ങളുടെ ഡേറ്റ അവര്‍ ആരുമായും പങ്കുവച്ചിട്ടില്ലെന്നുള്ളതോ ആശ്വസിക്കാന്‍ വകനല്‍കുന്നില്ല. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം. പ്രത്യേകിച്ചും ചൈനീസ് കമ്പനികളെല്ലാം സർക്കാരിന്റെ വരുതിയില്‍ നില്‍ക്കുന്നവ ആകുമ്പോള്‍.
∙ നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്നു വരുത്തിത്തീര്‍ക്കാം
ചൈനീസ് ഹാക്കര്‍മാര്‍ പ്രാദേശിക ഓണ്‍ലൈന്‍ സംഭരണ സംവിധാനങ്ങളിലേക്കും കടന്നുകയറിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാത്ത രാജ്യങ്ങളുടെ എംബസികള്‍, വിദേശ നയ രൂപീകരണ ഉദ്യോഗസ്ഥര്‍ ജോലിയെടുക്കുന്ന ഓഫിസുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പുതിയ കാലത്ത് ഒരു സുരക്ഷാ ക്യമറയില്‍ നിന്നുള്ള ഫുട്ടേജ് ദുരുദ്ദേശ്യമുള്ളവരുടെ കയ്യില്‍ പെട്ടാല്‍ ഡീപ്‌ഫെയ്ക് വിഡിയോകള്‍ നിർമിക്കാനും ഉപയോഗിച്ചേക്കാം. വിഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്താലും അദ്ഭുതപ്പെടേണ്ട.

∙ സുരക്ഷാവലയം തീര്‍ക്കാവുന്നത് ഇങ്ങനെ
ഡേറ്റാ സംഭരണമെല്ലാം ഡിജിറ്റലായ ഈ സന്ദര്‍ഭത്തില്‍ ആകെ ചെയ്യാവുന്നത് കുറച്ചു കാര്യങ്ങളാണ്. ഡേറ്റാ പ്രാദേശികമായി സംഭരിച്ചുവച്ച ശേഷം ശക്തമായ ഫയര്‍വാളുകളുടെ സംരക്ഷണവലയത്തിലാക്കുക. ഇതിനായി പ്രത്യേക നെറ്റ്‌വര്‍ക്കിങ് നടത്തുക. നിങ്ങള്‍ ഉപയോഗിക്കുന്ന മറ്റു നെറ്റ്‌വര്‍ക്കുകളുമായി അതിനെ ബന്ധിപ്പിക്കാതിരിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റുമായി സിസിടിവി ഫുട്ടേജ് പങ്കുവയ്ക്കാതിരിക്കുക. നിങ്ങളുടെ സുരക്ഷാ ക്യാമറാ സേവനദാതാവിന്റെ സുരക്ഷാ സിസ്റ്റത്തില്‍ ഏതെല്ലാം ഡേറ്റ പാക്കറ്റുകളാണ് പുറത്തേക്കു പോകുന്നത് എന്നും മറ്റും നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെങ്കില്‍ അതും പ്രയോജനപ്പെടുത്തുക.
English Summary: China’s tech invasion: How the CCP uses CCTV camera systems to spy