ADVERTISEMENT

ചൈനീസ് നിക്ഷേപകനും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും ധനകാര്യ ഉപദേശക സ്ഥാപനമായ ചൈന റെനെയന്‍സ് സ്ഥാപകനുമായ ബോ ഫാന്‍ കഴിഞ്ഞ മാസമാണ് പൊടുന്നനെ അപ്രത്യക്ഷനായത്. ടെന്‍സെന്റ്, ആലിബാബ, ബെയ്ദു തുടങ്ങി വന്‍കിട കമ്പനികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോ ഫാന്‍ ചൈനീസ് സാങ്കേതിക വ്യവസായത്തിലെ അതികായനായാണ് കണക്കാക്കപ്പെടുന്നത്. അപ്രത്യക്ഷമായി ദിവസങ്ങള്‍ക്കു ശേഷം ചൈനീസ് സര്‍ക്കാരിന്റെ അന്വേഷണവുമായി ബോ ഫാന്‍ സഹകരിക്കുന്നുവെന്ന കാര്യം അദ്ദേഹത്തിന്റെ കമ്പനി തന്നെ അറിയിക്കുകയായിരുന്നു. 

 

ബോ ഫാന്‍ ചെയ്ത കുറ്റം എന്താണെന്നോ ഏതു തരത്തിലുള്ള അന്വേഷണമാണ് എന്നോ ഉള്ള വിശദാംശങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. കോടീശ്വരന്മാരെ പോലെ മാധ്യമശ്രദ്ധ കൂടുതല്‍ ലഭിക്കാത്ത പല മേഖലകളിലുള്ളവരും ചൈനയില്‍ അപ്രത്യക്ഷരാവുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. പ്രത്യേകിച്ചും ചൈനീസ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും. 

 

ചൈനീസ് സമ്പദ്‌വ്യവസ്ഥയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് നേരിട്ട് ഇടപെടലുകളും നിയന്ത്രണങ്ങളും വരുത്തുന്നുവെന്നതിന്റെ സൂചനയായും പലരും ബോയുടെ അപ്രത്യക്ഷമായ സംഭവത്തെ കൂട്ടി വായിക്കുന്നുണ്ട്. പുതിയൊരു ധനകാര്യ നിയന്ത്രണ നിരീക്ഷണ സമിതിയെ നിയമിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബോ ഫാനെ പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്ന ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക സേവന വ്യവസായ മേഖലയിലെ അന്വേഷണങ്ങള്‍ വ്യത്യസ്ത ഏജന്‍സികള്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന പഴുതുകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. 

 

പൊടുന്നനെ കോടീശ്വരന്മാര്‍ അപ്രത്യക്ഷരാവുന്ന സംഭവം ആദ്യമായല്ല ചൈനയില്‍ സംഭവിക്കുന്നത്. ആലിബാബ സ്ഥാപകന്‍ ജാക് മാ അടക്കമുള്ളവര്‍ ഇങ്ങനെ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷരായവരാണ്. 2015ല്‍ കുറഞ്ഞത് അഞ്ച് ചൈനീസ് കോടീശ്വരന്മാര്‍ അപ്രത്യക്ഷരായിരുന്നു. കോഗ്ലൊമെറേറ്റ് ഫോസണ്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഗുവോ ഗുവാങ്ചാങ് അടക്കമുള്ളവര്‍ ഇതിലുണ്ടായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിന്റെ ഉടമയായിരുന്നു ഗുവോ. 2015 ഡിസംബറില്‍ ഗുവോ അപ്രത്യക്ഷനായി ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ കമ്പനി തന്നെയാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ബുവോ ഫാന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ ഗുവോ സര്‍ക്കാരിന്റെ അന്വേഷണവുമായി സഹകരിക്കുന്നു എന്നായിരുന്നു വിശദീകരണം. 

 

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ചൈനീസ് കനേഡിയന്‍ വ്യവസായിയായ സിയാവോ ജിയാന്‍ഹുവയെ ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് കാണാതായത്. ചൈനയിലെ ഏറ്റവും സമ്പന്ന വ്യക്തികളില്‍ ഒരാളായ സിയാവോ ജിയാന്‍ഹുവയെ കഴിഞ്ഞ വര്‍ഷം ജയിലില്‍ അടക്കുകയും ചെയ്തു. 2020 മാര്‍ച്ചില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖനായിരുന്ന റെന്‍ ഷികിയാങ് അപ്രത്യക്ഷനായി. ചൈനീസ് പ്രസിഡന്റ് കോവിഡിനെ കൈകാര്യം ചെയ്തത് ഒരു കോമാളിയെ പോലെയാണെന്ന പരാമര്‍ശത്തിനു ശേഷമായിരുന്നു ഇത്. ഒരൊറ്റ ദിവസത്തെ വിചാരണക്കൊടുവില്‍ 18 വര്‍ഷമാണ് റെന്നിന് തടവുശിക്ഷ വിധിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

അപ്രത്യക്ഷരായ ചൈനീസ് കോടീശ്വരന്മാരില്‍ ഏറ്റവും പ്രസിദ്ധന്‍ ജാക് മാ തന്നെയാണ്. ചൈനയിലെ ഏറ്റവും സമ്പന്നനായിരുന്നു 2020ല്‍ അപ്രത്യക്ഷനാവുമ്പോള്‍ ജാക് മാ. ചൈനീസ് സര്‍ക്കാരിന്റെ ധനകാര്യ നയങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ജാക് മായുടെ നേരെയുള്ള നടപടി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ജാക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ജപ്പാനിലും തായ്‌ലാന്‍ഡിലും ഓസ്‌ട്രേലിയയിലുമെല്ലാം ജാക്മായെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 

 

സാങ്കേതിക രംഗം കരുത്താര്‍ജിക്കുന്നതോടെ സ്വാധീനം വര്‍ധിക്കുന്ന ഈ മേഖലയിലെ പ്രമുഖര്‍ക്ക് പരിധി വെക്കുകയെന്നതാണ് കോടീശ്വരന്മാര്‍ക്കെതിരായ നടപടികൊണ്ട് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഒരു വാദം. ഷി ജിന്‍ പിങിന്റെ മുന്‍ഗാമികളായ ജിയാങ് സെമിന്‍, ഹു ജിന്റാവോ തുടങ്ങിയവരുടെ കാലത്ത് ചൈനയിലെ പ്രധാന സ്വാധീന ശക്തികള്‍ സൈന്യവും പരമ്പരാഗത വ്യവസായവും പ്രാദേശിക സര്‍ക്കാരുകളുമായിരുന്നു. ഇവയെയെല്ലാം കടിഞ്ഞാണിടുന്നതില്‍ മുന്‍ പ്രസിഡന്റുമാരും ഷി ജിന്‍ പിങും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയതായി കടന്നുവന്ന സാങ്കേതിക രംഗത്തെ കോടീശ്വരന്മാരെ കൂടി തങ്ങളുടെ വരുതിയിലാക്കാനാണ് ചൈനീസ് അധികൃതരുടെ ഈ നടപടികളെന്നാണ് കരുതപ്പെടുന്നത്. 

 

കോടീശ്വരന്മാര്‍ അപ്രത്യക്ഷമാവുന്ന നടപടികളിലൂടെ തങ്ങളുടെ പൗരന്മാര്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുന്നുണ്ട് ഷി ജിന്‍ പിങ്. പുത്തന്‍ തലമുറ കോടീശ്വരന്മാര്‍ക്കും തങ്ങള്‍ക്ക് മുകളില്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടെന്ന സന്ദേശവും വ്യക്തമായി ലഭിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ വച്ച് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഷി ജിന്‍പിങ് സ്വകാര്യ മേഖല ചൈനക്ക് എത്രത്തോളം പ്രധാനമാണെന്ന് ഊന്നി പറഞ്ഞിരുന്നു. അതിനൊപ്പം ഇതുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ധനികരും ഉത്തരവാദിത്വമുള്ളവരുമായിരിക്കുക ധനികരും ധര്‍മിഷ്ടരുമായിരിക്കുക ധനികരും സ്‌നേഹമുള്ളവരുമായിരിക്കുക'. എത്ര സമ്പത്തും സ്വാധീനവും നേടിയാലും നിങ്ങളുടെ കടിഞ്ഞാണ്‍ സര്‍ക്കാരിന്റെ കയ്യിലാണെന്നാണ് ചൈനയും ഷി ജിന്‍ പിങും പറയുന്നത്.

 

English Summary: Why do Chinese billionaires keep vanishing?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com