ആര്‍ക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഷോർട്ട് വിഡിയോ ഷെയർ ചെയ്യുന്ന സമൂഹ മാധ്യമമായ ടിക്‌ടോക് ഇതുവരെ ഒരു വന്‍ വിജയമായിരുന്നു. ഈ ആപ് ലോകത്തിന്റെ നെറുകയില്‍ വരെ എത്തി. ചൈനീസ് കമ്പനി ആയിരുന്നിട്ടു കൂടി അത് അമേരിക്കയില്‍ മാത്രം 15 കോടി ഉപയോക്താക്കളെ സൃഷ്ടിച്ചു. അവരില്‍ പതിനായിരക്കണക്കിന് ആളുകളെ നിന്നനില്‍പ്പില്‍ താരങ്ങളാക്കി. അവരുടെ കുടുംബംഗങ്ങള്‍ക്ക് മികച്ച വരുമാനം നല്‍കി. ഇതെല്ലാം നടന്നപ്പോള്‍ അമേരിക്കയില്‍ ടിക്‌ടോകിന്റെ അമരത്ത് ഷൊ സി ചു (Shou Zi Chew) ആയിരുന്നു. ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അമേരിക്കക്കാരെക്കുറിച്ചുള്ള ഡേറ്റ ചൈനീസ് സർക്കാരിന്റെ കൈകളില്‍ എത്തുന്നു എന്ന ആരോപണം ശക്തമായതോടെയാണ് ഷോയെ വിളിച്ചുവരുത്തിയത്.
∙ നിരോധിക്കരുതെന്ന് ഷോ
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക്‌ടോകിന്റെ ഉടമസ്ഥതാവകാശം ഒരു അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നില്ലെങ്കില്‍ നിരോധിക്കും എന്നാണ് അമേരിക്ക വ്യക്തമായി നല്‍കിയ സന്ദേശം. ഷോ അതിനു മറുപടിയായി ചില കാര്യങ്ങള്‍ കോണ്‍ഗ്രസിനോടു പറഞ്ഞു. ആപ്പിന് 15 കോടി ഉപയോക്താക്കളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമെ അമേരിക്കക്കാരായ 7000 പേര്‍ക്ക് കമ്പനി നേരിട്ട് തൊഴില്‍ നല്‍കുന്നു. പുറമെ പതിനായിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആപ്പില്‍ നിന്നു വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. ചൈനീസ് ഉടമസ്ഥതിയില്‍ തന്നെ ആപ് തുടരട്ടെ എന്നും അദ്ദേഹം വാദിച്ചു.
∙ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍
കുട്ടികള്‍ക്ക് വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചില കോണ്‍ഗ്‌സ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ടിക്‌ടോക് ഉപയോഗിക്കുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് 18 വയസ്സില്‍ താഴെയുള്ളവരുള്ളു എന്ന് ഷോ ചൂണ്ടിക്കാട്ടി. കുട്ടികളുടെ സംരക്ഷണത്തിനുള്ള അധിക ഫീച്ചറുകള്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പല തരം 'വെല്ലുവിളികള്‍' അഥവാ ചലഞ്ചുകള്‍ ആപ് വഴി എത്തുന്നുവെന്നും അത് പരീക്ഷിക്കാന്‍ പല കുട്ടികളും മുതിരുന്നു എന്നും അമേരിക്കന്‍ സെനറ്റര്‍മാര്‍ ആരോപിച്ചു. ഇതിനെല്ലാം അധിക നിയന്ത്രണങ്ങള്‍ ആപ്പില്‍ ഇപ്പോള്‍ തന്നെ ഉണ്ടെന്ന് ഷോ ചൂണ്ടിക്കാട്ടി.
∙ സക്കര്‍ബര്‍ഗിനെ പോലെ ശക്തന്‍; ആരാണീ ഷോ ?
സിങ്കപ്പൂരുകാരനാണ് 40കാരനായ ഷോ. ഭാര്യ വിവിയനും തങ്ങളുടെ രണ്ടു കുട്ടികള്‍ക്കുമൊപ്പം അവിടെ തന്നെയാണ് താമസവും. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനില്‍ നിന്ന് ഡിഗ്രി നേടിയ അദ്ദേഹം അമേരിക്കയിലെ ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദാനന്തരബിരുദവും സമ്പാദിച്ചു. ഗോള്‍ഡ്മാന്‍ സാച്‌സിലും ഫെയ്‌സ്ബുക്കിലും ഡിഎസ്ടി ഗ്ലോബലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ലാണ് അദ്ദേഹം ടിക്‌ടോക് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ആപ്പിന്റെ പ്രചാരത്തിന്റെ കാര്യം പരിശോധിച്ചാല്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനൊപ്പം ശക്തനാണ് ഷോയും. എന്നാലും അമേരിക്കയില്‍ പോലും അധികമാരും ഷോയെ കുറിച്ച് കേട്ടിട്ടില്ല. അതേസമയം, അമേരിക്കയിലെയും ചൈനയിലെയും ടെക്‌നോളജി വൃത്തങ്ങളില്‍ ഷോയെക്കുറിച്ച് എല്ലാവരും മതിപ്പോടെയാണ് സംസാരിക്കുന്നതെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനിക്കെതിരെയുള്ള പല ആരോപണങ്ങളും കെട്ടിച്ചമതച്ചതാണെന്നും ഊതിപ്പെരുപ്പിച്ചതാണെന്നും അദ്ദേഹം കോണ്‍ഗ്രസിനോടു പറഞ്ഞു.
∙ ടിക്‌ടോക് വില്‍ക്കില്ലെന്ന് ചൈന
ടിക്‌ടോക് വിറ്റ് ഒഴിവാകാന്‍ അമേരിക്ക ആവശ്യപ്പെട്ടതായി തങ്ങള്‍ കേട്ടുവെന്നും അതു ശരിയാണെങ്കില്‍ നഖശിഖാന്തം എതിര്‍ക്കുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഷു ജൂയെടിങ് (Shu Jueting) പറഞ്ഞു. അത്തരത്തിലുള്ള എല്ലാ ശ്രമത്തെയും ചൈന പരാജയപ്പെടുത്തുമെന്നാണ് സൂചന.
∙ ടിക്‌ടോകിന്റെ ഇരുണ്ട മുഖം വ്യക്തമാക്കി ഫോക്‌സ്‌ന്യൂസ്
അതേസമയം, ടിക്‌ടോകിന്റെ ന്യായീകരണങ്ങള്‍ സ്വീകരിക്കരുതെന്ന വാദമാണ് അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ഫോക്‌സ്‌ന്യൂസ് സ്വീകരിച്ചിരിക്കുന്നത്. ബൈറ്റ്ഡാന്‍സ് ബെയ്ജിങ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫോക്‌സ്‌ന്യൂസ് ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ അധികാരപരിധിയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ബെയ്ജിങ്ങിന് ഡേറ്റ കൈമാറണമെന്ന് നിയമമുണ്ടെന്ന് ഫോക്‌സ്‌ന്യൂസ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ടിക്‌ടോക് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ ഡേറ്റ സൂക്ഷിക്കുന്നത് ട്രംപ് സർക്കാരിന്റെ കാലത്ത് അമേരിക്കന്‍ കമ്പനിയായ ഓറക്കിളിനെ ഏല്‍പ്പിച്ചിരുന്നു.
∙ ടിക്‌ടോക് ശേഖരിക്കുന്ന ഡേറ്റ
ഒരാളുടെ സേര്‍ച്ച്, ബ്രൗസിങ് ഹിസ്റ്ററി, ഫേഷ്യല്‍ ഐഡി, വോയിസ് പ്രിന്റ്‌സ്, ടെക്സ്റ്റ്‌സ്, ലൊക്കേഷന്‍, ഫോട്ടോകള്‍ തുടങ്ങിയവ ഉള്‍പ്പടെ ടിക്‌ടോക് ശേഖരിക്കുന്നുണ്ടെന്ന് ഫോക്‌സ്‌ന്യൂസ് പറയുന്നു. എല്ലാത്തരം ഡേറ്റയും ശേഖരിക്കുന്നതിനു പുറമെ ആപ് ആസക്തി വളര്‍ത്താനായി അടിമുതല്‍ കെട്ടിപ്പടുത്ത ഒന്നാണെന്നും ലേഖനം ആരോപിക്കുന്നു. വിഡിയോകള്‍ എളുപ്പത്തില്‍ ഷെയർ ചെയ്യാനും സാധിക്കുന്നു. ഇതിനു പുറമയെണ് മുകളില്‍ പറഞ്ഞ വൈറല്‍ ചലഞ്ചുകളുടെ പ്രശനം. ശ്വാസംമുട്ടിക്കല്‍, ബ്ലാക്ഔട്ട് തുടങ്ങിയ വെല്ലുവിളികള്‍ ആപ്പില്‍വരികയും അതൊക്കെ കുട്ടികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതിനെയും ലേഖനം വിമര്‍ശിക്കുന്നു. ചില കുട്ടികളുടെ മാതാപിതാക്കള്‍ ടിക്‌ടോക് അക്കൗണ്ടുകള്‍ എടുത്തു നല്‍കുന്നില്ല. അവര്‍ക്ക് അവരുടെ കൂട്ടുകാര്‍ ടിക്‌ടോക് വിഡിയോ സ്‌ക്രീന്‍ റെക്കോഡിങ് നടത്തി ഇട്ടുകൊടുക്കുമെന്ന് ദി വോള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. ഇത്തരം വിഡിയോ കൊണ്ട് ഫോണിന്റെ മെമ്മറി നിറയ്ക്കുകയാണ് കുട്ടികളെന്നും ലേഖനം ആരോപിക്കുന്നു.

∙ ടിക്‌ടോക് വിഡിയോ കാണാന്‍ അക്കൗണ്ട് വേണ്ട
ടിക്‌ടോകിലെ കണ്ടെന്റ് കാണാന്‍ അക്കൗണ്ട് ഉണ്ടാക്കേണ്ട കാര്യമില്ല. ആരെങ്കിലും വിഡിയോയുടെ ലിങ്ക് അയച്ചു തന്നാല്‍ അത് ഏത് വെബ് ബ്രൗസറിലും കാണാം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഏതു ബ്രൗസര്‍ ആണ്, ഏത് കംപ്യൂട്ടിങ് ഉപകരണമാണ് ഉപയോഗിക്കുന്നതെന്നും, ഐപി അഡ്രസും അടക്കമുള്ള കാര്യങ്ങള്‍ ടിക്‌ടോകിന് വേണമെങ്കില്‍ ശേഖരിക്കാമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ ഏത് സമൂഹ മാധ്യമത്തിലും ടിക്‌ടോക് വിഡിയോകളുടെ ലിങ്കുകള്‍ കാണാന്‍ സാധിക്കും. ഇത്തരം ലിങ്കുകള്‍ ചിലപ്പോള്‍ ടിക്‌ടോകിന്റെ വെബ്‌സൈറ്റില്‍നിന്ന് നേരിട്ടുള്ളവ ആയിരിക്കാം. അങ്ങനെയാണെങ്കില്‍ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ടിക്‌ടോകിന് ലഭിക്കും. പക്ഷേ, ഇതൊക്കെ ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയും സ്വകര്യതയ്ക്കായി വാദിക്കുന്നവര്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആരോപണങ്ങളാണ്.
∙ ആരെങ്കിലും സുരക്ഷിതരാണോ?
ഒരാള്‍ ടിക്‌ടോക് ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും സുരക്ഷിതനല്ലെന്ന് ലേഖനം പറയുന്നു. മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളെ പോലെ തന്നെ അതീവ നേര്‍ത്ത കോഡുകള്‍ ഉപയോഗിച്ചും ഉപയോക്താക്കളെ ടിക്‌ടോക് ട്രാക്കുചെയ്യുന്നു. ഇവയെ പിക്‌സലുകളെന്നാണ് വിളിക്കുന്നത്. ടിക്‌ടോകും തങ്ങളുടെ പിക്‌സലുകള്‍ ഇകൊമേഴ്‌സ് സൈറ്റുകളില്‍ മുതല്‍ സർക്കാർ സൈറ്റുകളില്‍ വരെ നിക്ഷേപിച്ച ഉപയോക്താക്കളെ നിരീക്ഷിക്കുന്നു എന്ന് ഫോക്‌സ്‌ന്യൂസ് പറയുന്നു. ഇതുവഴി ഐപി അഡ്രസ്, നിങ്ങള്‍ എന്താണ് ഓണ്‍ലൈനായി വാങ്ങിച്ചതെന്നു നിരീക്ഷിക്കല്‍ തുടങ്ങി പല ഡേറ്റയും ശേഖരിക്കുന്നു. അക്കൗണ്ട് ഇല്ലാത്തവരുടെ ഡേറ്റയും തങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഒരു ടിക്‌ടോക് വക്താവ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ ഉടനടി ഫോണില്‍ നിന്ന് ടിക്‌ടോക് ആപ് നീക്കം ചെയ്യണമെന്നാണ് ഫോക്‌സ്‌ന്യൂസ് ആവശ്യപ്പടുന്നത്. വെറുതെ നീക്കംചെയ്താല്‍ പോരെന്നും ഫോണ്‍ ഫാക്ടറി റീസെറ്റ് നടത്തി ടിക്‌ടോകിനെ ഒഴിവാക്കണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.
English Summary: TikTok CEO Testifies Before US Congress, Calls India's Ban "Hypothetical"