ADVERTISEMENT

അവതരിപ്പിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും തരംഗംതീര്‍ത്ത, നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ശക്തി പകരുന്ന സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടിയോട് അഭിപ്രായം തേടിയിരിക്കുകയാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി എന്ന് ബാര്‍ ആന്‍ഡ്ബെഞ്ച് (BarandBench) റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാവും ഒരു കോടതി നിർ‌മിത ബുദ്ധിയുടെ സഹായം തേടിയതെന്നാണ് സൂചന. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് ഒരു കേസില്‍ ജാമ്യം കൊടുക്കുന്നതുമായി ബന്ധപ്പെട്ട സംശയത്തിന് ചാറ്റ്ജിപിടിയെ സമീപിച്ചത്. ക്രൂരത ഒരു ഘടകമായ കേസില്‍ കൂടുതല്‍ ആഗോളതലത്തിലുള്ള ഒരു കാഴ്ചപ്പാടിനായാണ് ചാറ്റ്ജിപിടിയെ സമീപിച്ചതെന്ന് ജസ്റ്റിസ് പറഞ്ഞു.

∙ കേസ്

2022 ജൂണിലുണ്ടായ കലാപത്തിലെ പ്രതി ജസ്‍‌വിന്ദര്‍ സിങ് ആണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കലാപം, ഭീഷണിപ്പെടുത്തല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മുഖ്യ പ്രതിയുടെ പേരിലുള്ളത്. ഒരു വ്യക്തിക്കുനേരെ മൃഗീയമായ ആക്രമണം പ്രതിയും കൂട്ടാളികളും അഴിച്ചുവിട്ടുവെന്നും ഇത് ആ വ്യക്തിയുടെ മരണത്തില്‍ കലാശിച്ചുവെന്നും കുറ്റപത്രം പറയുന്നു. കേസു പഠിച്ച കോടതി പൊതുവെ ആഗോള തലത്തില്‍ ഇത്തരം ഘട്ടങ്ങളില്‍ എന്തു തീരുമാനമാണ് എടുക്കുക എന്നറിയാനാണ് ചാറ്റ്ജിപിടിയെ സമീപിച്ചത്. ആക്രമണകാരികള്‍ ക്രൂരതയോടെ അഴിച്ചുവിട്ട ആക്രമണത്തില്‍ ജാമ്യം നല്‍കുന്നതിനെക്കുറിച്ച് എന്താണ് നിയമശാസ്ത്രം പറയുന്നത് എന്നാണ് കോടതി എഐ ടൂളിനോട് ചോദിച്ചത്.

∙ ചാറ്റ്ജിപിടി നല്‍കിയ ഉത്തരം

ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്തു വേണം ജാമ്യം നല്‍കാന്‍. അതുപോലെ നിലവിലുള്ള നിയമങ്ങളും ശാസനങ്ങളും പരിഗണിക്കണമെന്നും ചാറ്റ്ജിപിടി നല്‍കിയ ഉത്തരത്തില്‍ പറയുന്നു. ഇത്തരം ക്രൂരകൃത്യം നടത്തുന്ന വ്യക്തി സമൂഹത്തിന് അപകടകാരിയാണെന്നും എഐ ടൂള്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ താത്പര്യക്കുറവ് പ്രകടിപ്പിച്ചേക്കാം. എന്നാല്‍ കടുത്ത ഉപാധികളോടെ ജാമ്യം നല്‍കുകയും ചെയ്‌തേക്കാം. പ്രതി നടത്തിയ ആക്രമണത്തിന്റെ കാഠിന്യം, അയാളുടെ ക്രിമിനല്‍ പശ്ചാത്തലം, അയാള്‍ക്കെതിരെയുള്ള തെളിവുകള്‍ എത്ര ശക്തമാണ് തുടങ്ങിയവ ഒരു ജഡ്ജി ജാമ്യം നല്‍കുന്നതിനു മുൻപ് പരിഗണിച്ചേക്കാമെന്നും ചാറ്റ്ജിപിടി പറയുന്നു. അതേസമയം, തക്കതായ കാരണമില്ലെങ്കില്‍ ജാമ്യം നല്‍കാതിരിക്കരുതെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം എല്ലാ നിയമവ്യവസ്ഥകളുടെയും കാതലാണെന്നും എഐ മറുപടി നല്‍കി. അതിനാല്‍, ക്രൂരമായ ആക്രമണമാണ് പ്രതികള്‍ നടത്തിയിരിക്കുന്നതെങ്കില്‍ പോലും ജാമ്യം നല്‍കണോ എന്ന കാര്യം ന്യായാധിപന് തീരുമാനിക്കാം. അതേസമയം, പ്രതി സമൂഹത്തിന് ഭീഷണിയാവില്ലെന്നും നാടുവിടില്ലെന്ന് ഉറപ്പാക്കണമെന്നും ചാറ്റിജിപിടി അഭിപ്രായപ്പെട്ടു.

∙ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

അതേസമയം, ക്രൂരത എന്ന ഘടകത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ മാത്രമാണ് ഈ കേസില്‍ ചാറ്റ്ജിപിടിയെ സമീപിച്ചതെന്ന് ജഡ്ജി പറഞ്ഞു. കുറ്റകൃത്യം അതിക്രൂരവും മൃഗീയവുമാകുമ്പോള്‍ അതിലെ ക്രൂരത കണക്കിലെടുത്തു വേണം ജാമ്യം നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍. പ്രതി ക്രൂരമായാണ് പെരുമാറിയത് എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നും ജാമ്യം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

mumbai-local-court

∙ ചാറ്റ്ജിപിടി പ്രശ്‌നമെന്ന് യൂറോപ്യന്‍ പൊലീസ്

യൂറോപ്യന്‍ നിയമപാലകരായ യൂറോപോള്‍ (Europol) ചാറ്റ്ജിപിടിക്കെതിരെ രംഗത്തുവന്നു. പുതിയ ടൂള്‍ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണങ്ങളും മറ്റും പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂറോപോള്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ധാര്‍മികവും നിയമപരവുമായ ചോദ്യങ്ങളാണ് ഇതുയര്‍ത്തുന്നതെന്നും യൂറോപോള്‍ പറഞ്ഞു. ചാറ്റ്ജിപിടി പോലെയുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെ ശക്തി അനുദിനമെന്നോണം വര്‍ധിക്കുകയാണ്. ഇതു ചൂഷണം ചെയ്തുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചേക്കാമെന്നാണ് വാദം.

∙ ആമസോണും ഐഐടി-ബോംബെയും മെഷീന്‍ ലേണിങ്ങില്‍ സഹകരിക്കും

ആഗോള ഓണ്‍ലൈന്‍ വില്‍പനാ ഭീമന്‍ ആമസോണും ഐഐടി-ബോംബെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് മേഖലയില്‍ സഹകരണം പ്രഖ്യാപിച്ചു. പല വര്‍ഷത്തേക്കായിരിക്കും ഇത്. ഈ മേഖലയിലുള്ള ഗവേഷണങ്ങള്‍ക്കും മറ്റും സാമ്പത്തിക സഹായം നല്‍കാനുള്ള ശ്രമമായിരിക്കും നടക്കുക. ഐഐടി-ബോംബെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ് ആയിരിക്കും പദ്ധതിക്ക് ആതിഥേയത്വം വഹിക്കുക. സംഭാഷണം, ഭാഷ, മള്‍ട്ടിമോഡല്‍ എഐ മേഖല എന്നിവയിലായിരിക്കും സഹകരണം.

∙ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ അപ്‌ഡേറ്റു ചെയ്യണമെന്ന് കേന്ദ്രം

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആന്‍ഡ്രോയിഡില്‍ ചില കടുത്ത പ്രശ്‌നങ്ങളാണ് സേര്‍ട്ട്-ഇന്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. ആന്‍ഡ്രോയിഡ് 11, 12, 12എല്‍, 13 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് ഏറ്റവും വേഗം അപ്‌ഡേറ്റു ചെയ്യേണ്ടത് എന്നാണ് നിര്‍ദ്ദേശം.

∙ നതിങ് ഫോണ്‍ (2) താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ഫോണ്‍ (1) നു പിന്നാലെ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നതിങ് കമ്പനി. നതിങ് ഫോണ്‍ (2) എന്നായിരിക്കും പേര് എന്നാണ് സൂചന. ഇതിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡര്‍ഡ്‌സിന്റെ (ബിസ്) സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണ് പുതിയ ഊഹാപോഹങ്ങള്‍ക്കു പിന്നില്‍. ബിസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന നതിങ് ഫോണിന്റെ മോഡല്‍ നമ്പര്‍ എഐഎന്‍065 എന്നാണ്.

∙ വില കൂടിയ ഫോണ്‍?

ഇടത്തരം ഫോണായിരുന്നു നതിങ് ഫോണ്‍ (1) എങ്കില്‍ ഇത്തവണ പ്രീമിയം ഫോണായിരിക്കും കമ്പനി പുറത്തിറക്കുക എന്നും സംസാരമുണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 1 പ്രോസസര്‍ ആയിരിക്കും ഫോണ്‍ (2)ന് കരുത്തുപകരുക എന്നാണ് ശ്രുതി. ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുമെന്നു കരുതുന്ന ഫോണിന് 12 ജിബി വരെ റാം വരെ ലഭിച്ചേക്കാം.

∙ ടിക്‌ടോകിനെതിരെ നിയമ നിര്‍മാണവുമായി മുന്നോട്ടു പോകണമെന്ന് സ്പീക്കര്‍

ചൈനീസ് ആപ്പായ ടിക്‌ടോകിനെതിരെ നിയമ നിര്‍മാണവുമായി മുന്നോട്ടു പോകണമെന്ന് യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പേടികള്‍ മൂലമാണ് സ്പീക്കര്‍ ടിക്‌ടോകിന് എതിരെയുള്ള ബില്ലിനെ അനുകൂലിക്കുന്നത്.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

∙ 8,000 ലേറെ ജോലിക്കാരെ പിരിച്ചുവിട്ട് സെയല്‍സ്‌ഫോഴ്‌സ്

ലോകത്തെ പല പ്രധാന കമ്പനികള്‍ക്കും കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റ് (സിആര്‍എം) സോഫ്റ്റ്‌വെയര്‍ നല്‍കുന്ന കമ്പനിയായ സെയില്‍സ്‌ഫോഴ്‌സ് ഇതുവരെ പിരിച്ചുവിട്ട ജോലിക്കാരുടെ എണ്ണം 8000 കടന്നെന്ന് ബ്ലൂംബര്‍ഗ്. പ്രമുഖ ടെക്‌നോളജി കമ്പനികളെല്ലാം പ്രതിസന്ധി നേരിടുന്നു. ആമസോണ്‍ ഇതുവരെ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം ഏകദേശം 27,000 ആണ്. ഫെയ്‌സ്ബുക് 20,000 ലേറെ പേരെ പിരിച്ചുവിട്ടു. തങ്ങളുടെ ജോലിക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാനാണ് ഉദ്ദേശ്യമെന്ന് കമ്പനി നേരത്തേ അറിയിച്ചിട്ടുണ്ട്.

English Summary: Punjab and Haryana HC turns to ChatGPT for view on bail in murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com