ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ പോരാട്ടം ശക്തമാക്കിക്കൊണ്ട് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. ഐപിഎൽ സമയത്ത് ക്രിക്കറ്റ് പ്രേമികൾക്ക് സ്പെഷൽ പ്ലാനുകളുമായാണ് ജിയോ എത്തിയിരിക്കുന്നത്. പ്രതിമാസം 198 രൂപയുടേതാണ് പുതിയ പ്ലാൻ.
ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ എന്ന് പേരിട്ടിരിക്കുന്ന പ്ലാനിൽ സെക്കൻഡിൽ 10 മെഗാബിറ്റ് വേഗമാണ് ജിയോ ഓഫർ ചെയ്യുന്നത്. നിലവിൽ ജിയോ ഫൈബർ കണക്ഷൻ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രതിമാസ നിരക്ക് 399 രൂപയായിരുന്നു. 21 രൂപ മുതൽ 152 രൂപ വരെ അടച്ച് 1 മുതൽ 7 ദിവസത്തേക്ക് ഇന്റർനെറ്റ് വേഗം 30 അല്ലെങ്കിൽ 100 എംബിപിഎസ് ആയി ഉയർത്താനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. 84 ലക്ഷം ഉപഭോക്താക്കളുമായി 30.6 ശതമാനം വിപണി വിഹിതവുമായി ജിയോ ഇപ്പോൾ ഫിക്സഡ് ലൈൻ കണക്ഷൻ സെഗ്‌മെന്റിൽ മുന്നിലാണ്.
പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താവ് അഞ്ച് മാസത്തേക്ക് ഇൻസ്റ്റലേഷൻ ചാർജുകൾ ഉൾപ്പെടെ 1490 രൂപ നൽകണം. അടുത്തിടെ ജിയോയുടെ മുഖ്യ എതിരാളിയായ ഭാരതി എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ താരിഫുകളിൽ വലിയ മാറ്റങ്ങൾ വരുത്തി. എയർടെൽ പ്രീ-പെയ്ഡ് വിഭാഗത്തിൽ എൻട്രി ലെവൽ നിരക്കുകൾ വർധിപ്പിച്ചിരുന്നു.
English Summary: Jio Launches New Broadband Plan for Rs. 198 Ahead of IPL