ആപ്പിളില്‍ ഒരു ഉപകരണത്തെ ചൊല്ലി അപ്രതീക്ഷിത തർക്കങ്ങൾ; ഏതുപകരണം, എന്താണ് പ്രശ്‌നം?

Apple's mixed reality headset likely to launch this year
SHARE

ആപ്പിള്‍ ആവേശത്തോടെ നിര്‍മിക്കുന്ന, ഈ വര്‍ഷം ആദ്യമായി പുറത്തിറക്കാനൊരുങ്ങുന്ന ഒരു ഉപകരണത്തെ ചൊല്ലി കമ്പനിക്കുള്ളില്‍ അപ്രതീക്ഷിത അസ്വാരസ്യങ്ങള്‍ തലപൊക്കിയിരിക്കുകയാണെന്ന് ദ് ന്യൂയോര്‍ക് ടൈംസ്. ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ആപ്പിളില്‍ വളരെ വിരളമായി മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ തലപൊക്കാറുള്ളു എന്നതിനാലാണ് ഇത് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഐപോഡും ഐഫോണും മുതല്‍ ആപ്പിള്‍ വാച്ച് വരെയുള്ള കണ്‍സ്യൂമര്‍ ഉപകരണ നിര്‍മാണത്തില്‍, ഒരു ചാന്ദ്ര ദൗത്യത്തിനു വേണ്ടത്ര ഏകാഗ്രതയോടെ പ്രവര്‍ത്തിച്ച് ലോകത്തെ അമ്പരപ്പിച്ച കമ്പനിയിലാണ് ഇത്തവണ അഭിപ്രായ അനൈക്യം രൂപപ്പെട്ടിരിക്കുന്നത്.

∙ തര്‍ക്കം മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിനെ ചൊല്ലി

2023 ജൂണില്‍ പുറത്തിറക്കുമെന്നു കരുതുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിനെ ചൊല്ലിയാണ് തര്‍ക്കം. ഇതിന് 3000 ഡോളര്‍ വിലയിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് നേരത്തേ പുറത്തുവന്ന സൂചന. അതേസമയം, ഇതിന് 3000 ഡോളര്‍ വിലയിടാന്‍ എന്താണിരിക്കുന്നതെന്ന് ചില ജോലിക്കാര്‍ ചോദിക്കുന്നു. ഇത്തരം ഒരു ഉപകരണത്തിന്റെ പ്രയോജനക്ഷമതയെക്കുറിച്ചും പല ജോലിക്കാര്‍ക്കും സംശയമുണ്ട്. ഇതിനു പുറമെ പൊതുജനം ഇത് എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നു.

∙ ചില ജോലിക്കാര്‍ പിന്മാറി, ചിലരെ ആപ്പിള്‍ പുറത്താക്കി

ചില ജോലിക്കാര്‍ ഹെഡ്‌സെറ്റ് നിര്‍മാണ പദ്ധതിയില്‍നിന്ന് സ്വയം പിന്മാറിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹെഡ്‌സെറ്റ് നിര്‍മാണത്തില്‍ വേണ്ട പുരോഗതി ഉണ്ടാക്കാത്തതിനാല്‍ മറ്റു ചില ജോലിക്കാരെ ആപ്പിള്‍ മാനേജ്‌മെന്റും പുറത്താക്കി. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരിയെ ഹെഡ്‌സെറ്റുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുന്നതാണ് ഉദ്ദേശിച്ചത്ര പുരോഗതി കൈവരിക്കാന്‍ സാധിക്കാതെ പോയ മേഖലകളിലൊന്ന്. കമ്പനിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ഹെഡ്‌സെറ്റിന്റെ സാധ്യതയെ ചോദ്യംചെയ്യുന്നു.

∙ ആപ്പിളിന്റെ ഡിസൈന്‍ ടീമിനു സംഭവിച്ചതെന്ത്?

ഇതിനു പുറമെ ആപ്പിളിന്റെ വിഖ്യാതമായ ഡിസൈന്‍ ടീമില്‍നിന്ന് ദീര്‍ഘകാലം അതിന്റെ മേധാവിയായിരുന്ന ജോണി ഐവ് അടക്കം ചിലര്‍ രാജിവച്ചു പോയതും പ്രശ്‌നം വഷളാക്കാനിടയാക്കി. ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉപകരണങ്ങളെ ആകര്‍ഷകമാക്കിയതില്‍ ഐവിന്റെ പങ്ക് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. 2019ല്‍ ആയിരുന്നു ഐവ് രാജിവച്ചത്. ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല എന്നതും കൂട്ടിവായിക്കാം. ഇനി താന്‍ പുറത്തുനിന്ന് ആപ്പിളിന് ഉപദേശങ്ങള്‍ നല്‍കുമെന്നും പറഞ്ഞാണ് അദ്ദേഹം രാജിവയ്ക്കുന്നത്. 2022 ല്‍ ഐവ് പുറത്തുനിന്ന് ആപ്പിളിനുള്ള ഉപദേശം നല്‍കുന്നതും നിർത്തി.

∙ ഐഫോണിനു ശേഷം എന്ത്?

ഒരു ഐഫോണിന്റെ ഖ്യാതിയില്‍ എത്ര കാലത്തേക്കാണ് കമ്പനിക്കു മുന്നോട്ടു പോകാനാകുക? അതിനപ്പുറത്തുള്ള ഉല്‍പന്നങ്ങള്‍ ഇറക്കണം. അത്തരത്തിലൊരു ഉപകരണമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍മിച്ചുവന്നതാണ് ഹെഡ്‌സെറ്റ്. അടുത്ത തലമുറയിലെ കംപ്യൂട്ടിങ് ഉപകരണമെന്ന വമ്പന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണിത്. ഇതേക്കുറിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക് ഒരിക്കല്‍ പറഞ്ഞത് ‘‘ഹെഡ്‌സെറ്റ് ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞാല്‍ ഓഗ്‌മെന്റഡ് റിയാലിറ്റി ഇല്ലാതെ എങ്ങനെ ഇത്ര കാലം ആളുകള്‍ ജീവിച്ചു എന്നായിരിക്കും നിങ്ങള്‍ അദ്ഭുതപ്പെടുക. എന്നെപ്പോലെയുള്ളവര്‍ എങ്ങനെയാണ് ഇന്റര്‍നെറ്റില്ലാതെ ജീവിച്ചത് എന്ന് നിങ്ങള്‍ ഇപ്പോള്‍ അദ്ഭുതപ്പെടുന്നതു പോലെ’’ എന്നാണ്.

∙ പരാജയങ്ങളുടെ കൂന

ഇത്തരം ഒരു ഹെഡ്‌സെറ്റ് നിർമിക്കാന്‍ ശ്രമിക്കുന്ന ആദ്യ കമ്പനിയൊന്നുമല്ല ആപ്പിള്‍. ഗൂഗിള്‍ ഗ്ലാസ് മുതല്‍ മാജിക് ലീപ് വരെയും മൈക്രോസോഫ്റ്റിന്റെ ഹോളോ ലെന്‍സ് മുതല്‍ മെറ്റായുടെ ക്വെസ്റ്റ് പ്രോ വരെയും വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയ ഇത്തരം ഉദ്യമങ്ങളുടെ ബാക്കിപത്രമാണ്. പിഴവറ്റ നിര്‍മാണ രീതികൊണ്ട് കീര്‍ത്തി നേടിയ ആപ്പിള്‍ അത്തരം ഒരു ഹെഡ്‌സെറ്റ് ഇറക്കിയാല്‍ പ്രശ്‌നം തീരുമെന്നാണ് ടെക്‌നോളജി പ്രേമികള്‍ കരുതുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ ഏറെയാണെന്ന് ന്യൂയോര്‍ക് ടൈംസ് പറയുന്നു.

Apple-vr

∙ മാര്‍ക്കറ്റ്

വെര്‍ച്വല്‍ റിയാലിറ്റി ഉപകരണ നിര്‍മാണ ബിസിനസില്‍ മുന്നേറാനായി മെറ്റാ കമ്പനി കോടിക്കണക്കിനു ഡോളറാണ് ചെലവിട്ടിരിക്കുന്നത്. എന്നാല്‍, തങ്ങളുടെ 400 ഡോളര്‍ വിലയുള്ള ക്വെസ്റ്റ് 2 ഹെഡ്‌സെറ്റ് ഏകദേശം 20 ദശലക്ഷം എണ്ണമാണ് കമ്പനിക്ക് വില്‍ക്കാനായത്. ക്വെസ്റ്റ് പ്രോയുടെ കാര്യമാണെങ്കില്‍ അതിലും കഷ്ടം-1500 ഡോളര്‍ വിലയിട്ടിരുന്ന ഹെഡ്‌സെറ്റിന് വേണ്ടത്ര വില്‍പന ഇല്ലാതിരുന്നതിനാല്‍ 1000 ഡോളറായി വില കുറച്ചു കഴിഞ്ഞു. ആപ്പിളാകട്ടെ പ്രതിവര്‍ഷം 20 കോടി ഐഫോണുകളാണ് വില്‍ക്കുന്നത്. ഇവയുടെ ശരാശരി വില 800 ഡോളറുമാണ്. ഐഫോണിന്റെ കാര്യത്തില്‍ അത് നിലവിലുണ്ടായിരുന്ന നിരവധി സാങ്കേതികവിദ്യകളെ ഒരു ഉപകരണത്തിലാക്കുകയാണ് ചെയ്തിരിക്കുന്നതെന്നു കാണാം. എന്നാല്‍, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവദ്യ പുതിയ മേഖലയിലേക്കുള്ള ചുവടുവയ്പ്പാണ്. അതെത്ര സ്വീകര്യത നേടുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

∙ തീര്‍ച്ചയില്ലായ്മ ജോലിക്കാര്‍ക്കും പ്രശ്‌നം

പുതിയ ഉല്‍പന്നം വിപണിയില്‍ വിജയമാകുമോ അതോ തകര്‍ന്നടിയുമോ എന്ന ഭയം പല ആപ്പിള്‍ ജോലിക്കാരിലും പല രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. ചിലര്‍ വാദിക്കുന്നത് അത് പുറത്തിറക്കുന്നത് മാറ്റിവയ്ക്കണം എന്നാണ്. അത്തരം ഒരു ഉപകരണത്തെ സ്വീകരിക്കാനുള്ള സാമ്പത്തിക പരിസ്ഥിതി ഇപ്പോള്‍ നിലവിലില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പല ഉപകരണങ്ങളും പുറത്തിറക്കുന്നത് കമ്പനി വൈകിപ്പിച്ച ചരിത്രമുണ്ടെന്നും അവര്‍ പറയുന്നു. ഈ വര്‍ഷം ഏകദേശം പുറത്തിറക്കിയാല്‍ ഏകദേശം 500,000 ഹെഡ്‌സെറ്റുകളായിരിക്കും വില്‍ക്കാന്‍ സാധിക്കുക എന്നാണ് ചില കണക്കുകൂട്ടലുകള്‍ പറയുന്നത്. ഈ വിഭാഗത്തിലെ മൊത്തം വില്‍പന കഴിഞ്ഞ വര്‍ഷം 12 ശതമാനം ഇടിഞ്ഞു എന്നും കണക്കുകള്‍ പറയുന്നു. നല്ലപോലെ വിറ്റുവരവുള്ള ഒരു വിപണിയിലേക്ക് കൂടുതല്‍ മികച്ച ഒരു ഉപകരണവുമായി വന്ന് അദ്ഭുതപ്പെടുത്തുന്നതാണ് ആപ്പിള്‍ ശൈലി. എന്നാല്‍, നിലവിലെ സാഹചര്യം അതിന് അനുകൂലമല്ലെന്ന് ചില നിരീക്ഷകര്‍ പറയുന്നു.

∙ പ്രശ്‌നം അന്വേഷിക്കുന്നോ?

പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമ്പോഴാണ് ഉപകരണങ്ങള്‍ വന്‍ വിജയമാകുക. ഉദാഹരണത്തിന് ആയിരക്കണക്കിന് പാട്ടുകള്‍ പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന ഉപകരണമായി ഐപോഡുകള്‍ മാറി. മ്യൂസിക് പ്ലെയറിനൊപ്പം ഫോണ്‍ വിളിയും നടത്താവുന്ന ഉപകരണമായി ഐഫോണ്‍. എന്നാല്‍, ഹെഡ്‌സെറ്റ് എന്തു പ്രശ്‌നം പരിഹരിക്കാനാണ് എത്തുന്നതെന്ന് ആപ്പിളിലെ ചില ജോലിക്കാര്‍ ചോദിക്കുന്നു. അതായത്, പരിഹാരമാര്‍ഗം ആദ്യം എത്തിയിട്ട് പ്രശ്‌നം അന്വേഷിക്കാനാണോ ഉദ്ദേശ്യം എന്നാണ് അവര്‍ ചോദിക്കുന്നത്.

∙ ഐവിനു ശേഷം ചുമതലയേറ്റ ഹാങ്കിയും ഇട്ടിട്ടുപോയി

ആപ്പിളിന്റെ ഡിസൈൻ വിഭാഗത്തില്‍ നിന്ന് ഐവ് പോയതിനു പിന്നാലെ ചുമതലയേറ്റ ഇവാന്‍ ഹാങ്കിയും ഈ വര്‍ഷം രാജിവച്ചു പുറത്തു പോയി. ഇങ്ങനെ സ്ഥിരം നാഥനില്ലാക്കളരിയായി മാറിയ ഡിസൈൻ വിഭാഗത്തെ ഇപ്പോള്‍ നയിക്കുന്നത് മൈക് റോക്‌വെല്‍ ആണ്. സ്‌കീയിങ്ങിന് ഉപയോഗിക്കുന്ന ഗോഗിള്‍സ് പോലെയാണ് ഇപ്പോള്‍ നിര്‍മിച്ചുവച്ചിരിക്കുന്ന ഹെഡ്‌സെറ്റ് എന്നാണ് സൂചന. ഇതിനു ശക്തി പകരാനുളള ബാറ്ററി പാക്ക് ഉപയോക്താവ് അരയില്‍ ധരിക്കേണ്ടി വന്നേക്കും.

∙ പുറം ലോകം കാണുന്നത് ക്യാമറകളിലൂടെ

ഹെഡ്‌സെറ്റ് ഉപയോക്താവിന് പുറത്തെ രംഗങ്ങള്‍ പകര്‍ത്താന്‍ രണ്ടു ക്യാമറകളും ഉള്ളില്‍ ദൃശ്യങ്ങള്‍ കാണാനും ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുമായി രണ്ടു 4കെ ഡിസ്‌പ്ലേയുമാണ് ഉള്ളത്. പുറത്തു നടക്കുന്ന കാര്യങ്ങള്‍ ഇതുപയോഗിക്കുന്ന ആള്‍ ക്യാമറകള്‍ വഴിയാണ് കാണുന്നത്. ഈ ദൃശ്യങ്ങള്‍ കുറച്ചു മതിയെങ്കില്‍ അങ്ങനെ പരിമിതപ്പെടുത്താം. എന്നാല്‍, ഈ ഉപകരണം ഭാവയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു പ്രോഡക്ടിന്റെ മുന്നോടിയായി കാണുന്നവരും ഉണ്ട്. കണ്ണട പോലെ ധരിക്കാവുന്ന ഒന്നായിരിക്കും ആ ഉപകരണം. അത് പൊതുജനം ഏറ്റെടുക്കാനും സാധ്യതയുണ്ട്. പക്ഷേ, ആപ്പിള്‍ ഉദ്ദേശിക്കുന്ന ശേഷിയുമായി അത് പുറത്തിറക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമല്ല.

∙ കോപ്രസന്‍സ്

ആപ്പിള്‍ ജൂണില്‍ പുറത്തിറക്കാന്‍ പോകുന്ന ഉപകരണത്തില്‍ കാണാന്‍ പോകുന്ന പ്രധാന ആപ്പിന്റെ പേര് കോപ്രസന്‍സ് (copresence) എന്നാണ്. ഹെഡ്‌സെറ്റ് ധിരിച്ചിരിക്കുന്ന ആള്‍ക്കുള്ള യഥാര്‍ഥമോ വെര്‍ച്വലോ ആയ അനുഭവം ഹെഡ്‌സെറ്റ് ധരിച്ച മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒന്നാണ് കോപ്രസന്‍സ്. സമാനമായ രീതിയെ ആണ് ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റാവേഴ്‌സ് എന്നു വിളിക്കുന്നത്.

∙ മികച്ച അനുഭവമായിരിക്കാം

ആര്‍ട്ടിസ്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും എൻജിനീയര്‍മാര്‍ക്കും ആപ്പിളിന്റെ ഹെഡ്‌സെറ്റ് പ്രിയപ്പെട്ടതായേക്കും. ഹെഡ്‌സെറ്റിന് ഒരു ഹൈ-റെസലൂഷന്‍ ടിവിയായും പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കും. അതായത്, ഈ ഹെഡ്‌സെറ്റിനായി സൃഷ്ടിച്ച കണ്ടെന്റായിരിക്കും ഇതില്‍ കാണാനാകുക. അയണ്‍ മാന്‍ സിനിമയുടെ ഡയറക്ടര്‍ ജോണ്‍ ഫാവ്‌റോ ഒക്കെ ഇത്തരം കണ്ടെന്റ് ഇപ്പോള്‍ നിർമിച്ചുക്കൊണ്ടിരിക്കുകയുമാണ്.

∙ പ്രശ്‌നം അവിടെയല്ല

വിലയാണ് യഥാര്‍ഥ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. ചില ഉപയോക്താക്കള്‍ക്ക് ഇതു വങ്ങാന്‍ സാധിക്കും. എന്നാല്‍, ഏകദേശം 100 കോടി വരുന്ന ഐഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗത്തിനും ഇത് വാങ്ങാന്‍ സാധിക്കില്ല. വിലയും പ്രയോജനക്ഷമതയും തമ്മിലൊരു ബാലന്‍സ് നിലനിര്‍ത്തിയാണ് ആപ്പിള്‍ ഇതുവരെയുള്ള ഉപകരണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, വളരെ വ്യത്യസ്തമായ കമ്പനിയായ ആപ്പിള്‍ എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിച്ചാലും അമ്പരക്കേണ്ട എന്ന വാദവും ഉയരുന്നു.

English Summary: Apple's mixed reality headset likely to launch this year, draws skepticism from employees, claim reports

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS