രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ റിപ്പോർട്ട്. വരിക്കാരുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തിയ മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ് ഏറ്റവും കുറച്ച് കടമുള്ള കമ്പനികളിലൊന്ന്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദങ്ങളിലെല്ലാം വരുമാനത്തിലും ജിയോ മുന്നിലെത്തിയിരുന്നു. രാജ്യത്തെ മൊത്തം ടെലികോം കമ്പനികൾ നേരിടുന്നത് 4.17 ലക്ഷം കോടി രൂപയുടെ കടമാണ്.
എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെ ആറ് ടെലികോം കമ്പനികൾക്ക് 2021-22 സാമ്പത്തിക വർഷത്തിൽ മൊത്തം കടം 4.17 ലക്ഷം കോടി രൂപയുണ്ടെന്നാണ് ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചത്. കുറഞ്ഞ താരിഫുകളും ഉയർന്ന നികുതിയും കാരണം ടെലികോം കമ്പനികളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ടെലികോം സഹമന്ത്രി ദേവുസിൻ ചൗഹാൻ ലോക്‌സഭയിൽ സമർപ്പിച്ച ഡേറ്റയിൽ നിന്ന് ഏറ്റവും കൂടുതൽ കടം 1,91,073.9 കോടി രൂപ വോഡഫോൺ ഐഡിയയ്ക്കാണെന്ന് കണ്ടെത്തി.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെ മറ്റ് ടെലികോം കമ്പനികളുടെ കടം യഥാക്രമം 42,486 കോടി രൂപയും 1,03,408.1 കോടി രൂപയും 40,400.13 കോടി രൂപയുമാണ്. അതേസമയം, ടാറ്റ ടെലിസർവീസസ്, ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര) എന്നിവയ്ക്ക് യഥാക്രമം 20,162 കോടി രൂപയും 19,703.84 കോടി രൂപയും കടമുണ്ട്.
ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ടെലികോം മേഖലയിൽ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിനായി നിരവധി പരിഷ്കാരങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് ചൗഹാൻ പറഞ്ഞു. 2021 സെപ്റ്റംബറിൽ ടെലികോം കമ്പനികളുടെ സാമ്പത്തിക പ്രശ്നം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്കാരങ്ങൾ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (DoT) പ്രഖ്യാപിച്ചു. വോഡഫോൺ ഐഡിയയെ ഇന്ത്യൻ സർക്കാരിനുള്ള ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് പലിശ കുടിശ്ശിക കുറയ്ക്കാനും ഇത് വഴി സാധിച്ചു.
കടം ഇക്വിറ്റിയിലേക്ക് മാറ്റിയതിന് ശേഷം വി യുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ മാറി. ഭാവിയിൽ ടെലികോം മേഖലയെ സഹായിക്കുന്ന മറ്റ് ചില പരിഷ്കാരങ്ങളും സർക്കാർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ടെലികോം മേഖലയ്ക്ക് വൻ നികുതി ഭാരമുണ്ടെന്നും താരിഫ് ഘടന സുസ്ഥിരമല്ലെന്നും കമ്പനി മേധാവികൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
English Summary: Telecom Companies Recorded ₹ 4.17 Lakh Crore Debt In 2021-22: Centre