മസ്‌കും ടെക് വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു: എഐ നിയന്ത്രണാതീതമാകാം, പരീക്ഷണങ്ങള്‍ ഉടൻ നിർത്തണം

Mass resignations and revolt greet Musk’s Twitter 2.0 plan
Elon Musk. Photo Credit : Aly Song / Reuters
SHARE

ഇപ്പോള്‍ വികസിപ്പിക്കുന്ന നിർമിതബുദ്ധി സംവിധാനങ്ങൾ മനുഷ്യരാശിക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്താമെന്നു ചൂണ്ടിക്കാട്ടി ടെക്നോളജി മേഖലയിലെ വിദഗ്ധരുടെ തുറന്ന കത്ത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ലാബുകള്‍ കൂടുതല്‍ നൂതനമായ എഐ വികസിപ്പിക്കുന്നത് ഉടൻ നിർത്തണം എന്ന് ആവശ്യപ്പെടുന്ന കത്തിൽ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക് തുടങ്ങിയ പ്രമുഖരടക്കം ആയിരത്തിലേറെ പേര്‍ ഒപ്പുവച്ചിട്ടുണ്ട്. ജിപിടി-4 നേക്കാള്‍ (ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ) ശക്തമായ എഐ വികസിപ്പിക്കുന്നത് ആറുമാസത്തേക്കെങ്കിലും നിർത്തിവയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. കൂടുതല്‍ നൂതനമായ എഐ എന്തുതരം ഭീഷണിയാണ് മനുഷ്യരാശിക്ക് ഉയര്‍ത്തുന്നതെന്നു പഠിക്കാനും വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് സാവകാശം ആവശ്യപ്പെടുന്നതെന്ന് കത്തിൽ പറയുന്നു.

എഐ കിടമത്സരം ഉടനടി നിർത്തണം

എഐ ലാബുകള്‍ ഗവേഷണം നിർത്തിവച്ചോ എന്ന് ആര്‍ക്കും പരിശോധിക്കാന്‍ സാധിക്കണമെന്നും ഏതെങ്കിലും കമ്പനി അതിനു വൈമുഖ്യം കാട്ടുന്നുണ്ടെങ്കില്‍ അധികാരികള്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക് തുടങ്ങിയ വന്‍കിട കമ്പനികളാണ് എഐ വികസിപ്പിക്കലില്‍ ഇപ്പോള്‍ മത്സരിക്കുന്നത്. ചൈനീസ് കമ്പനികളും ഈ മേഖലയിലേക്ക് എത്തിക്കഴിഞ്ഞു. നൂറു കണക്കിനു കോടി ഡോളറാണ് ചാറ്റ്ജിപിിയുടെ വിജയത്തിനുശേഷം ഈ മേഖലയിലെ ഗവേഷണത്തിനായി കമ്പനികള്‍ എറിയുന്നത്. 

ai

മത്സരം പിടിവിടാം

ഇതുവരെ കണ്ടിട്ടുള്ള സാങ്കേതികവിദ്യകള്‍ പോലെയല്ല എഐ എന്ന് വിദഗ്ധർ മുൻപുതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എഐ ലാബുകള്‍ തമ്മില്‍ നടക്കുന്ന മത്സരം ഒരു ഘട്ടത്തില്‍ പിടിവിട്ടു പോകാമെന്നും അപ്പോഴത് മനുഷ്യരാശിക്കു വിനാശകരമാകാമെന്നുമാണ് മുന്നറിയിപ്പ്. അതു നിയന്ത്രിക്കാൻ സർക്കാരുകൾ കടുത്ത നടപടികളിലേക്കു കടക്കണം എന്നാണ് ആവശ്യം. 

ഫ്രാങ്കന്‍സ്റ്റീന്‍ പുറത്തുവരുമോ?

മേരി ഷെല്ലി എന്ന നോവലിസ്റ്റ് 1818ല്‍ പ്രസിദ്ധീകരിച്ച നോവലാണ് ഫ്രാങ്കന്‍സ്റ്റീന്‍. ആ പേരിലുള്ള ഒരു കൃത്രിമ മനുഷ്യനെ സൃഷ്ടിക്കുന്നതും അത് അപകടകാരിയാകുന്നതുമാണ് ഇതിവൃത്തം. എഐ വികസിപ്പിക്കല്‍ ഫ്രാങ്കന്‍സ്റ്റീന്‍ അവസ്ഥയിലേക്കു പോകാമെന്ന് വര്‍ഷങ്ങളായി മുന്നറിയിപ്പുള്ളതാണ്. എഐ വികസനത്തില്‍ അടുത്തിടെയുണ്ടായ ദ്രുത മാറ്റങ്ങളാണ് ടെക്‌നോളജിയെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടുന്ന കത്ത് പുറത്തുവിടാനുണ്ടായ സാഹചര്യം. ലാബുകളും മറ്റും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നു വിലയിരുത്താനും പുതിയ സാങ്കേതികവിദ്യ സമൂഹത്തിലും മനുഷ്യര്‍ക്കും ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും എന്നു വിചിന്തനം ചെയ്യാനുമാണ് സമയം വേണമെന്ന് കത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ എഐ വികസിപ്പിക്കുന്നവര്‍ക്കു പോലും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ പ്രവചിക്കാനോ പോലുമാകാത്ത തരത്തിലുള്ള കരുത്ത് അത് ആര്‍ജിച്ചേക്കാമെന്നും കത്ത് പറയുന്നു.

ആദ്യം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക

ലാബുകള്‍ എഐ വികസിപ്പിക്കുന്നത് തൽക്കാലം നിർത്തുകയും സുരക്ഷാ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. തങ്ങള്‍ ഇവ ഏര്‍പ്പെടുത്തിയെന്നു കമ്പനികള്‍ വെറുതെ പറഞ്ഞാല്‍ പോര, അവ വിദഗ്ധര്‍ പരിശോധിച്ച് വിലയിരുത്തണം – കത്തു പറയുന്നു. അത്തരം നീക്കത്തിനു മാത്രമേ എഐ വികസിപ്പിക്കല്‍ കുറച്ചെങ്കിലും സുരക്ഷിതമെന്ന് ഉറപ്പാക്കാനാകൂ. 

കത്തിന്റെ പ്രാധാന്യം

പ്രശസ്ത കംപ്യട്ടര്‍ ശാസ്ത്രജ്ഞരായ യോഷുവാ ബെന്‍ജിയോ, സ്റ്റുവര്‍ട്ട് റസല്‍, ഓക്‌സ്‌ഫെഡ് തുടങ്ങിയവരും കേംബ്രിജ്, സ്റ്റാന്‍ഫഡ്, കാല്‍ടെക്, കൊളംബിയ തുടങ്ങിയ യുണിവേഴ്‌സിറ്റികളിലെ ഗവേഷകരും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളിലെ എൻജിനീയര്‍മാരും പ്രമുഖ ടെക്‌നോളജി ബിസിനസുകാരായ സ്‌കൈപ് സ്ഥാപകന്‍ ജാന്‍ ടാലിന്‍, പിന്റ്‌റെസ്റ്റ് സഹസ്ഥാപകന്‍ ഇവാന്‍ ഷാര്‍പ്, റിപ്ള്‍ സഹസ്ഥാപകന്‍ ക്രിസ് ലാര്‍സണ്‍ തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചവരില്‍ പെടുന്നു എന്നത് കത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. 

കൂടുതല്‍ പേര്‍ എത്തുന്നു

കത്തില്‍ ഒപ്പുവയ്ക്കുന്ന പ്രമുഖരുടെ എണ്ണം വർധിക്കുകയാണെന്ന് ഫോബ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ടെക്‌നോളജി തത്വചിന്തകന്‍ യുവാൻ നോവാ ഹരാരി, രാഷ്ട്രീയക്കാരനായ ആന്‍ഡ്രു യാങ് തുടങ്ങിയവരോടും പിന്തുണ അഭ്യർഥിച്ചിരിക്കുകയാണ് മറ്റുള്ളവര്‍. ഹരാരി ഒപ്പുവച്ചു കഴിഞ്ഞു.

എല്ലാത്തിനും വഴിവച്ചത് ചാറ്റ്ജിപിടിയുടെ അപ്രതീക്ഷിത വിജയം

US-INTERNET-SOFTWARE-AI-OpenAI
ചാറ്റ്ജിപിടി ലോഗോ (Photo by OLIVIER DOULIERY / AFP)

ടെക്‌നോളജി മേഖലയെ ഞൊടിയിടയില്‍ പിടിച്ചു കുലുക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ചാറ്റ്ജിപിടിയാണ് അപ്രതീക്ഷിത കിടമത്സരത്തിനു വഴിയൊരുക്കിയത്. ഇതോടെ ടെക് കമ്പനികള്‍ എന്തു വിലകൊടുത്തും പരസ്പരം തോല്‍പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സേര്‍ച്ചില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത് എത്തിയതു പോലെ എഐയില്‍ ഒന്നാം സ്ഥാനത്ത് എത്താൻ ടെക് കമ്പനികള്‍ തമ്മില്‍ നടക്കുന്ന കടുത്ത മത്സരമാണ് ഇപ്പോള്‍ ലോകം കാണുന്നത്. 

എഐ മനുഷ്യരെ കീഴടക്കുന്നതൊക്കെ വളരെ കാലം കഴിഞ്ഞു നടക്കുന്നതായിരിക്കാം, പക്ഷേ...

ദീര്‍ഘകാലത്തിനു ശേഷം എന്തു നടക്കുമെന്ന കാര്യം അപ്രവചനീയമാണെങ്കിലും ഹ്രസ്വകാലത്തില്‍ എഐ നിലവിലുള്ള പല മുന്‍വിധികളെയും അസന്തുലിതാവസ്ഥയെയും ഊട്ടിയുറപ്പിച്ചേക്കാം എന്ന സന്ദേഹവും ഉണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചേക്കാം, ഭരണ സംവിധാനങ്ങളെ അട്ടിമറിച്ചേക്കാം, ഹാക്കര്‍മാര്‍ക്ക് ചാകരയായേക്കാം തുടങ്ങിയ സാധ്യതകളും തള്ളിക്കളയപ്പെടുന്നില്ല. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താല്‍ മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യത അടക്കം ഉണ്ടെന്ന് കരുതപ്പെടുന്നു. സൂപ്പര്‍ഇന്റലിജന്റ് എഐ കൊണ്ടുവരുന്ന മാറ്റങ്ങള്‍, അതു നടപ്പാക്കുന്നതിനു മുമ്പ് വ്യക്തമായി വിലയിരുത്തപ്പെടണം എന്നാണ് ആവശ്യം. 

കത്തില്‍ ശുഭാപ്തിവിശ്വാസവും

അതേസമയം, തുറന്ന കത്തില്‍ ശുഭാപ്തിവിശ്വാസവും ഉണ്ട്. മനുഷ്യരാശിക്ക് നൂതന എഐയുടെ ശേഷി ആസ്വദിക്കാന്‍ സാധിക്കും. അതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എല്ലാവര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ അതിനെ വഴിതിരിച്ചുവിടണം. അതിനെല്ലാം സാവകാശം വേണം എന്നാണ് കത്തിലെ ആവശ്യം.

കത്തിനെ വിമര്‍ശിച്ച് മുന്‍ ഗൂഗിള്‍ എഐ എതിക്‌സ് വിഭാഗം മേധാവി

GOOGLE-AI
The logo for Google in New York city, US. Photo: Reuters

കത്ത് അവിവേകമാണ് എന്നു പറഞ്ഞാണ് ഗൂഗിള്‍ എഐ എതിക്‌സ് വിഭാഗം മുന്‍ മേധാവി ടിംനിറ്റ് ഗെബ്രു രംഗത്തെത്തിയത്. അടിസ്ഥാനപരമായി, കത്തില്‍ ഒപ്പിട്ടിരിക്കുന്നവര്‍ പറയുന്നതിന് വിപരീതമായ കാര്യങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് ഗെബ്രു പറയുന്നു. എഐയുടെ ശേഷി ആസ്വദിക്കാനും മറ്റും പോകുന്നത് ശതകോടീശ്വരരും ടെക്‌നോളജി കമ്പനികളും മറ്റുമാണ്. ജോലിക്കാരെ അവര്‍ ചൂഷണം ചെയ്യും. കലാകാരന്മാര്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത് (എഐക്ക് കലാസൃഷ്ടികളും അമ്പരപ്പിക്കുന്ന രീതിയില്‍ സൃഷ്ടിക്കാന്‍ സാധിക്കും. കഥകളും കവിതയും നോവലും ഒക്കെ രചിക്കാന്‍ സാധിക്കും). ഹ്രസ്വകാല പദ്ധതികള്‍ക്കായി ജോലിയെടുക്കുന്നവര്‍ക്ക് തങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം പോലും ലഭിക്കാതായേക്കാം– ഗെബ്രു പറയുന്നു.

English Summary: An open letter signed by Elon Musk and AI experts warned of an 'out-of-control' AI race with potential risks to humanity.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS