മനുഷ്യരാശിയുടെ ചൊവ്വയിലേക്കുള്ള യാത്രയടക്കം മുന്നില്‍ കണ്ട്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി അമേരിക്കയുടെ നാഷനല്‍ എയ്റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) പുതിയ ഓഫിസ് തുറന്നു. മൂണ്‍ ടു മാഴ്സ് പ്രോഗ്രാം ഓഫിസ് എന്നു പേരിട്ടിരിക്കുന്ന അതിന്റെ അമരത്ത് ഒരു ഇന്ത്യന്‍ വംശജനാണ്- അമിത് ക്ഷത്രിയ. നാസയുടെ കോമണ്‍ എക്‌സ്‌പ്ലൊറേഷന്‍ ഡവലപ്‌മെന്റ് വിഭാഗത്തിന്റെ ഡപ്യൂട്ടി അസോഷ്യേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു അമിത്.
അമിതിന്റേത് ഭാരിച്ച ചുമതലകള്‍

ചൊവ്വ-ചന്ദ്ര ദൗത്യങ്ങളുടെ പ്ലാനിങും നടത്തിപ്പും അദ്ദേഹത്തിന്റെ ചുമതലകളില്‍ പെടും. ദൗത്യത്തിലെ അപകടസാധ്യതകളെക്കുറിച്ച് അന്തിമ വിലയിരുത്തലും ഈ ഇന്ത്യന്‍-അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് റോബട്ടിക്‌സ് എൻജിനീയര്‍ ആയിരിക്കും നടത്തുക. നാസയില്‍ അമിതിന്റേത് മികവുറ്റ ഒരു ഔദ്യോഗിക ജീവിതമാണ്. അദ്ദേഹം സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍, റോബട്ടിക്‌സ് എൻജിനീയര്‍, സ്‌പെയ്സ്‌ക്രാഫ്റ്റ് ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലിയെടുത്തിട്ടുണ്ട്. ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സ്റ്റേഷന്റെ റോബട്ടിക് നിര്‍മാണത്തില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു. ആര്‍ടെമിസ് 1 ദൗത്യ ടീമിലും അദ്ദേഹമുണ്ടായിരുന്നു.

ഭാവി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും
നാസയുടെ എക്‌സ്‌പ്ലൊറേഷന്‍ സിസ്റ്റംസ് ഡവലപ്‌മെന്റ് മിഷന്‍ ഡയറക്ടറേറ്റിന്റെ (ഇഎസ്ഡിഎംഡി) കീഴിലാണ് ആര്‍ടെമിസ് ദൗത്യവും ചൊവ്വാ ദൗത്യവും. ഇഎസ്ഡിഎംഡിയുടെ നിർദേശമനുസരിച്ചാണ് ഇരു ദൗത്യങ്ങളും നീങ്ങുന്നതെന്ന് ഉറപ്പുവരുത്തുന്നതും അമിത് ആയിരിക്കും. റിസ്‌ക് മാനേജ്‌മെന്റിന്റെ മൊത്തം ചുമതലയും അദ്ദേഹത്തിന്റെ ചുമലിലായിരിക്കും.
പുതിയ ഓഫിസിന്റെ ഉദ്ദേശ്യങ്ങള്‍ എന്തെല്ലാം?
മനുഷ്യരാശി ഇന്നേവരെ നടത്തിയിട്ടില്ലാത്ത സുധീരമായ ദൗത്യങ്ങള്‍ക്കു ചുക്കാന്‍പിടിക്കാനാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്. ചന്ദ്രനില്‍ മനുഷ്യരെ സുരക്ഷിതരായി ഇറക്കുക, ദീര്‍ഘകാലം അവർക്കു ചന്ദ്രോപരിതലത്തില്‍ വസിക്കാന്‍ അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയവ ഓഫിസിന്റെ ചുമതലകളില്‍ പെടും. ഇതിനു വേണ്ട ഭൗതികഘടകങ്ങള്‍ വികസിപ്പിക്കല്‍, ദൗത്യങ്ങള്‍ ഏകീകരിക്കല്‍, അപകടസാധ്യതയെക്കുറിച്ചുള്ള പഠനം തുടങ്ങിയവ അടക്കം, നാസയുടെ പുതിയ ബഹിരാകാശ പര്യവേക്ഷണ ദൗത്യം മുഴുവന്‍ ഏകീകരിച്ചു പ്രവര്‍ത്തിക്കാനായിരിക്കും പുതിയ ഓഫിസ് ശ്രമിക്കുക.
ചൊവ്വാ ദൗത്യത്തിലെ വെല്ലുവിളിയടക്കം പുതിയ ഓഫിസിന്
സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം റോക്കറ്റ്, ഓറിയണ്‍ സ്‌പെയ്‌സ്‌ക്രാഫ്റ്റ്, ആര്‍ടെമിസ് പ്രൊഗ്രാമിന്റെ ഭൂമിയില്‍ നിന്നുള്ള സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍, ബഹിരാകാശ വസ്ത്ര നിര്‍മാണം തുടങ്ങി ഒട്ടനവധി പ്രാധാന്യമേറിയ ചുമതലകളാണ് പുതിയ ഓഫിസിനുള്ളത്. ചൊവ്വാ ദൗത്യം 2030 കളുടെ അവസാനമോ 2040കളുടെ ആദ്യമോ ആയിരിക്കുമെന്നാണ് കരുതുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ചൊവ്വാ ദൗത്യത്തിനു വേണ്ട പണം സമാഹരിക്കാന്‍ സാധിക്കുമോ? അതിനു വേണ്ട സാങ്കേതികവിദ്യ ഒരുക്കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇപ്പോള്‍ വ്യക്തതയില്ല.
500 ദിവസത്തിലേറെ വേണം തിരിച്ചിറങ്ങാന്‍
നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ചൊവ്വാ ദൗത്യത്തിനു പോകുന്നവര്‍ക്ക് തിരിച്ച് ഭൂമിയിലെത്തണമെങ്കില്‍ 500 ദിവസത്തിലേറെ വേണം. രാസ-വൈദ്യുതി പ്രൊപൽഷന്‍, ഇരട്ട സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോക്കറ്റ് ഉപയോഗിക്കാനാണ് നാസ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. റോക്കറ്റിന്റെ ഉള്‍ഭാഗം മനുഷ്യരുടെ ഒരു സ്വാഭാവിക വാസസ്ഥലം പോലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് തോന്നിപ്പിക്കാനുള്ള ശ്രമവും നാസ നടത്തുന്നു.
അവതാര്‍ 2 ആമസോണിലും

അവതാര്‍: ദ് വേ ഓഫ് വാട്ടര്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി. ജയിംസ് കാമറണ്‍ സംവിധാനം ചെയ്ത ഈ സിനിമ ആമസോണ്‍ പ്രൈം, വുഡു (Vudu) ആപ്പിള്‍ ടിവി തുടങ്ങി പല പ്ലാറ്റ്‌ഫോമുകളില്‍ ഒരുമിച്ചാണ് റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതു ഫ്രീയായി കാണാന്‍ കഴിയില്ല. വാങ്ങിക്കുകയോ വാടകയ്ക്ക് എടുക്കുകയോ വേണം. ഇന്ത്യയില്‍ 690 രൂപയാണ് ആമസോണില്‍ അവതാര്‍ 2 കാണാന്‍ നല്‍കേണ്ടത് എന്നാണ് സൂചന. അതേസമയം, സൗജന്യമായി ഒടിടി സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇതു കാണാനുള്ള സാധ്യത തെളിഞ്ഞേക്കാം. കാത്തിരിക്കണമന്നുമാത്രം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആയിരിക്കും ഇത് സൗജന്യമായി കാണാന്‍ സാധിക്കുക എന്നാണ് കേള്‍ക്കുന്നത്. അവതാര്‍ 1 2009 ല്‍ ആണ് റിലീസ് ചെയ്തത്.
ഇറ്റലിയുടെ സ്വകാര്യതാ നിരീക്ഷണ വിഭാഗം ചാറ്റ്ജിപിടി ബ്ലോക്കു ചെയ്തു

ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ സ്വകാര്യതാ നിരീക്ഷണ വിഭാഗമായ ഡേറ്റാ പ്രൊട്ടൿഷന്‍ അതോറിറ്റി ചാറ്റ്ജിപിടി താത്കാലികമായി നിരോധിച്ചു. ചാറ്റ്ജിപിടി സ്വകാര്യതയെ മാനിച്ചു തുടങ്ങുന്നതു വരെ നിരോധനം തുടരുമെന്ന് അതോറിറ്റി പറഞ്ഞു. ഇതേക്കുറിച്ചുള്ള തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ മറുപടി നല്‍കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
എച്‌സിഎല്‍ 1000 പേരെ റൊമാനിയയിലേക്ക് ജോലിക്കെടുക്കും
ടെക്‌നോളജി കമ്പനികള്‍ തങ്ങളുടെ ജോലിക്കാരെ പിരിച്ചുവിടുന്ന വാര്‍ത്തകളാണ് എമ്പാടും. അതിനു വിപരീതമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത് എച്‌സിഎല്‍ കമ്പനിയില്‍ നിന്നാണ്. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ റൊമാനിയയിലെ ഓഫിസിലേക്ക് 1000 പേരെ ജോലിക്കെടുക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി അറിയച്ചിരിക്കുകയാണ്. എച്‌സിഎല്‍ടെക് എന്നാണ് കമ്പനിയുടെ റോമാനിയന്‍ ബ്രാഞ്ചിന്റെ പേര്. ഇപ്പോള്‍ ഏകദേശം 1000 പേരാണ് അവിടെ ജോലിചെയ്യുന്നത്. അതുപോലെ, ഇന്ത്യയിലെ മറ്റൊരു ടെക്‌നോളജി ഭീമനായ ടിസിഎസ്, ജോലിക്കാരെ പിരിച്ചുവിടാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
വെര്‍ജിന്‍ ഓര്‍ബിറ്റിലെ 85 ശതമാനം ജോലിക്കാരെയും പിരിച്ചുവിടുന്നു
വെര്‍ജിന്‍ അറ്റ്‌ലാന്റിക് ഉടമ റിച്ചഡ് ബ്രാന്‍സന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് വിക്ഷേപണ കമ്പനിയായ വെര്‍ജിന്‍ ഓര്‍ബിറ്റിലെ 85 ശതമാനം ജോലിക്കാരെയും പിരിച്ചുവിട്ടേക്കുമെന്ന് എപി. കമ്പനി നടത്തിയ ഒരു ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതോടെ പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഗിളിനെയും മെറ്റായെയും പല കമ്പനികളാക്കാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റ് ചര്‍ച്ച ചെയ്യും

ലോകത്തെ രണ്ടു പ്രമുഖ ടെക്‌നോളജി കമ്പനികളെ വിഭജിച്ച് ചെറിയ കമ്പനികളാക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കന്‍ സെനറ്റ് ചര്‍ച്ച ചെയ്യുമെന്ന് എന്‍ഗ്യാജറ്റ്. കമ്പനികളെ വിഭജിക്കുന്ന കാര്യം അമേരിക്കയിലെ പല കോടതികളുടെയും പരിഗണനയിലാണ്. എന്നാല്‍, കോടതി വിധിക്കായി മാത്രം കാത്തിരിക്കാതെ നിയമനിര്‍മാതാക്കളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് എന്ന് എന്‍ഗ്യാജറ്റ്. ടെക്‌നോളജിയുടെ പല മേഖലകളെയും കയ്യടക്കി വച്ച് കൊഴുത്ത്, മറ്റു കമ്പനികളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു എന്നുള്ളതാണ് ഇരു കമ്പനികള്‍ക്കും എതിരെയുള്ള ആരോപണം. ഇന്റര്‍നെറ്റില്‍ എത്തുന്ന പരസ്യ വരുമാനത്തില്‍ ഏറിയ പങ്കും ഈ രണ്ടു കമ്പനികളും ചേര്‍ന്നു പങ്കിട്ടെടുക്കുകയാണ് എന്നും ആരോപണമുണ്ട്.
English Summary: New Program Office Leads NASA’s Path Forward for Moon, Mars