ADVERTISEMENT

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ തട്ടിപ്പില്‍ വീഴ്ത്തുന്ന ഒരു സൈബര്‍ കുറ്റകൃത്യമാണ് ടൈപോസ്‌ക്വോടിങ് (Typosquatting). പ്രധാന വെബ്സൈറ്റുകളുടെ പേരുകളുടെ അക്ഷരങ്ങള്‍ തെറ്റിച്ച് പേരിടുന്ന രീതിയാണിത്. കെട്ടിലും മട്ടിലും യഥാര്‍ഥ വെബ്സൈറ്റിനെ അനുസ്മരിപ്പിക്കുന്നതായിരിക്കും ടൈപോസ്‌ക്വോടിങ് വെബ്സൈറ്റുകള്‍. യഥാര്‍ഥ വെബ്സൈറ്റിന്റെ പേര് നിങ്ങള്‍ ടൈപ്പു ചെയ്യുമ്പോള്‍ അതില്‍ ചെറിയൊരു പിശകുവന്നാല്‍, ഒരുപക്ഷേ എത്തിച്ചേരുന്നത് ടൈപോസ്‌ക്വോടിങ് വെബ്സൈറ്റുകളിലാകാം. യഥാര്‍ഥ വെബ്സൈറ്റിന്റെ ലോഗോകള്‍, ലേഔട്ട്, ഉള്ളടക്കം തുടങ്ങിയവയൊക്കെ ഇത്തരം വ്യാജ വെബ്സേറ്റില്‍ അതുപടി പുന:സൃഷ്ടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലരും തട്ടിപ്പില്‍ വീഴാനിടയുണ്ട്.

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ അടക്കം

സുപ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍ തുടങ്ങി പലതിനും ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ ഉണ്ട്. സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത് കയറാന്‍ ശ്രമിച്ചാല്‍ ഒരക്ഷരം തെറ്റിയാല്‍ പോലും ടൈപോസ്‌ക്വോടിങ് വെബ്സൈറ്റില്‍ എത്താം. ഫ്ളിപ്കാര്‍ട്ടിന്റേതൊ, പ്രധാന ബാങ്കുകളുടേതോ എന്നൊക്കെ തോന്നിപ്പിക്കുന്ന വെബ്സൈറ്റുകളിലെത്തി ലോഗ് ഇന്‍ ചെയ്യുകയും ബാങ്കിങ് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ നല്‍കുകയും ചെയ്തു കഴിഞ്ഞാല്‍ ഏതു വ്യക്തിയും തട്ടിപ്പിനിരയാകാം. ഇങ്ങനെ നല്‍കപ്പെടുന്ന പല വിവരങ്ങളും സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്തേക്കാം. ഇതിനു പുറമെ, കംപ്യൂട്ടിങ് ഉപകരണത്തിലേക്ക് മാല്‍വെയര്‍ കടത്തിവിടുകയും ചെയ്യാം. ആക്രമണത്തിന്റെ ഇരയായി ഭാവിച്ച്, ഇന്റര്‍നെറ്റില്‍ കാര്യങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരം ഐഡന്റിറ്റി തെഫ്റ്റ് എന്നു വിളിക്കുന്ന ആക്രമണവും ഉണ്ടാകാം.

സ്ഥാപനങ്ങളും ജാഗ്രതയില്‍

തങ്ങള്‍ വ്യാജ വെബ്സൈറ്റിലാണ് കയറിയതെന്നു മനസ്സിലാകാതെ ടൈപോസ്‌ക്വോടിങ് വെബ്സൈറ്റുകളില്‍ കയറി പ്രശ്നത്തിലാകുന്നവര്‍ ശരിക്കുള്ള സ്ഥാപനത്തിനെതിരെ തിരിയും. അങ്ങനെ ആ സ്ഥാപനത്തിന്റെ സദ്പേരിന് കളങ്കമേല്‍ക്കും. Apple.com ആപ്പിളിന്റെ വെബ്സൈറ്റാണ്. സൈബര്‍ ക്രിമിനലുകള്‍ ഇതില്‍ ഒരക്ഷരം മാറ്റിയായിരിക്കും വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കുക. ആപ്പിളിന്റെ വെബ്സൈറ്റിലെത്തിയ പ്രതീതിയും സൃഷ്ടിക്കുകയും ചെയ്യും. ചിലപ്പോള്‍ തെറ്റായ സ്‌പെലിങ് ടൈപ് ചെയ്യുമ്പോള്‍ റീ ഡയറക്ഷനായിരിക്കും നടക്കുക.

എന്താണ് പ്രതിരോധമാര്‍ഗങ്ങള്‍?

ശ്രദ്ധ തന്നെയാണ് ഏറ്റവുമധികം വേണ്ടത്. ഒരു വെബ്സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത ശേഷം എന്തെങ്കിലും പന്തികേടു തോന്നിയാല്‍ വീണ്ടും പരിശോധിക്കുക. തെറ്റായ വെബ് അഡ്രസാണെന്നു കണ്ടെത്തിയാല്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് കുക്കീസും ക്ലിയര്‍ ചെയ്യുക. ചില ബ്രൗസറുകളില്‍ ടൈപോസ്‌ക്വോടിങ്ങിനെതിരെ പ്രതിരോധം ഉണ്ട്. ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് എഡ്ജ്. അതിലുള്ള വിന്‍ഡോസ് ഡിഫെന്‍ഡര്‍ ആപ്ളിക്കേഷന്‍ ഗാര്‍ഡ് ടൈപോസ്‌ക്വോടിങ് വെബ്സൈറ്റുകളെ ബ്ലോക്കുചെയ്ത് ഉപയോക്താവിന് സംരക്ഷണം നല്‍കുന്നു. മറ്റു പല ബ്രൗസറുകള്‍ക്കും ടൈപോസ്‌ക്വോടിങ്ങിനെതിരെയുള്ള വെബ് എക്സ്റ്റെന്‍ഷനുകള്‍ ലഭിക്കും. അവ പ്രയോജനപ്പെടുത്തുന്നതും നല്ലതായരിക്കും.  

ചാറ്റ്ജിപിടിക്ക് മനുഷ്യ മനസ്സിനെ പരാജയപ്പെടുത്താനാവില്ലെന്ന് നാരായണ മൂര്‍ത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ സേര്‍ച്ച് സംവിധാനങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞ ഈ ഘട്ടത്തില്‍ അതേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പല പ്രമുഖരും നടത്തിക്കഴിഞ്ഞു. രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തി പറയുന്നത് ഇത്തരം സവിധാനങ്ങള്‍ക്ക് ഒന്നിനും മനുഷ്യ മനസ്സിന് പകരമാകാനാവില്ലെന്നാണ്. സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

അറിവ് എത്തിച്ചു കിട്ടാന്‍ നല്ലൊരു മുതല്‍ക്കൂട്ടാണ് ചാറ്റ്ജിപിടി എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മനുഷ്യമനസ്സാണ് ഏറ്റവും ശക്തമായ ഭാവനാ യന്ത്രമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചാറ്റ്ജിപിടി പോലെ ഒരു ടൂള്‍ ഉപയോഗിക്കാന്‍ സാധിച്ചാലും അതു നല്‍കുന്ന വിവരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കണമെങ്കില്‍ അതു ലഭിക്കുന്നയാള്‍ക്കു കഴിവുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ചാറ്റ്ജിപിടിക്ക് ശക്തമായ എതിരാളി ചൈനയില്‍ നിന്ന് വരും-മൈക്രോസോഫ്റ്റ്

ചാറ്റ്ജിപിടിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുക ചൈനീസ് കമ്പനികളായരിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് പറഞ്ഞുവെന്ന് നിക്കെയ് ഏഷ്യ. എഐയുടെ കാര്യത്തില്‍ മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും തമ്മില്‍ മത്സരം മുറുകുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ജനറേറ്റിവ് എഐയുടെ കാര്യത്തില്‍ ചൈന ഒട്ടും പിന്നിലായിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബെയ്ജിങ് അക്കാദമി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പേരെടുത്തു പറയാനും അദ്ദേഹം മടിച്ചില്ല.

ഇന്ത്യയില്‍ ചെലവിട്ടത് അവിശ്വസനീയമായ ആഴ്ചയെന്ന് കുക്ക്

ഇന്ത്യയിലേക്ക് മടങ്ങിവരുന്നത് വൈകിപ്പിക്കാനൊക്കില്ലെന്നും താനെന്തൊരു അവിശ്വസനീയമായ ആഴ്ചയാണ് ഇന്ത്യയില്‍ ചെലവിട്ടതെന്നും ആപ്പിള്‍ മേധാവി ടിം കുക്ക് അമേരിക്കയിലേക്കു മടങ്ങും മുന്‍പ് പ്രതികരിച്ചെന്ന് പിടിഐ. ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറുകളുടെ ഉദ്ഘാടനത്തിന് നേരിട്ടെത്തുകയായിരുന്നു കുക്ക്. ഇന്ത്യയൊട്ടാകെയുള്ള ആപ്പിള്‍ ജോലിക്കാര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഇതുവരെ എപിആര്‍ സ്റ്റോറുകളെ ആശ്രയിച്ചു

ആപ്പിള്‍ ഇതുവരെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ വിറ്റഴിക്കാന്‍ ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ (എപിആര്‍) സ്റ്റോറുകളെയാണ് ആശ്രയിച്ചിരുന്നത്. റിലയന്‍സ് ഡിജിറ്റല്‍, ക്രോമ തുടങ്ങിയ ഭീമന്‍ റീട്ടെയില്‍ കടകളാണ് എപിആര്‍ സ്റ്റോറുകള്‍. ഇന്ത്യയൊട്ടാകെയായി നൂറിലേറെ എപിആര്‍ സ്റ്റോറുകളാണ് ആപ്പിളിനുള്ളത്.

എയര്‍ടെല്ലുമായി സഹകരിക്കും

അമേരിക്കയ്ക്കു മടങ്ങുന്നതിനു മുന്‍പ് കുക്കിന്റെ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ അദ്ദേഹം എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലുമായും കൂടിക്കാഴ്ച നടത്തി. ഇരു സ്ഥാപനങ്ങളും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്ത്യക്കു പുറമെ ആഫ്രിക്കയിലും എയര്‍ടെല്ലിനു സാന്നിധ്യമുണ്ട്. ഇരു മേഖലകളിലും ആപ്പിളും എയര്‍ടെല്ലും കൂടുതല്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കും. കുക്ക് താന്‍ ഇന്ത്യയിലെത്തിയ ആദ്യ ദിവസം തന്നെ റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ അദ്ദേഹത്തിന്റെ വീടായ ആന്റിലയിലെത്തി കണ്ടിരുന്നു. ടാറ്റാ സണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിമാരുമായും കുക്ക് സംഭാഷണങ്ങള്‍ നടത്തി. ബിസിനസുകാര്‍ക്കു പുറമെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കുക്ക് സന്ദര്‍ശിച്ചിരുന്നു.

ഷഓമിക്കു തരിച്ചടി

ഷഓമി കമ്പനിയില്‍ നിന്ന് 5,500 കോടിയിലേറെ രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത കേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ കമ്പനി നല്‍കിയ കേസില്‍ തിരിച്ചടി. സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് എം നാഗപ്രസന്ന (Justice M Nagaprasanna) കേസു തള്ളി. അടുത്ത നടപടി എന്തുവേണമെന്നത് പഠിച്ചുവരികയാണെന്ന് കമ്പനി പ്രതികരിച്ചു.

 

English Summary: What is Typosquatting? Definition and Explanation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com